വാഷിങ്ടണ്‍: വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് ഡിന്നറിന് പുറത്ത് വെടിയുതിര്‍ത്ത അക്രമി, ആക്രമണത്തിന് മുന്നോടിയായി എഴുതിയ കുറിപ്പില്‍ സ്വയം വിശേഷിപ്പിച്ചത് ‘ഫ്രണ്ട്ലി ഫെഡറല്‍ അസ്സാസിന്‍’ (Friendly Federal Assassin) എന്നാണ്. വാഷിംഗ്ടണിലെ ഹോട്ടലില്‍ ശനിയാഴ്ച രാത്രി ആഡംബര പൂര്‍ണ്ണമായ മാധ്യമ വിരുന്ന് നടക്കുന്നതിനിടെ വെടിവയ്പ്പ് നടത്തുന്നതിന് കൃത്യം 10 മിനിറ്റ് മുമ്പാണ്, 31 കാരനായ കോള്‍ അല്ലന്‍ ട്രംപ് വിരുദ്ധമായ ഈ കുറിപ്പുകള്‍ തന്റെ കുടുംബാംഗങ്ങള്‍ക്ക് അയച്ചുകൊടുത്തത്. ഭീതിജനകമായ ഈ കുറിപ്പുകള്‍ ഒരു ബന്ധു പോലീസിന് കൈമാറിയതായി അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, കോള്‍ അലന്റെ മാനിഫെസ്റ്റോയില്‍ ഇപ്രകാരം പറയുന്നു: ‘മറ്റൊരു കവിള്‍ കൂടി കാണിച്ചുകൊടുക്കുക എന്നത് നിങ്ങള്‍ നേരിട്ട് അടിച്ചമര്‍ത്തപ്പെടുമ്പോള്‍ ചെയ്യേണ്ട കാര്യമാണ്. ഞാന്‍ തടങ്കല്‍ പാളയങ്ങളില്‍ പീഡനത്തിനിരയായ വ്യക്തിയല്ല. വിചാരണ കൂടാതെ വധിക്കപ്പെട്ട മത്സ്യത്തൊഴിലാളിയുമല്ല. സ്‌കൂളില്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട കുട്ടിയോ, പട്ടിണി അനുഭവിക്കുന്ന കുഞ്ഞോ, അല്ലെങ്കില്‍ ഈ ഭരണകൂടത്തിലെ നിരവധി കുറ്റവാളികളാല്‍ പീഡിപ്പിക്കപ്പെട്ട കൗമാരക്കാരിയോ അല്ല ഞാന്‍. മറ്റൊരാള്‍ അടിച്ചമര്‍ത്തപ്പെടുമ്പോള്‍ മറ്റൊരു കവിള്‍ കാണിച്ചുകൊടുക്കുന്നത് ക്രിസ്തീയമായ പെരുമാറ്റമല്ല; അത് അടിച്ചമര്‍ത്തുന്നവന്റെ കുറ്റകൃത്യങ്ങളില്‍ പങ്കുചേരുന്നതിന് തുല്യമാണ്.
ആളപായം കുറയ്ക്കുന്നതിനായി ഞാന്‍ സ്ലഗ്ഗുകള്‍ക്ക് പകരം ബക്ക്‌ഷോട്ടുകള്‍ (ഭിത്തികളിലേക്ക് അധികം തുളച്ചുകയറാത്തവ) ആണ് ഉപയോഗിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്താന്‍ ആവശ്യമാണെങ്കില്‍ അവിടെയുള്ള ആരെയും വകവരുത്താന്‍ ഞാന്‍ മടിക്കില്ല (പീഡകനും രാജ്യദ്രോഹിയുമായ ഒരാളുടെ പ്രസംഗം കേള്‍ക്കാന്‍ തിരഞ്ഞെടുത്തുവന്ന എല്ലാവരും കുറ്റകൃത്യത്തില്‍ പങ്കാളികളാണ് എന്ന അടിസ്ഥാനത്തില്‍). എന്നാല്‍ അങ്ങനെയൊന്ന് സംഭവിക്കില്ലെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.’
