ആനുകാലികംകേരള വാർത്തസിനിമ

‘പള്ളിച്ചട്ടമ്പി’: കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ളപൂശി; ടൊവിനോ ചിത്രത്തിനെതിരെ സന്ദീപ് വാര്യർ

മലയാളികൾക്ക് പ്രിയങ്കരനായ ടൊവിനോ തോമസിനെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്‌ത ചിത്രമാണ് ‘പള്ളിച്ചട്ടമ്പി’. ഇപ്പോഴിതാ ചിത്രത്തിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ചിത്രത്തിൽ വിമോചനസമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിച്ചത് വസ്‌തുതകളെ മറച്ചുവച്ച് വെള്ളപൂശിക്കൊണ്ടാണെന്നാണ് സന്ദീപ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചിരിക്കുന്നത്.

ഗർഭിണിയായ യുവതി കൊല്ലപ്പെട്ട ചെറിയതുറ വെടിവയ്‌പ്പ് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാട് അറിയാതെ പൊലീസ് സ്വന്തം നിലയ്‌ക്ക് ചെയ്‌തതാണെന്നാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇത് ചരിത്രസത്യങ്ങൾക്ക് നിരക്കാത്തതാണ്. ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പൊലീസിന്റെ വീഴ്‌ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണെന്നും സന്ദീപ് വാര്യർ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ചരിത്രത്തെ ‘വെളുപ്പിച്ചെടുക്കുന്ന’ പള്ളിച്ചട്ടമ്പി

സിനിമ ഒരു കലാരൂപമെന്ന നിലയിൽ ആവിഷ്കാര സ്വാതന്ത്ര്യം അനുവദിക്കുമ്പോഴും, ചരിത്രപരമായ സത്യങ്ങളെ വളച്ചൊടിക്കുന്നത് ഗൗരവകരമായ ചർച്ചകൾക്ക് വഴിമാറേണ്ടതുണ്ട്. ‘പള്ളിച്ചട്ടമ്പി’ എന്ന സിനിമ വിമോചന സമരകാലത്തെ കേരളത്തെയും ആദ്യ കമ്മ്യൂണിസ്റ്റ് സർക്കാരിനെയും അവതരിപ്പിക്കുന്നത് വസ്തുതകളെ മറച്ചുവെച്ചോ അല്ലെങ്കിൽ ബോധപൂർവ്വം വെള്ളപൂശിയോ ആണെന്ന് പറയാതെ വയ്യ.

വിമോചന സമരത്തിൻ്റെ ഏറ്റവും വേദനിക്കുന്ന പ്രതീകമായിരുന്നു ചെറിയതുറയിലെ പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ട ഫ്ലോറി എന്ന ഗർഭിണി. ഒരു ജനാധിപത്യ സർക്കാരിൻ്റെ കീഴിൽ നടന്ന ഇത്തരം കിരാത നടപടികളെ സിനിമ കൈകാര്യം ചെയ്ത രീതി അങ്ങേയറ്റം വിചിത്രമാണ്. ഭരണകൂടമോ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്സൊ അറിയാതെ പോലീസ് സ്വന്തം നിലയ്ക്ക് ചെയ്തതാണ് ഈ ക്രൂരത എന്ന മട്ടിലുള്ള ചിത്രീകരണം ചരിത്രപരമായ സത്യസന്ധതയ്ക്ക് നിരക്കാത്തതാണ്.

ഒരു സർക്കാരിൻ്റെ കാലത്ത് നടക്കുന്ന പോലീസ് വെടിവെപ്പിൻ്റെ ധാർമ്മികവും രാഷ്ട്രീയവുമായ ഉത്തരവാദിത്തം ഭരണാധികാരിയിൽ നിന്ന് മാറ്റിക്കാണിക്കുന്നത് പൊളിറ്റിക്കൽ വൈറ്റ് വാഷിംഗ് അല്ലാതെ മറ്റൊന്നുമല്ല.

മുഖ്യമന്ത്രിക്ക് ഈ കാര്യങ്ങളെക്കുറിച്ച് അറിവില്ലായിരുന്നു എന്ന് വരുത്തിത്തീർക്കുന്നതിലൂടെ ഒരു നേതാവിൻ്റെ വ്യക്തിപ്രഭാവത്തെ സംരക്ഷിക്കാനാണ് സിനിമ ശ്രമിക്കുന്നത്.

ഫ്ലോറിയുടെ മരണം വിമോചന സമരത്തെ ആളിക്കത്തിച്ച സംഭവമാണ്. ഒരു ജനതയുടെ പ്രതിഷേധത്തെയും രക്തസാക്ഷിത്വത്തെയും കേവലം സാങ്കേതിക പിഴവുകളായോ പോലീസിൻ്റെ വീഴ്ചയായോ ചുരുക്കിക്കാണിക്കുന്നത് ആ കാലഘട്ടത്തിൽ നീതി നിഷേധിക്കപ്പെട്ടവരോട് ചെയ്യുന്ന അനീതിയാണ്. ചരിത്രത്തിലെ ഇരുണ്ട അധ്യായങ്ങളെ വെള്ളപൂശി തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ ആഖ്യാനം നിർമ്മിച്ചെടുക്കാനുള്ള ശ്രമമാണ് പള്ളിച്ചട്ടമ്പിയിലൂടെ നടക്കുന്നത്.

ചരിത്രം വായിക്കുന്നവർക്ക് ഈ സിനിമ നൽകുന്നത് ഒരു വശത്തെ മാത്രം മഹത്വവൽക്കരിക്കുന്ന പാതിവെന്ത സത്യങ്ങളാണ്. സത്യസന്ധമായ രാഷ്ട്രീയ സിനിമകൾ ഉണ്ടാകണമെങ്കിൽ ഭരണകൂട ഭീകരതകളെയും വീഴ്ചകളെയും മറയില്ലാതെ കാണിക്കാനുള്ള ആർജ്ജവം കൂടി അണിയറപ്രവർത്തകർ കാണിക്കേണ്ടതുണ്ട്. പുതുപ്പള്ളിയിൽ നിന്ന് എംഎൻ ചാണ്ടിയെ കൊണ്ട് വന്ന് ബാലൻസ് നടത്തിയത് കൊണ്ട് മാത്രം വ്യാജ ചരിത്ര നിർമ്മിതി എതിർക്കപ്പെടാതെ പോകില്ല.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...