കേരള വാർത്തകൗതുകങ്ങൾ

ദൈവക്കല്ല് വിട്ടുപോകാനാകില്ല സുന്ദരിക്കാണിക്ക്; കാടിന്റെ കാവലാളായി ഈ 61-കാരി തനിച്ചാണ്

തിരുവനന്തപുരം: എല്ലാവരും കാടിറങ്ങിയിട്ടും ദൈവക്കല്ല് വിട്ടുപോകാനാകില്ല സുന്ദരിക്കാണിക്ക്. ആനയിറങ്ങുന്ന ഊരിൽ വളർത്തുനായകളായ ചെമ്പിക്കും കരുമനുമൊപ്പം ഈ 61-കാരി തനിച്ചാണ്. അടച്ചുറപ്പില്ലാത്ത വീടിനുചുറ്റും കാട്. സിമന്റുകട്ടകൊണ്ടുതീർത്ത വീടിന്റെ രണ്ടുമുറികൾക്കുമാത്രമേ ഷീറ്റ് മേൽക്കൂരയുള്ളൂ. വാതിലിനും ജനലിനും തുണിമറ. ബുദ്ധിമുട്ടേറെയുണ്ടെങ്കിലും മരണംവരെ ഇവിടെ ജീവിക്കുമെന്നാണ് സുന്ദരിക്കാണി പറയുന്നത്.

വിതുര ഗ്രാമപ്പഞ്ചായത്തിലെ ദൈവക്കല്ലിലെ ഇപ്പോഴത്തെ സ്ഥിരംതാമസക്കാരി സുന്ദരിമാത്രം. കല്ലാറിൽനിന്ന് പൊന്മുടിയിലേക്കുള്ള വഴിയിൽനിന്ന് തിരിഞ്ഞ് വനത്തിൽ ഏറെയുള്ളിലാണ് ഈ ഊര്. ദൈവക്കല്ല് എന്നുവിളിക്കുന്ന വലിയൊരു കല്ലുള്ളതുകൊണ്ടാണ് ഊരിന് ആ പേര് വന്നത്. പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്.

സുന്ദരിയുടെ രണ്ടുസഹോദരന്മാരും ഊരിൽനിന്ന് താമസംമാറിയിട്ട് ഏറെക്കാലമായി. മൊട്ടമൂട് താമസിക്കുന്ന ആങ്ങള മാധവൻ കാണി, രാത്രി പെങ്ങൾക്ക് കൂട്ടിരിക്കാൻ ഇവിടെയെത്തും. തലമുറകളായി കൈമാറിവന്ന സ്ഥലത്തെ കൃഷിയാണ് സുന്ദരിയുടെ വരുമാനം. നാലുകിലോമീറ്റർ ദൂരത്ത് മൊട്ടമൂടുവരെ കെഎസ്ആർടിസി ബസ്‌ എത്തും. മൊട്ടമൂടുമുതൽ ഓടച്ചംപാറവരെ ഓട്ടോയും. ഇവിടെനിന്ന് ദൈവക്കല്ലിലേക്കുള്ള രണ്ടുകിലോമീറ്ററോളം ദൂരം ഒറ്റയടിപ്പാതയാണ്. 

കാടും കാട്ടരുവിയും കടന്ന് മലകയറി ‌മണിക്കൂറുകളെടുത്തുവേണം ഈ വീട്ടിലേക്കെത്താൻ. നടന്നും ഇരുന്നുമെല്ലാമാണ് സുന്ദരി മലയിറങ്ങുന്നത്. വിവാഹശേഷം ഭർത്താവ് ബാലകൃഷ്ണൻ കാണിക്കൊപ്പം പുളിച്ചാൻമല ഊരിലേക്ക് പോയെങ്കിലും അദ്ദേഹത്തിന്റെ മരണശേഷം ദൈവക്കല്ലിലേക്ക് തിരികെവന്നു.

ആരോഗ്യം അനുവദിക്കുന്നില്ലെങ്കിലും റേഷൻസാധനങ്ങൾ വാങ്ങാൻ മാസത്തിൽ ഒന്നോരണ്ടോ തവണ മലയിറങ്ങും. ആശപ്രവർത്തക ഉഷയും പാലിയേറ്റീവ് സംഘവും മാസത്തിൽ ഒരുതവണ ഊരിലെത്തും. ഇവർമാത്രമാണ് പുറത്തുനിന്ന് സുന്ദരിക്കാണിയെ തിരക്കി ദൈവക്കല്ലിലെത്തുന്നത്. 

Report Courtesy: Mathrubhumi, ആർ. ആതിര

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...