അമേരിക്കൻ വാർത്ത

എക്കോ ഫാമിലി നൈറ്റ് പ്രൗഡ്ഢഗംഭീരമായി; ഡോ. ബേബി സാം ശാമുവേലിന് ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ് സമ്മാനിച്ചു

ന്യൂയോര്‍ക്ക്:  ലോങ്ങ് ഐലന്‍ഡ് ന്യൂഹൈഡ് പാര്‍ക്ക് കേന്ദ്രീകൃതമായി കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന  എക്കോ (ECHO – Enhance Community through Harmonious Outreach) എന്ന ചാരിറ്റി സംഘടനയുടെ 2025-ലെ വാര്‍ഷിക ഫാമിലി ഡിന്നര്‍ ആന്‍ഡ് അവാര്‍ഡ് നൈറ്റ് ബെത്പേജില്‍ പ്രൗഡ്ഢഗംഭീരമായി നടത്തപ്പെട്ടു. സമൂഹത്തിലെ ക്ഷണിക്കപ്പെട്ട സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ നേതാക്കളുടെയും വിശിഷ്ട വ്യക്തികളുടെയും എക്കോ കുടുംബാംഗങ്ങളുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ 2025-ലെ എക്കോ ഹ്യുമാനിറ്റേറിയന്‍ അവാര്‍ഡ്  (ECHO Humanitarian Award) എക്കോ ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. തോമസ് മാത്യു അവാര്‍ഡ് ജേതാവ് ഡോ. ബേബി സാം ശാമുവേലിന് സമ്മാനിച്ചു.

കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരക്കണക്കിന് നിര്‍ധനര്‍ക്ക് ദിവസവും ഒരുനേരത്തെ ഭക്ഷണം നല്‍കുന്ന ‘അഞ്ചപ്പം ചാരിറ്റബിള്‍ ട്രസ്റ്റ്’ പ്രസിഡന്റും പ്രശസ്ത പ്രഭാഷകനും കോര്‍പ്പറേറ്റ് പരിശീലകനും മനുഷ്യസ്‌നേഹിയും ന്യൂയോര്‍ക്ക് സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് സിറ്റിവൈഡ് അഡ്മിനിസ്‌ട്രേഷന്‍ സര്‍വ്വീസസ് (NYC DCAS) ഡയറക്ടറുമായ വ്യക്തിയാണ് അവാര്‍ഡ് ജേതാവായ ഡോ. ബേബി സാം ശാമുവേല്‍. 2,500 ഡോളറും പ്രശംസാഫലകവുമാണ് അവാര്‍ഡായി എക്കോ നല്‍കിയത്. ഇതില്‍ പ്രശംസാഫലകം എക്കോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് മാത്യുവും ക്യാഷ് അവാര്‍ഡ് 2,500 ഡോളര്‍ എക്കോ പ്രോഗ്രാം ഡയറക്ടര്‍ സാബു ലൂക്കോസും സഹധര്‍മ്മിണി ജയയും ചേര്‍ന്ന് ഡോ. ബേബി സാമിന് നല്‍കുകയും ചെയ്തു.

മായാജാലത്തില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ച ലോകപ്രശസ്ത മാന്ത്രികന്‍ പ്രൊഫ. ഗോപിനാഥ് മുതുകാട് ചടങ്ങില്‍ മുഖ്യാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി.  ‘എക്കോ എന്ന വാക്കിന്റെ മലയാള പദം പ്രതിധ്വനി എന്നാണ്. നാം എന്ത് കൊടുക്കുന്നുവോ അത് തിരികെ പ്രതിധ്വനിയായി നമുക്ക് ലഭിക്കുന്നു. ഒരു പൂവ് മുകളിലേക്കെറിഞ്ഞാല്‍ പൂവ് താഴേക്ക് പതിക്കുന്നു. ഒരു കല്ല് നാം മുകളിലേക്കെറിഞ്ഞാല്‍ കല്ല് താഴേക്ക് പതിക്കുന്നു. അതാണ് എക്കോ എന്ന സംഘടനയും ചെയ്യുന്നത്. എക്കോ കാരുണ്യം പകര്‍ന്ന് നല്‍കുന്നു. എക്കോയിലേക്ക് കാരുണ്യം ഒഴുകിയെത്തുന്നു. എക്കോയുടെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാവിധ ആശംസകളും നേരുന്നു.’ പ്രൊഫ. മുതുകാട് തന്റെ പ്രഭാഷണത്തില്‍ പറഞ്ഞു.

