തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ ഓഹരി എം.എസ്.സി. (മെഡിറ്ററേനിയൻ ഷിപ്പിങ് കമ്പനി)ക്ക് കൈമാറാനുള്ള അദാനി ഗ്രൂപ്പ് തീരുമാനം സംസ്ഥാന സർക്കാരുമായുള്ള കരാറിന്റെ ലംഘനം. 2015-ലെ കരാർപ്രകാരം പ്രവർത്തനസജ്ജമായി ഒരു വർഷത്തിനുശേഷം 74 ശതമാനം ഓഹരി മറ്റൊരു കമ്പനിക്ക് കൈമാറാമെങ്കിലും അതിന് അദാനി പോർട്‌സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ സംസ്ഥാനസർക്കാരിന്റെ മുൻകൂർ അനുമതി വാങ്ങണം.
എന്നാൽ എം.എസ്.സി.യുമായുള്ള ഓഹരിപങ്കാളിത്തത്തിന് അനുമതി തേടി ബുധനാഴ്ചയാണ് അദാനി ഗ്രൂപ്പ് സംസ്ഥാന തുറമുഖവകുപ്പ് സെക്രട്ടറിക്ക് കത്തു നൽകിയത്. തുറമുഖ നടത്തിപ്പിന് എം.എസ്.സിയുടെ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡുമായി ജൂൺ 29-ന് കരാറുണ്ടാക്കിയിട്ടുണ്ടെന്നും അതിന് അനുമതി നൽകണമെന്നുമാണ് ജൂലായ് ഒന്നിനുനൽകിയ കത്തിലെ ആവശ്യം.
അതേസമയം സംസ്ഥാനസർക്കാരിനെ അറിയിക്കാതെയും മുൻകൂർ അനുമതി വാങ്ങാതെയുമുള്ള നീക്കത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഗൗതം അദാനിയെ അതൃപ്തി അറിയിച്ചു. എം.എസ്.സി. നിക്ഷേപം രാഷ്ട്രീയവിവാദമായ പശ്ചാത്തലത്തിലാണിത്. മുൻകൂർ അനുമതിയില്ലാതെ വിദേശ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ സർക്കാർ വിശദീകരണം ആവശ്യപ്പെടും. വിദേശനിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര ആഭ്യന്തര, പ്രതിരോധ മന്ത്രാലയങ്ങളുടെ അനുമതിയും ആവശ്യമാണ്. ദേശീയസുരക്ഷയെ ബാധിക്കുന്ന വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടും പ്രധാനമാകും.
പൊതുതാത്‌പര്യം സംരക്ഷിച്ചു മാത്രമേ അദാനി പോർട്‌സിന്റെ ഓഹരി കൈമാറ്റംചെയ്യാവൂ എന്നതാണ് കരാർവ്യവസ്ഥ. വിഴിഞ്ഞം തുറമുഖം സ്വകാര്യ കമ്പനിക്ക് നടത്തിപ്പവകാശമുള്ള പബ്ലിക് ഇൻഫ്രാസ്ട്രക്ചർ (പൊതു അടിസ്ഥാനസൗകര്യമേഖല) ആണ്. ആ മേഖലയിൽ പ്രവർത്തിക്കുന്ന സംരംഭകർക്ക് അവസരസമത്വം ഉറപ്പാക്കേണ്ടതുണ്ട്. എം.എസ്.സി. വിഴിഞ്ഞത്തിന്റെ ഓഹരി കൈവശമാക്കിയാൽ തുറമുഖം കുത്തകവത്‌കരിക്കപ്പെടുമോയെന്ന് ആശങ്ക ഉയരുന്നതും ഇതിനാലാണ്.
വമ്പൻ ഷിപ്പിങ് കമ്പനിയായ എം.എസ്.സി.ക്ക് തുറമുഖാധിഷ്ഠിത വ്യാപാരത്തിലും ആഗോള ശൃംഖലയുണ്ട്. കണ്ടെയ്‌നർ ഫ്രെയ്റ്റ് സർവീസ്, വെയർഹൗസുകൾ, ലജിസ്റ്റിക് കമ്പനികൾ, ട്രക്ക് സർവീസ് തുടങ്ങിയ മേഖലകളിലാണ് അവർക്ക് സംരംഭങ്ങളുള്ളത്.
വിഴിഞ്ഞം കേന്ദ്രമാക്കി കേരളത്തിലും കരയിലും കടലിലും കമ്പനിയുടെ സർവാധിപത്യമുണ്ടായാൽ അത് രാജ്യത്തിന്റെ വ്യാവസായിക താത്‌പര്യങ്ങൾക്ക് എതിരാകും. മിഷൻസമുദ്ര വഴി കേരളത്തെ സമുദ്രവ്യാപാരരംഗത്ത് വമ്പൻ ശക്തിയാക്കി മാറ്റാനൊരുങ്ങുകയാണ് സംസ്ഥാനസർക്കാർ. കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ് ഇന്ത്യ, സെൻട്രൽ വെയർഹൗസിങ് കോർപ്പറേഷൻ തുടങ്ങിയവ വിഴിഞ്ഞത്ത് ലജിസ്റ്റിക്, വെയർഹൗസ് സംരംഭം തുടങ്ങാൻ തയ്യാറെടുത്തുകഴിഞ്ഞു. ആഗോളവമ്പൻമാർ വിപണി കൈയടക്കിയാൽ മറ്റുള്ള സംരംഭകർ വിഴിഞ്ഞം മുൻനിർത്തി കേരളത്തിൽ നിക്ഷേപത്തിന് എത്തുമോയെന്നതും ആശങ്കയാണ്.
ഓഹരി കൈമാറ്റത്തിൽ തുറമുഖ മേഖലയിലെ വിദഗ്ധരെ ഉൾക്കൊള്ളിച്ച് കമ്മിറ്റി രൂപവത്കരിച്ച് പഠനം നടത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സർക്കാർ നിയന്ത്രണത്തിലുള്ള വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (വിസിൽ) റിപ്പോർട്ടും പരിഗണിക്കും. നിശ്ചിതസമയത്തിനകം അനുമതി നൽകണമെന്ന് അദാനി ഗ്രൂപ്പ് കത്തിൽ ആവശ്യപ്പെട്ടിട്ടില്ല.






Leave a comment