ആനുകാലികംപ്രധാന വാർത്തശാസ്ത്രീയം

യുവതലമുറയിലെ നിശബ്ദ ഹൃദയാഘാതം: ഡോക്ടറുടെ മുന്നറിയിപ്പ്; 50% ബ്ലോക്ക് ഉള്ളപ്പോഴും ലക്ഷണങ്ങളുണ്ടാകില്ല

യുവാക്കൾക്കിടയിൽ ഹൃദ്രോഗങ്ങളും ഹൃദയാഘാതവുമൊക്കെ വർധിച്ചുവരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വർക്കൗട്ട് ചെയ്യുന്നതിനിടയിലും ജിമ്മിലും ക്രിക്കറ്റ് മൈതാനത്തിലുമൊക്കെ കുഴഞ്ഞുവീണ് മരിക്കുന്നവരേക്കുറിച്ചുള്ള റിപ്പോർട്ടുകളും ദിനംപ്രതി പുറത്തുവരുന്നുണ്ട്. ഹൃദയാഘാതം എന്നത് പൊടുന്നനെയുണ്ടാകുന്ന ഒന്നല്ലെന്നും നിശബ്ദമായി ഉണ്ടാകുന്നതാണെന്നും പറയുകയാണ് കാർഡിയാക് സർജനായ ഡോ. ദേവി ഷെട്ടി. എഎൻഐയോട് സംസാരിക്കവേയാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കിയത്.

കൊറോണറി ആർട്ടറിയിൽ ബ്ലോക്ക് ഉള്ള രോഗികളിൽ അമ്പതുശതമാനത്തിനും കാര്യമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ലെന്ന് അദ്ദേഹം പറയുന്നു. അമ്പതുശതമാനംപേരിൽ മുൻപ് നെഞ്ചുവേദനയോ ലക്ഷണങ്ങളോ ഇല്ലാതെ ഹൃദയാഘാതം ഉണ്ടാകുന്നുണ്ട്. നെഞ്ചുവേദനയോ, ശ്വാസതടസ്സമോ ഇല്ലാതിരിക്കുകയും ജോലിചെയ്യാനും വ്യായാമം ചെയ്യാനും യാത്രചെയ്യാനുമൊക്കെ കഴിയുകയും ചെയ്യുമ്പോൾ പലരും തങ്ങളുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് കരുതും.

ഹൃദ്രോഗത്തിന് എല്ലായ്പ്പോഴും കൃത്യമായ ലക്ഷണങ്ങൾ ഉണ്ടാകില്ലെന്നും ഡോ. ദേവി ഷെട്ടി പറഞ്ഞു. ഹൃദയ ധമനികളിൽ കടുത്ത ബ്ലോക്ക് ഉള്ളവരിലും ലക്ഷണങ്ങളൊന്നും അനുഭവപ്പെടണമെന്നില്ല. ഗുരുതരമായ ഹൃദ്രോഗം ഉള്ളപ്പോഴും അതറിഞ്ഞിരിക്കണമെന്നില്ല. – ഡോ. ദേവി ഷെട്ടി പറയുന്നു.

ഡയബറ്റിസ് ബാധിതർ ഏറെയുള്ള രാജ്യമാണെന്നതും ഇന്ത്യയെ ഹൃദ്രോഗത്തിനുള്ള അപകടസാധ്യത കൂട്ടുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. പ്രമേഹരോഗികളിൽ നെഞ്ചുവേദന പലപ്പോഴും ഉണ്ടായിരിക്കണമെന്നില്ല. അതിനുപകരം കടുത്ത ക്ഷീണം, വിയർപ്പ്. നേരിയ അസ്വസ്ഥത, ഓക്കാനം, ചെറിയ ശ്വാസതടസ്സം തുടങ്ങിയവ മാത്രമാകാം അനുഭവപ്പെടുക. ഇവയെല്ലാം വളരെ സാധാരണമായി അനുഭവപ്പെടുന്ന ലക്ഷണങ്ങൾ ആയതിനാൽ പലരും കാര്യമാക്കാറില്ലെന്നും അദ്ദേഹം പറയുന്നുണ്ട്.

രക്തപരിശോധന, ഇലക്ട്രോകാർഡിയോഗ്രാം, എക്കോകാർഡിയോഗ്രാം, കാർഡിയാത് സിടി സ്കാൻ തുടങ്ങിയവ കൃത്യമായി പരിശോധിക്കുന്നതിലൂടെ പല ഹൃദയാഘാതങ്ങളും വരുന്നതിനുമുമ്പേ പ്രതിരോധിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

ജിമ്മിൽ പോകുന്നുണ്ടെന്നോ, സ്ഥിരമായി വ്യായാമം ചെയ്യുന്നുണ്ടോ എന്നുകരുതി ആരോഗ്യവാനാണെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നുണ്ട്. കടുത്ത വ്യായാമങ്ങളിലും കായിക വിനോദങ്ങളിലും ഏർപ്പെടുംമുമ്പ് വിദഗ്ധ ശരീരപരിശോധന നടത്തുകയും തിരിച്ചറിയപ്പെടാതെ പോകുന്ന രോഗങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യണമെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ശ്രദ്ധിക്കേണ്ട പ്രാരംഭ ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?

