അമേരിക്കൻ വാർത്ത

കുര്യന്‍ മ്യാലില്‍ രചിച്ച ‘ഡെയ്ഞ്ചര്‍ ബോബി’ ക്രൈം നോവല്‍

  • പുസ്തക പരിചയം – എ.സി.ജോര്‍ജ്

വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള പ്രസിദ്ധ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ ശ്രീ കുര്യന്‍ മ്യാലില്‍ രചിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ക്രൈം നോവല്‍ ‘ ഡെയ്ഞ്ചര്‍ ബോബി’ പരിചയ പ്പെടുത്താന്‍ ശ്രമിക്കുകയാണ് ഇവിടെ. അമേരിക്കന്‍ മലയാളി രചയിതാക്കളുടെ ഇടയില്‍ ക്രൈം നോവലുകളോ, കുറ്റാന്വേഷണ നോവലുകളോ, അപസര്‍പ്പക  നോവലുകളോ വളരെ കുറച്ചു മാത്രമേ കാണുന്നുള്ളൂ. ഇത്തരം സ്വഭാവമുള്ള കഥകളോ നോവലുകളോ രചിക്കുക എന്നതും,  അത് വായനക്കാരായ സഹൃദയ സമക്ഷം അവതരിപ്പിക്കുകയോ പരിചയപ്പെടുത്തുകയോ എന്നതും വളരെ ശ്രമകരമായ ഒരു ദൗത്യം ആണെന്ന് അറിയാം. 89 വയസ്സോളം പ്രായമുള്ള അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ വളരെ സീനിയറായ ഒരു മലയാളി രചയിതാവ് ശ്രീ കുര്യന്‍ മ്യാലില്‍ ഇത്തരമൊരു ഡിറ്റക്റ്റീവ് സ്വഭാവമുള്ള ക്രൈം നോവല്‍ വളരെ അടുക്കും ചിട്ടയോടും കൂടി ആദ്യവസാനം  വായനക്കാരെ ആകാംക്ഷയുടെ  മുള്‍മുനയില്‍ നിര്‍ത്തി രചന നിര്‍വഹിച്ചിരിക്കുന്നു.

കേരളത്തിലെയും ഇന്ത്യയിലെയും വിവിധ രീതിയിലുള്ള, ക്രൈം,  അതിലെ കുറ്റക്കാരെ കണ്ടുപിടിക്കാനുള്ള വളരെ ശ്രമകരമായ, പഴുതടച്ചുള്ള ശ്രമങ്ങളെയും ഒരു കുറ്റാന്വേഷകന്റെ വൈദഗ്ധ്യത്തില്‍ തന്നെ, ഈ നോവലിലെ സംഭവവികാസങ്ങള്‍, വിവരണങ്ങള്‍ മുന്നോട്ടുപോകുന്നു. നിരവധി ദുരൂഹമായ, കൊല്ലും കൊലയും, കള്ള വാറ്റും, കള്ളക്കടത്തും, സ്വര്‍ണക്കടത്തും, ഡ്രഗ് മാഫിയകളുടെ, അണ്ടര്‍വേള്‍ഡ് ഗുണ്ടകളുടെ അഴിഞ്ഞാട്ടവും നിറഞ്ഞ അനവധി കഥ മുഹൂര്‍ത്തങ്ങള്‍ ഈ നോവലില്‍ ഉടനീളം ദര്‍ശിക്കാവുന്നതാണ്. സിനിമ പിടിത്തവും, അതിലെ കാണികളെ ത്രസിപ്പിക്കുന്ന സെക്‌സും, സ്റ്റണ്ടും  നികുതി വെട്ടിപ്പും, കള്ളനോട്ട് വ്യാപാരങ്ങളും, വിവിധ മതങ്ങളിലെ കള്ളപൂജാരികളും, അവരുടെ ഒക്കെ വഴിവിട്ട പ്രവര്‍ത്തനങ്ങളും, വിശ്വാസികളെ പറ്റിച്ച് പണം തട്ടിയെടുക്കുന്നതും , നമ്മുടെ മുമ്പില്‍, നമ്മുടെ വാര്‍ത്തകളില്‍ തന്നെ നിറയുന്ന സംഭവവികാസങ്ങളും മുഹൂര്‍ത്തങ്ങളും ശ്രീ കുര്യന്‍ മ്യാലില്‍ യാഥാര്‍ത്ഥ്യബോധത്തോടെ തന്നെ നിര്‍ഭയം തുറന്നു കാട്ടുന്നു. എന്ന് കരുതി ജനക്ഷേപത്തിന് മാത്രം ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്ന ഒരു ആത്മീയ, ഭൗതിക വ്യക്തികളെയോ പ്രസ്ഥാനങ്ങളെയോ മൊത്തമായി ഒരിക്കലും ഈ നോവലിസ്റ്റ് താറടിക്കുന്നില്ല. യാതൊരു മുന്‍വിധിയും കൂടാതെ, സംഭവിച്ചത്, അല്ലെങ്കില്‍ സംഭവിക്കാവുന്നതോ ആയ ജീവിത മുഹൂര്‍ത്തങ്ങളെ കോര്‍ത്തിണക്കിയ ഒരു സാങ്കല്‍പ്പിക കഥയും വര്‍ണ്ണനകളും ആയി മാത്രം  ഈ നോവലിനെ കണ്ടാല്‍ മതി.

