കേരള വാർത്തസിനിമ

താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു

കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ അഡ്ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി എംഎൽഎ രാജിവെച്ചു.  അഡ്ഹോക് കമ്മിറ്റിക്ക് കോടതി വിലക്കേർപ്പെടുത്തിയതിനു പിന്നാലെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. സംഘടനയെ കോടതി കയറ്റാൻ ആഗ്രഹിക്കുന്നില്ല. കോടതിവിധി മാനിക്കുന്നു. ശ്വേതാ മേനോനുമായി സംസാരിച്ച ഓഡിയോ പുറത്തുവന്നതിൽ വേദനയുണ്ട്. അത് ലീക്കായതല്ല, റിലീസാക്കിയതാണ്. അതാരാണെന്ന് ആ ഓഡിയോ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

“അമ്മയുടെ ജനറൽ ബോഡിയോഗത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ ഭരണസമിതിയിലെ എല്ലാ അംഗങ്ങളും രാജിവെച്ചു പോവുകയാണെന്ന് പ്രഖ്യാപിച്ചു. പ്രസിഡന്റ് ശ്വേതാ മേനോൻ അമ്മയുടെ പ്രാഥമിക അംഗത്വത്തിൽനിന്നുകൂടി രാജി വെയ്ക്കുകയാണെന്ന് അംഗങ്ങളോടും മാധ്യമങ്ങളോടും പറഞ്ഞു. ഇതിനെത്തുടർന്ന് ഒരു അനാഥത്വം ഉണ്ടായപ്പോൾ ജഗദീഷിനെ തത്കാലം അധ്യക്ഷനാക്കി ഒരു ചർച്ച നടത്തി. മീറ്റിങ് നീണ്ടപ്പോൾ ഞാനവിടെനിന്ന് ഇറങ്ങി. വഴിമധ്യേയാണ് അഡ്ഹോക് കമ്മിറ്റി ഉണ്ടാക്കിയെന്ന് പറഞ്ഞ് ഫോൺ വന്നത്. ഏതെങ്കിലും രീതിയിൽ ഈ സംഘടനയെ സഹായിക്കാൻ പറ്റുമെങ്കിൽ അതെന്റെ ഉത്തരവാദിത്തമായി കണ്ടാണ് കമ്മിറ്റിയിൽ നിൽക്കാമെന്ന് പറഞ്ഞത്. അങ്ങനെയാണ് ഞാനുൾപ്പെടുന്ന അഡ്ഹോക് കമ്മിറ്റിയുണ്ടായത്.

കോടതിയുടെ സ്റ്റേയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വെബ്സൈറ്റിൽ കയറി മനസിലാക്കി. സംഘടനയുടെ അഡ്ഹോക് കമ്മിറ്റിയുടെ കൺവീനറായ എനിക്ക് മീറ്റിങ് വിളിക്കാനോ മറ്റുകാര്യങ്ങളോ ചെയ്യാനുള്ള അധികാരമില്ലെന്നാണ് സ്റ്റേ വന്നിരിക്കുന്നത്. അങ്ങനെയൊരു വിധി വന്നതിനാൽ കോടതിയെ മാനിച്ച് കമ്മിറ്റിയിൽനിന്ന് രാജിവെയ്ക്കുകയാണ്. ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്ത് കടിച്ചുതൂങ്ങുന്നില്ല. എന്റെ പേര് മാത്രമേ ഉത്തരവിൽ കണ്ടുള്ളൂ. എനിക്ക് മനസിലായത് അങ്ങനെയാണ്.

32 വർഷമായി പ്രവർത്തിക്കുന്ന അമ്മ സംഘടനയെ കോടതിയിലെത്തിക്കണമെന്ന് ഒരാഗ്രഹവുമില്ല. പ്രശ്നങ്ങൾ രമ്യതയിൽ പരിഹരിക്കണം. ശ്വേതയോടും മല്ലിക ചേച്ചിയോടും ലക്ഷ്മിപ്രിയയോടും അൻസിബയോടുമെല്ലാം മണിക്കൂറുകളോളം സംസാരിച്ചിരുന്നു. അങ്ങനെ സംസാരിച്ചതിൽ ഒരു ഓഡിയോ ആണ് ഇന്ന് ലീക്കായത്. യഥാർത്ഥത്തിൽ അത് ലീക്കല്ല, റിലീസാണ്. അത് ഒന്ന് പരിശോധിച്ചാൽ എവിടെനിന്നാണ് ലീക്കായതെന്ന് മനസിലാകും. എനിക്ക് വലിയ സൗഹൃദമുണ്ടായിരുന്ന ഒരാളിൽനിന്ന് ആ ഓഡിയോ പുറത്തുവിട്ടതിൽ എനിക്ക് വ്യക്തിപരമായി വേദനയുണ്ട്. കാര്യങ്ങളെല്ലാം രമ്യമായി പരിഹരിക്കാൻ നടത്തിയ ഒരു സംഭാഷണമായിരുന്നു അത്.

പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ച ഒരാൾക്ക് എങ്ങനെയാണ് പ്രസിഡന്റാണെന്നുപറഞ്ഞ് സ്റ്റേ വാങ്ങാനാകുകയെന്ന് ചോദിച്ചു. ഇതിനെതിരെ എനിക്ക് വേണമെങ്കിൽ കോടതിയിൽ പോകാം. പക്ഷേ കോടതിയിൽ പോയി ഫൈറ്റ് ചെയ്ത് ഇവിടെ കടിച്ചുതൂങ്ങി നിൽക്കണമെന്ന് എനിക്ക് യാതൊരു ആഗ്രഹവുമില്ല.” രമേഷ് പിഷാരടി പറ‍ഞ്ഞു.

