അമേരിക്കൻ വാർത്ത

മനുഷ്യ സമൂഹം തമോഗര്‍ത്തത്തിലേയ്‌ക്കോ..? ഹൂസ്റ്റണ്‍ കേരള റൈറ്റേഴ്‌സ് ഫോറം ചര്‍ച്ച

ഹൂസ്റ്റണ്‍: ഉല്‍സവങ്ങളുടെ നടുവിലാണ് നാം. മാനവികതയുടെ ആഘോഷമായ ക്രിസ്മസ് പരമ്പരാഗതമായ ആചാരപ്പെരുമയോടെ നാം കൊണ്ടാടി. ഒപ്പം വൈറ്റ് ക്രിസ്മസും. ധാരാളം മഞ്ഞുപെയ്യുന്ന, മഞ്ഞിന്റെ വെളുത്ത പുതപ്പണിഞ്ഞ ക്രിസ്മസ് ദിനത്തില്‍ മഞ്ഞുമൂടിയ കാഴ്ചകളും മഞ്ഞില്‍ കളിക്കുന്നതും സന്തോഷം നല്‍കുന്ന ഒരു അപൂര്‍വ അനുഭവമാണ്.  അമേരിക്കന്‍ ഫുട്‌ബോള്‍ സീസണും നമ്മെ മത്തുപിടിപ്പിക്കുന്നു. ആഘോഷം കച്ചവടപ്പൂരത്തിന്റെയും കാലമാണല്ലോ.

ആഘോഷങ്ങള്‍ മനസ്സിന് ആഹ്‌ളാദവും ഉത്തേജനവും നല്‍കുന്നുവെന്ന് വാദിക്കുമ്പോള്‍ മറുവശത്ത് ഒരു വലിയ വിഭാഗത്തിന് ഇതേ ആഘോഷം വിഷാദമാണ്. വ്യക്തിബന്ധങ്ങളുടെ അഭാവം അല്ലെങ്കില്‍ സാമ്പത്തിക പ്രതിസന്ധി തുടങ്ങിയവ ഇതിന് കാരണമാകാം. കടുത്ത നിറങ്ങളോ തിളക്കങ്ങളോ ചിലരില്‍ മാനസിക വിഭ്രാന്തി സൃഷ്ടിക്കുന്നില്ലേ. ഈ ഉത്സവകാലത്തിമിര്‍പ്പിനിടയില്‍ മറ്റൊരു ചിന്താവിഷയവും, ഒരു ചര്‍ച്ചാവിഷയവുമായി കേരള റൈറ്റേഴ്‌സ് ഫോറം എത്തി.

വായനയുടെയും എഴുത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും കേദാരവും മലയാള സാഹിത്യ സ്‌നേഹികളുടെ അമേരിക്കയിലെ പ്രഥമ മലയാളി കൂട്ടായ്മയുമായ, ഹൂസ്റ്റണിലെ കേരള റൈറ്റേഴ്‌സ് ഫോറം പതിവുപോലെ ചര്‍ച്ചകളും വിലയിരുത്തലുകളുമൊക്കെയായി സ്റ്റാഫോര്‍ഡിലെ ‘മസാല ഹട്ടി’ല്‍ ഒത്തുകൂടി. സുരേന്ദ്രന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം, അന്തരിച്ച ചലചിത്ര പ്രതിഭ ശ്രീനിവാസനും അമേരിക്കന്‍ മലയാളി എഴുത്തുകാരനായ സാം നിലമ്പള്ളിലിനും ആദരാഞ്ജലികളര്‍പ്പിച്ചു.

ശ്രീനിവാസന്റെ അമേരിക്കന്‍ സന്ദര്‍ശനത്തെ അനുസ്മരിച്ച് മാതു നെല്ലിക്കുന്ന് സംസാരിച്ചു. സാധാരണക്കാരന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ നര്‍മത്തില്‍ ചാലിച്ച് വെള്ളിത്തിരയിലെത്തിച്ച ശ്രീനിവാസന്റെ സിനിമകള്‍ മലയാളികളുടെ ദൈനംദിന ജീവിത നിമിഷങ്ങളില്‍ എക്കാലവും നിറഞ്ഞുനില്‍ക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എ.സി ജോര്‍ജ് സാം നിലമ്പള്ളിലിന്റെ ആനുകാലികമായ ലേഖനങ്ങളെപ്പറ്റിയും അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെപ്പറ്റിയും അനുസ്മരിച്ചു.