കഥാപാത്രങ്ങളും കഥാ ബിംബങ്ങളും അധികപക്ഷവും വിവിധ കുറ്റങ്ങളുടെ അഴുക്കുചാലിലൂടെ സഞ്ചരിക്കുന്നവരാണ്. കഥയും കഥാപാത്രങ്ങളും കേരളത്തില്‍നിന്ന് തുടങ്ങി, ബോംബെ വഴി, സൗദി അറേബ്യയില്‍ എത്തുന്നു. അവിടെനിന്ന് അമേരിക്കയിലെ ന്യൂയോര്‍ക്ക് വഴി, ചിക്കാഗോ, ഹ്യൂസ്റ്റന്‍ നഗരങ്ങളില്‍ തമ്പടിക്കുകയാണ്. കേരളത്തില്‍ നിന്നാണ് കഥയുടെ ആരംഭം. അവിടെ നിന്നു തന്നെ ഈ ക്രൈം സ്റ്റോറിയുടെ ചുരുള്‍ ഓരോന്ന് ആയി അഴിഞ്ഞ് തുടങ്ങുകയാണ്.

അമേരിക്കയിലെ മലയാള പള്ളി രാഷ്ട്രീയത്തിലും, വിവിധ മലയാളി മെഗാ സംഘടനകളുടെ പ്രവര്‍ത്തനങ്ങളിലും ഇതിലെ കഥയിലെ കഥാപാത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതും ഇടപെടുന്നതുമായ മുഹൂര്‍ത്തങ്ങള്‍ ഉള്‍പ്പെടുത്തി, ഒരു തരത്തില്‍ പറഞ്ഞാല്‍ ഇവിടുത്തെ മലയാളികളുടെ ഒരുതരം ജീവിതഗന്ധിയാക്കി ഉള്‍പ്പെടുത്താനും നോവലിസ്റ്റ് ഒരു ശ്രമം നടത്തിയിട്ടുണ്ട്. പുസ്തകത്തിലെ വരികള്‍ ഒന്നും വിടാതെ ആദ്യന്തം വായിച്ചാല്‍ അതു മനസ്സിലാകും.