എക്കോയുടെ അഭ്യുദയകാംക്ഷികളായ നൂറുകണക്കിന് സുഹൃത്തുക്കളാണ് ഡിന്നര്‍ മീറ്റിംഗില്‍ പങ്കെടുത്തത്. ECHO-യുടെ സ്വപ്ന പദ്ധതിയായ സീനിയര്‍ ഡേ കെയറിന് ആവശ്യമായ ഫണ്ട് ശേഖരിക്കുന്നതിനുകൂടിയാണ് ഡിന്നര്‍ മീറ്റിംഗ് സംഘടിപ്പിച്ചത്. ലോങ്ങ് ഐലന്‍ഡ് ഭാഗത്തെ തെരഞ്ഞെടുക്കപ്പെട്ട രാഷ്ട്രീയ  ജനപ്രതിനിധികള്‍ പലരും  ചടങ്ങില്‍ പങ്കെടുത്തു. നോര്‍ത്ത് ഹെംപ്സ്റ്റഡ് ടൗണ്‍ സൂപ്പര്‍വൈസര്‍ ജെന്നിഫര്‍ ഡിസേന, ടൗണ്‍ ക്ലാര്‍ക്ക് രാഗിണി ശ്രീവാസ്തവ, മുന്‍ സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ്, ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗവര്‍ണര്‍ കാത്തി ഹോക്കിളിന്റെ  നസ്സോ  കൗണ്ടി പ്രതിനിധി ജോയി റെമറീസ്, കൗണ്ടി ലെജിസ്‌ളേറ്റര്‍മാര്‍  തുടങ്ങി നിരവധി രാഷ്ട്രീയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. പ്രോഗ്രാം ഡയറക്ടര്‍ സാബു ലൂക്കോസ് പങ്കെടുത്ത ഏവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. തോമസ് മാത്യു അദ്ധ്യക്ഷ പ്രസംഗം നടത്തി. ഒപ്പേറഷന്‍സ് ഡയക്ടര്‍ ബിജു ചാക്കോ അവാര്‍ഡ് ജേതാവ് ഡോ. ബേബി സാം ശാമുവേലിനെ സദസ്സിന് പരിചയപ്പെടുത്തി.    

ബെത്പേജിലെ സ്റ്റെര്‍ലിങ് ബാങ്ക്വറ്റ് ഹോളില്‍ വച്ച് നടത്തപ്പെട്ട ചടങ്ങില്‍ സീനിയര്‍ വെല്‍നെസ്സ് പ്രോഗ്രാമിന് നേതൃത്വം  നല്‍കുന്നവരെ ആദരിച്ചു. പങ്കെടുത്ത ഏവര്‍ക്കും വിഭവ സമൃദ്ധമായ അത്താഴ വിരുന്നിനൊപ്പം  കലാവേദി പ്രസിഡന്റ് സിബി ഡേവിഡിന്റെ നേതൃത്വത്തില്‍ വിവിധ ഗായകര്‍ നയിച്ച  മനോഹര ഗാനസന്ധ്യയും  സമര്‍പ്പിച്ചു. എക്കോ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന അകാലത്തില്‍ പൊലിഞ്ഞു പോയ സോളമന്‍ മാത്യുവിന്റെ  പേരിലുള്ള സംഭാവന മുഖ്യാതിഥി പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാര്‍ക്കായുള്ള ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന്  സോളമന്റെ മകള്‍ നല്‍കി. എക്കോയുടെ പേരിലുള്ള ഗ്ലോബല്‍  എക്‌സല്ലെന്‍സ് അവാര്‍ഡും മുതുകാടിന് സമ്മാനിച്ചു. എക്കോ സീനിയര്‍ അസ്സോസിയേറ്റ് ഡയറക്ടര്‍ തോമസ് എം. ജോര്‍ജ് പങ്കെടുത്ത ഏവര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.

Report മാത്യുക്കുട്ടി ഈശോ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...