താരസംഘടനയായ അമ്മ ഭരണസമിതിയിലെ കൂട്ടരാജിക്ക് പിന്നാലെ രൂപീകരിച്ച അഡ്‌ഹോക് കമ്മിറ്റിക്ക് കോടതി വിലക്ക്. എറണാകുളം മുൻസിഫ് കോടതിയുടേതാണ് നടപടി. ശ്വേതാ മേനോൻ പ്രസിഡന്റായ കമ്മിറ്റിക്ക് തുടരാമെന്നും കോടതി നിർദേശിച്ചു. ശ്വേതാ മേനോൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവിട്ടത്. കഴിഞ്ഞദിവസം ശ്വേതാ മേനോൻ ഔദ്യോഗികമായി രാജിവെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അഡ്‌ഹോക് കമ്മിറ്റിയംഗമായ കെ.ബി. ഗണേഷ് കുമാർ ശ്വേതാ മേനോനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെ അഡ്‌ഹോക് കമ്മിറ്റിയെ തള്ളി ശ്വേതാ മേനോനും രംഗത്തെത്തി. തുടർന്നാണ് ശ്വേത കോടതിയെ സമീപിച്ചതെന്നാണ് റിപ്പോർട്ട്.

ജൂൺ 21ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് ശ്വേതാ മേനോൻ രാജി പ്രഖ്യാപിച്ചത്. യോഗത്തിൽ നിലവിലെ ഭരണസമിതിക്കെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ജനറൽ സെക്രട്ടറി അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവുചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നും പാസാക്കാൻ കഴിയില്ലെന്നും അംഗങ്ങളിൽ ചിലർ നിലപാടെടുത്തു. തുടർന്നാണ് തന്റെ നേതൃത്വത്തിലുള്ള ഭരണസമിതി രാജിവെക്കുകയാണെന്ന് ശ്വേത പ്രഖ്യാപിച്ചത്. പ്രസിഡന്റ് സ്ഥാനത്തിരുന്ന് ബിജെപിക്ക് സ്ഥാനാർഥികളെ നൽകാൻ ശ്രമിച്ചുവെന്ന് ബാബുരാജ് ആരോപണം ഉയർത്തിയതോടെ ശ്വേത സംഘടനാ അംഗത്വം തന്നെ ഒഴിയുകയാണെന്നും പ്രഖ്യാപിച്ചു. പിന്നീട് മാധ്യമങ്ങൾക്ക് മുമ്പിൽ വന്നും രാജി പ്രഖ്യാപിച്ചു.

തുടർന്നാണ് ജനറൽ ബോഡി രമേഷ് പിഷാരടി എംഎൽഎയുടെ നേതൃത്വത്തിലുള്ള താത്കാലിക സമിതിയെ ഭരണനിർവഹണത്തിനായി നിയോഗിച്ചത്. നാലുമാസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടത്തി അടുത്ത എക്‌സിക്യൂട്ടീവ് കമ്മിറ്റി അധികാരമേൽക്കുംവരെ അഡ്‌ഹോക് കമ്മിറ്റിക്ക് ചുമതല നൽകി. രമേഷ് പിഷാരടിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റി അമ്മ ഓഫീസിലെത്തി കാര്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്വേത ഉൾപ്പെടെയുള്ളവർ രാജിക്കത്ത് കൈമാറിയിട്ടില്ലെന്ന് വ്യക്തമായത്.

ശ്വേത നേതൃത്വം നൽകിയ ഭരണസമിതിയിൽ കുക്കു പരമേശ്വരൻ ആയിരുന്നു ജനറൽ സെക്രട്ടറി. ജയൻ ചേർത്തല (വൈസ് പ്രസിഡന്റ്), ലക്ഷ്മിപ്രിയ (വൈസ് പ്രസിഡന്റ്), അൻസിബ ഹസൻ (ജോയിന്റ് സെക്രട്ടറി), ഉണ്ണി ശിവപാൽ (ട്രഷറർ) എന്നിവർ മറ്റ് ഭാരവാഹികളും. കൈലാഷ്, സരയു, വിനു മോഹൻ, ടിനി ടോം, നീന കുറുപ്പ്, സന്തോഷ് കീഴാറ്റൂർ, റോണി ഡേവിഡ് രാജ്, സിജോയ് വർഗീസ്, ജോയ് മാത്യു, അഞ്ജലി നായർ, ആശാ അരവിന്ദ് തുടങ്ങിയവർ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമായിരുന്നു.

അൻസിബ ഹസൻ നേരത്തെ രാജിവെച്ചിരുന്നു. തുടർന്നാണ് അമ്മയിലെ തർക്കം പരസ്യമായത്. ഓഫീസ് ജീവനക്കാരിയുടെ ആരോപണങ്ങളെ തുടർന്ന് ട്രഷറർ ഉണ്ണി ശിവപാലിനെ മാറ്റി നിർത്തിയിരുന്നു. കൈലാഷ്, ജോയ് മാത്യു, ജയൻ ചേർത്തല എന്നിവർ കഴിഞ്ഞ ദിവസം രാജിയും നൽകി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...