കൂലി വേലക്കാരും പട്ടിണിപ്പാവങ്ങളുമായ ഒരു പരമ ദരിദ്ര കുടുംബത്തിലെ 11 മക്കളില്‍ ഒരുവന്‍ ആയിട്ടാണ് ഡേയിഞ്ചര്‍ ബോബിയുടെ ജനനം. പലയിടത്തും പോയി പകലന്തിയോളം അധ്വാനിച്ചിട്ടും പട്ടിണി മാറ്റുവാന്‍ പോലും ഉള്ള വരുമാനം ആ കുടുംബത്തിന് ഉണ്ടായിരുന്നില്ല. ദിനവും യജമാനമാരുടെ ആട്ടും  തുപ്പും പരിഹാസവും മാത്രം. ബാലനായ ബോബി തീരുമാനിച്ചു തനിക്കും ഒരു പണക്കാരന്‍ ആകണം. എങ്ങനെയെങ്കിലും പണം നേടി ഒരു യജമാനമാരുടെ നിലയിലേക്ക് ഉയരണം. വീണുകിട്ടിയ ഒരു ഭാഗ്യം എന്ന് പറയട്ടെ. അവിടുത്തെ പള്ളിക്കാരുടെ അനുഗ്രഹങ്ങള്‍ കൊണ്ട്, പണ സഹായം കൊണ്ട് ബോബി  പഠിച്ച് ഒരു എന്‍ജിനീയറായി. സൗദി അറേബ്യയില്‍ എണ്ണ കുഴിച്ചെടുക്കുന്ന കമ്പനിയില്‍ ആദ്യമായി ഒരു കൂലി തൊഴിലാളിയായി ജോലി കിട്ടി. രാപകല്‍ ഇല്ലാതെ ഓവര്‍ടൈം ചെയ്ത് കുറച്ച് പണം സമ്പാദിച്ചു. ആ ഓയില്‍ കമ്പനിയിലെ സിഇഒ നെല്‍സണ്‍ എന്ന ഒരു അമേരിക്കക്കാരന്‍ ആയിരുന്നു. നെല്‍സന്റെ പകുതി മാത്രം പ്രായമുള്ള ഹില്ലരി എന്ന ഒരു അമേരിക്കന്‍ സുന്ദരിയായിരുന്നു നെല്‍സന്റെ ഭാര്യ. ഹില്ലരിക്കു നേരത്തെ തന്നെ ടെഡ്  എന്ന പേരുള്ള ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. അതീവ സുന്ദരിയും മദാലസയുമായ ഹില്ലരിക്കു ആ കമ്പനിയില്‍ തന്നെ മറ്റൊരു എന്‍ജിനീയര്‍  സ്‌പെന്‍സറും  ആയി രഹസ്യമായ ബന്ധങ്ങളും ഉണ്ടായിരുന്നു. ന്യൂയോര്‍ക്ക് നിവാസിയായിരുന്ന ഹില്ലരി എല്ലാ തുറയിലും മിടുക്കി ആയിരുന്നു. അവള്‍ ടീനേജ് കാലത്ത് മാതാപിതാക്കളെ വെട്ടിച്ച് സര്‍ക്കസ് കമ്പനിയില്‍ ചേര്‍ന്ന് എല്ലാ സര്‍ക്കസ് അഭ്യാസങ്ങളും പഠിച്ചിരുന്നു. അവിടെ നിന്ന് തിരിച്ചെത്തി, എന്‍ജിനീയറിങ് പഠിച്ചു. വിമാനം പറപ്പിക്കാന്‍ പഠിച്ചു. . കുറച്ച് അമേരിക്കന്‍ സീരിയല്‍ എപ്പിസോഡിലും തല കാണിച്ചു. പണക്കാരനും സൂപ്പര്‍ എന്‍ജിനീയറുമായ നെല്‍സണ്‍നോടൊപ്പം ചേര്‍ന്ന് അവര്‍ സൗദി അറേബ്യയിലെ ആ ഓയില്‍ കമ്പനിയിലെത്തി.

