പ്രധാന വാർത്തശാസ്ത്രീയം

വിത്തുബിൽ കർഷകരെക്കാൾ സ്വകാര്യ വിത്തു കമ്പനികൾക്കും കാർഷിക വ്യവസായ മേഖലകൾക്കും വേണ്ടിയാണെന്ന് ആശങ്ക

വിത്തുകളുടെ പരീക്ഷണത്തിനും ഉപയോഗത്തിനും സർട്ടിഫിക്കേഷനും വിദേശ ഏജൻസികൾക്ക് അനുവാദം നൽകി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കരട് വിത്തുബിൽ. വിത്തുകളുടെ വിലനിയന്ത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സംസ്ഥാനങ്ങൾക്കുള്ള അധികാരങ്ങൾ ഇല്ലാതാക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകളടങ്ങിയ ബിൽ സംസ്ഥാനസർക്കാരുകളുടെ അഭിപ്രായങ്ങൾക്കായി നൽകി. വിത്തുവിപണിയിലെ മത്സരക്ഷമത കർഷകർക്കനുകൂലമാക്കാനും വിത്തുകളുടെയും നടീൽവസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കി നഷ്ടങ്ങളൊഴിവാക്കി കർഷകരെ സംരക്ഷിക്കാനുമാണ് പുതിയ വിത്തുബില്ലെന്നാണ് കേന്ദ്രസർക്കാരിന്റെ വാദം.

സ്വകാര്യവിത്ത് കമ്പനികൾക്ക് നേട്ടം

കർഷകരെക്കാൾ സ്വകാര്യ വിത്തുകമ്പനികൾക്കും കാർഷികവ്യവസായ മേഖലകൾക്കും നേട്ടമുണ്ടാക്കുന്നതാണ് ബില്ലെന്ന് കാർഷിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പരമ്പരാഗത ജൈവകർഷകരെ ഇത് ബാധിക്കും. വിദേശ ഏജൻസികൾക്കായി വിത്തുവിപണി തുറന്നു നൽകുന്നതിലൂടെ ഇന്ത്യൻ കാർഷികഗവേഷണ കൗൺസിൽ അടക്കമുള്ള സ്ഥാപനങ്ങളുടെ മേൽക്കൈ നഷ്ടമാകുമെന്ന ആശങ്കയും പങ്കുവെക്കുന്നു. ഇറക്കുമതിചെയ്യുന്ന വിത്തിനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നിലവിൽ സംവിധാനങ്ങളില്ലാത്തതിനാലാണ് വിദേശമണ്ണിൽ അവയുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കാൻ വ്യവസ്ഥ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുത്ത സർട്ടിഫയിങ് ഏജൻസികളുടെ അംഗീകാരത്തോടെയാണ് പല രാജ്യങ്ങളും വിത്തുകൾ ഇറക്കുമതിചെയ്യുന്നത്. എന്നാൽ, ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് അത്തരം പരിശോധനകളില്ല.

ഉയരുന്ന ആശങ്കകൾ

  • വിത്തുകളുടെ വിലനിയന്ത്രണത്തിന് കൃത്യമായ വ്യവസ്ഥകളില്ല
  • ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ അനധികൃത ഇറക്കുമതിയും വിൽപ്പനയും തടയാൻ പ്രത്യേകവ്യവസ്ഥയില്ല
  • മോശം വിത്തിനങ്ങൾ മൂലം വിളനാശമുണ്ടായാൽ നഷ്ടപരിഹാരത്തിന് വ്യവസ്ഥയില്ല
  • ക്യൂആർ കോഡ്‌പോലുള്ള സാങ്കേതികസംവിധാനങ്ങൾ നിർബന്ധമാക്കുന്നത് ഗ്രാമീണ ചെറുകിടകർഷകർക്ക് വെല്ലുവിളിയാകും

2004ലും 2019ലും മാറ്റിവെച്ച ബില്ലുകൾ

  • 2004ൽ യുപിഎ സർക്കാരും 2019ൽ മോദിസർക്കാരും വിത്തുനിയമം കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും എതിർപ്പുകളെ തുടർന്ന് മാറ്റി. ഇവയ്ക്ക് പകരമായാണ് പുതിയ ബിൽ. 1966ലെ വിത്തുനിയമത്തിനും 1983ലെ വിത്ത് നിയന്ത്രണ ഉത്തരവിനും പകരമായാണിത്.

