വാഷിങ്ടൺ: വെനസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസിന് കടുത്ത മുന്നറിയിപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വാഷിങ്ടണിനെ ധിക്കരിക്കുന്നത് തുടർന്നാൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നാണ് ട്രംപ് പറഞ്ഞു. ‘അവർ ശരിയായ കാര്യം ചെയ്തില്ലെങ്കിൽ, അവർക്ക് വളരെ വലിയ വില നൽകേണ്ടി വരും, ഒരുപക്ഷേ മഡുറോയെക്കാൾ വലിയ വില.’ മഡുറോയുടെ അറസ്റ്റിലേക്ക് നയിച്ച അമേരിക്കൻ ഇടപെടലിനെ റോഡ്രിഗസ് നിരസിക്കുന്നത് താൻ സഹിക്കില്ലെന്ന് ട്രംപ് പറഞ്ഞതായും അറ്റ്‌ലാന്റിക് റിപ്പോർട്ടിൽ പറയുന്നു.
അമേരിക്കയ്ക്ക് ‘പൂർണമായ പ്രവേശനം’ റോഡ്രിഗസ് നൽകേണ്ടതുണ്ടെന്നും ട്രംപ് പറഞ്ഞു. ‘ഞങ്ങൾക്ക് പൂർണമായ പ്രവേശനം ആവശ്യമാണ്. അവരുടെ രാജ്യത്തെ എണ്ണയിലേക്കും മറ്റ് കാര്യങ്ങളിലേക്കും ഞങ്ങൾക്ക് പ്രവേശനം ആവശ്യമാണ്. അത് അവരുടെ രാജ്യത്തെ പുനർനിർമ്മിക്കാൻ ഞങ്ങളെ സഹായിക്കും.- ട്രംപ് പറഞ്ഞു.
വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോ തടവിലായതോടെയാണ് രാജ്യത്തിന്റെ ഇടക്കാല ഭരണച്ചുമതല വൈസ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് (56) ഏറ്റെടുത്തത്. പ്രസിഡന്റിന്റെ അസാന്നിധ്യത്തിൽ അധികാരം വൈസ് പ്രസിഡന്റിനായിരിക്കുമെന്ന് പറയുന്ന ഭരണഘടനയുടെ 233, 234 അനുച്ഛേദങ്ങൾപ്രകാരം സുപ്രീംകോടതിയാണ് അവർക്ക് അധികാരം കൈമാറിയത്.
വാഷിങ്ടണുമായി സഹകരിക്കാൻ റോഡ്രിഗസ് തയ്യാറായിരിക്കാം എന്നും ട്രംപ് മുമ്പ് സൂചിപ്പിച്ചിരുന്നു. അഭിമുഖത്തിനിടെ, യുഎസ് ഇടപെടൽ നേരിടുന്ന അവസാന രാജ്യം വെനസ്വേല ആയിരിക്കില്ലെന്നും ട്രംപ് സൂചിപ്പിച്ചു. ‘തീർച്ചയായും ഗ്രീൻലാൻഡ് ഞങ്ങൾക്ക് ആവശ്യമാണ്. ഡെൻമാർക്കിന്റെ ഭാഗവും നാറ്റോ സഖ്യകക്ഷിയുമായ ഈ ദ്വീപിനെ റഷ്യൻ, ചൈനീസ് കപ്പലുകൾ വളഞ്ഞിരിക്കുന്നു.’ എന്നും ട്രംപ് പറഞ്ഞു.
ലിഗ സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും ഗറില്ലാപോരാളിയുമായ ജോർജ് അന്റോണിയോ റോഡ്രിഗസിന്റെ മകളാണ് ഡെൽസി റോഡ്രിഗസ്. ധനകാര്യം, എണ്ണ എന്നീ വകുപ്പുകളുടെ മന്ത്രികൂടിയായ അവർ 2018-ലാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
2014-17 കാലത്ത് വിദേശകാര്യമന്ത്രിയായിരുന്നു. മഡുറോ സർക്കാരിനെതിരായ നീക്കങ്ങളെ ശക്തമായി നേരിട്ടിരുന്ന അവരെ മഡുറോയുടെ ‘കടുവ’ എന്നാണ് വിശേഷിപ്പിച്ചിരുന്നത്.







Leave a comment