ഭരണകൂട ഉദ്യോഗസ്ഥരായിരുന്നു (എഫ്ബിഐ ഡയറക്ടര്‍ കാഷ് പട്ടേല്‍ ഒഴികെ) അലന്റെ പ്രധാന ലക്ഷ്യങ്ങള്‍. ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ തട്ടിലുള്ളവര്‍ വരെ തന്റെ പട്ടികയിലുണ്ടെന്ന് ഇയാള്‍ വ്യക്തമാക്കിയിരുന്നു. പ്രസിഡന്റിനെ സൂചിപ്പിച്ചുകൊണ്ട് അലന്‍ ഇപ്രകാരം എഴുതി: ‘കുട്ടികളെ പീഡിപ്പിക്കുന്നവനും രാജ്യദ്രോഹിയുമായ ഒരാളെ, എന്റെ കൈകളില്‍, അവന്റെ കുറ്റകൃത്യങ്ങളുടെ കറ പുരട്ടാന്‍ ഞാന്‍ ഇനി അനുവദിക്കില്ല.’
ശനിയാഴ്ച രാത്രി നടന്ന സംഘര്‍ഷഭരിതമായ സംഭവങ്ങള്‍ക്ക് ശേഷം ഞായറാഴ്ച രാവിലെ ഡൊണാള്‍ഡ് ട്രംപ് പ്രതികരണവുമായി രംഗത്തെത്തി. അക്രമിയുടെ ഉള്ളില്‍ വലിയ തോതിലുള്ള വിദ്വേഷം നിറഞ്ഞിരുന്നുവെന്നും, ഈ ആക്രമണത്തിന് പിന്നില്‍ മതപരമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം ഫോക്‌സ് ന്യൂസിനോട് പറഞ്ഞു.
‘അയുളുടെ ഉള്ളില്‍ കുറേക്കാലമായി വലിയ പകയുണ്ടായിരുന്നു. അതൊരു മതപരമായ കാര്യമാണെന്നാണ് എനിക്ക് തോന്നുന്നത്. ക്രിസ്ത്യന്‍ വിരുദ്ധമായ ശക്തമായ നിലപാടായിരുന്നു അവന്റേത്. അവന്റെ കുറിപ്പ് പുറത്തുവിട്ടോ എന്ന് എനിക്കറിയില്ല,’ പ്രസിഡന്റ് പറഞ്ഞു. ‘അവന്റെ ജീവിതത്തില്‍ ഇനി വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരും. ഇത് വളരെ മോശമായ ഒരു സാഹചര്യമാണ്,’ അദ്ദേഹം തുടര്‍ന്നു.
കാലിഫോര്‍ണിയയിലെ ടോറന്‍സില്‍ നിന്നുള്ള അധ്യാപകനാണ് അക്രമി കോള്‍ അലന്‍. ഇയാള്‍ മാനിഫെസ്റ്റോ തയ്യാറാക്കിയ കാര്യവും ഇയാളുടെ കൈവശം തോക്കുകളുണ്ടെന്ന വിവരവും സഹോദരങ്ങള്‍ക്കറിയാമായിരുന്നു. അവര്‍ അലനെക്കുറിച്ച് ആശങ്കാകുലരുമായിരുന്നു.
ശനിയാഴ്ച രാത്രി വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലിലെ സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ച് തോക്കുമായി അലന്‍ അകത്തേക്ക് ഓടിക്കയറുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കറുത്ത വസ്ത്രം ധരിച്ച് തോക്കേന്തി ഹോട്ടലിനുള്ളിലേക്ക് അല്ലന്‍ കുതിച്ചുപായുന്ന വീഡിയോ ട്രംപ് തന്നെ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ചു. അലന്‍ ഓടിപ്പോയ ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുകളുമായി പ്രതികരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.
പ്രതിയുടെ പക്കല്‍ ഷോട്ട്ഗണ്‍, ഹാന്‍ഡ്ഗണ്‍, ഒന്നിലധികം കത്തികള്‍ എന്നിവയുള്‍പ്പെടെ നിരവധി മാരകായുധങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് വെളിപ്പെടുത്തി. വെടിയേറ്റ നിലയിലല്ല പ്രതിയെ പിടികൂടിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. വിരുന്ന് നടന്ന ഹില്‍ട്ടണ്‍ ഹോട്ടലിലെ അതിഥിയായിരുന്നു അലന്‍. പ്രസിഡന്റും മന്ത്രിസഭാംഗങ്ങളും ആയിരക്കണക്കിന് മാധ്യമപ്രവര്‍ത്തകരും ഉണ്ടായിരുന്ന ബാള്‍റൂമിന് അടുത്തേക്ക് ഇയാള്‍ കുതിച്ചെത്താന്‍ ശ്രമിച്ചതായാണ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.
