ധാക്ക: ബംഗ്ലദേശ് മുൻപ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഖാലിദ സിയ ചൊവ്വാഴ്ച പുലർച്ചെ 6 മണിക്കാണ് അന്തരിച്ചത്.
നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗ്ലദേശിന്റെ വികസനത്തിനും ഇന്ത്യ – ബംഗ്ലദേശ് ബന്ധങ്ങൾക്കും അവർ നൽകിയ സംഭാവനകൾ എന്നെന്നും ഓർമിക്കപ്പെടുമെന്നും മോദി എക്‌സിലെ കുറിപ്പിൽ അനുശോചിച്ചു. പാക്കിസ്ഥാനും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളും അനുശോചനം അറിയിച്ചു.
സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുൻ പ്രധാന മന്ത്രി ഷെയ്ഖ് ഹസീനയുടെ എതിരാളിയായ ഖാലിദ സിയ, ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടി (ബിഎൻപി) അധ്യക്ഷയാണ്. രണ്ടു തവണ ബംഗ്ലദേശ് പ്രധാനമന്ത്രിയായ ഖാലിദ സിയയെ 2018 ൽ അഴിമതിക്കേസിൽ ശിക്ഷിച്ചിരുന്നു. ചികിത്സയ്ക്കായി വിദേശത്ത് പോകുന്നതിനും വിലക്കുണ്ടായിരുന്നു.
ബംഗ്ലദേശ് സൈനിക മേധാവിയും പിൽക്കാലത്ത് പ്രസിഡന്റുമായ സിയാവുർ റഹ്മാന്റെ ഭാര്യയാണ്. 1991 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും ബംഗ്ലദേശ് പ്രധാനമന്ത്രിയായിരുന്നു ഖാലിദ സിയ. ബംഗ്ലദേശ് പ്രധാനമന്ത്രിയാകുന്ന ആദ്യ വനിതയും ലോകത്തെ രണ്ടാമത്തെ മുസ്‌ലിം വനിത പ്രധാനമന്ത്രിയുമായിരുന്നു. 1946 ഓഗസ്റ്റ് 15ന് അവിഭക്ത ഇന്ത്യയിലെ ദിനാജ്പുരിൽ ഇസ്‌കന്ദർ മജുംദാറിന്റെയും തായിബ മജുംദാറിന്റെയും മകളായാണു ഖാലിദ സിയയുടെ ജനനം. വിഭജനത്തെത്തുടർന്നു കുടുംബം പടിഞ്ഞാറൻ പാക്കിസ്ഥാനിലേക്ക് കുടിയേറി. 1960ലാണ് ഖാലിദ സിയാവുർ റഹ്മാനെ വിവാഹം കഴിച്ചത്.
1981ൽ സിയാവുർ വെടിയേറ്റ് കൊല്ലപ്പെട്ടതോടെയായിരുന്നു രാഷ്ട്രീയ രംഗത്തേക്കുള്ള ബീഗം ഖാലിദയുടെ രംഗപ്രവേശം. സിയാവുർ കൊല്ലപ്പെട്ടതിനു പിന്നാലെ, അദ്ദേഹം സ്ഥാപിച്ച ബിഎൻപിയിൽ ഖാലിദ സിയ അംഗമായി. 1982ൽ സിയാവുർ റഹ്മാന്റെ പിൻഗാമിയായി പ്രസിഡന്റായ അബ്ദുൽ സത്താറിനെ പുറത്താക്കിക്കൊണ്ട് അന്നത്തെ സൈനിക മേധാവി ഹുസൈൻ മുഹമ്മദ് ഇർഷാദ് നടത്തിയ അട്ടിമറിക്കു പിന്നാലെയാണ് ബംഗ്ലദേശ് രാഷ്ട്രീയത്തിൽ ഖാലിദ ഉദിച്ചു തുടങ്ങുന്നത്.
സ്വന്തം കുടുംബത്തിൽ നേരിട്ട ദുരന്തത്തിനു പിന്നാലെ അപ്രതീക്ഷിതമായി പൊതുരംഗത്തേക്കു കടന്നുവന്ന രണ്ടു സ്ത്രീകളായിരുന്നു കഴിഞ്ഞ 30 വർഷം ബംഗ്ലദേശിനെ നയിച്ചുകൊണ്ടിരുന്നത്. ചിരവൈരികളായ അവർ ബംഗ്ലദേശിന്റെ ബീഗങ്ങൾ എന്നറിയപ്പെട്ടു. അതായിരുന്നു ഖാലിദ സിയയും ഷെയ്ഖ് ഹസീനയും. കാലേക്കൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ല രാഷ്ട്രീയത്തിലേക്കുള്ള ഇവരുടെ രംഗപ്രവേശം. പിതാവ് മുജീബുർ റഹ്മാനും മറ്റ് കുടുംബാംഗങ്ങളും ക്രൂരമായി കൊല ചെയ്യപ്പെട്ടതോടെ ഷെയ്ഖ് ഹസീനയും ഭർത്താവ് സിയാവുർ റഹ്മാൻ വധിക്കപ്പെട്ടതിനു പിന്നാലെ ഖാലിദയും രാഷ്ട്രീയം തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുകയായിരുന്നു. വൻമരങ്ങൾ വീണുപോകുമ്പോൾ അവരുടെതന്നെ കുടുംബത്തിൽനിന്നു പിൻഗാമിയെ തേടുകയും സഹതാപത്തിന്റെ പിന്തുണയോടെ വിജയം തേടുന്ന പതിവ് രാഷ്ട്രീയത്തിന്റെ ഉൽപന്നങ്ങളായിരുന്നു ഇരുവരും.
