കേരള വാർത്തസിനിമ

അടി, തിരിച്ചടി, പൊരിഞ്ഞ അടി; ഫുൾ ക്യാംപസ് വൈബ്, കളറാണ് ഡർബി

കാമ്പസിൽ തുടങ്ങി കാമ്പസിൽ അവസാനിക്കുന്ന കളർഫുൾ ചിത്രം. ഇതാണ് സജിൽ മമ്പാട് സംവിധാനം ചെയ്ത ഡർബി. സഹ്‌റു സുഹ്‌റ, അമീർ സുഹൈൽ എന്നിവർ ചേർന്നാണ് തിരക്കഥ. കാമ്പസിന്റെ ആഘോഷങ്ങളും ഗ്യാങ് വാറുകളും പ്രണയവും ഇണക്കവും പിണക്കവും സൗഹൃദക്കാഴ്ചകളുമാണ് ചിത്രത്തെ വർണാഭമാക്കുന്നത്. നീണ്ട ഇടവേളയ്ക്കുശേഷം മലയാളസിനിമയിൽ വന്ന മുഴുനീള കാമ്പസ് ചിത്രമാണിത്.

പലതരം കാമ്പസ് ചിത്രങ്ങൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും ഇന്നത്തെ കാമ്പസ് ആഘോഷങ്ങളുടെ കഥയാണ് ഡർബി. മലപ്പുറത്തെ ഒരു കോളേജാണ് ഡർബിയുടെ പശ്ചാത്തലം. ഒരുപറ്റം യുവാക്കളുടെ മൂന്നുവർഷക്കാലത്തെ കോളേജ് ജീവിതമാണ് ചിത്രം പറയുന്നത്. കോളേജ് കാമ്പസ് എന്ന ഘടകമില്ലാതെ ഒരൊറ്റ ഫ്രെയിമോ സീനോ ചിത്രത്തിലില്ല എന്നത് എടുത്തുപറയേണ്ടിയിരിക്കുന്നു. പ്രവേശനോത്സവം മുതൽ അടിയുണ്ടാക്കുന്ന കാരണങ്ങൾ വരെ കോളേജ് മതിൽക്കെട്ടിനകത്താണ് നടക്കുന്നത്.

അർജുൻ എന്ന ചെറുപ്പക്കാരന്റെ കോളേജ് പ്രവേശനത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. അർജുന്റെ മൂന്ന് വർഷമാണ് അക്ഷരാർഥത്തിൽ സിനിമ ചർച്ച ചെയ്യുന്നത്. കോളേജ് കാമ്പസാകുമ്പോൾ അന്നുമിന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന ഒരു കാര്യമാണ് ജൂനിയർ-സീനിയർ പോര്. അർജുന് ഒരു പ്രത്യേക സാഹചര്യത്തിൽ തന്റെ സീനിയർ ഗ്രൂപ്പുമായി ഏറ്റുമുട്ടേണ്ടിവരുന്നതോടെയാണ് ചിത്രം അടിമുടി സംഘർഷഭരിതമാകുന്നത്. അടികളും തിരിച്ചടികളും ഏറ്റുമുട്ടലുകളും ആരംഭിക്കുന്നത് ഇവിടെയാണ്.

സാധാരണഗതിയിൽ ജൂനിയർമാരെ വിറപ്പിക്കുന്ന സീനിയർമാരെയാണ്  കണ്ടിട്ടുള്ളത്. ഈ ക്ലീഷേ സജിൽ മമ്പാടും സംഘവും തിരുത്തുന്നുണ്ട്. ജൂനിയർമാരെ വിറപ്പിക്കുന്ന സീനിയർമാരേയും സീനിയർമാരെ മര്യാദ പഠിപ്പിക്കുന്ന ജൂനിയർമാരെയും ഡർബിയിൽ കാണാം. കൃത്യമായ ഇടവേളകളിൽ ആക്ഷൻ വരുന്നുണ്ട് ചിത്രത്തിൽ. എല്ലാംതന്നെ ജൂനിയർ-സീനിയർ സംഘർഷം. ഓരോ സംഘട്ടനത്തിനും പിന്നിൽ കൃത്യമായ ഒരു കാരണം ചൂണ്ടിക്കാട്ടാനുണ്ട് എന്നത് ശ്രദ്ധേയമാണ്. രണ്ടിടി കൂടുതൽ കിട്ടണം എന്ന് പ്രേക്ഷകർക്ക് തോന്നുന്ന രീതിയിലാണ് വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജത്തിന്റെ ക്യാമറയും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും തവസി രാജിന്റെ കോറിയോഗ്രഫിയും സംഘട്ടനരംഗങ്ങളെ മികവുറ്റ അനുഭവമാക്കി മാറ്റുന്നുണ്ട്.

യുവതാരങ്ങളുടെ നീണ്ടനിരതന്നെയുണ്ട് ചിത്രത്തിൽ. ആദം സാബിക് ആണ് നായകനായ അർജുൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അമീൻ, ഹരി ശിവറാം, റിഷ് എൻ.കെ, ജസ്‌നിയ ജയദീഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ആദം സാബിക്കിന്റേത് മാസും റൊമാൻസും ചേർന്ന വേഷമായിരുന്നെങ്കിൽ അമീന്റേത് മാസിനൊപ്പം കോമഡിയും കലർന്ന വേഷമായിരുന്നു. റിഷിന് കോമഡി നന്നായി വഴങ്ങുന്നുണ്ട്. ഹരി ശിവറാമും സുപർണയുമൊത്തുള്ള രംഗങ്ങൾ മനോഹരമായിരുന്നു. സാഗർ സൂര്യ, ശിവരാജ് എന്നിവരുടെ കാമ്പസ് വില്ലൻ വേഷങ്ങൾ ഗംഭീരമായിരുന്നു. പ്രണയവും സൗഹൃദവും കലർന്ന മരിയ എന്ന വേഷം ജസ്നിയയിൽ ഭദ്രമായിരുന്നു. കരിയറിൽ ഇന്നേവരെ ചെയ്യാത്തതരം വേഷമായിരുന്നു അബു സലീമിന്റേത്. അല്പം ഫീൽ ഗുഡ് കഥാപാത്രം എന്നുപറഞ്ഞാലും തെറ്റില്ല.

പ്രവീൺ, ആൻ മെർലറ്റ്, ഫ്രാങ്കോ ഫ്രാൻസിസ്, ഹിഫ്രാസ്, സുപർണ എസ്, ജോണി ആന്റണി, ശബരീഷ് വർമ, ദിവ്യ എം. നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർഗീസ്, ആർ.ജെ. അന്തു, ഷിക്കു നസീർ, ഹബീബ് ഷാജഹാൻ, ഫാഹിസ് ബിൻ റിഫാഹി, മനൂപ് എലമ്പ്ര എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പേരിനോട് അത്യന്തം നീതി പുലർത്തുന്ന ചിത്രമായി ഡർബിയെ ഒരുക്കാൻ സംവിധായകൻ സജിൽ മമ്പാടിന് സാധിച്ചിട്ടുണ്ട്. സംഘട്ടനങ്ങൾക്കപ്പുറം, ഇന്നത്തെ യുവത്വത്തിന്റെ കാമ്പസ് ആഘോഷങ്ങൾ എങ്ങനെയാണെന്നതിന്റെ നേർക്കാഴ്ചയാണ് ചിത്രം കാട്ടിത്തരുന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...