തുടര്‍ന്ന് ജോസഫ് തച്ചാറ അവതരിപ്പിച്ച ”കാര്‍ഗുഹ’യെന്ന കവിതയെപ്പറ്റി ചര്‍ച്ച നടന്നു. ‘ബ്ലാക്ക് ഹോള്‍’ അഥവാ ‘തമോദ്വാര’ത്തെക്കുറിച്ചാണ് കവിത പ്രതിപാദിക്കുന്നത്. തമോദ്വാരം അല്ലെങ്കില്‍ തമോഗര്‍ത്തം എന്നത് പ്രപഞ്ചത്തിലെ അത്യധികം ശക്തമായ ഗുരുത്വാകര്‍ഷണബലമുള്ള ഒരു ഭാഗമാണ്. അതില്‍ നിന്ന് പ്രകാശത്തിന് പോലും രക്ഷപ്പെടാനാവില്ല. വലിയ നക്ഷത്രങ്ങളുടെ ജീവിതചക്രത്തിന്റെ അവസാനത്തില്‍ അവയുടെ ഭീമാകാരമായ പിണ്ഡം ഒരു ചെറിയ സ്ഥലത്തേക്ക് കൂടിച്ചേരുമ്പോഴാണ് സാധാരണയായി തമോദ്വാരങ്ങള്‍ രൂപപ്പെടുന്നത്. ഇവയെ നേരിട്ട് കാണാന്‍ കഴിയില്ലെങ്കിലും, അവയുടെ ചുറ്റുമുള്ള വസ്തുക്കളില്‍ ചെലുത്തുന്ന സ്വാധീനത്തിലൂടെ (ഉദാഹരണത്തിന്, നക്ഷത്രങ്ങളെ വലിച്ചെടുക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശവും റേഡിയേഷനും) ജ്യോതിശാസ്ത്രജ്ഞര്‍ക്ക് ഇവയെ തിരിച്ചറിയാന്‍ സാധിക്കുന്നു.

ഈ പ്രതിഭാസത്തെ കണ്ട് അത്ഭുതപ്പെടുന്ന ഒരു ബാലന്റെ മനോവിചാരത്തിലൂടെയാണ് കവിത തുടങ്ങുന്നത്.

”മഹാ സമുദ്രങ്ങള്‍ ഭൂമിയുടെ ഭാഗമെന്നും
സഹസ്രഭൂവസമം സൂര്യനെന്നും
ആകാശഗംഗയിലൊരുതരിയര്‍ക്കനെന്നും
നക്ഷത്രജാലങ്ങള്‍ക്കുപരി ഭീമനാണ് ‘കാര്‍ഗുഹ’യെന്നും കണ്ടു…”

മനുഷ്യ സമൂഹം തമോഗര്‍ത്തത്തിലേയ്ക്ക് അതിവേഗം നടന്നടുക്കുകയാണെന്നും ജീവിതത്തിന്റെയും സ്വപ്നങ്ങളുടെയുമെല്ലാം അവസാനം അധികം ദുരത്തല്ലെന്നും കവി ഓര്‍മ്മപ്പെടുത്തുന്നു. ജോണ്‍ മാത്യു, മാതു നെല്ലിക്കുന്ന്, മാത്യു മത്തായി, കുര്യന്‍ മ്യാലില്‍, ബോബി മാത്യു, റവ. ഡോ. തോമസ് അമ്പലവേലില്‍, സുരേന്ദ്രന്‍ നായര്‍, ഗ്രേസി നെല്ലിക്കുന്ന്, മറിയാമ്മ തോമസ്, എ.സി ജോര്‍ജ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തച്ചാറ നന്ദിസൂചകമായി മറുപടി പറഞ്ഞു.

റവ. ഡോ. തോമസ് അമ്പലവേലില്‍ ‘ഇന്ത്യന്‍ അമേരിക്കന്‍സ് – ഇന്‍ മോഡേണ്‍ ഇറ’ തന്റെ ഗവേഷണ പ്രബന്ധം അവതരിപ്പിച്ചു. 19-ാം നൂറ്റാണ്ടിന്റെ അവസാന കാലഘട്ടത്തില്‍ നോര്‍ത്ത് വെസ്റ്റ് അമേരിക്കയിലേയ്ക്കുള്ള സിക്കുകാരുടെ മൈഗ്രേഷനെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണിത്. സിക്കുകാരുടെ വ്യാപകമായ കുടിയേറ്റത്തെ തുടര്‍ന്ന് വലിയ മാറ്റങ്ങള്‍ സംഭവിച്ചു. വിവിധ പ്രൊഫഷണലുകള്‍ ആരോഗ്യകരമായ ഒരു ഇന്തോ-അമേരിക്കന്‍ സമൂഹത്തിന് രൂപം നല്‍കുകയായിരുന്നു. വാസ്തവത്തില്‍ ഇന്തോ-അമേരിക്കന്‍സാണ് പ്രൊഫഷണല്‍ ലോകത്തെ രാജാക്കന്‍മാര്‍ എന്ന് പറയാം. അതേസമയം ബൃഹത്തായ ഈ വിഷയത്തെപ്പറ്റി വരും മീറ്റിങ്ങുകളില്‍ ചര്‍ച്ച തുടരും. ജോണ്‍ മാത്യു ഏവര്‍ക്കും നന്ദി പറഞ്ഞു.

Report: ചെറിയാന്‍ മഠത്തിലേത്ത്
Photo: മോട്ടി മാത്യു

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...