കേരള വാർത്തസിനിമ

റോഡ് റോളർ സീനിലെ വലിയ അബദ്ധം വെളിപ്പെടുത്തി പ്രിയദർശൻ

സംവിധാനം ചെയ്ത ചിത്രങ്ങളിൽ തന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച രംഗം ‘വെള്ളാനകളുടെ നാട്’ സിനിമയിലെ കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ സീൻ ആണെന്ന് സംവിധായകൻ പ്രിയദർശൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ചിരി വിരുന്നുകളിൽ ഒന്നായ ഈ രംഗത്തെക്കുറിച്ചുള്ള രസകരമായ ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ദശകങ്ങളായി പ്രേക്ഷകർ ചിരിച്ചു മറിയുന്ന ആ രംഗം സാങ്കേതികമായി തികച്ചും അസാധ്യമായ ഒന്നാണെന്നും, യുക്തിപരമായ പിഴവുകൾ ഉണ്ടായിട്ടും പ്രേക്ഷകർ അത് ഏറ്റെടുത്തത് സിനിമയുടെ മാന്ത്രികതയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു റോഡ് റോളറിന് എൻജിൻ പ്രവർത്തിപ്പിക്കാതെ ഒരിക്കലും തനിയെ ഉരുണ്ടുപോകാൻ കഴിയില്ലെന്നും ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുള്ള അത്തരം വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യാതെ നീങ്ങില്ലെന്നും പ്രിയദർശൻ പറയുന്നു. എങ്കിലും തന്റെ പ്രിയപ്പെട്ട ഹാസ്യ മുഹൂർത്തമായി ഈ രംഗത്തെ ഇന്നും നെഞ്ചേറ്റുന്നു എന്നാണ് പ്രിയദർശൻ വെളിപ്പെടുത്തിയത്. 

“മലയാളത്തിൽ ഒരു സിനിമയുണ്ട്, അതിൽ ഒരു റോഡ് റോളർ താഴേക്ക് ഉരുണ്ടുപോകുന്ന സീനുണ്ട്. എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ച ആ കോമഡി രംഗം യുക്തിപരമായി തെറ്റായിരുന്നു. മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട്, ഇപ്പോഴും ആവർത്തിക്കുന്നു; ഒരു റോഡ് റോളറിന് ഒരിക്കലും അങ്ങനെ ഉരുണ്ടുപോകാൻ കഴിയില്ല. നിങ്ങൾ റോഡ് റോളർ സ്റ്റാർട്ട് ചെയ്തില്ലെങ്കിൽ അത് തനിയെ ബ്രേക്ക് വീണ് നിൽക്കും, ഒരിക്കലും മുന്നോട്ടോ പിന്നോട്ടോ ഉരുളില്ല. പക്ഷേ ആളുകൾ ആ സീൻ വിശ്വസിച്ചു. അതിന് ഓട്ടോമാറ്റിക് ബ്രേക്ക് സംവിധാനമുണ്ട്, സ്റ്റാർട്ട് ചെയ്യാതെ അത് നീങ്ങില്ല. കോമഡി സിനിമകളിൽ എപ്പോഴും ചെയ്യുന്നതുപോലെ നമ്മൾ എങ്ങനെയാണ് ആളുകളുടെ സാമാന്യബോധത്തെ കബളിപ്പിക്കുന്നത് എന്നാണ് ഞാൻ ഇതിലൂടെ ഉദ്ദേശിച്ചത്,” പ്രിയദർശൻ പറയുന്നു 

സി.പി. നായർ എന്ന നിസ്സഹായനായ മുൻസിപ്പൽ എൻജിനീയറുടെയും കഥ പറയുന്ന ‘വെള്ളാനകളുടെ നാട്’ (1988) മലയാള സിനിമയിലെ എക്കാലത്തെയും മികച്ച പൊളിറ്റിക്കൽ സറ്റയറുകളിൽ ഒന്നാണ്. ശ്രീനിവാസന്റെ തിരക്കഥയിൽ പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം സർക്കാർ സംവിധാനങ്ങളിലെ അഴിമതിയെയും ചുവപ്പുനാടകളെയും രസകരമായി പരിഹസിക്കുന്നു.  കുതിരവട്ടം പപ്പുവിന്റെ റോഡ് റോളർ രംഗം ഇന്നും മലയാളികൾക്കിടയിൽ തരംഗമാണ്. “താമരശ്ശേരി ചുരം”, “പടച്ചോനേ ഇങ്ങള് കാത്തോളീ” തുടങ്ങിയ ഡയലോഗുകൾ ഈ ചിത്രത്തിലൂടെയാണ് ജനപ്രിയമായത്.  കുതിരവട്ടം പപ്പു എന്ന അഭിനയ പ്രതിഭയുടെ പകരം വയ്ക്കാനില്ലാത്ത ശൈലിയും മോഹൻലാലിന്റെ സ്വാഭാവികമായ പ്രതികരണങ്ങളും ഒത്തുചേർന്നപ്പോൾ കാലത്തെ അതിജീവിച്ച ഹാസ്യ മുഹൂർത്തമായി മാറിയ രംഗമാണ് സൃഷ്ടിക്കപ്പെട്ടത്. 

‘ഇപ്പൊ ശരിയാക്കി തരാം’ എന്ന് പറഞ്ഞ് റോഡ് റോളർ നന്നാക്കാൻ എത്തുന്ന പപ്പുവിന്റെ മൊയ്തീനും, അത് കണ്ട് നിസ്സഹായനായി നിൽക്കുന്ന മോഹൻലാലിന്റെ സി.പി. നായരും ഇന്നും മലയാളിക്ക് ചിരിയുടെ പര്യായങ്ങളാണ്.  മോഹൻലാലിന്റെ സി.പി. നായർ എന്ന കഥാപാത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വേഷങ്ങളിൽ ഒന്നാണ്. ശോഭന, ശ്രീനിവാസൻ, തിലകൻ, എം.ജി. സോമൻ, ശങ്കരാടി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്. റോഡ് പണിയിലെ അഴിമതിയും ക്വാറി മാഫിയയും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വവും ഇന്നും കേരളീയ സമൂഹത്തിൽ ചർച്ചാവിഷയമാണ്. അതുകൊണ്ടുതന്നെ ഈ ചിത്രം ഇന്നും പ്രസക്തമായി തുടരുന്നു.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...