അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

ബഹിരാകാശത്ത് ഒറ്റപ്പാലത്തിന്റെ കൈയൊപ്പ്; മലയാളികൾക്ക് അഭിമാനമായി അനിൽ മേനോൻ

ഒറ്റപ്പാലത്ത് വേരുകളുള്ള നാസ ശാസ്ത്രജ്ഞൻ ഡോ.അനിൽ മേനോൻ അടക്കം മൂന്ന് സഞ്ചാരികളുമായി കസാഖ്സ്താനിൽനിന്ന് സോയൂസ് 2.1എ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു മലയാളി ബഹിരാകാശത്ത് എത്തുന്നുവെന്ന ചരിത്രനേട്ടം കുറിക്കുന്ന ദൗത്യത്തിനാണ് ഇതോടെ തുടക്കമായത്.

സോയൂസ് എം.എസ്.-29 പേടകത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ.എസ്.എസ്.) യാത്ര. കസാഖ്സ്താനിലെ ബൈക്കനൂരിലുള്ള റഷ്യൻ ബഹിരാകാശ നിലയത്തിൽനിന്ന് ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17-ന് സോയൂസ് 2.1എ റോക്കറ്റ് വിക്ഷേപിച്ചു. പ്രേ്യാത്ര് ദുബ്രോവ്, അന്ന കികിന എന്നീ റഷ്യൻ സഞ്ചാരികളും അനിൽ മോനേനൊപ്പമുണ്ട്. ഇവർ എട്ടുമാസം ബഹിരാകാശത്തു ചെലവിടും.

മൂന്നുമണിക്കൂർ ദൈർഘ്യമുള്ളതാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള യാത്ര. അതിനിടെ ഭൂമിയെ രണ്ടുതവണ വലംവെക്കും. തുടർന്ന് ഇന്ത്യൻസമയം രാത്രി 11.26-ന് ഐ.എസ്.എസുമായി ഡോക്ക് ചെയ്യും. ഐ.എസ്.എസിലെ റഷ്യൻ നിർമിത പ്രിചാൽ മോഡ്യൂളാണ് ഡോക്കിങ് പോർട്ട്. ഹാച്ച് ഓപ്പണിങ് (ഐ.എസ്.എസിലേക്കുള്ള വാതിൽതുറക്കൽ) ബുധനാഴ്ച രാത്രി 1.25-നാണ്. 2027 മാർച്ചിൽ സോയൂസ് എം.എസ്.-29 പേടകത്തിൽത്തന്നെ സംഘം മടങ്ങും. കസാഖ്സ്താനിലെ സ്റ്റെപി മേഖലയിൽ ആവും തിരിച്ചിറങ്ങുക.

മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിൽ ഏറ്റവും സുരക്ഷിതവും വിശ്വസനീയവുമായ സംവിധാനങ്ങളിലൊന്നായാണ് സോയൂസ് ബഹിരാകാശ പേടകങ്ങൾ കണക്കാക്കപ്പെടുന്നത്. 1960-കളിൽ ആരംഭിച്ച സോയൂസ് ബഹിരാകാശ പേടകപരമ്പര തുടർച്ചയായി നവീകരിക്കാറുണ്ട്.

എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറും യു.എസ്. ബഹിരാകാശ സേനയിൽ കേണൽ പദവിയിലുള്ള ഉദ്യോഗസ്ഥനുമാണ് 49-കാരനായ അനിൽ. പാതിമലയാളിയായ അദ്ദേഹം അമേരിക്കയിലെ മിനിയാപോളിസിലാണ് ജനിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശിയാണ് അച്ഛൻ ശങ്കരൻമേനോൻ. യുക്രൈൻകാരി എലിസബത്ത് സമോയിലെങ്കോയാണ് അമ്മ. സ്‌പെയ്‌സ് എക്സ് ജീവനക്കാരിയായ ഭാര്യ അന്നാ മേനോനും ബഹിരാകാശത്തുപോയിട്ടുണ്ട്. ജെയിംസ്, ഗ്രേസ് എന്നിവരാണ് മക്കൾ.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്നതോടെ അനിൽ മേനോൻ ഉൾപ്പെടുന്ന മൂവർസംഘം നിലവിൽ അവിടെയുള്ള ഏഴ് സഞ്ചാരികൾക്കൊപ്പെം ചേരും. നാസയുടെ ജെസ്സിക്ക മീർ, ജാക്ക് ഹാതവേ, ക്രിസ് വില്യംസ്, യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സോഫി അഡെനോട്ട്, റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്മോസിന്റെ സെർജി കുഡ്-സ്വേർച്കോവ്, സെർജി മികയേവ്, ആൻഡ്രി ഫെദ്യായേവ് എന്നിവരാണ് നിലവിൽ ബഹിരാകാശ നിലയത്തിലുള്ളത്.

