ഓണം കൊഴുപ്പിക്കാൻ മൂന്ന് മലയാള ചിത്രങ്ങൾ. ദുൽഖർ സൽമാന്റെ ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ, നിവിൻ പോളിയുടെ ബെത്ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് മലയാള ചിത്രങ്ങൾ. പൃഥ്വിരാജ് - ദുൽഖർ സൽമാൻ ചിത്രങ്ങൾ തമ്മിലാണ് ക്ളാഷ്. ദുൽഖർ സൽമാന്റെ ഐ ആം ഗെയിമും പൃഥ്വിരാജിന്റെ ഖലീഫയും ആഗസ്റ്റ് 20ന് റിലീസ് ചെയ്യും. നിവിൻപോളി-മമിത ബൈജു ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ആഗസ്റ്റ് 21നും റിലീസ് ചെയ്യും.
കന്നടയിലും ഇംഗ്ളീഷിലുമായി ഒരേസമയം ചിത്രീകരിച്ച യാഷ് ചിത്രം ടോക്സിക് തിരുവോണദിനമായ ആഗസ്റ്റ് 26ന് റിലീസ് ചെയ്യും.
മൂന്നുവർഷത്തിനുശേഷം ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം ആണ് ഐ ആം ഗെയിം. ആക്ഷൻ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഐ ആം ഗെയിം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്നു. ആർ ഡി. എക്സ് എന്ന ബ്ളോക് ബസ്റ്ററിനുശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിമിൽ തമിഴ് നടി സംയുക്ത വിശ്വനാഥൻ ആണ് നായിക. ആന്റണി വർഗീസ്, കയാദു ലോഹർ, മിഷ്കിൻ, കതിർ, പാർത്ഥ് തിവാരി എന്നിവരാണ് മറ്റ് താരങ്ങൾ. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം. പൃഥ്വിരാജ് മാസ് സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ആക്ഷൻ ത്രില്ലർ ചിത്രം ഖലീഫ വൈശാഖ് സംവിധാനം ചെയ്യുന്നു. മോഹൻലാൽ അതിഥി താരമായി എത്തുന്ന ഖലീഫയിൽ തെന്നിന്ത്യൻ താരങ്ങളായ കൃതി ഷെട്ടിയും മാളവിക ശർമ്മയുമാണ് നായികമാർ. ബോളിവുഡ് താരം നിതിൻ മുകേഷ് പ്രതിനായകനായി മലയാളത്തിൽ എത്തുന്നു. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് നിർമ്മാണം. യാനിക് ബെൻ ഒരുക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റായിരിക്കും.
നിവിൻപോളിയും മമിത ബൈജുവും ഒരുമിക്കുന്ന കളർഫുൾ ചിത്രം ബെത്ലഹേം കുടുംബ യൂണിറ്റ് ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്നു. പ്രേമലുവിന്റെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രം ഒരുക്കുന്നത് പ്രേമലുവിന്റെ നിർമ്മാതാക്കളായ ഭാവന സ്റ്റുഡിയോസാണ്. വിനയ് ഫോർട്ട്, സംഗീത് പ്രതാപ്, സുരേഷ് കൃഷ്ണ, ബിന്ദു പണിക്കർ, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ഷമീർഖാൻ, സ്രിന്ധ്ര, മീനാക്ഷി രവീന്ദ്രൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് പ്രേക്ഷക ലക്ഷങ്ങൾ ആവേശത്തോടെ ഉറ്റുനോക്കുന്നു. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാരിയ എന്നിവരാണ് നായികമാർ.






Leave a comment