ഒരുനിമിഷത്തെ മോശം തീരുമാനം ഒരു സാധാരണക്കാരനെ, ഔദ്യോഗിക ഭാഷയിൽ ‘ഒരു നോബഡി’യെ എവിടെവരെ കൊണ്ടെത്തിക്കും? അയാളും കുടുംബവും ഒരിക്കലും ആഗ്രഹിക്കാത്ത ഇടങ്ങളിലേക്കാവും അയാളെ കൂട്ടിക്കൊണ്ടുപോവുന്നതെന്നുറപ്പ്. മോശം സമയത്ത് ഒപ്പം നിൽക്കേണ്ട സമൂഹവും വ്യവസ്ഥിതിയും എതിരാവുക കൂടി ചെയ്താലോ? പിന്നെ അയാൾ നടത്തുന്നതെല്ലാം ഒറ്റയാൾ പോരാട്ടമാവും. ഒന്നിനുമല്ലാതെ കൂടെക്കൂടുന്നവരുമായി ചേർന്ന് അയാൾക്ക് ഒരു പോരാട്ടം നടത്തേണ്ടിയിരിക്കുന്നു, വിജയിക്കാനല്ല- സമാധാനപരമായ ജീവിതം തിരിച്ചുകിട്ടാൻ. അങ്ങനെയൊരു സാധാരണക്കാരനായ (എന്നാൽ അസാധാരണത്വമുള്ള) സർക്കാർ ഉദ്യോഗസ്ഥന്റെ യാത്രയാണ് ‘ഐ, നോബഡി’.
‘കെട്ടിയോളാണ് എന്റെ മാലാഖ’, ‘റോഷാക്ക്’ എന്നിവയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഐ, നോബഡി’. സമീർ അബ്ദുൾ രചന നിർവഹിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും നായികാ- നായകന്മാരാവുന്നു.
രാജീവൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥനായ രാജീവന്റെ ഭാര്യയായി പാർവതി എത്തുന്നു. ഇരുവരുടെയും ജീവിതത്തിലുണ്ടാവുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ചിത്രം പറയുന്നത്.
ഒരുനിമിഷത്തെ മോശം തീരുമാനം രാജീവിനെ അയാൾ ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യത്തിൽ എത്തിക്കുന്നു. ഒരു ക്രൈമിൽ സംശയമുനയിലാവുന്ന രാജീവന്റെ ജീവിതം പിന്നീട് ദുസ്സഹമാവുന്നു. വ്യവസ്ഥിതിയും സമൂഹവും ചേർന്ന് അയാളെ നിരന്തരം പിന്തുടരുന്നു. സമൂഹത്തിന്റെ വേട്ടയാടൽ അവസാനിക്കുമെന്ന പ്രതീക്ഷയിൽ രാജീവൻ ചില കടുംകൈകൾക്ക് മുതിരുന്നു. എന്നാൽ, അവിടെയും അയാളുടെ പദ്ധതികൾ പാളുന്നു. അങ്ങനെ രാജീവന്റെ പോരാട്ടമാണ് ചിത്രം പറയുന്നത്.
കഥയിലുണ്ടാവുന്ന വഴിത്തിരിവുകൾ പോലെ തന്നെയാണ് സിനിമയും. പല തവണ ചിത്രത്തിന്റെ ഴോണറുകൾ മാറി മറയുന്നു. ഹീസ്റ്റ് ത്രില്ലറായി തുടങ്ങുന്ന ചിത്രം ഇടയ്ക്ക് ഇമോഷണൽ ഡ്രാമയും സോഷ്യൽ ത്രില്ലറുമായി പല വഴി സഞ്ചരിക്കുന്നു.