വാഷിംഗ്ടണില്‍ നടന്ന വൈറ്റ് ഹൗസ് കറസ്പോണ്ടന്റ്സ് അസോസിയേഷന്‍ ഡിന്നറിനിടെ സെക്യൂരിറ്റി ചെക്ക്പോയിന്റിന് സമീപം വെടിയുതിര്‍ത്ത അക്രമിയുടെ ലക്ഷ്യം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഉദ്യോഗസ്ഥരുമായിരുന്നുവെന്ന് യുഎസ് ആക്ടിംഗ് അറ്റോര്‍ണി ജനറല്‍ ടോഡ് ബ്ലാഞ്ച് ഞായറാഴ്ച പറഞ്ഞു.
വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് നിരവധി മാരകായുധങ്ങളുമായി എത്തിയ പ്രതി ഒരു സീക്രട്ട് സര്‍വീസ് ഏജന്റിന് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴ്പ്പെടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. വെടിവയ്പ്പിനെത്തുടര്‍ന്ന് വിരുന്നില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ പരിഭ്രാന്തരായതോടെ, പ്രസിഡന്റ് ട്രംപ്, പ്രഥമ വനിത മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരെയും മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉടന്‍ തന്നെ ബാള്‍റൂമില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രാഥമിക കണ്ടെത്തലുകള്‍ പ്രകാരം യുഎസ് പ്രസിഡന്റിനെയും അദ്ദേഹത്തിന്റെ ഭരണകൂടവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയുമാണ് അക്രമി ലക്ഷ്യം വെച്ചതെന്ന് ടോഡ് ബ്ലാഞ്ച് പറഞ്ഞു. ‘പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭരണകൂടത്തില്‍ ജോലി ചെയ്യുന്ന ആളുകളെ ലക്ഷ്യം വെച്ചാണ് അദ്ദേഹം എത്തിയതെന്ന് തന്നെയാണ് വ്യക്തമാകുന്നത്,’ അദ്ദേഹം പറഞ്ഞു. സംഭവത്തിന് മുന്‍പ് പ്രതി വിവിധ നഗരങ്ങളിലൂടെ സഞ്ചരിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം, അമേരിക്കയുടെ പടിഞ്ഞാറന്‍ തീരത്തുനിന്നും വാഷിംഗ്ടണില്‍ എത്തിയ പ്രതി, ഈ ഉന്നതതല വിരുന്ന് നടന്ന അതേ ഹോട്ടലില്‍ തന്നെയാണ് താമസിച്ചിരുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്ക് തൊട്ടടുത്തെത്താന്‍ ഇയാള്‍ ആസൂത്രിതമായി നീങ്ങിയിരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഏകദേശം 2,600 അതിഥികള്‍ ഒത്തുചേര്‍ന്ന പ്രധാന ബാള്‍റൂമിന് തൊട്ടുപുറത്താണ് സംഭവം നടന്നത്. സ്റ്റേജില്‍ ഇരിക്കുകയായിരുന്ന ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ വളയുകയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു. ‘ഏകദേശം 50 വാര അകലെ നിന്നാണ് അവന്‍ പാഞ്ഞടുത്തത്, അതിനാല്‍ ബാള്‍റൂമില്‍ നിന്നും അവന്‍ ഏറെ അകലെയായിരുന്നു. അവന്‍ വളരെ വേഗത്തിലാണ് നീങ്ങിക്കൊണ്ടിരുന്നത്,’ ട്രംപ് പിന്നീട് പ്രതികരിച്ചു.

സുരക്ഷാവീഴ്ച എങ്ങനെ സംഭവിച്ചു എന്ന് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങളും ഭൗതിക തെളിവുകളും സാക്ഷിമൊഴികളും വിശദമായി പരിശോധിച്ചുവരികയാണ്. സംഭവത്തിന് ശേഷം പുറത്തുവന്ന വീഡിയോയില്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതികരിക്കുന്നതിന് മുന്‍പ് തന്നെ അതീവ വേഗതയില്‍ പ്രതി ചെക്ക്പോയിന്റ് കടന്നുപോകുന്നത് കാണാം.