തങ്ങളുടെ കീഴെ മാത്രം പണിയെടുക്കുന്ന താഴെക്കിടയിലുള്ള എന്‍ജിനീയറിങ് തൊഴിലാളി ബോബിയുടെ ബുദ്ധിയും മിടുക്കും ചുറു ചുറുക്കും, ജോലിയിലെ ശുഷ്‌കാന്തിയും കണ്ടപ്പോള്‍ ഹില്ലരിയുടെ നിര്‍ദ്ദേശം അനുസരിച്ച് ബോബിയുടെ ശമ്പളം ഇരട്ടിയാക്കി. താമസിയാതെ ബോബി ഹില്ലരിയുടെ എന്‍ജിനീയറിങ് പ്രൈവറ്റ് സെക്രട്ടറിയായി മാറി. തുടര്‍ന്ന് വികാര ജീവിയും മദാലസയുമായ ഹില്ലരിയുമായി ബോബി കിടക്ക പങ്കിട്ട് അനേകം സെക്‌സ് മുറകള്‍ അഭ്യസിച്ചു,  ആനന്ദ സ്വര്‍ഗ്ഗത്തില്‍ എത്തി. പിന്നീട്  നെല്‍സനെ കളഞ്ഞ് അവര്‍ ബോബനും ഹില്ലരിയും ഇരുവരും ചേര്‍ന്ന് ആ എണ്ണ കമ്പനി തന്നെ സ്വന്തമാക്കി എന്ന് പറയാം. അവരുടെ ഓയില്‍ വ്യവസായങ്ങളും അനുബന്ധ കമ്പനികളും ഉയര്‍ച്ചയില്‍ നിന്ന് ഉയര്‍ച്ചയിലേക്ക് കുതിക്കുകയായിരുന്നു. ബിസിനസ്സില്‍ പല തന്ത്രങ്ങളും കുതന്ത്രങ്ങളും വെട്ടിപ്പും തട്ടിപ്പും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും അഴിമതിയും അക്രമവും എല്ലാം അവലംബിക്കാന്‍ ബോബിയും ഹില്ലരിയും മറന്നില്ല.

രാഷ്ട്രീയക്കാരെയും ഭരണാധികാരികളെയും കൈവെള്ളയില്‍ ആക്കി. കുറ്റ അന്വേഷകരായി എത്തിയവരെ സ്വാധിനിക്കുകയോ, അതിനു പറ്റാത്തവരെ തരം  മാതിരി വെടിവെച്ചു കൊല്ലുകയോ, ട്രക്ക് കയറ്റി കൊല്ലുകയോ, ചെയ്തിരുന്നു. അക്രമങ്ങള്‍ക്ക് കൂട്ടുനിന്ന, സ്വന്തം സ്റ്റാഫ് അംഗങ്ങളെയും, സ്വന്തം ഗുണ്ടകളെയും തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി മറ്റു ഗുണ്ടകളെ ഉപയോഗിച്ച് വകവരുത്തി. യാതൊരു ദാക്ഷിണ്യവും മോറാലിറ്റിയും ഇല്ലാതെ പണം സമ്പാദിക്കുക, വമ്പന്‍  പണക്കാരന്‍ ആകുക എന്ന ലക്ഷ്യവും പ്രതിജ്ഞയും മാത്രമായിരുന്നു ബോബിയുടെ മുഖമുദ്ര. അമേരിക്കയിലെ മലയാളി, ഇന്ത്യന്‍ മെഗാ സംഘടനകളുടെയും ആരാധനാലയങ്ങളുടെയും വിവിധ കണ്‍വെന്‍ഷനുകളുടെ മെഗാ സ്‌പോണ്‍സേര്‍സ് ആയി ജനമധ്യത്തില്‍ ദാനശീലനും സല്‍പ്രവര്‍ത്തകരും ആയി പ്രത്യക്ഷപ്പെടാന്‍ ബോബിയും ഹില്ലരിയും മടി കാണിച്ചില്ല. അനേകം ഗ്യാസ് സ്റ്റേഷനുകളും, ലിക്കര്‍ സ്റ്റോറുകളും വാങ്ങിക്കൂട്ടി. സമ്പത്തും പണവും പ്രതാപവും സല്‍പേരും, സ്വാധീനശക്തിയും വര്‍ധിച്ചപ്പോള്‍ കോടികള്‍ മുടക്കി ഒരു വമ്പന്‍ സിനിമ പിടിക്കാന്‍ ബോബി പ്ലാന്‍ ഇട്ടു. സിനിമ ഷൂട്ടിംഗ് ആരംഭിച്ചു. ശ്രീലമ്പടനുംകൂടെ ആയിരുന്ന ബോബി ചെറുപ്പക്കാരികളും സുന്ദരിമാരുമായ അനേകം നടിമാരെ നോട്ടമിട്ടു. പലരുമായും കിടപ്പറ പങ്കിട്ടു. എന്നാല്‍ അല്പം എതിര്‍പ്പു ഉണ്ടായിരുന്നിട്ടും പകരത്തിനു പകരം എന്ന രീതിയില്‍ ഹില്ലരിയും അനേകം നടന്മാര്‍, ആരാധകര്‍ എപ്പോഴും പൊക്കിക്കൊണ്ട് നടക്കുന്ന സൂപ്പര്‍ നടന്മാര്‍ വരെയുള്ളവരെ യഥേഷ്ടം ഭോഗിച്ചു.

