അമേരിക്കൻ വാർത്ത

ഐ.പി.സി.എന്‍.എ. ന്യൂയോര്‍ക്ക് ചാപ്റ്ററിനു നവ നേതൃത്വം; സജി എബ്രഹാം പ്രസിഡന്റ്, മാത്യുക്കുട്ടി ഈശോ സെക്രട്ടറി, ടാജ് മാത്യു ട്രഷറര്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി പ്രവര്‍ത്തിക്കുന്ന അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (IPCNA) ന്യൂയോര്‍ക്ക് ചാപ്റ്ററിനെ അടുത്ത രണ്ടു വര്‍ഷക്കാലം നയിക്കുവാനുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് ഷോളി  കുമ്പിളുവേലിയുടെ അദ്ധ്യക്ഷതയില്‍  ഡിസംബര്‍ 21 ഞായറാഴ്ച റോക്ലാന്‍ഡ് കൗണ്ടിയിലുള്ള  മലബാര്‍ പാലസ് റെസ്റ്റോറന്റില്‍ കൂടിയ ന്യൂയോര്‍ക്ക് ചാപ്റ്റര്‍ ദ്വൈവാര്‍ഷിക പൊതുയോഗത്തില്‍ വച്ച് 2026-2027 വര്‍ഷം പ്രസ് ക്ലബ്ബിനെ നയിക്കുവാന്‍ സജി എബ്രഹാമിനെ പ്രസിഡന്റായും, മാത്യുക്കുട്ടി ഈശോയെ സെക്രട്ടറിയായും ടാജ് മാത്യുവിനെ  ട്രഷററായും,  ബിനു തോമസിനെ വൈസ് പ്രസിഡന്റായും, ജോര്‍ജ് തുമ്പയിലിനെ ജോയിന്റ് സെക്രട്ടറിയായും, സജി കീക്കാടനെ ജോയിന്റ് ട്രഷററായും  ഏകകണ്ഠമായി  തെരഞ്ഞെടുത്തു.

2024-2025 വര്‍ഷം ഐ.പി.സി.എന്‍.എ-യുടെ നാഷണല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച സുനില്‍ ട്രൈസ്റ്റാര്‍, അടുത്ത രണ്ടു വര്‍ഷത്തെക്കുള്ള നിയുക്ത നാഷണല്‍ പ്രസിഡന്റ് രാജു പള്ളത്ത്, മുന്‍ നാഷണല്‍ പ്രസിഡന്റും ഈ-മലയാളീ ഓണ്‍ലൈന്‍ പത്രത്തിന്റെ മാനേജിങ് എഡിറ്ററുമായ ജോര്‍ജ് ജോസഫ്. മുന്‍ നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യു, ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍, ചാപ്റ്റര്‍ സെക്രട്ടറി ജോജോ കൊട്ടാരക്കര, ചാപ്റ്റര്‍  ട്രഷറര്‍ ബിനു തോമസ്, കൈരളി ചാനല്‍ ബോര്‍ഡ് അംഗം ജോസ് കാടാപുറം, സജി എബ്രഹാം,  ജോര്‍ജ് തുമ്പയില്‍, മാത്യുക്കുട്ടി ഈശോ, സജി കീക്കാടന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

പ്രസ്സ് ക്ലബ്ബിന്റെ തുടക്ക കാലം മുതല്‍ അംഗമായ സജി എബ്രഹാം സംഘടനയുടെ സജീവ പ്രവര്‍ത്തകനാണ്. മൂന്നു പതിറ്റാണ്ടു മുമ്പ് അമേരിക്കയിലേക്ക് കുടിയേറിയ സജി പ്രാരംഭ കാലങ്ങളില്‍ കേരള ഭൂഷണം പത്രത്തിന്റെ അമേരിക്കന്‍ ഡയറക്ടറും, കറസ്‌പോണ്ടന്റുമായിരുന്നു. അമേരിക്കയിലെ വിവിധ സംഭവ വികാസങ്ങള്‍ കേരളത്തിലെ വായനക്കാരിലേക്ക് നേരിട്ടെത്തിക്കുന്നതില്‍ സജിയുടെ റിപ്പോര്‍ട്ടുകള്‍ നിര്‍ണ്ണായകമായിരുന്നു. വിവിധ രീതിയില്‍ ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും പുരോഗതിക്കും മുന്‍നിരയില്‍ നിന്ന് ചുക്കാന്‍ പിടിച്ച വ്യക്തിയാണെങ്കിലും ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസിഡന്റ് എന്ന നിലയില്‍ സാരഥ്യം ഏറ്റെടുക്കുന്നത് ഇത് ആദ്യമായാണ്. 2025 വര്‍ഷം അമേരിക്കയിലെ ഏറ്റവും ആദ്യ മലയാളി സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ അന്‍പത്തിമൂന്നാമത് പ്രസിഡന്റായി സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവച്ചതിനു ശേഷമാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് പ്രസ് ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ  സാരഥ്യം ഏറ്റെടുക്കുന്നത്.

