ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യത്തിന് അധികാരത്തുടർച്ച പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ അധികാരം നിലനിർത്തുമെന്നാണ് ഭൂരിഭാഗം സർവേകളും സൂചിപ്പിക്കുന്നത്. ആകെ 234 സീറ്റുകളുള്ള തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം 122 മുതൽ 145 വരെ സീറ്റുകൾ നേടുമെന്നാണ് കുറഞ്ഞത് മൂന്ന് ഏജൻസികളെങ്കിലും കണക്കാക്കുന്നത്. നടൻ വിജയ്യുടെ പുതിയ പാർട്ടിയായ ടിവികെ ആദ്യ തിരഞ്ഞെടുപ്പ് മത്സരത്തിൽ 17 വരെ സീറ്റുകൾ നേടുമെന്നും ഭൂരിഭാഗം സർവേകളും പ്രവചിക്കുന്നു. ആദ്യമായി തിരഞ്ഞെടുപ്പ് മത്സരത്തിനിറങ്ങിയ ടിവികെ നിർണായക സാന്നിധ്യമാകുമെന്നും വിലയിരുത്തലുണ്ട്. അതേസമയം ആക്‌സിസ് മൈ ഇന്ത്യ സർവേ വിജയ്‌യുടെ ടിവികെയ്ക്ക് ഭരണം ലഭിക്കുമെന്ന് പ്രവചിച്ചിട്ടുണ്ട്. കന്നിയങ്കത്തിൽ ടിവികെ 98-120 സീറ്റുകൾ വരെ നേടുമെന്നാണ് പ്രവചനം.
പീപ്പിൾസ് പൾസ് സർവേ പ്രകാരം ഡിഎംകെയും സഖ്യകക്ഷികളും 125-145 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. എഐഎഡിഎംകെയും സഖ്യകക്ഷികളും 65-80 സീറ്റുകൾ നേടുമെന്നും പറയുന്നു. പീപ്പിൾസ് ഇൻസൈറ്റ് സർവേ ഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 120-140 സീറ്റുകൾ വരെ പ്രവചിച്ചിട്ടുണ്ട്. എഐഎഡിഎംകെയും സഖ്യകക്ഷികളും 60-70 സീറ്റുകൾ നേടിയേക്കാമെന്നും പറയുന്നു.
പ്രജാ പോൾ സർവേ പ്രകാരം ഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 148-168 സീറ്റുകളാണ് പ്രവചിക്കുന്നത്. എഐഎഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 61-81 സീറ്റുകൾ ലഭിച്ചേക്കാം. ടിവികെ ഒന്നു മുതൽ ഒമ്പത് സീറ്റുകൾ വരെ നേടുമെന്നും പ്രജാ പോൾ പ്രവചിക്കുന്നു.
പി-മാർക്ക് സർവേ ഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 125-145 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്. എഐഎഡിഎംകെയും സഖ്യകക്ഷികളും 65-85 സീറ്റുകൾ നേടും. ടിവികെയ്ക്ക് 16-26 സീറ്റുകൾ വരെ പി-മാർക്ക് സർവേ പ്രവചിക്കുന്നു.
മാട്രിസ് സർവേയിൽ ഡിഎംകെയ്ക്കും സഖ്യകക്ഷികളും 122-132 സീറ്റുകൾ നേടുമെന്നാണ് പറയുന്നത്. എഐഎഡിഎംകെയും സഖ്യകക്ഷികളും 87-100 സീറ്റുകൾ നേടും. ടിവികെയ്ക്ക് 10-12 സീറ്റുകളാണ് പ്രവചിക്കപ്പെടുന്നത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളിൽ ഒരു സീറ്റിൽ വിജയിക്കും എന്നും മാട്രിസ് പ്രവചിക്കുന്നു. പെരമ്പൂരിൽ വിജയ് ജയിക്കും എന്നാണ് സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
കാമാഖ്യ അനലിറ്റിക്‌സ് നടൻ വിജയ്യുടെ ടിവികെ 67-81 സീറ്റുകൾ നേടുമെന്ന് പ്രവചിക്കുന്നു. ഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 78-95 സീറ്റുകളും എഐഎഡിഎംകെയ്ക്കും സഖ്യകക്ഷികൾക്കും 68-84 സീറ്റുകളുമാണ് പ്രവചിക്കപ്പെടുന്നത്.
ജെവിസി സർവേ എഐഎഡിഎംകെ ഉൾപ്പെടുന്ന എൻഡിഎ സഖ്യത്തിനായി ഭരണം ലഭിക്കുകയെന്ന് പ്രവചിക്കുന്നു. ഈ സഖ്യം 128-147 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നാണ് ജെവിസിയുടെ പ്രവചനം. ഡിഎംകെയും സഖ്യ കക്ഷികളും 75-95 സീറ്റുകൾ വിജയിക്കുമെന്ന് പറയുന്നു. ടിവികെയ്ക്ക് 8-15 സീറ്റുകൾ വരെയാണ് ജെവിസി പ്രവചിക്കുന്നത്.
എന്നാൽ ടൈംസ് നൗ സർവേ പ്രകാരം 128 – 147 സീറ്റുകൾ നേടി എഐഎഡിഎംകെ ഉൾപ്പെടുന്ന എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്നാണ് പറയുന്നത്. സിഎൻഎൻ സർവേയും എൻഡിഎയ്ക്കാണ് സാധ്യത കൽപ്പിക്കുന്നത്. 114 – 124 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം.
അതേസമയം ആക്‌സിസ് മൈ ഇന്ത്യ സർവേയും എൻഡിടിവി സർവേയും വിജയ്‌യുടെ ടിവികെയ്ക്ക് ഭരണം ലഭിക്കുമെന്ന് പ്രവചിക്കുന്നുണ്ട്. ടിവികെ 98-120 സീറ്റുകൾ വരെ നേടുമെന്നാണ് ആക്‌സിസ് മൈ ഇന്ത്യയുടെ പ്രവചനം. ഡിഎംകെ സഖ്യത്തിന് 92-110 സീറ്റുകൾ വരെയാണ് ഇവർ പ്രവചിക്കുന്നത്. എഐഎഡിഎംകെ സഖ്യം 22-32 സീറ്റുകളിൽ ഒതുങ്ങുമെന്നും ആക്‌സിസ് മൈ ഇന്ത്യ പ്രവചിക്കുന്നു.






Leave a comment