‘നിങ്ങള്‍ സ്വാധീനശക്തിയുള്ള ആളാകുമ്പോള്‍ അവര്‍ നിങ്ങളെ വേട്ടയാടും. അല്ലാത്തപക്ഷം അവര്‍ നിങ്ങളെ വെറുതെ വിടും,’ ട്രംപ് കൂട്ടിച്ചേര്‍ത്തു.ഫെഡറല്‍ ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, വെടിയുതിര്‍ക്കല്‍, കൊലപാതക ശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി പ്രതിക്കെതിരെ തിങ്കളാഴ്ച ഫെഡറല്‍ കോടതിയില്‍ കേസെടുക്കുമെന്ന് ടോഡ് ബ്ലാഞ്ച് പറഞ്ഞു. സംഭവത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന് അന്വേഷിച്ചുവരികയാണെന്നും ഇറാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേദിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രകാരം, സ്റ്റേജിലെ ടേബിളിലിരുന്ന് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും. പെട്ടെന്ന് ബാള്‍റൂമിന്റെ പിന്‍ഭാഗത്തുനിന്നും വെടിയൊച്ചകള്‍ മുഴങ്ങിയതോടെ വിരുന്നിനെത്തിയവര്‍ ഞെട്ടിത്തരിച്ചു. ഹാളിനുള്ളില്‍ പരിഭ്രാന്തി പടര്‍ന്നതോടെ പലരും ‘താഴെ കിടക്കൂ, താഴെ കിടക്കൂ’ എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു.
നൂറുകണക്കിന് അതിഥികള്‍ ഉടന്‍ തന്നെ മേശകള്‍ക്ക് താഴെ അഭയം പ്രാപിച്ചു. ഈ സമയം സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുകള്‍ പുറത്തെടുക്കുകയും കാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെ തറയില്‍ കിടത്തി സ്വന്തം ശരീരം കൊണ്ട് അവര്‍ക്ക് സംരക്ഷണമൊരുക്കുകയും ചെയ്തു. മറ്റുചില ഏജന്റുമാര്‍ പ്രദേശം സുരക്ഷിതമാക്കാന്‍ അതിവേഗം നീങ്ങി.
തുടര്‍ന്ന് അത്യാധുനിക ആയുധങ്ങളേന്തിയ സുരക്ഷാ സംഘം സ്റ്റേജിലേക്ക് കുതിച്ചെത്തുകയും തോക്കുകള്‍ ഹാളിന് അഭിമുഖമായി ചൂണ്ടി സംരക്ഷണ വലയം തീര്‍ക്കുകയും ചെയ്തു. ട്രംപ്, മെലാനിയ ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് എന്നിവരെ ഉടന്‍ തന്നെ പുറത്തെത്തിച്ചു. മറ്റു ഉദ്യോഗസ്ഥരെയും അതീവ ജാഗ്രതയോടെ ഹാളില്‍ നിന്നും മാറ്റി.

ഹാളിലുണ്ടായിരുന്ന ഭൂരിഭാഗം പേരും മേശകള്‍ക്ക് താഴെ പതുങ്ങിയിരിക്കുമ്പോഴും, ഒരുകൂട്ടം ആളുകള്‍ ‘യുഎസ്എ, യുഎസ്എ!’ എന്ന് മുദ്രാവാക്യം വിളിക്കുന്നുണ്ടായിരുന്നു. ഇതിനിടെ സുരക്ഷാ സേന സാഹചര്യം നിയന്ത്രണവിധേയമാക്കി.
വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ട്രംപിനെ സ്റ്റേജിന് പിന്നിലേക്ക് മാറ്റുകയും ഏകദേശം ഒരു മണിക്കൂറോളം അവിടെ നിര്‍ത്തുകയും ചെയ്തു. തനിക്ക് പരിപാടി ഉപേക്ഷിച്ചു പോകാന്‍ താല്പര്യമില്ലായിരുന്നുവെന്ന് അദ്ദേഹം പിന്നീട് പറഞ്ഞു. 2024-ല്‍ പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ നടന്ന വധശ്രമത്തെ അതിജീവിച്ച ശേഷം മുഷ്ടി ചുരുട്ടി ആവേശം പ്രകടിപ്പിച്ച ട്രംപിന്റെ അതേ പോരാട്ടവീര്യമാണ് ഇവിടെയും പ്രകടമായത്.






Leave a comment