തൃശൂർ : ഗുണമേന്മയുടെ അടിസ്ഥാനത്തിൽ കിലോയ്ക്കു മൂന്നു ലക്ഷം രൂപ വരെ വിപണി വിലയുള്ള കാർഷികോൽപന്നമാണു കുങ്കുമം (saffron). ഏറ്റവും വിലയേറിയ സുഗന്ധവിള. രാജ്യത്തെ കുങ്കുമ ഉപഭോഗത്തിന്റെ കണക്കെടുത്താൽ വർഷം 100 മെട്രിക് ടണ്ണിലെത്തി നിൽക്കും. വാർഷികോൽപാദനമാകട്ടെ, 8–10 മെട്രിക് ടൺ മാത്രം ഉൽപാദനത്തിനും ഉപഭോഗത്തിനുമിടയിലുള്ള വിടവു ചില്ലറയല്ല. ഇത്രയേറെ വിലയും മൂല്യവുമുണ്ടെങ്കിലും രാജ്യത്ത് പരമ്പരാഗത കുങ്കുമക്കൃഷിക്ക് യോജ്യമായ കാർഷികമേഖല കശ്മീർ മാത്രമാണ്. കശ്മീരിൽത്തന്നെ മുഖ്യമായും പാംപോർ പ്രദേശം. ഫലത്തിൽ, ഇറക്കുമതിയെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ.
എന്നാൽ, കുങ്കുമത്തിൽ കശ്മീർകുത്തക തകർക്കുകയാണ് കൃഷിയിലേക്കു വരുന്ന പുതുതലമുറ. സമുദ്രനിരപ്പിൽനിന്ന് 2,000–2,500 മീറ്റർ ഉയർന്ന പ്രദേശങ്ങളിൽ നടക്കുന്ന കുങ്കുമക്കൃഷിയെ ഹൈടെക് സാങ്കേതികവിദ്യയുടെ സഹായത്തോടെ താഴെ സമതലങ്ങളിലേക്ക് എത്തിക്കുന്ന പുതുതലമുറക്കാരെ ഗുജറാത്തിലും ആന്ധ്രയിലുമൊക്കെ ഇന്നു നമുക്കു കാണാം. അതിന്റെ തുടർച്ച കേരളത്തിലുമെത്തിക്കഴിഞ്ഞു. ഹൈഡ്രോപോണിക്സ്, എയ്റോപോണിക്സ് വിദ്യകൾ പ്രയോജനപ്പെടുത്തി നിയന്ത്രിതാന്തരീക്ഷത്തിൽ വിജയകരമായി അവർ കുങ്കുമം വിളയിക്കുന്നു. ഉൽപന്നത്തിന്റെ ഗുണമേന്മയാകട്ടെ, ഒരുപടി മുന്നിലും.
ഹൈടെക് കുങ്കുമക്കൃഷിയെ തുടക്കത്തിൽ പലരും കൗതുകമായാണു കണ്ടതെങ്കിൽ ഇനിയങ്ങോട്ടത് അങ്ങനെയല്ലെന്നു പറയുന്നു തൃശൂർ പുത്തൂരിലെ ഹൈടെക് കുങ്കുമക്കർഷകനായ ജയിംസ് കാപ്പാനി. ആദ്യ ബാച്ച് കുങ്കുമക്കൃഷി വിജയകരമായി വിളവെടുത്ത് വിപണിയിലെത്തിച്ച ജയിംസ്, കൂടുതൽ വിസ്തൃതമാക്കുകയാണ് തന്റെ കുങ്കുമക്കൃഷിയിടം. സൗദി ഡിഫൻസിൽ എയർ കണ്ടീഷനിങ് മേഖലയിൽ ജോലി ചെയ്തിരുന്ന ജയിംസ് പ്രവാസം വിട്ട് നാട്ടിലെത്തിയപ്പോൾ കൃഷിയിലും കാർഷിക കയറ്റുമതിയിലാണു താൽപര്യം വച്ചത്. അതിനായി കമ്പനി രൂപീകരിച്ച് കയറ്റുമതി തുടങ്ങുകയും ചെയ്തു. പതിവു കൃഷിക്കും കൃഷിയിനങ്ങൾക്കും പകരം വേറിട്ട ഏതെങ്കിലും മേഖലയിലേക്കു തിരിയാനുള്ള താൽപര്യമാണ് ജയിംസിനെ കുങ്കുമക്കൃഷിയിലെത്തിച്ചത്. പാംപോറിലുള്ള കുങ്കുമ ഗവേഷണ സ്ഥാപനവും കശ്മീരിലെ പരമ്പരാഗത കുങ്കുമക്കൃഷിയിടങ്ങളും സന്ദർശിക്കുകയായിരുന്നു ആദ്യപടി. ഒപ്പം, ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന ഹൈടെക് കുങ്കുമക്കൃഷികളും കണ്ടു.
തുടർന്ന്, വീടിന്റെ ടെറസിൽ 150 ചതുരശ്ര അടിയിൽ തയാറാക്കിയ കൃത്രിമ കൃഷിയിടത്തിൽ കുങ്കുമത്തിന്റ വളർച്ചയ്ക്കും പൂവിടലിനുമെല്ലാം ആവശ്യമായ കാലാവസ്ഥ ക്രമീകരിച്ചു. വളർച്ചയുടെയും ഉൽപാദനത്തിന്റെയും പ്രജനനത്തിന്റെയുമെല്ലാം ഘട്ടങ്ങളിൽ വ്യത്യസ്ത താപനില ആവശ്യമുള്ള വിളയാണു കുങ്കുമം. ഒാരോ ഘട്ടത്തിനും അനുസൃതമായി താപനില സ്വയം ക്രമീകരിക്കപ്പെടുന്ന ഒാട്ടമേഷൻ സംവിധാനം സജ്ജീകരിക്കാൻ ജയിംസിന് തുണയായത് എയർ കണ്ടീഷനിങ്ങിലുള്ള അറിവ്.
കിഴങ്ങു (corms)കളാണ് കുങ്കുമത്തിന്റെ നടീൽവസ്തു. കശ്മീരിലേതുപോലെ തുറസ്സായ സ്ഥലത്തെങ്കിൽ ഒരിക്കൽ കൃഷി ചെയ്താൽ പിന്നെ 15 വർഷത്തേക്ക് ആവർത്തനക്കൃഷി ആവശ്യമേയില്ലെന്നു ജയിംസ്. വർഷംതോറും ചെടി കൂടുതൽ പിള്ളക്കിഴങ്ങുകൾ ഉൽപാദിപ്പിക്കും, അതിനനുസരിച്ച് പൂക്കളുടെ ഉൽപാദനം വർധിക്കും. കൃത്രിമ കാലാവസ്ഥയൊരുക്കി എവിടെയും കുങ്കുമം വിളയിക്കാം എന്നതു മാത്രമല്ല ഹൈടെക് കൃഷിയുടെ പ്രസക്തി. ഉൽപാദനത്തില്‍ ഗണ്യമായ വര്‍ധനയുമുണ്ടാകും. പരാമ്പരാഗത കൃഷിയിൽ ഒരേക്കറിൽനിന്നു ലഭിക്കുന്ന കുങ്കുമം 450 മുതൽ 500 ചതുരശ്ര അടി മാത്രം വരുന്ന ഹൈടെക് കൃഷിയിടത്തിൽ വിളയിക്കാനാകുമെന്ന് ജയിംസ് പറയുന്നു.
സെംപ്റ്റംബർ–ഒക്ടോബർ മാസങ്ങളാണ് കുങ്കുത്തിന്റെ പൂക്കാലം. പൂക്കളുടെ ഉൽപാദനം, പ്രജനനം, നിദ്രാവസ്ഥ എന്നിങ്ങനെ ചെടിയുടെ ഒാരോ ഘട്ടത്തെയും നിയന്ത്രിക്കുന്നത് കാലാവസ്ഥാ ഭേദങ്ങളാണ്. നിയന്ത്രിതാന്തരീക്ഷമുള്ള കൃഷിയിടത്തിലും വർഷത്തിൽ ഒറ്റത്തവണ മാത്രമേ ഒരു കുങ്കുമച്ചെടി പൂവിടൂ. ശിഷ്ടകാലം മേൽപറഞ്ഞപോലെ പ്രജനനകാലമായും സുഷുപ്തി കാലവുമായി കഴിഞ്ഞുപോകും.
പരമ്പരാഗതക്കൃഷിയിൽ വർഷം മുഴുവൻ വിത്ത് മണ്ണിനടിയിൽത്തന്നെ കിടക്കുകയാണെങ്കിൽ ഹൈടെക് കൃഷി വ്യത്യസ്തമാണ്. പൂവിടാൻ സജ്ജമായ കിഴങ്ങുകൾ നടീൽമാധ്യമത്തിൽനിന്നെടുത്ത് യോജ്യമായ താപനിലയിൽ സൂക്ഷിക്കുന്നു. പൂവിടൽ കാലം കഴിയുമ്പോൾ കിഴങ്ങുകൾ വേരുകൾ മുളയ്ക്കാനായി ട്രേയിലെ വെള്ളത്തിൽ മുട്ടിച്ചു വയ്ക്കുന്നു. വേരുകൾ വരുന്നതോടെ അവയെ വീണ്ടും നടീൽമാധ്യമത്തിലേക്കു മാറ്റി നടന്നു. തുടർന്നു വരുന്നത് പിള്ളക്കിഴങ്ങുകളുടെ ഉൽപാദനകാലവും സുഷുപ്തി കാലവുമാണ്. വീണ്ടും പൂവിടലിന് സജ്ജമാകുന്നതോടെ കിഴങ്ങുകളെ വീണ്ടെടുക്കുന്നു. ഒാരോ വർഷവും ഈ ചാക്രിക രീതി തുടരുന്നു. ഒാരോ ഘട്ടത്തിലും ആവശ്യമായ താപവ്യതിയാനങ്ങൾ കൃത്യതയോടെ ക്രമീകരിക്കുന്നതും പോഷകങ്ങൾ വെള്ളത്തിലൂടെയും അന്തരീക്ഷത്തിലൂടെയും നൽകുന്നതും ചെറിയ വെല്ലുവിളിയല്ലെന്ന് ജയിംസ്. എന്നാൽ, ഇന്ന് ഇവയെല്ലാം സാങ്കേതികവിദ്യ സാധ്യമാക്കിത്തരുന്നു.
വർഷത്തിൽ, പൂവിടീൽകാലമായ രണ്ടു മാസം മാത്രം കിഴങ്ങുകളെ കൃത്രിമാന്തരീക്ഷത്തിൽ പരിപാലിച്ച് ബാക്കി കാലങ്ങളിൽ പുറത്തെ പോളിഹൗസിലെ മണ്ണിലേക്കു മാറ്റി നടാമെന്നു ജയിംസ് പറയുന്നു. പ്രജനനത്തിലും സുഷ്പ്താവസ്ഥയ്ക്കും ശേഷം പൂവിടൽക്കാലം എത്തുമ്പോൾ അവയെ മണ്ണിൽനിന്നെടുത്തു തിരിച്ചെത്തിച്ചാൽ മതി. അങ്ങനെ വരുമ്പോൾ വർഷം പല ബാച്ചുകളായി കൃഷി ക്രമീകരിക്കാനും കഴിയും. അതേസമയം പുറത്തെ പോളിഹൗസിലും യോജ്യമായ താപനില ക്രമീകരിക്കേണ്ടതുണ്ട്.
500 കിലോ കിഴങ്ങുകൾ പരിപാലിക്കാവുന്ന കൃഷിയിടമാണ് ജയിംസിന്റേത്. ഒാരോ തടത്തിലും ആവശ്യമായ താപനില കൃത്യമായി നിലനിർത്താൻ സഹായമായ പഫ് പാനലിങ്ങോടെ നിർമിച്ചിട്ടുള്ള ഈ 150 ചതുരശ്ര അടി കൃഷിയിടത്തിൽ കൃത്യമായ പ്രോട്ടോക്കാൾ പാലിച്ചാണ് കൃഷി. മികച്ച കുങ്കുമ വിത്തിനു കിലോയ്ക്ക് 3,500 രൂപ വരെ വിലയുണ്ടെന്ന് ജയിംസ്. പരീക്ഷണക്കൃഷിയിൽ 10 കിലോ വിത്തിൽനിന്ന് 12 ഗ്രാം കുങ്കുമം വിളവെടുക്കാനായെന്ന് ജയിംസ് പറയുന്നു. 150 ചതുരശ്ര അടി കൃഷിയിടത്തിൽനിന്ന് ഒരു ബാച്ചിൽ അര കിലോ കുങ്കുമം വിളവെടുക്കാനാകും. കുങ്കുമത്തിന്റെ കിഴങ്ങുകൾ വിറ്റും വരുമാനം വരും. വിത്തുകൾ തുടർക്കൃഷിക്കായും ഉപയോഗിക്കാം. പുറത്തൊരു പോളിഹൗസുകൂടി സജ്ജീകരിച്ച് 500 കിലോ വീതമുള്ള 6 ബാച്ചുകളായി കൃഷി ക്രമീകരിക്കാനായാൽ വർഷം 3 കിലോ ഉൽപാദനം സാധ്യമാകുമെന്ന് ജയിംസ് പറയുന്നു.
പൂവല്ല, പൂവിന്റെ പെൺഭാഗമായ സ്റ്റിഗമയും (stigma) അതിനോടു ചേർന്ന സ്റ്റൈലും (style) ഉണക്കിയെടുക്കുന്നതാണ് കുങ്കുമപ്പൂവ് എന്ന സുഗന്ധവ്യഞ്ജനം. 1.5–2 ലക്ഷം പൂക്കൾ വേണ്ടിവരും ഒരു കിലോ കുങ്കുമം ലഭിക്കാൻ. ശ്രദ്ധാപൂർവം വിളവെടുത്ത ഈ ഭാഗം ഡ്രയറിൽ ഉണക്കിയശേഷം കയ്യിലെ ഈർപ്പത്തിൽ മസാജ് ചെയ്തെടുക്കുമ്പോൾ അതിന് ആകർഷകമായ നിറവും സുഗന്ധവും വരുന്നു. നീളത്തിനനുസരിച്ച് ഗ്രേഡ് ചെയ്താണ് വിപണിയിലെത്തിക്കുന്നത്. ഗ്രാമിന് 600 രൂപയ്ക്കാണ് ആദ്യ ബാച്ചിലെ കുങ്കുമം വിറ്റതെന്ന് ജയിംസ് പറയുന്നു.
ചൈന, ഇറാൻ, ഇറാക്ക്, ഇസ്രയേൽ, ഈജിപ്ത്, ഗ്രീസ്, അഫ്ഗാനിസ്ഥാൻ, പാക്കിസ്ഥാൻ തുടങ്ങി ഒട്ടേറെ രാജ്യങ്ങളിലും കുങ്കുമക്കൃഷിയുണ്ട്. ആഗോളോൽപാദനം ഏകദേശം 300 മെട്രിക് ടൺ എന്നാണ് കണക്ക്. 90 ശതമാനവും ഇറാന്റെ സംഭാവനയാണ്. എല്ലായിടത്തും വിളയുന്ന കുങ്കുമപ്പൂവിന് ഒരേ ഗുണമേന്മയല്ല ഉള്ളത്. കൃഷി ചെയ്യുന്ന പ്രദേശങ്ങൾക്കനുസരിച്ച് ഗുണനിലവാരം വ്യത്യാസപ്പെടും. അതനുസരിച്ച് വിപണിമൂല്യവും മാറും. പാം പോറിൽ വിളയുന്ന കുങ്കുമത്തിനാണ് നിലവിൽ വിപണിയിൽ ഏറ്റവും മൂല്യം. വരുംകാലങ്ങളിൽ സംസ്ഥാനത്തുൾപ്പെടെ ഹൈടെക് കുങ്കുമക്കൃഷി വളർച്ച നേടുമെന്ന് ജയിംസ് പറയുന്നു.







Leave a comment