അനിൽ മേനോന്റെ ആദ്യ ബഹിരാകാശ യാത്രയാണിത്. 2021 ഡിസംബറിൽ ബഹിരാകാശ ദൗത്യത്തിനായി നാസ തിരഞ്ഞെടുത്ത അദ്ദേഹം ഏജൻസിയുടെ ഗ്രൂപ്പ് 23-ൽപ്പെട്ടയാളാണ്. അദ്ദേഹത്തിന്റെ ഭാര്യ അന്ന മേനോൻ അടുത്ത ബഹിരാകാശ ദൗത്യത്തിനുള്ള ഗ്രൂപ്പ് 24-ലേക്ക് 2025 സെപ്റ്റംബറിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അന്ന മേനോൻ മുൻപും ബഹിരാകാശ നടത്തിയിട്ടുണ്ട്. എന്നാൽ നാസയുടെ ഭാഗമായല്ല, സ്പേസ്എക്സിൽ ജീവനക്കാരിയായിരിക്കെ 2024 സെപ്റ്റംബറിൽ ആയിരുന്നു ആ യാത്ര. ഭൂമിയുടെ ഭ്രമണപഥത്തിലേക്കുള്ള സ്പേസ്എക്സിന്റെ പോളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായിരുന്നു അവർ. നിലവിലെ നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസക്മാൻ ഫണ്ട് ചെയ്തതും കമാൻഡ് ചെയ്തതുമായ അഞ്ച് ദിവസത്തെ ദൗത്യമായിരുന്നു അത്. അനിൽ മേനോനും മുമ്പ് സ്പേസ്എക്സിൽ ജോലി ചെയ്തിട്ടുണ്ട്. അദ്ദേഹം കമ്പനിയുടെ ആദ്യത്തെ ഫ്ളൈറ്റ് സർജൻ ആയിരുന്നു.

അനിൽ മേനോനൊപ്പമുള്ള ദുബ്രോവിനും കികിനയ്ക്കും MS-29 ദൗത്യം അവരുടെ രണ്ടാമത്തെ ബഹിരാകാശ യാത്രയാണ്. ദുബ്രോവ് 2021 ഏപ്രിലിനും 2022 മാർച്ചിനും ഇടയിൽ ISS ൽ താമസിച്ചിരുന്നു. കികിന 2022 ഒക്ടോബർ മുതൽ 2023 മാർച്ച് വരെ അഞ്ച് മാസത്തോളം ബഹിരാകാശ നിലയത്തിൽ ചെലവഴിച്ചു.

റ്റപ്പാലംകാർ അഭിമാനത്തോടെ പറയുന്ന കുറച്ചുപേരുകളുണ്ട്. ലോകത്തെവിടെപ്പോയാലും അവർക്ക് കരുത്താവുന്ന ചിലർ. ബ്രിട്ടീഷ് ഇന്ത്യയിലെ ഇന്ത്യക്കാരനായ ആദ്യ അഡ്വക്കേറ്റ് ജനറൽ ചേറ്റൂർ ശങ്കരൻനായർ, സ്വതന്ത്ര ഇന്ത്യയുടെ ആദ്യ വിദേശകാര്യ സെക്രട്ടറി കെ.പി.എസ്. മേനോൻ, നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സർദാർ വല്ലഭ്ഭായ് പട്ടേലിനൊപ്പം പ്രവർത്തിച്ച വി.പി. മേനോൻ തുടങ്ങിയവർ. ആ പട്ടികയിലേക്ക് മഹത്തായൊരു കൂട്ടിച്ചേർക്കൽകൂടി- അനിൽമേനോൻ.

