കായികം

‘കളിക്കാൻ കളമില്ല’; ഐ എസ് എൽ നിർത്തിവച്ചതിൽ നിരാശ: ലീഗ് ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ ഫുട്ബോൾ താരങ്ങൾ

ന്യൂഡൽഹി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) സീസൺ നിർത്തിവച്ചതിൽ കടുത്ത നിരാശ പ്രകടിപ്പിച്ച് പ്രൊഫഷണൽ ഫുട്ബോൾ താരങ്ങൾ രംഗത്ത്. ലീഗ് ഉടൻ പുനരാരംഭിക്കണമെന്ന് സംയുക്ത പ്രസ്താവനയിലൂടെ താരങ്ങൾ ഭരണാധികാരികളോട് അഭ്യർത്ഥിച്ചു. തങ്ങളുടെ ദേഷ്യവും നിരാശയും ഇപ്പോൾ ‘കളിക്കാനുള്ള അതിയായ ആഗ്രഹമായി’ മാറിയെന്നും താരങ്ങൾ വ്യക്തമാക്കി.

ലീഗിൻ്റെ വാണിജ്യ, മീഡിയ അവകാശങ്ങൾ നൽകുന്നതിന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (എ ഐ എഫ് എഫ്) ക്ഷണിച്ച റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിന് (ആർ എഫ് പി) ഒരു ബിഡ്ഡും ലഭിച്ചില്ലെന്ന് കഴിഞ്ഞ ആഴ്ച അറിയിച്ചതിനു പിന്നാലെയാണ് കളിക്കാർ ഒറ്റക്കെട്ടായി രംഗത്തെത്തിയത്.

ഇന്ത്യൻ പ്രതിരോധ നിരയിലെ പ്രമുഖനായ സന്ദേശ് ജിംഗാൻ തൻ്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ ശക്തമായ വികാരങ്ങൾ പ്രകടിപ്പിച്ചു. “നാം ഇപ്പോൾ നിൽക്കുന്നത് ഒരു കാലതാമസത്തിലല്ല, മറിച്ച് കോച്ചുമാർക്കും ആരാധകർക്കും സ്റ്റാഫ് അംഗങ്ങൾക്കും കളിക്കാർക്കും ഒരുപോലെ നിശ്ചലാവസ്ഥയിലാണ്. ഞങ്ങളുടെ സീസൺ നിശബ്ദമായി ഇല്ലാതാകാൻ അനുവദിക്കാത്തവിധം ഞങ്ങൾ കഠിനാധ്വാനം ചെയ്യുകയും നിരവധി ത്യാഗങ്ങൾ സഹിക്കുകയും ചെയ്തിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

“മുഴുവൻ ഇന്ത്യൻ ഫുട്ബോൾ ഇക്കോസിസ്റ്റവും അനിശ്ചിതത്വത്തിൽ അകപ്പെട്ടിരിക്കുകയാണ്. സ്വപ്നങ്ങൾ മരവിച്ചിരിക്കുന്നു, ഭാവിയെ ചോദ്യം ചെയ്യുന്നു. നാം കാത്തിരിക്കുന്ന ഓരോ ദിവസവും ഇന്ത്യൻ ഫുട്ബോളിന് മുറിവേൽക്കുന്നു. നമുക്ക് ഇപ്പോൾത്തന്നെ നടപടി ആവശ്യമുണ്ട്,” ജിംഗാൻ വ്യക്തമാക്കി.

സുനിൽ ഛേത്രി, ഗുർപ്രീത് സിങ് സന്ധു തുടങ്ങിയ ദേശീയ താരങ്ങളും സമാന വികാരങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് സംയുക്ത പ്രസ്താവന പങ്കുവച്ചു. “ഐ എസ് എല്ലിൽ കളിക്കുന്ന പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരായ ഞങ്ങൾ, ഐ എസ് എൽ സീസൺ പുനരാരംഭിക്കാനുള്ള ഞങ്ങളുടെ ശ്രമങ്ങളിൽ ഒറ്റക്കെട്ടാണെന്ന സന്ദേശം നൽകാനും അതിലുപരി ഒരു അഭ്യർത്ഥന നടത്താനുമാണ് ഒരുമിച്ചിരിക്കുന്നത്. ലളിതമായി പറഞ്ഞാൽ, ഞങ്ങൾക്ക് ഇപ്പോൾ കളിക്കണം,” പ്രസ്താവനയിൽ പറയുന്നു.