ബില്ലിലെ പ്രധാന വ്യവസ്ഥകൾ

  • കർഷകരുടെ പരമ്പരാഗത വിത്തുത്പന്നങ്ങൾ ഒഴികെയുള്ള മുഴുവൻ വിത്തിനങ്ങളുടെയും കയറ്റുമതിക്കും വിൽപ്പനയ്ക്കും രജിസ്‌ട്രേഷൻ നിർബന്ധം
  • കൃഷിക്കും ഉപയോഗത്തിനുമുള്ള മൂല്യ പരീക്ഷണം (വിസിയു പരീക്ഷണം) വിത്തിനങ്ങളിൽ നടത്തണം. കുറഞ്ഞ അളവിലെങ്കിലും അങ്കുരണം (ജെർമിനേഷൻ) ഉറപ്പുള്ള വിത്തിനങ്ങൾക്കുമാത്രമേ അംഗീകാരമുണ്ടാകൂ
  • വിത്ത് വ്യാപാരികളും വിതരണക്കാരും വിത്ത് വിൽപ്പനയ്ക്കും കയറ്റുമതി, ഇറക്കുമതി ആവശ്യങ്ങൾക്കും മുൻപായി രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് നേടണം
  • വിത്തുകമ്പനികളുടെ അംഗീകാരത്തിനായി ദേശീയതലത്തിൽ കേന്ദ്ര അക്രെഡിറ്റേഷൻ സംവിധാനമുണ്ടാക്കും
  • കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സീഡ് കമ്മിറ്റികൾ
  • ഇന്ത്യൻ മിനിമം സീഡ് സർട്ടിഫിക്കേഷൻ സ്റ്റാൻഡേഡ്‌സ് പ്രകാരം വിത്തിനങ്ങളുടെ ആരോഗ്യം, അങ്കുരണം, അവയുടെ പരിശുദ്ധി എന്നിവയെല്ലാം സംബന്ധിച്ച മാനദണ്ഡങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്യണം
  • സംസ്ഥാനത്തെ വിത്തിനങ്ങളുടെ രജിസ്‌ട്രേഷൻ സംബന്ധിച്ച് സബ്കമ്മിറ്റിക്ക് ഉപദേശം നൽകൽ, വിത്തുത്പാദനത്തിലും വിതരണത്തിലും കൈമാറ്റത്തിലും വ്യാപാരത്തിലുമേർപ്പെടുന്നവരിൽനിന്ന് സ്‌റ്റോക്കുകളുടെ വിവരം ശേഖരിക്കൽ, ഭരണപരമായ മറ്റ് കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന് ഉപദേശം നൽകൽ തുടങ്ങിയവയാണ് സീഡ് കമ്മിറ്റികളുടെ ചുമതല
  • ദേശീയതലത്തിൽ വിത്തിനങ്ങളുടെ രജിസ്റ്റർ വേണം
  • സംസ്ഥാനസർക്കാരുകളുടെ ശുപാർശപ്രകാരമോ, പരാതികളുടെ അടിസ്ഥാനത്തിൽ സ്വമേധയായോ കേന്ദ്ര സീഡ് കമ്മിറ്റിക്ക് രജിസ്‌ട്രേഷൻ നിശ്ചിതകാലത്തേക്ക് സസ്‌പെൻഡ് ചെയ്യുകയോ പുനഃപരിശോധിക്കുകയോ പിൻവലിക്കുകയോ ചെയ്യാം
  • നിയമം നിലവിൽ വന്ന് ഒരു വർഷത്തിനകം പ്ലാന്റ് നഴ്‌സറികൾ സംസ്ഥാനസർക്കാരിനു കീഴിൽ രജിസ്റ്റർ ചെയ്തിരിക്കണം
  • മൊത്തം നടീൽവസ്തുക്കളുടെയും വിത്തിനങ്ങളുടെയും സമ്പൂർണ വിവരങ്ങൾ നഴ്‌സറിയിലുണ്ടാവണം
  • കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ ഒന്നിൽ കൂടുതൽ കേന്ദ്ര സീഡ് ടെസ്റ്റിങ് ലബോറട്രികൾ സ്ഥാപിക്കണം
  • വ്യാജവിത്തിനങ്ങൾ, രജിസ്റ്റർ ചെയ്യാത്തവയുടെ വിൽപ്പന, രജിസ്‌ട്രേഷനില്ലാതെയുള്ള ഉത്പാദനം, വിതരണം, സംസ്‌കരണം, രജിസ്റ്റർ ചെയ്യാത്ത പ്ലാന്റ് നഴ്‌സറികൾ തുടങ്ങിയ ചട്ടലംഘനങ്ങൾക്ക് 10 ലക്ഷം രൂപ വരെ പിഴശിക്ഷ
  • അഞ്ചുവർഷത്തിനുള്ളിൽ കുറ്റം ആവർത്തിച്ചാൽ പിഴ 20ലക്ഷം. വീണ്ടും ആവർത്തിച്ചാൽ 30 ലക്ഷം
  • വ്യാജ വിത്തിനങ്ങളുടെയും രജിസ്റ്റർ ചെയ്യാത്തവയുടെയും വിൽപ്പനയ്ക്ക് രജിസ്‌ട്രേഷൻ റദ്ദാവും, ഒപ്പം മൂന്നുവർഷം വരെ തടവ്
  • വിത്തിനങ്ങൾ, രേഖകൾ, രജിസ്‌ട്രേഷൻ, ലേബൽ, ക്യൂആർകോഡ്, കാലാവധി കഴിഞ്ഞ സർട്ടിഫിക്കറ്റ്, പ്രദേശത്തെ മണ്ണിന് യോജിക്കാത്ത വിത്തുകളുടെ വിൽപ്പന തുടങ്ങിയവയിൽ നിയമലംഘനമുണ്ടായാൽ ആദ്യം നോട്ടീസ്. മൂന്നു വർഷത്തിനുള്ളിൽ വീണ്ടും ലംഘനമുണ്ടായാൽ 50,000 രൂപ പിഴ
  • വില കൂടുതൽ ഈടാക്കുക, ബ്രാൻഡ് തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപ വരെ പിഴ. കുറ്റം ആവർത്തിച്ചാൽ പിഴ രണ്ട് ലക്ഷം

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...

പ്രധാന വാർത്ത

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; മുൻ അണ്ണാ ഡിഎംകെ നേതാവും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന ശശികല രംഗത്ത്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ...