കായികം

അവസാന നിമിഷം പാകിസ്താന്റെ നിർണായകനീക്കം, ബംഗ്ലാദേശിന് പിന്തുണ; ഐസിസിയുടെ തീരുമാനം ഉടൻ

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഇന്ത്യയിലേക്കില്ലെന്ന ബംഗ്ലാദേശിന്റെ നിലപാടിന് പിന്തുണയുമായി പാകിസ്താൻ. ബുധനാഴ്ച വിഷയത്തിൽ ഐസിസി നിർണായക തീരുമാനമെടുക്കാനിരിക്കേയാണ് പാകിസ്താൻ നിലപാടറിയിച്ചത്. നേരത്തേ നടന്ന കൂടിക്കാഴ്ചകളിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ച നിർദേശങ്ങളെല്ലാം ഐസിസി തള്ളിയിരുന്നു. ബംഗ്ലാദേശ് ഇന്ത്യയിലേക്കില്ലെങ്കിൽ പകരം മറ്റൊരു ടീമിനെ കളിപ്പിക്കാനാണ് ഐസിസിയുടെ തീരുമാനം.

വിഷയത്തിൽ ഐസിസിക്ക് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് കത്തെഴുതിയതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്കില്ലെന്ന് പ്രഖ്യാപിച്ചത്. പിന്നാലെ ലോകകപ്പ് വേദി ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഐസിസിക്ക് കത്തയക്കുകയും ചെയ്തിരുന്നു. അതിനിടെ വിഷയത്തിൽ പിന്തുണതേടി ബംഗ്ലാദേശ് പാകിസ്താനെ സമീപിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിന് പിന്നാലെയാണ് പിസിബി നിലപാട് വ്യക്തമാക്കി കത്തെഴുതിയത്. ബംഗ്ലാദേശ് ടൂർണമെന്റിൽ നിന്ന് ഒഴിവായാലും തങ്ങൾ ലോകകപ്പ് കളിക്കുമെന്നും പാകിസ്താന് അത്തരമൊരു നിലപാടില്ലെന്നുമാണ് നേരത്തേ പിസിബിയുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.

വിഷയത്തിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസി അന്ത്യശാസനം നൽകിയിരുന്നു. വിഷയത്തിൽ തീരുമാനമറിയിക്കാൻ ജനുവരി 21 വരെ ഐസിസി സമയം നൽകി. അതിനുള്ളിൽ ഇന്ത്യയിലേക്ക് ലോകകപ്പ് കളിക്കാനെത്തുമോയെന്ന കാര്യം ബിസിബി അറിയിക്കണം. അല്ലാത്തപക്ഷം സ്‌കോട്ട്‌ലൻഡിനെ പകരം കളിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകിയതായും ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്യുന്നു.

ബംഗ്ലാദേശ് അടുത്തിടെ പുതിയ നിർദേശം മുന്നോട്ടുവെച്ചിരുന്നുവെങ്കിലും ഐസിസി തള്ളുകയായിരുന്നു. നിലവിൽ ഗ്രൂപ്പ് സിയിലുള്ള ബംഗ്ലാദേശിനെ ബി ഗ്രൂപ്പിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ബി ഗ്രൂപ്പിലുള്ള അയർലൻഡിനെ സി ഗ്രൂപ്പിലേക്കു മാറ്റി തങ്ങളെ ബി ഗ്രൂപ്പിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടത്. പ്രാഥമിക റൗണ്ടിൽ അയർലൻഡിന്റെ മത്സരങ്ങളെല്ലാം നിശ്ചയിച്ചിരിക്കുന്നത് കൊളംബോയിലാണ്. എന്നാൽ, തങ്ങളുടെ മത്സരവേദിയിൽ മാറ്റമുണ്ടാകില്ലെന്ന് ഐസിസി ഉറപ്പുനൽകിയതായി അയർലൻഡ് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.

ഫെബ്രുവരി ഏഴുമുതൽ മാർച്ച് എട്ടുവരെ ഇന്ത്യയിലും ശ്രീലങ്കയിലുമായാണ്‌ ടി20 ലോകകപ്പ് നടക്കുക. വെസ്റ്റ് ഇൻഡീസ്, ഇറ്റലി, ഇംഗ്ലണ്ട്, നേപ്പാൾ ടീമുകൾ ഉൾപ്പെട്ട ഗ്രൂപ്പ് സി-യിലാണ് ബംഗ്ലാദേശ്. ഐപിഎൽ ഫ്രാഞ്ചൈസിയായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽനിന്ന് ബംഗ്ലാദേശ് പേസർ മുസ്താഫിസുർ റഹ്‌മാനെ വിട്ടയച്ചതിൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പിന്നാലെ ഐപിഎൽ സംപ്രേഷണം രാജ്യത്ത് നിരോധിക്കുകയും ബംഗ്ലാദേശിന്റെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽനിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ഐസിസിയോട് അഭ്യർഥിക്കുകയും ചെയ്തു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...