റോബിൻ ഹുഡ്, എന്ന നന്മനിറഞ്ഞ കൊള്ളക്കാരൻ! ധനികരിൽനിന്ന് മോഷ്ടിച്ച് പാവപ്പെട്ടവർക്കു നൽകുന്ന, ഇംഗ്ലീഷ് നാടോടിക്കഥകളിലെ ഇതിഹാസനായകൻ! ഷെർവുഡ് വനത്തിൽ ഒളിച്ചുതാമസിച്ചിരുന്ന റോബിൻ ഹുഡിനെ മികച്ചൊരു പോരാളിയും അടിച്ചമർത്തലുകളെ ശക്തമായി എതിരിട്ട വീരനായകനുമായാണ് ചിത്രീകരിക്കുന്നത്. നൂറ്റാണ്ടുകളായി കഥകളിലും സിനികളിലും നിറഞ്ഞുനിന്ന, റോബിൻ ഹുഡിന്റെ ഒളിത്താവളം; “മേജർ ഓക്ക്’ എന്ന വൃക്ഷം വിസ്മൃതയിലേക്കു മറയുകയാണ്.
ഇംഗ്ലണ്ടിലെ നോട്ടിംഗ്ഹാം ഷെർവുഡ് വനത്തിലാണ് 1,200ലേറെ വർഷം പഴക്കമുള്ള പടുകൂറ്റൻ വൃക്ഷം സ്ഥിതിചെയ്തിരുന്നത്. ഈ വസന്തത്തിൽ ഒരു തളിരില പോലും വിരിയാതിരുന്നതോടെയാണ് വൃക്ഷം പൂർണമായും നശിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വനസംരക്ഷണ ചുമതലയുള്ള റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (ആർഎസ്പിബി) വ്യക്തമാക്കുന്നതനുസരിച്ച്, കഴിഞ്ഞ കുറച്ചു വർഷങ്ങളായി വൃക്ഷം ക്ഷയിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയിലായിരുന്നു.
ശാഖകൾ ഒടിഞ്ഞുവീഴാതിരിക്കാൻ കൃത്രിമ താങ്ങുകൾ നൽകിയും വിദഗ്ധരുടെ സഹായത്തോടെയും വൃക്ഷത്തെ നിലനിർത്താൻ പരമാവധി ശ്രമിച്ചു. എന്നാൽ അടുത്ത കാലത്തുണ്ടായ കടുത്ത ഉഷ്ണതരംഗങ്ങളും മേജർ ഓക്കിന്റെ സമീപത്തേക്ക് അനിയന്ത്രിതമായി ഒഴുകിയെത്തിയ വിനോദസഞ്ചാരികളുടെ ഇടപെടലുകളും വൃക്ഷത്തിന്റെ ആരോഗ്യത്തെ മാരകമായി ബാധിച്ചു.

റോബിൻ ഹുഡ് കഥകൾ കേട്ടിട്ടുള്ള ആർക്കും “മേജർ ഓക്ക്’ സുപരിചിതമായിരിക്കും. റോബിൻ ഹുഡും കൂട്ടരും തങ്ങളുടെ താവളമായി ഉപയോഗിച്ചിരുന്നത് ഈ വൃക്ഷത്തിന്റെ ചുവടായിരുന്നു എന്നാണ് ജനവിശ്വാസം. അതേസമയം, എന്നാൽ റോബിൻ ഹുഡ് എന്ന വ്യക്തി ജീവിച്ചിരുന്നതിനോ, ഈ വൃക്ഷവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നതിനോ കൃത്യമായ ചരിത്രരേഖകൾ ഇല്ലെന്ന് ഡർഹാം സർവകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫസർ അലക്സ് ബ്രൗൺ വ്യക്തമാക്കുന്നു. എങ്കിലും, ജനങ്ങളുടെ മനസിൽ റോബിൻ ഹുഡും മേജർ ഓക്ക് വൃക്ഷവും പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ശക്തമായ പ്രതീകമാണെന്നും ബ്രൗൺ പറഞ്ഞു.
മേജർ ഓക്കുമായി ബന്ധപ്പെട്ട് വിചിത്രമായ പല കഥകളും നിലനിൽക്കുന്നുണ്ട്. 2010-ലെ ശൈത്യകാലത്ത് വൃക്ഷത്തിൽ രൂപപ്പെട്ട മഞ്ഞിന് റോബിൻ ഹുഡിന്റെ കൂട്ടാളിയായ “ഫ്രയർ ടക്കിന്റെ’ കൽപ്പിക്കപ്പെട്ട രൂപസാദൃശ്യം ഉണ്ടായിരുന്നു എന്ന് ദി ഗാർഡിയൻ പത്രം റിപ്പോർട്ട് ചെയ്തിരുന്നു. കനത്ത മഞ്ഞുവീഴ്ചയുള്ള സമയങ്ങളിൽ പോലും ഈ മരത്തിന് ചുറ്റും മഞ്ഞ് വീഴാതിരുന്നിട്ടുള്ള പ്രതിഭാസങ്ങളും കഥകൾക്കു വഴിമാറിയിട്ടുണ്ട്.
മേജർ ഓക്കിന്റെ സന്പൂർണനാശം പ്രകൃതിസ്നേഹികളിൽ വലിയ ദുഃഖമാണ് ഉണ്ടാക്കിയിരിക്കുന്നത്. എങ്കിലും വൃക്ഷം പൂർണമായും ഷേർവുഡ് വനത്തിൽനിന്നു നീക്കില്ല. വൃക്ഷമുത്തച്ഛന്റെ അവശിഷ്ടങ്ങൾ വനത്തിൽ തന്നെ നിലനിർത്തും.
എന്നാൽ പ്രകൃതിസ്നേഹികൾക്ക് ആശ്വസിക്കാം. മേജർ ഓക്കിന്റെ വിത്തുകളിൽനിന്നും ശാഖകളിൽനിന്നും ഉത്പാദിപ്പിച്ചെടുത്ത നൂറുകണക്കിന് തൈകൾ ഇതിനകം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നട്ടുപിടിപ്പിച്ചിട്ടുണ്ട്. തലമുറകൾ കൈമാറിവന്ന ആ ഇതിഹാസത്തിന്റെ പാരമ്പര്യം പുതിയ തൈകളിലൂടെ ഇനിയും നൂറ്റാണ്ടുകളോളം നിലനിൽക്കും, അതോടൊപ്പം റോബിൻ ഹുഡ് എന്ന പോരാളിയായ കവർച്ചക്കാരനെക്കുറിച്ചുള്ള വീരകഥകളും..!






Leave a comment