അമേരിക്കന്‍ മലയാളികളുടെ ആദ്യ ഫെഡറേഷനായ ഫൊക്കാന വീണ്ടും ചരിത്രമെഴുതാന്‍ ഒരുങ്ങുകയാണ്. ഒരുകാലത്ത് നഷ്ടപ്പെട്ടുവെന്ന് കരുതിയ പ്രതാപം തിരിച്ചുപിടിച്ച്, സംഘടനാ വളര്‍ച്ചയിലും ജനപങ്കാളിത്തത്തിലും സാമൂഹിക പ്രതിബദ്ധതയിലും പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ച ഫൊക്കാനയുടെ അഭിമാന പ്രസിഡന്റ് സജിമോന്‍ ആന്റണിയും ടീമും ഇനി ലോക മലയാളി സംഘടനാ ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര കണ്‍വന്‍ഷന് തിരിതെളിയാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ്.
പെന്‍സില്‍വേനിയയിലെ പോക്കണോസ് മലനിരകള്‍ക്ക് താഴെയുള്ള കലഹാരി റിസോര്‍ട്ടില്‍ വരുന്ന 6 മുതല്‍ 8 വരെ നടക്കുന്ന 21-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വന്‍ഷന്‍ കേവലം ഒരു സമ്മേളനമല്ല; മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും അഭിമാനത്തിന്റെയും ആഗോള പ്രഖ്യാപനമായിരിക്കും. ഇന്ത്യയുടെ വൈസ് പ്രസിഡന്റ്, കേരള ഗവര്‍ണര്‍, കേരള മുഖ്യമന്ത്രി, ന്യൂജേഴ്‌സി ഗവര്‍ണര്‍ എന്നിവരടക്കം രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യം കണ്‍വന്‍ഷന്റെ മാറ്റുകൂട്ടും.
സംഘാടകരുടെ കണക്കുകള്‍ പ്രകാരം നാലായിരം മുതല്‍ അയ്യായിരം വരെ പ്രതിനിധികളാണ് കണ്‍വന്‍ഷനിലെത്തുക. ഇതിനകം 3,700-ലധികം പേരുടെ പങ്കാളിത്തം ഉറപ്പായിക്കഴിഞ്ഞു. എട്ട് മാസം മുമ്പുതന്നെ രജിസ്‌ട്രേഷന്‍ അവസാനിപ്പിക്കേണ്ടി വന്നതും എല്ലാ താമസസൗകര്യങ്ങളും നിറഞ്ഞതും ഫൊക്കാനയോടുള്ള ജനവിശ്വാസത്തിന്റെയും സ്വീകാര്യതയുടെയും തെളിവാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഇപ്പോഴത്തെ ആശങ്ക, ഇത്രയും വലിയ ജനക്കൂട്ടത്തെ എങ്ങനെ മികച്ച രീതിയില്‍ മാനേജ് ചെയ്യുമെന്നതാണ്.
കേരളത്തിന്റെ കലാ-സാംസ്‌കാരിക പൈതൃകവും ആധുനിക സംഘാടന മികവും സമന്വയിപ്പിക്കുന്ന അപൂര്‍വ ദൃശ്യവിരുന്നാകും ഉദ്ഘാടനദിനം. കേരളത്തനിമ വിളിച്ചോതുന്ന ഘോഷയാത്ര, 101 കലാകാരന്മാര്‍ അണിനിരക്കുന്ന ഓപ്പണിംഗ് ഡാന്‍സ്, അറുന്നൂറിലധികം ചെണ്ടവിദ്വാന്‍മാര്‍ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, 1,100 മോഹിനിയാട്ട കലാകാരികള്‍ പങ്കെടുക്കുന്ന നൃത്താവിഷ്‌കാരം തുടങ്ങി 1,800-ലധികം കലാപ്രതിഭകള്‍ വേദി പങ്കിടും. രണ്ട് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡുകള്‍ ലക്ഷ്യമിട്ടുള്ള ഈ അവതരണങ്ങള്‍ ലോകമലയാളികളുടെ അഭിമാന മുഹൂര്‍ത്തമാകുമെന്നാണ് പ്രതീക്ഷ. പ്രതിഭയുടെ തിളക്കങ്ങള്‍ വിളിച്ചോതുന്ന കലാ മാമാങ്കം ആയി ‘അമേരിക്ക ഗോട്ട് ടാലെന്റും’ വര്‍ണാഭമാവും.