നിലവിലുള്ള പ്രതിസന്ധിയിൽനിന്ന് കരകയറാൻ ഒരു വഴി കണ്ടെത്തണമെന്ന് പ്രസ്താവന ഫുട്ബോൾ ഭരണാധികാരികളോട് അഭ്യർത്ഥിച്ചു. ഐ എസ് എൽ അനിശ്ചിതാവസ്ഥ കാരണം മോഹൻ ബഗാനെപ്പോലുള്ള പ്രമുഖ ക്ലബ്ബുകൾ പരിശീലനം നിർത്തിവച്ചിരുന്നു. “രാജ്യത്ത് നമ്മുടെ കായികരംഗം ഭരിക്കുന്ന എല്ലാവരോടും ഫുട്ബോൾ സീസൺ തുടങ്ങാൻ വേണ്ടതെല്ലാം ചെയ്യണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. എന്നത്തെക്കാളും ഇപ്പോൾ ഇന്ത്യക്ക് മത്സരഫുട്ബോൾ ആവശ്യമാണ്,” താരങ്ങൾ കൂട്ടിച്ചേർത്തു.

പ്രസ്താവന അവസാനിപ്പിക്കുന്നതിങ്ങനെയാണ്: “ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്, പ്രൊഫഷണലുകളാണ്, ഞങ്ങൾക്ക് അനുമതി ലഭിക്കുന്ന നിമിഷം മൈതാനത്തേക്കിറങ്ങാൻ തയാറുമാണ്. ഞങ്ങളുടെ ഈ തീവ്രമായ ആഗ്രഹത്തിന് അനുസരിച്ചുള്ള സത്യസന്ധമായ ഉദ്ദേശ്യത്തോടെയുള്ള പ്രതികരണം മാത്രമാണ് ഞങ്ങൾക്ക് ആവശ്യപ്പെടാനുള്ളത്. ഞങ്ങൾ ഒരുപാടു കാലമായി ഈ ഇരുണ്ട തുരങ്കത്തിലാണ്. ഒരു ചെറിയ വെളിച്ചം പോലും ഞങ്ങൾക്ക് ഉപകാരപ്പെടും.”

സുപ്രീം കോടതിയുടെ നിർദേശപ്രകാരം നിയമിച്ച റിട്ട. ജസ്റ്റിസ് നാഗേശ്വര റാവുവിൻ്റെ നേതൃത്വത്തിലുള്ള എ ഐ എഫ് എഫ് ബിഡ് മൂല്യനിർണയ സമിതി, ബിഡ് ലഭിക്കാത്തതിനെക്കുറിച്ച് മേൽക്കോടതിക്ക് റിപ്പോർട്ട് സമർപ്പിക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തകായികം

ഹൂസ്റ്റൺ (ICECH) സംഘടിപ്പിക്കുന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ. ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ...

അമേരിക്കൻ വാർത്തകായികം

ക്യാപിറ്റൽ കപ്പ് സോക്കർ: ഒരുക്കങ്ങൾ പൂർത്തിയായി

വാഷിംഗ്ടൺ ഡിസി: മേരിലാൻഡ് സ്ട്രൈക്കേഴ്സ് മെമ്മോറിയൽ വീക്കെൻഡായ മെയ് 23 ന് നടത്തുന്ന മൂന്നാമത്‌ നോർത്ത്...

കായികംപ്രധാന വാർത്ത

IPL 2026: ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

ബെംഗളൂരു: ഐപിഎല്ലിൽ ചെന്നൈയെ കീഴടക്കി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 43 റൺസിനാണ് ആർസിബിയുടെ ജയം. ആർസിബി...

കായികംപ്രധാന വാർത്ത

ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

അഹമ്മദാബാദ്: ഐപിഎലിലെ ആവേശപ്പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ 6 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ് സീസണിലെ തങ്ങളുടെ...