വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കും. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾ്ഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിർത്തൽ അവസാനിച്ചാൽ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. ട്രംപ് എന്തു ചെയ്യുമെന്നതാണ് ലോകത്തിന്റെ ആകാംക്ഷ. ഇറാനെതിരെ അതിശക്തമായ ‘അന്തിമ പ്രഹരം’ നൽകാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ സൈനിക നീക്കങ്ങൾ തയാറാക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ട്.
അതേസമയം, സംഘർഷം തുടരുന്നതിനിടെ ഇറാനിൽ നിന്ന് സമ്മാനം ലഭിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പറഞ്ഞിരുന്നു. നിലവിലെ സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളിൽ തങ്ങൾ ഗൗരവമായി പങ്കെടുക്കുന്നതായി കാണിക്കാൻ ഇറാൻ 10 എണ്ണ ടാങ്കറുകൾ ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുവദിച്ചത് ഒരു സമ്മാനമായാണെന്ന് ട്രംപ് വ്യാഴാഴ്ച പറഞ്ഞു. ആഴ്ചയുടെ തുടക്കത്തിൽ എട്ട് വലിയ എണ്ണ ടാങ്കറുകൾ ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ അനുവദിച്ചതായും പിന്നീട് രണ്ട് കപ്പലുകൾ കൂടി വന്നതായും അദ്ദേഹം സൂചിപ്പിച്ചു. വൈറ്റ് ഹൗസിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസാരിക്കവേ, പരസ്യമായി സംഘർഷം നിലനിൽക്കുമ്പോഴും ഇരുപക്ഷങ്ങൾക്കിടയിൽ നിശ്ശബ്ദമായ ഇടപെടൽ ഉണ്ടായേക്കാം എന്നും ട്രംപ് സൂചിപ്പിച്ചു.
അതേസമയം, ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടാകാതിരിക്കുകയും ഹോർമുസ് കടലിടുക്കിലെ ഉപരോധം തുടരുകയും ചെയ്താൽ ബൃഹത്തായ ബോംബാക്രമണവും കരസേനാ വിന്യാസവും ഉൾപ്പെടെയുള്ള നടപടികളിലേക്ക് യുഎസ് കടന്നേക്കും. അതിനുള്ള ആസൂത്രണങ്ങളാണ് നടന്നുവരുന്നത്. ഇറാന്റെ സാമ്പത്തികതന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നാല് പ്രധാന പദ്ധതികളാണ് പെന്റഗണിന്റെ പരിഗണനയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഖാർഗ് ഐലൻഡ് പിടിച്ചെടുക്കൽലാണ് ഇതിലെ ആദ്യ തന്ത്രം. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ഐലൻഡ് ആക്രമിക്കുകയോ ഉപരോധിക്കുകയോ ചെയ്യുക. രണ്ടാമതായി ഹോർമുസ് കടലിടുക്കിൽ മേധാവിത്വം നിലനിർത്താൻ ഇറാനെ സഹായിക്കുന്ന ലാറക് ഐലൻഡിൽ അധിനിവേശം നടത്തുക എന്നതാണ്. ഇറാന്റെ നിയന്ത്രണത്തിലുള്ളതും യുഎഇ അവകാശവാദം ഉന്നയിക്കുന്നതുമായ അബു മൂസ ഉൾപ്പെടെയുള്ള മൂന്ന് ദ്വീപുകൾ പിടിച്ചെടുക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ഇത് കൂടാതെ ഹോർമുസ് കടലിടുക്കിന്റെ കിഴക്കൻ മേഖലയിലൂടെ ഇറാനിയൻ എണ്ണ കടത്തുന്ന കപ്പലുകൾ പിടിച്ചെടുക്കാനും പദ്ധതിയുണ്ട്.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ, ഇറാന് മേൽ സൈനിക വിജയം പ്രഖ്യാപിക്കാനോ സമാധാന ചർച്ചകളിൽ കൂടുതൽ മുൻതൂക്കം നേടാനോ ഉള്ള നീക്കമായാണ് യുഎസ് ഉദ്യോഗസ്ഥർ ഇതിനെ കാണുന്നത്. ഇറാൻ ചർച്ചകൾക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുഎസിന്റെ 15 ഇന സമാധാന നിർദ്ദേശങ്ങൾ ഇറാൻ തള്ളിക്കളഞ്ഞത് സ്ഥിതിഗതികൾ വഷളാക്കി. പകരം അഞ്ച് നിബന്ധനകളാണ് ടെഹ്‌റാൻ മുന്നോട്ട് വെച്ചിരിക്കുന്നത്.
ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ അമേരിക്ക നീക്കം തുടങ്ങിയതോടെ മേഖല അതിഭീകരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്. നിലവിൽ അമേരിക്കൻ നാവികസേനയുടെ വൻ സന്നാഹം ദ്വീപിന് സമീപത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. പ്രതിദിനം 15 ലക്ഷം ബാരലോളം എണ്ണയാണ് ഇവിടെനിന്ന് പ്രധാനമായും ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്രോതസ്സ് അടച്ചുപൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഈ തന്ത്രപ്രധാന ദ്വീപിനെ ലക്ഷ്യമിടുന്നത്. ഖാർഗ് പിടിച്ചെടുക്കുന്നതോടെ ഇറാനെ ചർച്ചക്ക് നിർബന്ധിതരാക്കാമെന്നും ഹുർമുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാമെന്നുമാണ് അമേരിക്കൻ കണക്കുകൂട്ടൽ.
അമേരിക്കൻ നീക്കത്തെ ചെറുക്കാൻ സർവ്വസന്നാഹങ്ങളുമായി ഇറാൻ തയാറെടുക്കുകയാണ്. വിമാനങ്ങളെ വെടിവെച്ചിടാൻ ശേഷിയുള്ള മാൻപാഡുകൾ ഉൾപ്പെടെയുള്ള മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ദ്വീപിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാന്റെ പരമാധികാരത്തിന് മേൽ കൈവെച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുന്നറിയിപ്പ് നൽകി.
ജപ്പാനിലെ ഒകിനാവയിൽ നിന്നുള്ള 2,200 യു.എസ് മറീനുകൾ യു.എസ്.എസ് ട്രിപ്പോളി എന്ന കപ്പലിന്റെ നേതൃത്വത്തിൽ ഖാർഗ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇറാൻ മുട്ടുമടക്കിയെന്നും അവരുടെ നാവികആശയവിനിമയ സംവിധാനങ്ങൾ തകർത്തെന്നുമാണ് ഡോണാൾഡ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ, ഇറാൻ മണ്ണിലിറങ്ങി യുദ്ധം ചെയ്യുന്നത് അമേരിക്കൻ സൈന്യത്തിന് വൻ നാശനഷ്ടങ്ങൾ വരുത്തിവെക്കുമെന്ന് മുൻ നാറ്റോ കമാൻഡർ അഡ്മിറൽ ജെയിംസ് സ്റ്റാവ്രിഡിസ് മുന്നറിയിപ്പ് നൽകുന്നു.
ഇതിനിടെ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശങ്ങൾ പരിശോധിച്ചുവരികയാണെന്ന് ഇറാൻ പ്രതികരിച്ചു. എന്നാൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്കോ നയതന്ത്ര സംഭാഷണങ്ങൾക്കോ തയ്യാറല്ലെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങൾ വഴി ലഭിച്ച സന്ദേശങ്ങൾക്ക് മറുപടി നൽകുന്നുണ്ടെന്നും ഇത് ഔദ്യോഗിക ചർച്ചകളായി കാണാനാവില്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇറാൻ ഒരു കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാൽ ജനങ്ങളെ ഭയന്നാണ് അവർ പുറത്തുപറയാത്തതെന്നുമാണ് ട്രംപിന്റെ വാദം.
പാകിസ്ഥാൻ വഴിയാണ് 15 ഇനങ്ങളടങ്ങിയ വെടിനിർത്തൽ നിർദ്ദേശം അമേരിക്ക ഇറാന് കൈമാറിയത്. യുറേനിയം സമ്പുഷ്ടീകരണം നിർത്തുക, ബാലിസ്റ്റിക് മിസൈൽ പദ്ധതികൾ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം, ഇറാൻ തങ്ങളുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുന്നില്ലെങ്കിൽ കടുത്ത ആക്രമണം തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിൻ ലീവിറ്റ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാന്റെ നാവിക വ്യൂഹത്തിന്റെ 92 ശതമാനവും തകർക്കപ്പെട്ടതായാണ് യുഎസ് സെൻട്രൽ കമാണ്ടിന്റെ അവകാശവാദം. മേഖലയിലെ സംഘർഷം ലോകമെമ്പാടും വൻ ഊർജ്ജ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.
അതേസമയം, ഇറാന്റെ മേലുള്ള ഈ സൈനിക നീക്കത്തിന് അമേരിക്കക്കുള്ളിൽ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്യൂ റിസർച്ച് സെന്ററിന്റെ പഠനമനുസരിച്ച് 61 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ യുദ്ധനയത്തോട് വിയോജിപ്പുള്ളവരാണ്. ഗൾഫ് രാജ്യങ്ങളും ഈ നീക്കത്തിൽ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാൽ അത് ആഗോള ഇന്ധന വിപണിയെ തകർക്കുമെന്നും ക്രൂഡ് ഓയിൽ വില കുതിച്ചുയരുമെന്നും സാമ്പത്തിക വിദഗ്ധർ ഭയപ്പെടുന്നു.






Leave a comment