ശ്രീനഗർ: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ ഒരു ഇഷ്ടികച്ചൂളയിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിൽ നിന്നുള്ള രണ്ട് തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു ആക്രമണം. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ പുലർച്ചെയുമാണ് മരിച്ചത്.
കുൽഗാമിലെ കെല്ലം പ്രദേശത്തെ ഇഷ്ടികച്ചൂളയിൽ ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾക്കുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘ഇന്ത്യാ ടുഡേ’ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന് ശേഷം ഭീകരർ രക്ഷപെടുകയും ചെയ്തു.
ഛത്തീസ്ഗഢ് സ്വദേശികളായ ദീപക്, ഭൂപീന്ദർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ട ദീപക്കിന്റെ മൃതദേഹം പിന്നീട് നടപടികൾക്കായി മാറ്റി. ഗുരുതരമായി പരിക്കേറ്റ ഭൂപീന്ദറിനെ ആദ്യം പ്രദേശത്തെ ആശുപത്രിയിലും പിന്നീട് അനന്ത്നാഗിലെ ഗവൺമെന്റ് മെഡിക്കൽ കോളേജിലേക്കും (ജി.എം.സി.) മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ആക്രമണവിവരമറിഞ്ഞ് സുരക്ഷാസേന ഉടൻതന്നെ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തു. അനന്ത്നാഗ് നഗരത്തിൽ ഭീകരർ ഒരു പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചുകൊന്ന് പത്തു ദിവസത്തിനകമാണ് ആക്രമണം.
വെടിയുതിര്‍ക്കുന്നതിന് മുന്‍പ് ആക്രമികള്‍ ദീപക്കിനോട് അദ്ദേഹത്തിന്റെ മതം ചോദിച്ചിരുന്നതായി ദീപക്കിന്റെ കുടുംബം ആരോപിച്ചു. ‘അവന്‍ എവിടെ നിന്നുള്ളയാളാണെന്നും അവന്റെ മതം ഏതാണെന്നും അവര്‍ ചോദിച്ചു. ‘ഹിന്ദു’ എന്ന് പറഞ്ഞതിന് ശേഷമാണ് അവന് നേരെ വെടിയുതിര്‍ത്തത്,’ ദീപക്കിന്റെ സഹോദരന്‍ മനോജ് പറഞ്ഞു.
മെച്ചപ്പെട്ട കൂലി പ്രതീക്ഷിച്ച് ഏഴെട്ട് മാസങ്ങള്‍ക്ക് മുമ്പാണ് ദീപക് ഭാര്യയോടൊപ്പം കശ്മീരിലേക്ക് തിരിക്കുന്നത്. പ്രായമായ അമ്മയും, ഭിന്നശേഷിക്കാരനായ സഹോദരനും, ഭാര്യയും, പിഞ്ചുകുഞ്ഞും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ദീപക്. ദീപക്കിന്റെ പിതാവ് മുന്‍പേ മരണപ്പെട്ടിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്ക് മെച്ചപ്പെട്ട ഒരു ഭാവി ഉറപ്പാക്കാം എന്ന പ്രതീക്ഷയിലാണ് ദീപക് വീട് വിട്ടിറങ്ങിയതെന്നും, എന്നാല്‍ ഭീകരവാദത്തിന്റെ ഏറ്റവും പുതിയ ഇരയായി അവന്‍ മാറുകയാണ് ചെയ്തതെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു. കുടുംബത്തിന് നിലവില്‍ യാതൊരു വരുമാന മാര്‍ഗ്ഗവുമില്ലാത്തതിനാല്‍, സര്‍ക്കാരില്‍ നിന്ന് സാമ്പത്തിക സഹായവും അര്‍ഹമായ നഷ്ടപരിഹാരവും ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തങ്ങളുടെ നാല് വയസ്സുള്ള മകനെ മുത്തശ്ശിയെയും ഇളയ സഹോദരിയെയും ഏല്‍പ്പിച്ച്, ഭാര്യയോടൊപ്പം ജോലി ആവശ്യത്തിനായാണ് മൂന്ന് മാസം മുന്‍പ് ഭൂപേന്ദ്ര കശ്മീരിലേക്ക് പോയത്. അദ്ദേഹത്തിന്റെ മാതാപിതാക്കളും സഹോദരനും ഹിമാചല്‍ പ്രദേശില്‍ ജോലി ചെയ്തു വരികയായിരുന്നു.
സംഭവത്തെ ശക്തമായി അപലപിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ്, കൊല്ലപ്പെട്ട രണ്ട് തൊഴിലാളികളുടെയും കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ആക്രമണം ഭീരുത്വം നിറഞ്ഞതും ദേശീയ ഐക്യത്തിന് നേരെയുള്ള കടന്നുകയറ്റവുമാണെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ചു. ഇരുവരുടെയും മൃതദേഹങ്ങള്‍ സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിക്കുന്നതിനായി ജില്ലാ ഭരണകൂടം ജമ്മു കശ്മീരിലെ അധികൃതരുമായി ഏകോപനം നടത്തിവരികയാണ്.
പഹല്‍ഗാമിന് സമാനമായ ആക്രമണശൈലി
കഴിഞ്ഞ ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ വിനോദസഞ്ചാരികളുടെ മതം ചോദിച്ച ശേഷം ഭീകരര്‍ വെടിയുതിര്‍ത്തതായി അന്ന് രക്ഷപ്പെട്ടവര്‍ വെളിപ്പെടുത്തിയിരുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മില്‍ നിലവില്‍ ബന്ധമൊന്നും സുരക്ഷാ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമാന രീതിയിലുള്ള ആരോപണം വീണ്ടും ഉയരുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അനന്ത്‌നാഗില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനെ ഭീകരര്‍ വെടിവെച്ചുകൊന്ന് 10 ദിവസത്തിനുള്ളിലാണ് കുല്‍ഗാം ആക്രമണം ഉണ്ടാകുന്നത്. ജമ്മു കശ്മീരില്‍ പ്രാദേശികരല്ലാത്ത തൊഴിലാളികളെ ലക്ഷ്യമിട്ട് നടക്കുന്ന ആക്രമണ പരമ്പരകളില്‍ ഏറ്റവും അവസാനത്തേതു കൂടിയാണിത്.
2024 ഫെബ്രുവരിയില്‍ ശ്രീനഗറിലുണ്ടായ സമാനമായ ഭീകരാക്രമണത്തില്‍ പഞ്ചാബില്‍ നിന്നുള്ള രണ്ട് തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു.






Leave a comment