ചാപ്റ്റര്‍ പ്രസിഡന്റ്  എന്ന നിലയില്‍ അടുത്ത രണ്ടു വര്‍ഷത്തേക്ക് നിരവധി പരിപാടികളാണ് സജി വിഭാവനം ചെയ്യുന്നത്. അതില്‍ മുഖ്യ പ്രാധാന്യം നല്‍കുന്നത് നിലവില്‍ നടന്നു കൊണ്ടിരിക്കുന്ന പ്രസ്സ് മീറ്റുകള്‍ കൂടുതല്‍ വിപുലമാക്കുക എന്നതാണ്.  ന്യൂയോര്‍ക്കിലും പ്രാന്ത പ്രദേശങ്ങളിലും നടക്കുന്ന മലയാളീ സംഘടനകളുടെയും, സ്‌പോര്‍ട്‌സ് ക്ലബ്ബ്കളുടെയും, വിവിധ മത സ്ഥാപനങ്ങളുടെയും നിരവധി പരിപാടികളെപ്പറ്റിയും ബിസിനെസ്സ് സംരംഭകരുടെ പുതിയ പ്രോഡക്ടുകളെപ്പറ്റിയും  പ്രസ്സ് മീറ്റുകള്‍ നടത്തി വിവിധ മാധ്യമങ്ങളിലൂടെ പൊതുജന ശ്രദ്ധയിലേക്ക് എത്തിക്കുക എന്നതാണ് പ്രസ്സ് മീറ്റിലൂടെ ഉദ്ദേശിക്കുന്നത്. അതിനു താല്പര്യമുള്ളവര്‍ക്ക് പ്രസ്തുത സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. ചാപ്റ്റര്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ സജി ന്യൂയോര്‍ക്കില്‍ പ്രസ്താവിച്ചതാണ് ഈക്കാര്യം.

ന്യൂയോര്‍ക്കിലെ അറിയപ്പെടുന്ന ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മാത്യുക്കുട്ടി ഈശോ. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ന്യൂയോര്‍ക്ക് മലയാളികളുടെ ഇടയില്‍ സുപരിചിതനായ മാധ്യമ റിപ്പോര്‍ട്ടറും വിവിധ മാധ്യമങ്ങളിലെ കോളമിസ്റ്റുമാണ് മാത്യുക്കുട്ടി. ഫോട്ടോഗ്രാഫര്‍, വീഡിയോഗ്രാഫര്‍, വീഡിയോ എഡിറ്റര്‍, ന്യൂസ് ലേഖകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.  ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ പ്രോട്ടോകോള്‍ ഓഫീസറായി ചുരുങ്ങിയ വര്‍ഷങ്ങളില്‍ സേവനം ചെയ്ത അദ്ദേഹം ഓ.സി.ഐ., പാസ്സ്പോര്‍ട്ട്, വിസാ, പവര്‍ ഓഫ് അറ്റോര്‍ണി, ട്രസ്റ്റ്, വില്‍പത്രം, തുടങ്ങി സമൂഹത്തില്‍ പലര്‍ക്കും സഹായകരമായ വിവിധ സേവനങ്ങളും ചെയ്തുവരുന്നു.  കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും കേരളാ സമാജം ഓഫ് ഗ്രെയ്റ്റര്‍ ന്യൂയോര്‍ക്കിന്റെ സെക്രട്ടറിയായും സേവനം അനുഷ്ഠിക്കുന്നു.

1990-കളുടെ ആദ്യ പാതിയില്‍ കോട്ടയം മലയാള മനോരമ റിപ്പോര്‍ട്ടറായി മാധ്യമ പ്രവര്‍ത്തനം ആരംഭിച്ച വ്യക്തിയാണ് ട്രഷററായി ചുമതല ഏല്‍ക്കുന്ന ടാജ് മാത്യു. പിന്നീട് തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ അമേരിക്കയിലേക്ക് കുടിയേറിയ ടാജ് ന്യൂയോര്‍ക്കിലും മാധ്യമ പ്രവര്‍ത്തനം തുടര്‍ന്നു. ഏതാനും വര്‍ഷങ്ങള്‍ മുമ്പ് വരെ ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീക്കരിച്ചിരുന്ന ‘മലയാളംപത്ര’ത്തിന്റെ  എഡിറ്ററും പ്രസാധകരില്‍ ഒരാളുമായിരുന്നു ടാജ്. ഇന്ത്യാ പ്രസ്സ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തുടക്കകാല അംഗങ്ങളില്‍ ഒരാളായിരുന്ന ടാജ് മാത്യു പ്രസ്സ് ക്ലബ്ബിലെ നാഷണല്‍ പ്രസിഡന്റ് എന്ന നിലയില്‍ അഭിമാനാര്‍ഹമായ സേവനം കാഴ്ചവച്ച് ഏവരുടെയും പ്രശംസ നേടിയിട്ടുണ്ട്. നിലവില്‍ മലയാള മനോരമയിലും വിവിധ ഓണ്‍ലൈന്‍ മാധ്യമങ്ങളിലും സ്ഥിരമായി ലേഖനങ്ങളും എഴുതുന്നുണ്ട്. പ്രസ്സ്  ക്‌ളബ്ബിന് തികച്ചും ഒരു മുതല്‍ക്കൂട്ടാണ് ചാപ്റ്റര്‍ ട്രഷറര്‍ ടാജ് മാത്യു.

ഫോട്ടോ-വീഡിയോ ജേര്‍ണലിസ്റ്റ് എന്ന നിലയിലും ഫോട്ടോ  പ്രൊഫഷണല്‍ എന്ന പേരിലും ന്യൂയോര്‍ക്കിലും സമീപ സംസ്ഥാനങ്ങളിലും അറിയപ്പെടുന്ന വ്യക്തിയാണ് വൈസ് പ്രസിഡന്റ് ബിനു തോമസ്. 2024 -2025 വര്‍ഷങ്ങളില്‍ പ്രസ് ക്ലബ്ബ് ചാപ്റ്റര്‍ ട്രഷററായി സ്തുത്യര്‍ഹമായി  പ്രവര്‍ത്തിച്ചിട്ടുണ്ട്.  2025 ഒക്ടോബര്‍ ആദ്യവാരം ന്യൂജേഴ്സിയില്‍ നടന്ന ഐ.പി.സി.എന്‍.എ.-യുടെ അന്താരാഷ്ട്ര മാധ്യമ കോണ്‍ഫ്രന്‍സിന്റെ വന്‍ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച വ്യക്തിയാണ് ബിനു. ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രസ്സ് മീറ്റ് പരിപാടികളില്‍ വീഡിയോ റെക്കോര്‍ഡിങ്ങിനും ഇന്റര്‍വ്യൂകള്‍ക്കും മുഖ്യ പങ്ക് വഹിക്കുന്നു. 24 ന്യൂസ് ചാനല്‍, ഫ്ളവേഴ്സ് ടി വി, ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിയ ചാനലുകളിലേക്ക് ന്യൂയോര്‍ക്കിലെ വിവിധ  പരിപാടികളുടെ ദൃശ്യഭംഗികള്‍ എത്തിച്ചു നല്‍കുന്ന മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് ബിനു.

ജോയിന്റ് സെക്രട്ടറിയായി സ്ഥാനമേല്‍ക്കുന്ന ജോര്‍ജ് തുമ്പയില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ്. ന്യൂയോര്‍ക്കില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ‘മലയാളംപത്ര’ത്തിന്റെ എഡിറ്റര്‍ ആയിരുന്നു. ഇപ്പോള്‍ സ്ഥിരമായി വിവിധ  ഓണ്‍ലൈന്‍ പത്രങ്ങളിലും അച്ചടി മാധ്യമങ്ങളിലും വിവിധ റിപ്പോര്‍ട്ടുകളും ലേഖനങ്ങളും കോളമുകളും എഴുതുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകനാണ്. ഐ.പി.സി.എന്‍.എ-യുടെ വിവിധ പദവികളില്‍ സേവനം  അനുഷ്ടിച്ചിട്ടുള്ള വ്യക്തിയാണ്  ജോര്‍ജ് തുമ്പയില്‍.

നല്ലൊരു എഴുത്തുകാരനും ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകനുമാണ് ഐ.പി.സി.എന്‍. എ  ന്യൂയോര്‍ക്ക്  ചാപ്റ്റര്‍  ജോയിന്റ് ട്രഷററായി സ്ഥാനമേല്‍ക്കുന്ന സജി കീക്കാടന്‍. ദീര്‍ഘ കാലമായി പ്രസ്സ് ക്ലബ്ബ് അംഗമായിരിക്കുന്ന സജി ക്ലബ്ബിന്റെ  എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പ്രവര്‍ത്തകനാണ്. വിവിധ ഓണ്‍ലൈന്‍ പേപ്പറുകളിലും അച്ചടി മാധ്യമത്തിലും ശ്രദ്ധേയമായ ലേഖനങ്ങള്‍ സജിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജോയിന്റ് ട്രഷറര്‍ എന്ന നിലയില്‍ സജിയുടെ സേവനം ന്യൂയോര്‍ക്ക് ചാപ്റ്ററിന് പ്രത്യേക ഊര്‍ജ്ജം പകരുന്നതാണ്.

Report മാത്യുക്കുട്ടി ഈശോ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...

അമേരിക്കൻ വാർത്ത

ഉത്തരേന്ത്യയിലെ ഗ്രാമീണർക്കു ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ കുഞ്ഞുമിഷനറിമാരുടെ കാരുണ്യ സ്പർശം

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് (CML) യൂണിറ്റ് ഈ...

അമേരിക്കൻ വാർത്ത

അരിസോണയിലെ ഫീനിക്സിൽ ആറ്റുകാൽ പൊങ്കാല ആഘോഷം മാർച്ച് 1ന്

അരിസോണ : അരിസോണ സംസ്ഥാനത്തിലെ ഫീനിക്സ് നഗരത്തിൽ KHNA AZ Team ന്റെ നേതൃത്വത്തിൽ അഞ്ചാം...