ബോബി തന്നെയായിരുന്നു സിനിമയിലെ നായകന്‍. അനേകം സുന്ദരി നടിമാരുമായി, ഇഴുകി ചേര്‍ന്നുള്ള നൃത്ത രംഗങ്ങള്‍, കിടപ്പറ രംഗങ്ങള്‍, അല്‍പ വസ്ത്രധാരണികളുമായുള്ള കോരിത്തരിപ്പിക്കുന്ന കുളിസീനുകള്‍ എല്ലാ കുത്തി നിറച്ച രംഗങ്ങള്‍ സിനിമയില്‍ കൂടുതലായി ചേര്‍ത്തു. ഇപ്രകാരം സിനിമയില്‍ ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിച്ചപ്പോള്‍, മറ്റ് വ്യവസായങ്ങളില്‍ ശരിയായി ശ്രദ്ധ ചെലുത്താന്‍ ബോബിക്ക് കഴിഞ്ഞില്ല. തരം പോലെ ബോബിയുടെ മള്‍ട്ടി നാഷണല്‍ കമ്പനികളില്‍ എല്ലാം, ബോബി തന്നെ നിയമിച്ചിരുന്ന, എന്‍ജിനീയര്‍മാരും, മാനേജര്‍മാരും, ഗുണ്ടകളും, തരം മാതിരി കയ്യിട്ടുവാരാന്‍ തുടങ്ങി. ഗവണ്‍മെന്റ് തലത്തില്‍ ബോബിക്കെതിരെ വന്ന, ആരോപണങ്ങളെയും കുറ്റകൃത്യങ്ങളെയും കൊലകളെയും ബോബിക്ക് പഴയതുമാതിരി തടയാനോ പ്രതിരോധിക്കാനോ നിഷേധിക്കാനോ സാധിച്ചില്ല. അതുവരെ കൂടെ നിന്ന ഹില്ലരിയും പിണങ്ങി പിരിഞ്ഞു. വളരെ പെട്ടെന്ന് തന്നെ ബോബി സാമ്പത്തികമായി തകരുകയായിരുന്നു. ചില സിനിമാ നടികള്‍ ബോബി തന്നെ ബലാല്‍സംഗം ചെയ്തു എന്നും പറഞ്ഞ്, പത്രസമ്മേളനങ്ങള്‍ നടത്തി കോടതിയില്‍ കേസുകള്‍ ഫയല്‍ ചെയ്തു.  ഇതിനകം ഹില്ലരി അനേകം കുറ്റകൃത്യത്തില്‍ പിടിക്കപ്പെടുകയും കോടതികള്‍ കയറിയിറങ്ങികൊണ്ടുമിരുന്നു. ബോബി താനും അകത്താകുന്ന ലക്ഷണം കണ്ടപ്പോള്‍, ഹില്ലരി തന്നെ ഒറ്റുകൊടുക്കാന്‍ സാധ്യതയുണ്ടെന്ന് അറിഞ്ഞപ്പോള്‍ ബോബി ഹില്ലരിയെയും തട്ടി കളയാന്‍ തീരുമാനിച്ചു.

