അമേരിക്കൻ വാർത്ത

ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ

ഷിക്കാഗോ : വിശ്വാസ വളർച്ചയുടെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന ഷിക്കാഗോ സീറോ മലബാർ രൂപത സിൽവർ ജൂബിലി നിറവിൽ. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 2026 ജൂലൈ  9,10,11,12 തീയതികളിൽ ഷിക്കാഗോയിൽവച്ചു നടക്കുന്ന കൺവെൻഷനു  വിശ്വാസികളിൽ നിന്നും ആവേശകരമായ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇന്ത്യക്കു പുറത്തു സ്ഥാപിതമായ ആദ്യ സിറോമലബാർ രൂപതയായ ഷിക്കാഗോ രൂപത, പ്രഥമ ബിഷപ് മാർ ജേക്കബ് അങ്ങാടിയത്തിന്റേയും തുടർന്ന് മാർ ജോയ് ആലപ്പാട്ടിന്റെയും  ആത്മീയ നേതൃത്വത്തിൽ  കഴിഞ്ഞ ഇരുപത്തഞ്ചു വർഷങ്ങൾക്കൊണ്ടു അമേരിക്കയിലുടനീളം, മാർത്തോമാ നസ്രാണി പാരമ്പര്യത്തിൽ നിലനിന്നുകൊണ്ട്,  ആത്മീയവും ഭൗതികവുമായ വലിയ വളർച്ചയാണ് നേടിയിട്ടുള്ളത്. നിലവിൽ  അമ്പത്തിനാലു  ഇടവകകളും , മുപ്പത്തിഅഞ്ചോളും   മിഷനുകളുമുള്ള  ഷിക്കാഗോ രൂപതയിൽ എഴുപതിൽപ്പരം വൈദികർ  ഏതാണ്ട്   ഒരു ലക്ഷത്തോളും വരുന്ന വിശ്വാസികൾക്കായി സേവനം ചെയ്തുവരുന്നു. കൂടാതെ, ഇരുപതോളും വൈദികർ പാർട്ട്ടൈമായും സേവനം ചെയ്തുന്നു. രൂപതയുടെ ആരംഭം മുതൽ എല്ലാ പള്ളികളിലും മികച്ച രീതിയിൽ മതബോധന ക്ലാസുകൾ നടത്തിവരുന്നു. ഇപ്പോൾ പതിനായിരത്തിലധികം കുട്ടികൾ വിവിധ ഇടവകളിലായി  മതബോധന ക്ലാസുകളിൽ പഠിക്കുന്നു. ഇവർക്കായി രണ്ടായിരത്തി അഞ്ഞൂറോളും അദ്ധ്യാപകർ രൂപതയുടെ കീഴിലുള്ള “വിശ്വാസ രൂപീകരണ” മിനിസ്ട്രിയുടെ ഭാഗമായി പ്രവർത്തിക്കുന്നു.  ആത്മീയതയിൽ അടിയുറച്ച ഈ വിശ്വാസപരിശീലനം തന്നെയാണ്, രൂപതയിലുടനീളം  ഉണ്ടായിക്കൊണ്ടിരിക്കുന്ന ദൈവവിളികൾ എന്നത് സിൽവർ ജൂബിലി ആഘോഷവേളയിൽ എടുത്തുപറയേണ്ടതാണ്.  എട്ടിൽപ്പരം തദ്ദേശ്യരായ വൈദികർ ഇതിനോടകം രൂപതയിൽ സേവനം ചെയ്തുവരുന്നു. അതോടൊപ്പം, പത്തിലധികം  വൈദികവിദ്യാർത്ഥികൾ വിവിധ സെമിനാരികളിലായി നിലവിൽ പഠിക്കുന്നു എന്നതും ശ്രദ്ധേയമാണ്.     

കൂടാതെ, രൂപതയുടെ കീഴിൽ ചെറുപുഷ്പ മിഷൻ  ലീഗ്, യൂത്ത് അപ്പസ്തോലേറ്റ്, ഫാമിലി  അപ്പസ്തോലേറ്റ്, എസ്.എം.സി.സി, സിറോ മലബാർ വിമൻസ് ഫോറം, വിൻസെൻറ്  ഡീപോൾ സൊസൈറ്റി, ഫോർ ലൈഫ് , ഫെയ്ത്  ഫോർമേഷൻ, സീനിയർസ് ഫോറം തുടങ്ങി നിരവധി മിനിസ്ട്രികൾ ശക്തമായി പ്രവർത്തിച്ചുവരുന്നു. എല്ലാ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി, വളരെ ഉർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന ഒരു “കൂരിയായും”  രൂപതക്കുണ്ട്.  സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ, രൂപയ്ക്കു സ്വന്തമായി ഒരു സെമിനാരി എന്നതുൾപ്പെടെ, വർച്ചയുടെ അടുത്ത പടവുകളിലേക്കും ഷിക്കാഗോ രൂപത ശ്രദ്ധ വെക്കുന്നു.   

സിൽവർ ജൂബിലിയുടെ ഭാഗമായി, അമേരിക്കയിൽ സേവനം ചെയ്യുന്ന സിറോ മലബാർ വൈദികരുടെ സമ്മേളനം ഈ മാസം 18,19 തീയതികളിൽ മയാമിയിൽ വച്ചും, സന്യസ്തരുടെ  സമ്മേളനം 2026 ഏപ്രിൽ 17,18 തീയതികളിൽ ഷിക്കാഗോയിൽ വച്ചും  നടത്തപ്പെടുന്നു. അമേരിക്കയിലെ വിവിധ ദേവാലയങ്ങളിലും കോൺവെന്റുകളിലും, മറ്റു സ്ഥാപനങ്ങളിലുമായി ഏതാണ്ട് നാനൂറിലധികം സിറോ മലബാർ വൈദികരും സന്യസ്തരും  സേവനം ചെയ്തുവരുന്നതായി കണക്കാക്കപ്പെടുന്നു.  