രാഷ്ട്രീയത്തിലേക്കു പറിച്ചു നടപ്പെട്ട ഖാലിദജീവിതത്തിന്റെ പകുതിയിലേറെയും സിയാവുറിന്റെ പത്‌നിയെന്ന ലേബലിൽ ജീവിച്ച ഖാലിദ സിയ തികഞ്ഞ വീട്ടമ്മയായിരുന്നു. മക്കളായ താരിഖിനെയും അറാഫത്തിനെയും വളർത്തുന്നതിലും സിയാവുറിന്റെ കാര്യത്തിലും മാത്രമായിരുന്നു അവർക്ക് ശ്രദ്ധ. എന്നാൽ 1981 മാർച്ച് 30ന് ഒരു കൂട്ടം സൈനികരുടെ വെടിയേറ്റ് സിയാവുർ റഹ്മാൻ കൊല്ലപ്പെട്ടതോടെ ഖാലിദ സിയ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് പറിച്ചു നടപ്പെട്ടു.
സിയയുടെ വധത്തിനുശേഷം ബംഗ്ലദേശിൽ അധികാരം പിടിച്ചത് സിയ തന്നെ നിയമിച്ച സൈനിക മേധാവി ഹുസൈൻ മുഹമ്മദ് ഇർഷാദായിരുന്നു. രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് പീഡിപ്പിക്കുന്ന ഇർഷാദിനെ എതിരിടാൻ സിയയോളം പോന്ന മറ്റൊരാൾ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയിൽ അന്നുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ സ്വാഭാവികമായും നേതൃസ്ഥാനം ഖാലിദയിലേക്കു വന്നെത്തി. താനൊരിക്കലും രാഷ്ട്രീയത്തിലേക്കു വരാൻ ആഗ്രഹിച്ചിട്ടില്ലെന്നും പാർട്ടി നേതാക്കളുടെയും ജനങ്ങളുടെയും സമ്മർദത്തെ തുടർന്നാണ് അങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും പിന്നീട് ഖാലിദ സിയ വ്യക്തമാക്കിയിട്ടുണ്ട്. ബിഎൻപിയിൽ എത്തിയതിനുശേഷം ഖാലിദയുടെ മറ്റൊരു മുഖമാണ് ലോകം കണ്ടത്. ഇതേസമയത്തുതന്നെ, ഷെയ്ഖ് ഹസീനയും ബംഗ്ലദേശിലേക്കു തിരിച്ചെത്തിയിരുന്നു. ഇർഷാദ് ഭരണകൂടത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച ഖാലിദ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഉൾപ്പെടെ ഏഴു പാർട്ടികളെ ഒപ്പം ചേർത്ത് സമരത്തിനിറങ്ങി.
1984ൽ ഖാലിദയെ ബിഎൻപിയുടെ അധ്യക്ഷയായി തിരഞ്ഞെടുത്തു. ഇർഷാദിനെതിരെ ഭരണത്തിനെതിരെ രാജ്യവ്യാപക സമരം സംഘടിപ്പിച്ചതോടെ ഖാലിദ വീട്ടുതടങ്കലിലായി. അവിടെനിന്നും ഖാലിദ ബിഎൻപിയെ നയിച്ചു. മാസങ്ങൾ വീണ്ട പ്രക്ഷോഭത്തിനൊടുവിൽ 1990ൽ ഇർഷാദ് പുറത്താക്കപ്പെട്ടതോടെ ഖാലിദയെ സിയ സിയാവുറിന്റെ യഥാർഥ പിൻഗാമിയായി ബംഗ്ലദേശ് അംഗീകരിക്കുകയായിരുന്നു. ബംഗ്ല ജനത അവർക്കു പിന്നിൽ അണിനിരന്നു. മികച്ച വാഗ്മിയോ തത്വജ്ഞാനിയോ അല്ലാതിരുന്നിട്ടും അവരെ കേൾക്കാൻ ആളുകൂടി. 1991ൽ നടന്ന തിരഞ്ഞെടുപ്പിൽ ബിഎൻപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ഖാലിദ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബംഗ്ലദേശിന്റെ ആദ്യത്തെ വനിത പ്രധാനമന്ത്രി. ലോകത്ത് ബേനസീർ ഭൂട്ടോയ്ക്കുശേഷം പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ മുസ്‌ലിം വനിത തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങൾ ഖാലിദയെ തേടിയെത്തി. ഇസ്ലാമിക ആശയങ്ങളിലൂന്നിയ ബംഗ്ലദേശെന്ന സിയയുടെ പാത തന്നെയാണ് ഖാലിദയും പിന്തുടർന്നത്.