എന്തിനേറെ, ചുരുക്കിപ്പറഞ്ഞാല്‍ ഡെയ്ഞ്ചര്‍ ബോബി നിറ തോക്കുമായി ഹില്ലരിയെ വെടിവെക്കാനായി പിന്തുടരുമ്പോള്‍, ഹില്ലരി  തിരിച്ചും വെടി ഉതിര്‍ത്തു. അതിനിടെ എഫ്. ബി. ഐ.യും അമേരിക്കന്‍ കുറ്റാന്വേഷണ വിഭാഗവും ഇരുവരെയും പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു. പരസ്പരം വെടിയേറ്റ ഇരുവരും ഒരു കെട്ടിടത്തിന്‍ മുകളില്‍ നിന്ന് വീണ് ആത്മഹത്യ ചെയ്തു. പണം ഉണ്ടാക്കുവാനും, മറ്റുള്ളവരെ ചതിച്ചും  വഞ്ചിച്ചും ഭൗതിക സുഖം ഒരു മുന്തിരിച്ചാറുമാതിരി ആസ്വദിക്കാനും മറ്റും ശ്രമിച്ച ഡെയിഞ്ചര്‍ ബോബിയേയും മറ്റും ചുറ്റിപ്പറ്റിയുള്ള ഒരു ദുഃഖ പര്യവസാന കഥയായി ഈ നോവല്‍ സമാപിക്കുന്നു. അങ്ങിങ്ങായ്  പല വീഴ്ചകള്‍ ഉണ്ടെങ്കില്‍ തന്നെയും, കൂടുതലായി നോവലിനെ വിലയിരുത്തേണ്ടത് വായനക്കാരാണ്. കോഴിക്കോട്, പുസ്തകശാലയില്‍ നിന്ന് ഈ പുസ്തകം ലഭ്യമാണ്. pusthakasalakkd@gmail.com   Pusthakasala  Kozhikode  673004

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്തആനുകാലികംപ്രധാന വാർത്ത

ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് പ്രൽഹാദ് ജോഷി പുതിയ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾക്കിടയിൽ ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ തുടർന്ന് കേന്ദ്ര മന്ത്രി പ്രൽഹാദ്...

അമേരിക്കൻ വാർത്ത

കുട്ടികൾക്ക് സഹായമെത്തിച്ച് കാൻജ് പ്രവർത്തകർ മാതൃകയായി

കേരള അസോസിയേഷൻ ഓഫ് ന്യൂ ജേഴ്‌സി, (കാൻജ്)  ക്രേഡിൽസ് ടു ക്രയോൺസ് (Cradles to Crayons)...

അമേരിക്കൻ വാർത്ത

പന്തളം ബിജു ഫോമാ മൗണ്ടെയ്ൻ റീജിയൻ പ്രഥമ വൈസ് പ്രസിഡന്റ്

ലാസ് വേഗസ്: ഫോമായുടെ പുതിയ റീജിയനുകളിൽ ഒന്നായ മൗണ്ടെയ്ൻ (മലനാട്) റീജിയന്റെ വൈസ് പ്രെസിഡന്റായി (RVP)...

അമേരിക്കൻ വാർത്ത

ചിക്കാഗോ നായര്‍ അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 16 ഞായറാഴ്ച

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈവര്‍ഷത്തെ ഓണാഘോഷം ഓഗസ്റ്റ് മാസം 16-ാം തീയതി...