മലയാള സിനിമയെയും കലാസാംസ്‌കാരിക മേഖലയെയും ആദരിക്കുന്ന സിനി അവാര്‍ഡ് നൈറ്റ്, മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കരുത്തേകുന്ന സാഹിത്യ പുരസ്‌കാരങ്ങള്‍, മീഡിയ സെമിനാര്‍, ജനപ്രിയ താരങ്ങളുടെ കലാപരിപാടികള്‍, യുവജന-കായിക മത്സരങ്ങള്‍, ബിസിനസ് നെറ്റ്‌വര്‍ക്കിംഗ് സെഷനുകള്‍ തുടങ്ങി എല്ലാ പ്രായക്കാരെയും ഉള്‍ക്കൊള്ളുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷണങ്ങള്‍.
കണ്‍വന്‍ഷന്റെ ഉദ്ഘാടന വേദി സാമൂഹിക പ്രതിബദ്ധതയുടെ സന്ദേശവും ലോകത്തോട് വിളിച്ചുപറയും. പ്രശസ്ത മാന്ത്രികനും സാമൂഹിക പ്രവര്‍ത്തകനുമായ ഗോപിനാഥ് മുതുകാടിന്റെ ഭിന്നശേഷിക്കാര്‍ക്കായുള്ള മഹത്തായ പദ്ധതിയുടെ ഫണ്ട് ശേഖരണത്തിനായുള്ള മാജിക് ഷോ ഫൊക്കാന വേദിയിലാണ് നടക്കുന്നത്. സമൂഹത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കൊപ്പം എന്നും നിലകൊണ്ട സംഘടനയെന്ന നിലയില്‍ ഫൊക്കാനയുടെ കരുണയും ഉത്തരവാദിത്വബോധവും ഈ സംരംഭത്തിലൂടെ വീണ്ടും അടയാളപ്പെടുത്തപ്പെടും. മാജിക് ഷോകളില്‍ നിന്ന് മാറിനിന്നിരുന്ന മുതുകാട് കുറച്ചുകാലത്തെ ഇടവേളയ്ക്ക് ശേഷം നടത്തുന്ന പ്രഥമ പരിപാടിയാണിത്.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഫൊക്കാനയെ പുതിയ ഉയരങ്ങളിലെത്തിച്ച പ്രസിഡന്റ് സജിമോന്‍ ആന്റണിയുടെ നേതൃത്വമാണ് സംഘടനയിലുണ്ടായ മാറ്റത്തിന് പിന്നിലെ പ്രധാന ശക്തിയെന്ന് പ്രവര്‍ത്തകരും അംഗസംഘടനകളും ഒരുപോലെ വിലയിരുത്തുന്നു. ഭാവനാപൂര്‍ണമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ഒതുങ്ങാതെ അവ യാഥാര്‍ഥ്യമാക്കി മാറ്റിയ ഭരണസമിതി, ഫൊക്കാനയെ 110 അംഗസംഘടനകളുള്ള ശക്തമായ മഹാപ്രസ്ഥാനമായി വളര്‍ത്തിയെടുത്തു.
മെഡിക്കല്‍ കാര്‍ഡ് പദ്ധതിയിലൂടെ കേരളത്തിലെ പ്രമുഖ ആശുപത്രികളില്‍ അമേരിക്കയിലെയും കാനഡയിലെയും മലയാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ചികിത്സാ ആനുകൂല്യങ്ങള്‍ ഉറപ്പാക്കിയ ഫൊക്കാന, പ്രിവിലേജ് കാര്‍ഡിലൂടെ വിമാനത്താവള ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ പ്രത്യേക ഇളവുകളും ലഭ്യമാക്കി. ‘സ്വിം കേരള സ്വിം’ പദ്ധതിയിലൂടെ മുങ്ങിമരണങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാന വ്യാപകമായി നീന്തല്‍ പരിശീലനവും ബോധവത്കരണവും നടത്തി.