ഇന്ത്യയെ അകറ്റിയ ‘ലുക്ക് ഈസ്റ്റ്’എന്നാൽ വിദേശ നയത്തിൽ ഖാലിദ സിയ ഇന്ത്യയുടെ ശത്രുപക്ഷത്തായിരുന്നു. ചൈനയോടും യുഎസിനോടും പാക്കിസ്ഥാനോടും അറബ് രാജ്യങ്ങളോടും ആഭിമുഖ്യം പുലർത്തുകയും ഇന്ത്യയെ അകറ്റി നിർത്തുകയും ചെയ്യുന്ന ‘ലുക്ക് ഈസ്റ്റ്’ നയമായിരുന്നു ഖാലിദ സിയ സ്വീകരിച്ചിരുന്നത്. ഇന്ത്യാവിരുദ്ധത തന്നെയായിരുന്നു ബിഎൻപിയുടെ രാഷ്ട്രീയം എന്നു വച്ചുപുലർത്തിയിരുന്നതും. സ്ഥിരംശത്രുവായ ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് ഇന്ത്യയോടു മൃദു സമീപനം സ്വീകരിച്ചതും ബിഎൻപിയുടെ എതിർപ്പ് ഇരട്ടിയാക്കി. 2001ൽ രണ്ടാമതും ബംഗ്ലദേശ് പ്രധാനമന്ത്രിയായപ്പോൾ തീവ്ര ഇസ്‌ലാമിക സംഘടനകളായ ജമാ അത്തെ ഇസ്‌ലാമിയുമായും ഇർഷാദിന്റെ പാർട്ടിയായ ജാട്ടിയോ പാർട്ടിയുമായും സഖ്യമുണ്ടാക്കിയതോടെ ഖാലിദ സിയ കൂടുതൽ വലതുപക്ഷത്തേക്കു ചാഞ്ഞു. അത്രതന്നെ ഇന്ത്യാവിരുദ്ധതയും. ഖാലിദയുടെ ഭരണകാലത്ത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടന സംഘടനകൾക്ക് ബംഗ്ലദേശ് സുരക്ഷിത താവളമാകുകയും ചെയ്തു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയും ധാക്കയിൽ സജീവമായി. പാക്കിസ്ഥാനിൽനിന്നുള്ള ഭീകരർ ബംഗ്ലദേശ് വഴി ഇന്ത്യയിലേക്ക് കടക്കുന്നതും വർധിച്ചിരുന്നു.
ഇതിനെല്ലാമുപരി ഖാലിദ സിയ ശ്രദ്ധിക്കപ്പെട്ടത് മറ്റൊന്നു കൂടിക്കൊണ്ടായിരുന്നു. ഖാലിദ സിയയും ഷെയ്ഖ് ഹസീനയും തമ്മിലുള്ള പോര്. തൊണ്ണൂറുകൾ മുതൽ ഹസീനയും ഖാലിദയുമാണ് മാറിമാറി ബംഗ്ലദേശിന്റെ തലപ്പത്തിരുന്നത്. ഇരുവരും തമ്മിലുള്ള ശത്രുത ബീഗങ്ങളുടെ പോരാട്ടമെന്ന പേരിൽ (ബാറ്റിൽസ് ഓഫ് ബീഗംസ്) ലോകം ശ്രദ്ധിച്ചു. ഒരാൾ അധികാരത്തിലെത്തുമ്പോൾ മറ്റേയാൾക്കെതിരെ പ്രതികാര നടപടി സ്വീകരിക്കുന്നത് മാറിയും തിരിഞ്ഞും തുടർന്നു. 2009ൽ ഷെയ്ഖ് ഹസീന അധികാരത്തിലെത്തിയപ്പോൾ എണ്ണമറ്റ അഴിമതി, ക്രിമിനൽക്കേസുകളാണ് ഖാലിദയ്‌ക്കെതിരെ ചുമത്തിയത്. 2018ൽ ഖാലിദ സിയ ജയിലിലായി. പക്ഷാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ അലട്ടിയ ഖാലിദയെ 2020ൽ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് ഷെയ്ഖ് ഹസീനയുടെ പതനത്തിനു ശേഷമാണ് ഖാലിദ സിയ സ്വതന്ത്രയാക്കപ്പെട്ടത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അടുത്തയാളുടെ വീഴ്ചയാണ് ബംഗ്ലദേശ് ബീഗങ്ങളെ വളർത്തിയിരുന്നത്. ഹസീനയുടെ വീഴ്ച ഖാലിദയ്ക്കും ഖാലിദയ്ക്കുണ്ടാകുന്ന തിരിച്ചടി ഹസീനയ്ക്കും വളമായിരുന്നു. ഖാലിദയുടെ മരണത്തോടെയും ഹസീനയുടെ പലായനത്തോടെയും ബീഗങ്ങളൊഴിഞ്ഞ ബംഗ്ലദേശാണ് ഇനിയുള്ളത്.






Leave a comment