അമേരിക്കൻ വാർത്തചരമം

ടൊറന്റോയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാൻ ശ്രമം നടത്തിയിരുന്ന ഇന്ത്യക്കാരനെ അജ്ഞാതർ വെടിവച്ചുകൊന്നു

ടൊറന്റോ∙ ടൊറന്റോയിലെ തിരക്കേറിയ ഷോപ്പിങ് മാളിന്റെ പാർക്കിങ്ങിൽ കർണാടക സ്വദേശിയായ ഇന്ത്യൻ വംശജനെ അജ്ഞാതർ വെടിവച്ചുകൊന്നു. ഗ്രേറ്റർ ടൊറന്റോ ഏരിയയിലെ ബ്രാംപ്ടൺ സ്വദേശിയും ബെംഗളൂരു റൂറൽ ജില്ലയിലെ നെലമംഗലയ്ക്കടുത്തുള്ള ത്യാഗൊണ്ടള്ളി ഗ്രാമം സ്വദേശിയുമായ ചന്ദൻ കുമാർ രാജ നന്ദകുമാർ ആണ് കൊല്ലപ്പെട്ടത്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 3.30 ഓടെ റെക്സ്ഡെയ്ൽ ബൊളിവാർഡിന് സമീപമുള്ള വുഡ്ബൈൻ ഷോപ്പിങ് സെന്ററിന്റെ പ്രവേശന കവാടത്തിന് സമീപത്ത് നിന്നാണ് അക്രമികൾ വെടിയുതിർത്തത്. ആക്രമണം നടക്കുമ്പോൾ ചന്ദൻ തന്റെ എസ്​യുവിയിൽ ഇരിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ചന്ദനെ ഗുരുതരമായി പരുക്കേറ്റ നിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾ വാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.സംഭവം പൊതുജനങ്ങൾക്കിടയിൽ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്ക് കാരണമായിട്ടുണ്ടെന്ന് ടിപിഎസ് ഇൻസ്പെക്ടർ എറോൾ വാട്സൺ പറഞ്ഞു.

മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കർണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര പറഞ്ഞു. സംസ്ഥാന പൊലീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടിയിട്ടുണ്ട്. ചിക്കബല്ലാപുര എംപി ഡോ.കെ.സുധാകറും വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്.

ടൊറന്റോയിലെ കന്നഡ സാംസ്കാരിക വൃത്തങ്ങളിൽ ചന്ദൻ സജീവമായി പങ്കെടുത്തിരുന്നു. കന്നഡ സിനിമകൾ, സംഗീതം, സാമൂഹിക പരിപാടികൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പരിപാടികളിലെ നിറസാന്നിധ്യമായിരുന്നു ചന്ദൻ.

സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ടൊറന്റോയിൽ കന്നഡ അസോസിയേഷൻ രൂപീകരിക്കാനുള്ള ചന്ദന്റെ ശ്രമങ്ങൾ കൊലപാതകത്തിൽ പങ്കുവഹിച്ചിരിക്കാമെന്ന് ചില ബന്ധുക്കൾ സംശയിക്കുന്നുണ്ടെങ്കിലും പൊലീസ് ഇതുവരെ ഒരു കാരണം സൂചിപ്പിച്ചിട്ടില്ല.

ബെംഗളൂരുവിൽ നിന്ന് 47 കിലോമീറ്റർ അകലെയുള്ള ത്യാഗൊണ്ടല്ലിയിൽ ഏകമകനെ നഷ്ടമായതിന്റെ വേദനയിലാണ് ചന്ദന്റെ മാതാപിതാക്കൾ. ‘കഴിഞ്ഞ വെള്ളിയാഴ്ച മകനുമായി സംസാരിച്ചിരുന്നു. വേനൽക്കാലത്ത് അവധിയെടുത്ത് വീട്ടിലേക്ക് വരുമെന്ന് അറിയിച്ചതാണ്. മകന്റെ വിവാഹത്തിനുള്ള ഒരുക്കത്തിലായിരുന്നു. ഈ വാർത്ത ഹൃദയം തകർത്തു’– അച്ഛൻ നന്ദകുമാർ പറഞ്ഞു. ഇന്ത്യയിലേക്കുള്ള മടക്കം ചന്ദൻ ആവർത്തിച്ച് മാറ്റിവച്ചിരുന്നതായി കുടുംബാംഗങ്ങൾ പറഞ്ഞു.‘ ഞങ്ങളുടെ വാക്കുകൾ കേട്ട് മടങ്ങിയെത്തിയിരുന്നുവെങ്കിൽ ഇപ്പോൾ ചന്ദൻ ഞങ്ങളോടൊപ്പമുണ്ടാകുമായിരുന്നു’– നന്ദകുമാർ കണ്ണീരോടെ പറയുന്നു.

ബെംഗളൂരുവിലെ സപ്തഗിരി കോളജിൽ നിന്ന് കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ചന്ദൻ ഏകദേശം ആറ് വർഷം മുമ്പ് കാനഡയിലേക്ക് താമസം മാറിയതാണ്. എൽ ആൻഡ് ടിയുടെ അനുബന്ധ സ്ഥാപനമായ എൽടിഐ മൈൻഡ് ട്രീയിൽ ജോലി ചെയ്യുകയായിരുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...