അമേരിക്കന്‍ മലയാളികള്‍ക്കായി ആരംഭിച്ച ഫൊക്കാന ഹെല്‍ത്ത് ക്ലിനിക്കുകള്‍, നിയമസഹായം മുതല്‍ മെഡിക്കല്‍ സേവനങ്ങള്‍ വരെ ഒരൊറ്റ നമ്പറിലൂടെ ലഭ്യമാക്കുന്ന 1-800 ഹെല്‍പ് ലൈന്‍, നിര്‍ധനര്‍ക്കായുള്ള ഭവനം പദ്ധതി, വനിതാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍, വിദ്യാര്‍ത്ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം, യുവജനങ്ങള്‍ക്ക് എ.ഐ ഉള്‍പ്പെടെയുള്ള പരിശീലന സെമിനാറുകള്‍, കായിക അക്കാദമികള്‍ തുടങ്ങി ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ന് സംഘടനാ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് ഒരു സാമൂഹിക പ്രസ്ഥാനത്തിന്റെ രൂപം കൈവരിച്ചിരിക്കുകയാണ്.
കേരളത്തിനും പ്രവാസികള്‍ക്കും ഒരുപോലെ ഗുണകരമായ വിഷയങ്ങളില്‍ സര്‍ക്കാര്‍ തലങ്ങളില്‍ ശക്തമായ ഇടപെടലുകളും ഫൊക്കാന നടത്തിയിട്ടുണ്ട്. പ്രവാസികളുടെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തി തീരുമാനം പിന്‍വലിപ്പിച്ചതും, എന്‍.ആര്‍.ഐകളുടെ സ്വത്ത് വില്‍പ്പനയിലെ നികുതി വിവേചനം അവസാനിപ്പിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നതും, കൊച്ചി-ന്യൂയോര്‍ക്ക് ഡയറക്ട് വിമാന സര്‍വീസിനായുള്ള ശ്രമങ്ങളും, ഒ.സി.ഐ സേവനങ്ങള്‍ കൂടുതല്‍ സൗഹൃദപരമാക്കാനുള്ള ഇടപെടലുകളും അതില്‍ പ്രധാനമാണ്.
ഇന്ത്യയുടെ വൈസ് പ്രസിഡന്റ് സി.പി രാധാകൃഷ്ണനുമായും കേരള സര്‍ക്കാരുമായും അമേരിക്കയിലെ വിവിധ ഭരണസംവിധാനങ്ങളുമായും സ്ഥാപിച്ച ഊഷ്മള ബന്ധങ്ങള്‍ പ്രവാസി മലയാളികളുടെ പ്രശ്‌നപരിഹാരത്തിന് കൂടുതല്‍ കരുത്തേകുന്നുവെന്നാണ് സംഘടനാ നേതൃത്വം ചൂണ്ടിക്കാട്ടുന്നത്.
ചരിത്രത്തിലേക്ക് മറ്റൊരു അധ്യായം ചേര്‍ക്കാനാണ് ഫൊക്കാനയുടെ ഈ യാത്ര. സംഘടനയുടെ പഴയ മഹത്വം വീണ്ടെടുത്ത് അതിനെ കൂടുതല്‍ ജനകീയവും വിശ്വസനീയവും സേവനോന്മുഖവുമായ ആഗോള മലയാളി കുടുംബമായി മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളുടെ ഉജ്ജ്വല പ്രകടനമാകും 21-ാമത് ഫൊക്കാന അന്താരാഷ്ട്ര കണ്‍വെന്‍ഷന്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് എത്തുന്ന ആയിരക്കണക്കിന് മലയാളികളുടെ സാന്നിധ്യത്തില്‍, സംഘടനയുടെ ചരിത്രവും കേരളത്തിന്റെ സംസ്‌കാരവും പ്രവാസി സമൂഹത്തിന്റെ സ്വപ്നങ്ങളും ഒരേ വേദിയില്‍ സംഗമിക്കുന്ന മഹോത്സവമായി ഈ കണ്‍വന്‍ഷന്‍ മാറുമെന്ന് ഉറപ്പോടെ പറയുകയാണ് സജിമോന്‍ ആന്റണിയും ടീമും.
- Report എ.എസ് ശ്രീകുമാര്‍






Leave a comment