ആനുകാലികംകേരള വാർത്ത

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികൾക്ക് വിലക്ക്; ഉത്തരവിറക്കി ഹൈക്കോടതി

കൊച്ചി : തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ പാർട്ടികളുടെ യോഗങ്ങളും പ്രതിഷേധങ്ങളും പൂർണമായി നിരോധിച്ച് കേരള ഹൈക്കോടതി ഉത്തരവ്. ക്ഷേത്ര മൈതാനത്തിന്റെ പവിത്രത കാത്തുസൂക്ഷിക്കണമെന്നും, മുൻകാല ഉത്തരവുകൾ ലംഘിച്ച് ഇവിടെ രാഷ്ട്രീയ യോഗങ്ങളും നൃത്ത, സംഗീത പരിപാടികളും നടത്തുന്നുവെന്നും കാണിച്ച് തൃശൂർ സ്വദേശി സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാമ്പത്തിക പ്രതിസന്ധിയും ഭക്തരുടെ വികാരങ്ങളും സമന്വയിപ്പിച്ചുകൊണ്ട് ഒരു സന്തുലിത സമീപനമാണ് തങ്ങൾ ഇക്കാര്യത്തിൽ സ്വീകരിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. മൈതാനം മുഴുവനായി വെറുതെ ഇടുന്നത് ബോർഡിന്റെ വരുമാനത്തെ ബാധിക്കുമെന്ന വാദം കോടതി അംഗീകരിച്ചു. വരുമാനം വർധിപ്പിക്കാനുള്ള ബോർഡിന്റെ ന്യായമായ അഭ്യർഥന പൂർണമായി തള്ളിക്കളയാനാവില്ലെന്നും വിലയിരുത്തി. കർശന നിബന്ധനകൾക്ക് വിധേയമായി മതപരമല്ലാത്ത ചില ആവശ്യങ്ങൾക്ക് മൈതാനം താൽക്കാലികമായി വിട്ടുനൽകാൻ ബോർഡിന് കോടതി അനുമതി നൽകിയിട്ടുണ്ട്.

രാഷ്ട്രീയ പാർട്ടികളുടെ യാതൊരുവിധ പ്രതിഷേധങ്ങൾക്കോ കൂട്ടായ്മകൾക്കോ മൈതാനം ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ക്ഷേത്രാരാധനകളിൽ രാഷ്ട്രീയത്തിന് യാതൊരു പങ്കുമില്ലെന്ന് മുൻകാല വിധിന്യായങ്ങൾ ചൂണ്ടിക്കാട്ടി ഓർമിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതു പരിപാടികൾക്കും അതിനോടനുബന്ധിച്ചുള്ള വാഹന പാർക്കിങ്ങിനുമായി മൈതാനം നൽകരുതെന്നും വിധിയിലുണ്ട്. മുൻകൂർ അനുമതിയില്ലാതെ ക്ഷേത്ര മൈതാനത്ത് സ്ഥിരമോ താൽക്കാലികമോ ആയ നിർമാണ പ്രവർത്തനങ്ങളോ സൗന്ദര്യവൽക്കരണ പദ്ധതികളോ നടത്താൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്രങ്ങളുടെ പവിത്രതയും ഭക്തരുടെ താൽപര്യങ്ങളും സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കി സാംസ്‌കാരിക പരിപാടികൾക്ക് അനുമതി നൽകാൻ ദേവസ്വം ബോർഡിന് അധികാരമുണ്ടായിരിക്കും. ദേവസ്വം വകുപ്പുമായി ബന്ധപ്പെട്ട പരിപാടികൾക്കും മറ്റ് ദേവസ്വം ബോർഡുകളുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ പരിപാടികൾക്കും ലൈസൻസ് ഫീയോ വാടകയോ ഈടാക്കാതെ ബോർഡിന് അനുമതി നൽകാം. കോടതി അനുമതി നിഷേധിച്ച രാഷ്ട്രീയ യോഗങ്ങൾ പോലുള്ളവ ഒഴികെയുള്ള നിശ്ചിത പരിപാടികൾക്ക് ന്യായമായ വാടക ഈടാക്കി കർശന വ്യവസ്ഥകളോടെ അനുമതി നൽകാൻ ബോർഡിന് ഇനി മുതൽ കോടതിയെ സമീപിക്കേണ്ടതില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

മൈതാനം വിവിധ പരിപാടികൾക്കായി വിട്ടുനൽകുമ്പോൾ ബോർഡും സംഘാടകരും തമ്മിൽ ഒപ്പുവെക്കുന്ന ലൈസൻസ് അല്ലെങ്കിൽ വാടക കരാറിൽ കർശനമായ നിബന്ധനകൾ ഉൾപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. ക്ഷേത്രവളപ്പിൽ മാലിന്യങ്ങൾ തള്ളുന്നതും കുന്നുകൂട്ടുന്നതും സസ്യാഹാരേതര ഭക്ഷണങ്ങളുടെ വിൽപനയും ഉപഭോഗവും പൂർണമായും നിരോധിക്കണം. മാലിന്യം നിക്ഷേപിക്കുന്നത് ആവശ്യമായ സംവിധാനങ്ങൾ സ്ഥാപിക്കുകയും പരിപാടി കഴിഞ്ഞയുടൻ പ്രദേശം പൂർവസ്ഥിതിയിലാക്കുകയും ചെയ്യേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണ്.

ജല, മണ്ണ് മലിനീകരണവും സസ്യങ്ങൾക്കോ ക്ഷേത്ര സ്വത്തുക്കൾക്കോ ഉള്ള നാശനഷ്ടങ്ങളും തടയേണ്ടതുണ്ട്. പ്ലാസ്റ്റിക്, ഫ്‌ലെക്‌സ് ബോർഡുകൾ, ബയോഡീഗ്രേഡബിൾ അല്ലാത്ത മറ്റ് വസ്തുക്കൾ എന്നിവയുടെ ഉപയോഗവും പൂർണമായി നിരോധിച്ചു. ഉച്ചഭാഷിണികളോ ആംപ്ലിഫയറുകളോ ശബ്ദമലിനീകരണം ഉണ്ടാക്കാത്ത രീതിയിലും അനുവദനീയമായ ഡെസിബെൽ പരിധികൾ പാലിച്ചും മാത്രമേ ഉപയോഗിക്കാവൂ.

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...