വാഷിംഗ്ടൺ ഡിസി: ‘ജീവൻ ഒരു ദാനമാണ്’ എന്ന പ്രമേയത്തിൽ യുഎസ് തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നടന്ന “മാർച്ച് ഫോർ ലൈഫി’ൽ അണിചേർന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും. മാർച്ചിലെ ആദ്യ രാഷ്ട്രീയ പ്രസംഗകനായിരുന്നു വാൻസ്.
പ്രസിഡന്റ് ട്രംപിന്റെ ഗർഭഛിദ്ര നയങ്ങളെ ന്യായീകരിച്ച വാൻസ്, നിങ്ങൾക്ക് വൈറ്റ് ഹൗസിൽ ഒരു സഖ്യകക്ഷിയുണ്ടെന്നും സദസ്യരോടായി പറഞ്ഞു. അമേരിക്കയിൽ കൂടുതൽ കുടുംബങ്ങളും കുട്ടികളും വേണമെന്നാണു താൻ അതിയായി ആഗ്രഹിക്കുന്നതെന്ന് വാൻസ് പറഞ്ഞു. താനും ഭാര്യ ഉഷയും നാലാമത്തെ കുട്ടിക്കായി കാത്തിരിക്കുന്നുവെന്ന വിവരവും അദ്ദേഹം പങ്കുവച്ചു. പറയുന്ന കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കുന്നയാളാണു നിങ്ങളുടെ വൈസ് പ്രസിഡന്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാൻസിനു പുറമെ ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, പ്രോലൈഫ് വക്താവുകൂടിയായ ന്യൂജഴ്സിയിൽനിന്നുള്ള റിപ്പബ്ലിക്കൻ സെനറ്റർ ക്രിസ് സ്മിത്ത് തുടങ്ങിയവരും പ്രസംഗിച്ചു. പ്രസിഡന്റ് ട്രംപും സെനറ്റ് മജോറിറ്റി നേതാവ് ജോൺ തുനെയും മാർച്ചിൽ പങ്കെടുത്തവരെ ഓൺലൈനായി അഭിസംബോധന ചെയ്തു. നിരവധി റിപ്പബ്ലിക്കൻ അംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു.
‘മാർച്ച് ഫോർ ലൈഫി’ൽ പങ്കെടുത്തവർക്ക് ലെയോ പതിനാലാമൻ മാർപാപ്പ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. ഗർഭാവസ്ഥ മുതൽ സ്വാഭാവിക മരണം വരെ ജീവന്റെ എല്ലാ ഘട്ടങ്ങളെയും ആദരിക്കണമെന്നും സംരക്ഷിക്കണമെന്നും മാർപാപ്പ സന്ദേശത്തിൽ ആഹ്വാനം ചെയ്തു.
ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുക എന്നത് മറ്റെല്ലാ മനുഷ്യാവകാശങ്ങളുടെയും അനിവാര്യമായ അടിത്തറയാണെന്ന് മാർപാപ്പ ഓർമിപ്പിച്ചു. രാജ്യത്തെ 50 സംസ്ഥാനങ്ങളിലും ഗർഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള അമേരിക്കൻ സുപ്രീംകോടതിയുടെ 1973ലെ റോ വേഴ്സസ് വേഡ് വിധി വന്നതിന്റെ വാർഷികത്തോടനുബന്ധിച്ചാണ് ഇതിനെതിരേ എല്ലാ വർഷവും ജനുവരി 23ന് മാർച്ച് ഫോർ ലൈഫ് സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച നടന്ന മാർച്ചിൽ ജീവന്റെ മഹത്വം ഉദ്ഘോഷിച്ചും ഗർഭസ്ഥശിശുവിന്റെ ജീവിക്കാനുള്ള അവകാശം ഉറക്കെ പ്രഖ്യാപിച്ചും പതിനായിരങ്ങളാണു പങ്കെടുത്തത്.






Leave a comment