രാജീവൻ എന്ന കഥാപാത്രമായി മികച്ച പ്രകടനമാണ് പൃഥ്വിരാജ് കാഴ്ചവെക്കുന്നത്. സാധാരണക്കാരനായ, എന്നാൽ അസാധാരണത്വമുള്ള ഒരു ദുരൂഹകഥാപാത്രമായി പൃഥ്വി അവസാനംവരെ തുടരുന്നു. സിനിമയിൽ ഉടനീളം പൃഥ്വി രാജീവനാണ്. ആക്ഷൻ രംഗങ്ങളിൽപ്പോലും അണുവിട അയാൾ കഥാപാത്രത്തിൽനിന്ന് മാറിപ്പോകുന്നില്ല. രാജീവന്റെ ഭാര്യയായ മീര എന്ന കഥാപാത്രമായി പാർവതിയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഥാപാത്രത്തിന്റെ വ്യക്തിത്വം അടിമുടി എടുത്തണിയുന്നതാണ് പാർവതിയുടെ പ്രകടനം. ഇരുവരുടെയും മക്കളായി അയ്‌റയും നക്ഷത്രയും എത്തുന്നു.
വിജയരാഘവൻ, അശോകൻ, ഹക്കീം ഷാജഹാൻ, സുധി കോപ്പ, ഖാലിദ് റഹ്‌മാൻ, സഞ്ജു ശിവറാം, നിശാന്ത് സാഗർ, ശങ്കർ രാമകൃഷ്ണൻ, മധുപാൽ, നന്ദു, ഇർഷാദ് അലി, ബീന ചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നു. പോലീസ് വേഷത്തിൽ ഹക്കീം ഷാജഹാൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കഥാപാത്രത്തിന്റെ ഭൂതകാലവും അതിന്റെ പ്രാധാന്യവും ഉൾക്കൊണ്ടുള്ള ഹക്കീമിന്റെ പ്രകടനം കൈയടി അർഹിക്കുന്നു. ജേക്കബ് എന്ന കഥാപാത്രമായി അശോകനും ഗംഭീരപ്രകടനം കാഴ്ചവെക്കുന്നു.
കഥ പറച്ചിൽ രീതിയുടെ പുതുമകൊണ്ട് പല കഥാപാത്രങ്ങൾക്കും ലഭിച്ച സമയം കുറവാണെന്നൊരു തോന്നൽ ഒരുപക്ഷേ, പ്രേക്ഷകനുണ്ടാകാം. എന്നാൽ, അതിനെ കാസ്റ്റിങ്ങും താരങ്ങളുടെ പ്രകടനവുംകൊണ്ട് മറികടക്കാൻ സംവിധായകന് സാധിക്കുന്നുണ്ട്. സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സമയത്തിന് അനുസൃതമായി ഒരുപക്ഷേ കാസ്റ്റിങ്ങിൽ വിട്ടുവീഴ്ച ചെയ്തിരുന്നെങ്കിൽ ചിത്രത്തിന്റെ തിയേറ്റർ അനുഭവം തന്നെ മാറിപ്പോയേനെ.
മേക്കിങ് ആണ് ‘ഐ, നോബഡി’യുടെ ശക്തി. ചേസിങ്, ആക്ഷൻ സീനുകളിൽ പ്രത്യേകിച്ച് സാങ്കേതിക തികവ് അതിന്റെ പാരമ്യത്തിലാണ്. സാമ്പ്രദായികമായിപ്പോവാമായിരുന്ന ഒരുപാട് ഇടങ്ങൾ സംവിധായകന്റെ വ്യത്യസ്തമായ ചിന്തകൊണ്ടും അതിന്റെ നിർവഹണംകൊണ്ട് ചിത്രത്തെ പലപടി മുകളിലേക്കുയർത്തുന്നു. പല സീനുകളിലും പ്രേക്ഷകൻ ശ്വാസമടക്കിപ്പിടിച്ച് ഇരുന്നുപോവും, പ്രത്യേകിച്ച് ആക്ഷൻ സീനുകളിൽ.
സൂക്ഷ്മമായ ചില ഡയലോഗുകളാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. അത് പലപ്പോഴും ചിത്രത്തിന് നൽകുന്ന ആഴം തീവ്രമാണ്. അവയെ പൂർണമാക്കുന്നത് കഥാപാത്രങ്ങളുടെ പ്രകടനമാണ്. പൃഥ്വിരാജും പാർവതിയും മുതൽ ബാലതാരങ്ങളായ അയ്‌റയും നക്ഷത്രയും പലയിടങ്ങളിലും ഡയലോഗ് ഡെലിവറിയിൽ പുലർത്തിയ കൈയടക്കം അസാമാന്യമാണ്.
