ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ചിക്കമംഗളൂരുവിൽ കാണാതായ ശ്രീനന്ദയുടെ മരണം: ദുരൂഹത നീക്കാൻ അന്വേഷണം

ചിക്കമംഗളൂരു: കുടുംബമൊത്തുള്ള സന്തോഷ യാത്ര ഒടുവിൽ കണ്ണീർ യാത്രയായി മാറി. നാല് ദിവസം നീണ്ട തിരച്ചിൽ, പ്രാർഥനകൾ, ഏതെങ്കിലും ഒരു കോണിൽ നിന്ന് തന്റെ മകൾ തിരിച്ചുവരുമെന്ന കുടുംബത്തിന്റെ പ്രതീക്ഷ… എല്ലാം വിഫലം. നീണ്ട തിരച്ചിലുകൾക്കൊടുവിൽ ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരി ശ്രീനന്ദയുടെ മൃതദേഹം 1500ഓളം അടി താഴ്ചയിൽ നിന്ന് കണ്ടെത്തി.

പാലക്കാട് കടമ്പഴിപുറത്തെ രമേശിന്റെ മകൾ ശ്രീനന്ദ(15)യെയാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാണാതായത്. ചിക്കമംഗളൂരുവിലെ ബാബാബുഡാൻ ഗിരികുന്നിലെ മാണിക്കധാര വെള്ളച്ചാട്ടം കാണാനാണ് സംഘം എത്തിയത്. 40-ഓളം കുടുംബാംഗങ്ങളുടെ സംഘത്തിനൊപ്പമാണ് ശ്രീനന്ദ ഏത്തിയത്.

ശ്രീനന്ദയെ കാണാതായതിനു പിന്നാലെ വൻ തിരച്ചിൽ നടത്തിയിരുന്നു. കർണാടക സർക്കാർ സ്പെഷ്യൽ ടാസ്ക് ഫോഴ്സിനെ അടക്കം ഉൾപ്പെടുത്തി അന്വേഷണം വ്യാപിപ്പിച്ചിരുന്നു. നൂറോളം വരുന്ന സംഘമാണ് ഇന്ന് രാവിലെ മുതൽ തിരച്ചിൽ നടത്തിയത്. എന്നാൽ പ്രതീക്ഷകളും പ്രാർഥനകളും വിഫലം. 1500 ഓളം അടി താഴ്ചയിൽ വെള്ളച്ചാട്ടത്തിനു സമീപത്തായാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവി ഉൾപ്പെടെയുള്ള ഉന്നതോദ്യോഗസ്ഥർ സ്ഥലത്തെത്തിയിരുന്നു.

മൃതദേഹം കണ്ടെത്തിയ സ്ഥലം കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് നൂറംഗം വരുന്ന ടാസ്ക് ഫോഴ്സ് ആണ് ഇന്ന് ബാബാബുഡൻഗിരിയുടെ താഴ്വാരത്ത് തിരച്ചിൽ നടത്തിയത്. ഫയർഫോഴ്സും പോലീസും നാട്ടുകരുമടങ്ങുന്ന വലിയൊരു സംഘം തന്നെ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ തിരച്ചിൽ നടത്തിയിരുന്നു. കേരളാ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു. കഴിഞ്ഞ ദിവസം ഡ്രോൺ അടക്കം ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. എന്നാൽ കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, ശ്രീനന്ദയുടെ മരണത്തിൽ കുടുബം ദുരൂഹതയാരോപിക്കുന്നുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് കുട്ടി പോയിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. കാണാതായ സമയത്ത് തന്നെ ഇവിടെ ഇറങ്ങി പരിശോധിച്ചുവെന്നും കുട്ടിയുടെ മൃതദേഹത്തിന് പഴക്കമില്ലെന്നും ശ്രീനന്ദയുടെ വല്യച്ഛൻ ശശിധരൻ പറഞ്ഞു. വിശദാന്വേഷണം വേണമെന്നും ശ്രീനന്ദയുടെ കുടുംബം ആവശ്യപ്പെട്ടു.

‘മാണിക്കധാര വെള്ളച്ചാട്ടത്തിൽ നിന്ന് കേറിവരുന്നിടത്താണ് വാഹനം പാർക്ക് ചെയ്തത്. മൃതദേഹം കണ്ടെത്തിയത് മറുവശത്ത് നിന്നാണ്. അവിടേക്ക് കുട്ടിപോയിട്ടില്ല. വ്യൂപോയിന്റിൽ നിന്നാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടിയെ കാണാതായപ്പോ നിലവിൽ മൃതദേഹം കണ്ടെത്തിയ സ്ഥലം തിരഞ്ഞിരുന്നു. അതുകൊണ്ട് തന്നെ കുട്ടി അവിടെ പോയിട്ടില്ല. മരണത്തിൽ ദുരൂഹതയുണ്ട്. അന്വേഷണം വേണം. പോലീസ് നായ വന്ന് കടയുടെ അടുത്ത് വരെ പോയി തിരികെ പോയി. അവിടന്ന് 150 മീറ്ററോളം ദൂരമുണ്ട്. മൃതദേഹം കിട്ടിയ സ്ഥലം കാണാതായ സമയത്ത് തന്നെ പരിശോധിച്ചിരുന്നു. പോലീസുകാർ വന്നപ്പോഴും അവിടെ പരിശോധന നടത്തി. അപ്പോ കാണാത്ത മൃതദേഹം ഇപ്പോ കണ്ടെത്തിയതിൽ ദുരൂഹതയുണ്ട്. നാല് ദിവസമായി കാണാതായിട്ട്. മൃതദേഹത്തിന് പഴക്കമില്ലെന്നാണ് പറയുന്നത്’- ശ്രീനന്ദയുടെ വല്യച്ഛൻ ശശികുമാർ പറഞ്ഞു.

കുട്ടിയെ കാണാതായതിനു പിന്നാലെ തന്നെ കുടുംബം ദുരൂഹതയാരോപിച്ച് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണോ എന്നുള്ള സംശയവും കുടുംബം ഉന്നയിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് ഇതുമായി ബന്ധപ്പെട്ട് സിസിടിവി ഉൾപ്പെടെ പരിശോധിച്ച് പരിശോധന നടത്തി വരികയായിരുന്നു. ഇതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

പോലീസ് നായ മണംപിടിച്ച് ചെന്നത് കടയുടെ അടുത്തേക്കാണ്. ഈ കടയുടമയെ പോലീസ് ചോദ്യം ചെയ്തിട്ടില്ലെന്നും പ്രദേശവാസികളോട് കാര്യമന്വേഷിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നുണ്ട്.

മൃതദേഹം മുകളിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ചിക്കമംഗളൂരുവിലെ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ട നടപടികൾ ഉണ്ടാകുമെന്നാണ് വിവരം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...