ഹൃദ്രോഗം പോലെ ജീവിതശൈലി പ്രശ്നങ്ങൾ കൊണ്ടുണ്ടാകുന്ന മിക്ക രോഗങ്ങളും സാവധാനത്തിൽ ഗുരുതരമായിത്തീരുകയാണ് ചെയ്യുന്നത്. ഹൃദയധമനികളിൽ കൊഴുപ്പ് സാവധാനം അടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്ന സ്ഥിതിയിലേക്ക് എത്തിച്ചേരുവാൻ പത്തോ ഇരുപതോ ചിലപ്പോൾ അതിലധികമോ വർഷങ്ങൾതന്നെ എടുത്തേക്കാം. ചിലപ്പോൾ 20 അല്ലെങ്കിൽ 25 വയസ്സിൽ ആയിരിക്കും രോഗാവസ്ഥയുടെ തുടക്കം ശരീരത്തിൽ കണ്ടു തുടങ്ങുന്നത്. പക്ഷേ, ഈ സമയത്ത് ഇത് യാതൊരു തരത്തിലുള്ള രോഗലക്ഷണങ്ങളും സാധാരണയായി കാണിക്കാറില്ല.

പ്രാഥമിക പരിശോധനയിൽനിന്ന് ഹൃദ്രോഗ സാധ്യതകൾ തിരിച്ചറിയാൻ പോലും യഥാർഥത്തിൽ കഴിയുകയില്ല. ഏതാനും വർഷങ്ങൾ കഴിയുമ്പോഴേക്കും ചില ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുന്നു. ഈ ലക്ഷണങ്ങളെയും ചിലപ്പോൾ തിരിച്ചറിയാൻ സാധിക്കാതെ വരാറുണ്ട്. ക്ലാസിക്കൽ ആയ ഹൃദ്രോഗ ലക്ഷണങ്ങൾ (Typical Symptoms) ആരംഭിക്കുമ്പോൾ മാത്രമാണ് അതൊരു ഹൃദ്രോഗ സൂചനയായി പലപ്പോഴും നാം തിരിച്ചറിയുന്നത്. നടക്കുമ്പോൾ ശക്തമായ കിതപ്പ്, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോൾ അനുഭവപ്പെടുന്ന നെഞ്ചുവേദന എന്നിവ സാധാരണയായി ഹൃദ്രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങളായി കരുതപ്പെടുന്നു.

എന്നാൽ, ഇതിനു മുമ്പേ ഹൃദ്രോഗസാധ്യത സംശയിക്കേണ്ട ചില സൂചനകൾ തിരിച്ചറിയപ്പെടേണ്ടതുണ്ട്. അമിതമായ ക്ഷീണം, ജോലി ചെയ്യുമ്പോഴോ ഭാരം എടുക്കുമ്പോഴോ ഇടതുകൈയിൽ ഉണ്ടാകുന്ന കടച്ചിൽ, അമിതമായ വിയർപ്പ്, കഴുത്ത് പിടിച്ചുമുറുക്കുന്നത് പോലെയുള്ള വേദന, അധ്വാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന കണ്ണിൽ ഇരുട്ടുമൂടൽ അല്ലെങ്കിൽ ബോധക്കേട് എന്നിവ ഹൃദ്രോഗത്തിന്റെ വിദൂര സൂചനകളായി മനസ്സിലാക്കേണ്ടതുണ്ട്. ഭാരപ്പെട്ട ജോലികൾ ചെയ്യുമ്പോൾ നെഞ്ചിൽ പതിവായി അസ്വസ്ഥത ഉണ്ടാകുകയും വിശ്രമിക്കുമ്പോൾ വേദനയ്ക്ക് ആശ്വാസം ലഭിക്കുകയും ചെയ്യുന്നവർ തീർച്ചയായും വൈദ്യോപദേശം തേടേണ്ടതാണ്. നെഞ്ചരിച്ചിൽ പ്രശ്നങ്ങളായോ ഗ്യാസിന്റെ ബുദ്ധിമുട്ടായോ അവയെ അവഗണിക്കരുത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അന്താരാഷ്ട്ര വാർത്തആനുകാലികംകായികംപ്രധാന വാർത്ത

രണ്ടാം ടി 20: വിജയം 90 റണ്‍സിന്; ജയത്തോടെ ഇന്ത്യക്ക് പരമ്പരയും

ഹരാരെ: തുടര്‍ച്ചയായ രണ്ടാം ടി 20 യിലും ആതിഥേയരായ സിംബാബ് വെയെ വീഴ്ത്തി പരമ്പര സ്വന്തമാക്കി...

ആനുകാലികംപ്രധാന വാർത്ത

നീറ്റ് വിവാദം: എൻടിഎയിൽ വൻ അഴിച്ചുപണി; 47 ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു, അച്ചടക്ക നടപടി

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നാഷണൽ ടെസ്റ്റിങ് ഏജൻസിയിൽ (എൻടിഎ) അഴിച്ചുപണി നടത്തി കേന്ദ്ര സർക്കാർ....

ആനുകാലികംപ്രധാന വാർത്ത

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ശക്തമായ നടപടിയെന്ന് മോദി; മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വച്ചേ മതിയാകൂവെന്ന് കോക്രോച് പാർട്ടി; പ്രതിഷേധം തുടരുന്നു

ന്യൂഡൽഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് വേഗത്തിലും കർശനവുമായ ശിക്ഷ ഉറപ്പാക്കുന്നതിനായി അതിവേഗ കോടതികൾ സ്ഥാപിക്കാൻ...