‘ലബ്ബർ പന്ത്’, ‘മഹാരാജ’, ‘ലവ് ടുഡേ’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ദിനേഷ് പുരുഷോത്തമൻ ആണ് ‘ഐ, നോബഡി’ക്ക് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത്. ‘നേര്’ ഉൾപ്പെടയുള്ള ചിത്രങ്ങൾക്കുപിന്നിൽ പ്രവർത്തിച്ച റമീസ് എം.ബിയാണ് ചിത്രസംയോജകൻ. സംവിധായകനൊപ്പം ഇരുവരും ചേർന്നുള്ള ടീം വർക്കാണ് അക്ഷരാർഥത്തിൽ സിനിമയുടെ നിലനിൽപ്പ്. ജേക്‌സ് ബിജോയ്‌യുടെ സംഗീതമാണ് ചിത്രത്തെ പൂർണമാക്കുന്ന മറ്റൊരു ഘടകം. അടുത്തകാലത്തായി പാട്ടുകളിലും മറ്റും ആവർത്തിക്കപ്പെടുന്ന ജേക്‌സ് ബിജോയ്‌യെ അല്ല ‘ഐ, നോബഡി’യിൽ കാണുന്നത്.
യാനിക് ബെൻ, കലൈ കിങ്‌സൺ, അമിത് ജോളി ബാസ്റ്റിൻ എന്നിവരാണ് ചിത്രത്തിന്റെ സംഘട്ടന സംവിധാനം. അഞ്ചിലേറെ സംഘട്ടന രംഗങ്ങളും ഒട്ടേറെ ചേസിങ് സീനുകളും ചിത്രത്തിലുണ്ട്. ആവർത്തനമില്ല എന്നതുതന്നെയാണ് സംഘട്ടന രംഗങ്ങളുടെ പ്രത്യേകത. പൃഥ്വിരാജ് അനായാസമായി, തികവോടെ അത് ചെയ്തുവെക്കുന്നു.
‘റോഷാക്ക്’, ‘ഇബ്‌ലിസ്’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ രചന. വളരെ നേർത്ത ഒരു ത്രഡിനെ പ്രേക്ഷകന് നിറഞ്ഞ തൃപ്തിയിൽ കണ്ടിരിക്കാവുന്ന തിരക്കഥയാക്കി മാറ്റുന്നതിൽ രചയിതാവിന്റെ വൈഭവത്തിന് കൈയടിക്കണം. ചിലയിടങ്ങളിൽ, പ്രത്യേകിച്ച് രണ്ടാം പകുതിയിൽ പലയിടങ്ങളിലും ചെറുതായി തെന്നിമാറുന്നുണ്ടെങ്കിലും ആത്യന്തികമായി മെച്ചപ്പെട്ട തിരക്കഥയാണ് ചിത്രത്തിന്റേത്.
ട്രെയ്‌ലറിൽനിന്ന് പ്രത്യക്ഷത്തിൽ വ്യാഖ്യാനിച്ചെടുക്കാൻ കഴിയുന്നതുപോലെയുള്ള ചിത്രമല്ല ‘ഐ, നോബഡി’. ചിത്രത്തിന് പല അടരുകളുണ്ട്. ഉൾപ്പിരിവുകളുണ്ട്. അതിനെല്ലാം ന്യായീകരണവുമുണ്ട്. ഹീസ്റ്റ് ത്രില്ലറായി തുടങ്ങുന്ന ചിത്രം പിന്നീട് സമൂഹത്തിന് നേരെ പിടിച്ച കണ്ണാടിയായി മാറുന്നു. ഇടയ്ക്ക് സമകാലിക രാഷ്ട്രീയത്തെപ്പോലും വിമർശനകോണിലൂടെ ചിത്രം നോക്കിക്കാണുന്നു. എല്ലാത്തിലുമുപരിയായി രണ്ടു മണിക്കൂർ 48 മിനിറ്റോളം മികച്ച തിയേറ്റർ അനുഭവം നൽകാൻ ‘ഐ, നോബഡി’ക്ക് സാധിക്കുന്നു. അതുതന്നെയാണ് ചിത്രത്തിന്റെ വിജയവും.






Leave a comment