2026 ജൂലൈ 9, 10,11,12 (വ്യാഴം, വെള്ളി, ശനി, ഞായർ) തീയതികളിൽ  ഷിക്കാഗോയിലെ പ്രശസ്തമായ മക്കോർമിക് പ്ലേസ് കൺവെൻഷൻ സെന്ററിലാണ് (McCormick Place) സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള  സിറോ മലബാർ  കൺവെൻഷൻ നടക്കുന്നത്. ഇതോടൊപ്പം രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ മെത്രാഭിഷേകജൂബിലിയും ആഘോഷിക്കുന്നു. 

പരസ്പരം  പരിചയപ്പെടുന്നതിനും, പരിചയങ്ങൾ പുതുക്കുന്നതിനും, സുഹൃത് ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുമെല്ലാം ഉപരി, അമേരിക്കയിൽ വളരുന്ന നമ്മുടെ മക്കളേയും മഹത്തായ സിറോ മലബാർ വിശ്വാസത്തിന്റെയും പൈതൃകത്തിന്റേയും  ഭാഗമായി നിലനിർത്തുന്നതിനും ഷിക്കാഗോ കൺവൻഷൻ സഹായകരമാകും. അതിലുപരി, അനന്തമായ ദൈവ പരിപാലനയിൽ, വിശ്വാസ വളർച്ചയുടെ ഇരുപത്തഞ്ചു വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ അവസരത്തിൽ, സിറോ മലബാർ സഭാ തലവൻ ആർച്ചു ബിഷപ് മാർ റാഫേൽ തട്ടിൽ പിതാവിനോടും,  രൂപത അദ്ധ്യക്ഷൻ മാർ ജോയ് ആലപ്പാട്ട് പിതാവിനോടും, രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്ത് പിതാവിനോടും, സഭയിലെ വിവിധ വൈദികരോടും, സന്യസ്തരോടും, അൽമായരോടൊപ്പവും ഒരേ കൂടാരത്തിൻ  കീഴിൽ ഒരുമിച്ചിരുന്നു ദൈവത്തിനു നന്ദി പറയുന്നതിനും, പ്രാർഥിക്കുന്നതിനും, വചനം ശ്രവിക്കുന്നതിനും , അപ്പം മുറിക്കുന്നതിനും, ആശയ വിനിമയും നടത്തുന്നതിനുമുള്ള നാല് ദിനങ്ങൾ, അതെത്ര സന്തോഷപ്രദമായിരിക്കും!! മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വാദ്യകരമാകുന്ന രീതിയിലാണ് കൺവൻഷനിലെ  കാര്യപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് എന്നതും  പ്രത്യേകം ഇവിടെ പ്രതിപാദിക്കട്ടെ!

മഹത്തായ ഈ ആത്മീയ, സാംസ്കാരിക, പൈതൃക  സംഗമത്തിൽ, സകുടുംബം പങ്കെടുക്കുവാൻ എല്ലാ വിശ്വാസികളേയും രൂപതാ അധ്യക്ഷൻ മാർ ജോയ് ആലപ്പാട്ടും, ജൂബിലി കമ്മിറ്റി ജനറൽ കൺവീനർ ഫാ. ജോൺ മേലേപ്പുറവും   ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ചാമക്കാലയും  ക്ഷണിക്കുന്നു

കൺവൻഷന്റെ  മുന്നോടിയായി രൂപതയിലെ വിവിധ പള്ളികളിൽ കൺവൻഷൻ കിക്കോഫുകൾ പുരോഗമിക്കുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ രജിസ്റ്റർ ചെയ്യുന്നവർക്ക് ഹോട്ടൽ ബുക്കിങ് നിരക്കിൽ പ്രത്യേക ഇളവ് ലഭിക്കുന്നതാണ്. ഈ ഇളവ്  ഡിസംബർ 31 വരെ മാത്രമേ ലഭിക്കൂ.  ഈ അവസരം എല്ലാവരും ഉപയോഗിക്കണമെന്ന്   കൺവൻഷൻ കമ്മിറ്റി ജനറൽ കൺവീനർ ഫാ. തോമസ് കടുകപ്പള്ളി, ചെയർമാൻ ബിജി സി. മാണി എന്നിവർ അഭ്യർഥിച്ചു.   
കൺവൻഷനെ  കുറിച്ചു കൂടുതൽ അറിയുവാനും, രജിസ്റ്റർ ചെയ്യുവാനും താഴെ പറയുന്ന വെബ്സൈറ്റ് സന്ദർശിക്കുക :   
  www.syroconvention.org

Report ഷോളി കുമ്പിളുവേലി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

അമേരിക്കൻ വാർത്ത

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16 വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ...

അമേരിക്കൻ വാർത്ത

ലോക സമാധാനത്തിനായി സംഗീതമൊരുക്കി ‘സാധക’; സമാധാന ഗീതങ്ങളുമായി പ്രമുഖ കലാകാരന്മാര്‍ ഒന്നിക്കുന്നു

ന്യൂയോര്‍ക്ക് : യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കാന്‍ സംഗീതവുമായി ‘സാധക’ മ്യൂസിക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ...