റിച്ച്മണ്ട് -ടെക്സാസ്: ഫോർട്ബെൻഡ് കൗണ്ടി ജഡ്ജ് കെ പി ജോർജിന്റെ പേരിലുള്ള ക്രിമിനൽ കേസിൽ ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽടണിനെയും അദ്ദേഹത്തിന്റെ മുഴുവൻ ഓഫീസിനെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി കെ പി ജോർജിന്റെ അഭിഭാഷകർ ബുധനാഴ്ച ഫയൽ ചെയ്ത ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
ഈ കേസുമായി ബന്ധപ്പെട്ട് മിഡിൽടണിന്റെ ദുരൂഹമായ പെരുമാറ്റത്തെക്കുറിച്ച് ടെക്സസ് ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസി അടുത്തിടെ ആരംഭിച്ച ക്രിമിനൽ അന്വേഷണത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയാണ് കേസ്. . ബുധനാഴ്ച ഫയൽ ചെയ്ത കേസ് വെള്ളിയാഴ്ച കോടതി പരിഗണിച്ചതു ഡിസ്ട്രക്ട് അറ്റോർണി ഓഫീസിനു തിരിച്ചടിയായി. അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ എജൻസിയോട് കോടതി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
458-ാമത് ജുഡീഷ്യൽ ഡിസ്ട്രിക്റ്റിൽ സമർപ്പിച്ച ഫയലിംഗിൽ, “ടെക്സസ് കോഡ് ഓഫ് ക്രിമിനൽ പ്രൊസീജിയർ 2A.105 അനുസരിച്ച്, ഈ വിഷയവുമായി ബന്ധപ്പെട്ട ഗൂഡഡാലോചന, കൃത്രിമ തെളിവുണ്ടാക്കൽ എന്നീ കാര്യങ്ങൾക്കായി ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽടൺ നിയമ നിർവ്വഹണ ഏജൻസിയുടെ അന്വേഷണത്തിലാണ്, അദ്ദേഹത്തെ അയോഗ്യനാക്കണം” എന്ന് ആവശ്യപ്പെടുന്നു .
ഡിസ്ട്രിക്ട് അറ്റോർണി ബ്രയാൻ മിഡിൽടണിനെതിരെ നിയമ നിർവ്വഹണ ഏജൻസി അന്വേഷണം നടത്തുന്നതായി ജോർജിന്റെ അഭ്യഭാഷകർ പ്രിസൈഡിംഗ് ജഡ്ജി മാഗി ജറാമില്ലോയെ അറിയിച്ചു.
പ്രമേയത്തെയും വെള്ളിയാഴ്ചത്തെ കോടതി വിചാരണയെയും കുറിച്ച് കൗണ്ടി ജഡ്ജി കെ.പി. ജോർജ് പറഞ്ഞു, “എനിക്കെതിരായ വ്യക്തിപരവും രാഷ്ട്രീയവുമായ നടപടി സംബന്ധിച്ച് ബ്രയാൻ മിഡിൽടണിനെതിരെ നിയമ നിർവ്വഹണ ഏജൻസി അന്വേഷിക്കുന്നുണ്ടെന്ന് കേട്ടതിൽ എനിക്ക് സന്തോഷമുണ്ട്. ജോർജ്ജ് സോറോസ് പിന്തുണയുള്ള ബ്രയാൻ മിഡിൽടൺ പോലുള്ള ഡിസ്ട്രിക്ട് അറ്റോർണിയിൽ നിന്നും അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കണം. അവർ പദവി ദുരുപയോഗം ചെയ്യുകയും പൊതുജനങ്ങളുടെ വിശ്വാസം ലംഘിക്കുകയും ചെയ്യുന്നു. തിരഞ്ഞെടുക്കപ്പെട്ട കൗണ്ടി ജഡ്ജ് ആയ എന്നോട് ഇത് ചെയ്യാൻ കഴിയുമെങ്കിൽ, ആരോടും ഇതൊക്കെ ചെയ്യാൻ കഴിയും. പൊതുജനങ്ങളെ സുരക്ഷിതരാക്കാൻ ബ്രയാൻ മിഡിൽടണിനെ തടയണം,” ജോർജ് വികാരഭരിതനായി കോടതിയിൽ പറഞ്ഞു.
ഹർജിക്കൊപ്പം “കെ പി ജോർജിനെ എന്ത് വിലകൊടുത്തും ഞാൻ പൂട്ടും” എന്ന് ബ്രയാൻ മറ്റൊരാളോട് സംസാരിക്കുന്ന 20 മിനിറ്റ് നീണ്ട ഫോൺ സംഭാഷണത്തിന്റെ ശബ്ദ രേഖയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജോർജിനെയും മറ്റു കമ്മീഷണർമാരെയും വംശീയമായി അധിക്ഷേപിക്കുന്നതും ഇതിലുണ്ട് .
1837 ൽ സ്ഥാപിതമായ കൗണ്ടിയിൽ ജഡ്ജ് ആകുന്ന ആദ്യത്തെ വെളുത്തവർഗക്കാരനല്ലാത്ത വ്യക്തിയാണ് ജോർജ്. രണ്ടാം പ്രാവശ്യവും ഉജ്വല ഭൂരിപക്ഷത്തോടെ ജയിച്ച ജോർജിന് അന്നുമുതൽ പലതുറകളിൽ നിന്നും ശത്രുത നേരിടേണ്ടി വന്നിരുന്നു.
സ്ഥാനം രാജിവച്ചു പോയാൽ എല്ലാ കേസുകളും പിൻവലിക്കാം എന്ന ഓഫറും ഡി എ കൊടുത്തിരുന്നു. എന്നാൽ ഇതിനെല്ലാം എതിരെ സന്ധിയില്ലാതെ പോരാടുകയായിരുന്നു ജോർജ്.
Report അനിൽ ആറന്മുള






Leave a comment