ചൊവ്വാഴ്ച സോയൂസ് എം.എസ്.-29 ‌പേടകം ബഹിരാകാശത്തെത്തുമ്പോൾ ഒറ്റപ്പാലത്തുകാർ അഭിമാനത്തോടെ പറയും: “ദാ അങ്ങ് ബഹിരാകാശത്തുമുണ്ട് ഞങ്ങൾക്കൊരാൾ.’’ നാടിന് അഭിമാനത്തിന്റെ പൊൻതൂവൽ ചാർത്തുന്ന ആ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ് നാട്ടുകാരൊന്നടങ്കം. ചേറ്റൂർ ശങ്കരൻനായരുടെ ചെറുമകളുടെ ചെറുമകനാണ് അനിൽമേനോൻ. ചേറ്റൂരിന്റെ മൂന്നാമത്തെ മകളാണ് കിഴക്കേപ്പാട്ട് പാലാട്ട് മാധവി അമ്മ. മാധവൻ അറത്തിൽ കാൻഡത്തിന്റെയും (എം.എ. കാൻഡത്ത്) മാധവി അമ്മയുടെയും രണ്ടാമത്തെ മകളാണ് കല്യാണിക്കുട്ടി അമ്മ. മങ്ങാട്ട് ഗോപാൽ മേനോന്റെയും കല്യാണിക്കുട്ടിഅമ്മയുടേയും മകനാണ് അനിൽ മേനോന്റെ അച്ഛൻ കിഴക്കേപ്പാട്ട് പാലാട്ട് ശങ്കരൻ മേനോൻ. ഗോവ വിമോചനയുദ്ധത്തിൽ നിർണായകപങ്കുവഹിച്ച ലെഫ്റ്റനന്റ് ജനറൽ കെ.പി. കാൻഡത്ത് അനിൽമേനോന്റെ അച്ഛമ്മ കല്യാണിക്കുട്ടിഅമ്മയുടെ സഹോദരനാണ്.

1915-ൽ വൈസ്രോയിയുടെ കൗൺസിൽ അംഗമായിരുന്നു ചേറ്റൂർ ശങ്കരൻ നായർ. അങ്ങനെ അംഗമാകുന്ന ഇന്ത്യയിലെ മൂന്നാമത്തെയാൾ. 1919-ൽ ജലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നതോടെ പ്രതിഷേധിച്ച് സ്ഥാനമാനങ്ങളെല്ലാം വലിച്ചെറിഞ്ഞു. ബ്രിട്ടീഷുകാരെ അദ്ദേഹം പലവട്ടം ചോദ്യംചെയ്തു. പാലക്കാട് മങ്കരയിൽ 1857 ജൂലായ് 11-നാണ് ജനനം. മദ്രാസിൽവെച്ച് ബിരുദം നേടി. അവിടെനിന്ന് ലോ കോളേജിലേക്ക്. 1893-ൽ മദ്രാസ് നിയമനിർമാണസഭയിൽ അംഗമായി.

ആദ്യമായി ഒരു സ്വകാര്യബിൽ നിയമനിർമാണസഭയിൽ അവതരിപ്പിച്ചത് ശങ്കരൻനായരാണ്. 1897-ൽ അമരാവതിയിൽ നടന്ന സമ്മേളനത്തിൽ അഖിലേന്ത്യാ കോൺഗ്രസ് അധ്യക്ഷനായി. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനായ ഏക മലയാളിയാണ് ശങ്കരൻ നായർ.

1919-ൽ വൈസ്രോയി കൗൺസിൽ അംഗത്വം രാജിവെച്ച് മദ്രാസിലെത്തിയപ്പോൾ ആർപ്പുവിളിയും ആരവവുമായാണ് ചേറ്റൂരിനെ ജനങ്ങൾ സ്വീകരിച്ചതെന്ന് കെ.പി.എസ്. മേനോൻ തന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. മങ്കരയിൽത്തന്നെയാണ് അദ്ദേഹം അന്ത്യവിശ്രമം കൊള്ളുന്നതും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...