അമേരിക്കൻ വാർത്ത

മോസസ് സ്റ്റീഫൻ; ക്നാനായ സമുദായത്തിൽ നിന്ന് നവവൈദികൻ

ന്യു യോർക്ക്: അവസരങ്ങളുടെ നാട്ടിൽ എത്തിയപ്പോഴും ഭൗതിക സമ്പത്തോ സുഖസൗകര്യങ്ങളോ അല്ല ബ്രദർ മോസസ് സ്റ്റീഫനെ  ആകർഷിച്ചത്. ദൈവം തന്നെ എന്തോ ഭരമേല്പിക്കാൻ ആഗ്രഹിക്കുന്നുവെന്ന ഉൾവിളി മനസ്സിൽ നിന്ന് വിട്ടു പോയില്ല. തന്റെ വേല ചെയ്യാനും തന്റെ അജഗണത്തെ ശുശ്രുഷിക്കുവാനുമാണ് ദൈവം തനിക്കു  നൽകുന്ന  നിയോഗമെന്നു തിരിച്ചറിഞ്ഞപ്പോൾ , ദൈവ തിരുവിഷ്ടം നിറവേറട്ടെ എന്ന് മോസസ് സ്റ്റീഫനും സമ്മതം മൂളി.

മറ്റു മക്കളെ പോലെ അമേരിക്കയിൽ വലിയ ഭാവി കണ്മുന്നിൽ കാണുമ്പോൾ അത് വേണ്ടെന്നു വച്ച് മകൻ  ഈ യാത്രക്ക് പുറപ്പെടുമ്പോൾ  മാതാപിതാക്കളും   ഒടുവിൽ സമ്മതം മൂളി.

പാലാ പൈങ്ങളത്ത്  നിന്ന് മുക്കാൽ നൂറ്റാണ്ട് മുൻപ് മലബാറിലേക്ക് കുടിയേറിയ  പുതുപ്പള്ളിമ്യാലിൽ കുടുംബത്തിൽ നിന്ന്  അഞ്ചാമത്തെ വൈദികനാകാനാണ് ബ്രദർ മോസസിന്റെ നിയോഗം. രാജപുരം ചുള്ളിക്കരയിൽ ഒന്നാം ബ്ലോക്കിലായിരുന്നു അന്ന് വല്യപ്പന് ഭൂമിലഭിച്ചത് .  പിതാവ്  പി.കെ. സ്റ്റീഫൻ കേരള മോട്ടോർ വാഹന വകുപ്പിൽ ഉദ്യഗസ്ഥനായിരുന്നതിനാൽ കുടുംബം പിന്നീട് കണ്ണൂരിലേക്കും എറണാകുളത്തേക്കും മാറി. 2011-ൽ അമേരിക്കയിലെത്തി .

പിതാവ്  ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണറായാണ് വിരമിച്ചത്.

നോർത്ത് അമേരിക്കയിൽ നിന്ന്  കോട്ടയം അതിരൂപതയ്ക്കായി പൗരോഹിത്യം സ്വീകരിക്കുന്ന ആദ്യ ക്നാനായ വൈദികൻ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാമത്തെ ആളാണ് താൻ എന്ന് ബ്രദർ മോസസ് സാക്ഷ്യപ്പെടുത്തുന്നു. ആദ്യത്തേത് ഫാദർ ജോസഫ് തച്ചാറ  കോവിഡ്  കാലത്താണ് വൈദികനാകുന്നത്.

പൗരോഹിത്യത്തിലേക്ക് ആരാണ് തന്നെ നയിച്ചതെന്നതിൽ ഡീക്കൻ മോസസ് സ്റ്റീഫന് സംശയമില്ല. ദൈവം തന്നെ വിളിച്ചു, താൻ വിളി കേട്ടു. ആ യാത്ര ഈ മാസം 27-നു കൈവയ്പ്പ് ശുശ്രുഷയിലൂടെ പൗരോഹിത്യത്തിലേക്ക് ഉയർത്തപ്പെടുമ്പോൾ സഫലമാകുന്നു.  

ന്യൂയോർക്ക് ലോങ്ങ് ഐലൻഡിലെ  സെന്റ് സ്റ്റീഫൻസ് ക്നാനായ കാത്തലിക് ഫൊറോനാ പള്ളിയിൽ നടക്കുന്ന പൗരോഹിത്യ സ്വീകരണ ശുശ്രൂഷകളും നവപൂജാ അർപ്പണവും നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിന് ചരിത്രപ്രധാനമായ ഒരു സുവർണ്ണ മുഹൂർത്തമാണ് സമ്മാനിക്കുന്നത്.

കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമ്മികത്വം വഹിക്കുന്ന തിരുക്കർമ്മങ്ങളിൽ  ചിക്കാഗോ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് സഹകാർമ്മികനായി പങ്കെടുക്കുകയും വച്ചാണ്  സന്ദേശം നൽകുകയും ചെയ്യും. ക്നാനായ റീജിയൻ ഡയറക്ടറും ചിക്കാഗോ രൂപത പ്രോട്ടോസിഞ്ചെല്ലൂസുമായ ഫാ. തോമസ് മുളവനാൽ ആർച്ച്ഡീക്കനായി സേവനമനുഷ്ഠിക്കും. ക്നാനായ റീജിയനിലെ വൈദികർ, സിസ്റ്റേഴ്സ്, സെമിനാരി വിദ്യാർഥികൾ, ന്യൂയോർക്ക് മേഖലയിലെ മലയാളി വൈദികർ തുടങ്ങി നിരവധി വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും.

1993 മാർച്ച് 12-ന് ജനിച്ച മോസസ് സ്റ്റീഫൻ,  റിട്ട. ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ പി. കെ. സ്റ്റീഫന്റെയും പത്നി  ലൗലി സ്റ്റീഫന്റെയും മൂന്നാമത്തെ മകനാണ്. ഔദ്യോഗിക ജീവിതത്തിലായിരിക്കെ തന്നെ ധ്യാനപ്രസംഗകനായും പി. കെ. സ്റ്റീഫൻ അറിയപ്പെട്ടിരുന്നു.  മുരിങ്ങൂർ ഡിവൈൻ റിട്രീറ്റ് സെന്ററിലായിരുന്നു അദ്ധേഹത്തിന്റെ ധ്യാന  ശുശ്രുഷ.  

2011-ൽ മാതൃ സഹോദരൻ  ജെയിംസ് തോട്ടത്തിന്റെയും സാലി തോട്ടത്തിന്റെയും സ്പോൺസർഷിപ്പിൽ കുടുംബത്തോടൊപ്പം ന്യു യോർക്കിലേക്ക്  കുടിയേറിയ ബ്രദർ മോസസ്  ഫ്ലോറൽ പാർക്ക് മെമ്മോറിയൽ ഹൈസ്കൂളിൽ നിന്ന് ഗ്രാഡ്വേറ്റ് ചെയ്തു. തുടർന്ന്  ക്വീൻസ്ബറോ കമ്മ്യൂണിറ്റി കോളജിൽ നിന്ന് എഞ്ചിനീയറിംഗ് സയൻസിൽ ഓണേഴ്‌സ് അസോസിയേറ്റ് ബിരുദവും അതിനു ശേഷം ക്വീൻസ് കോളജിൽ നിന്ന് ഫിസിക്സിൽ ബാച്ചിലർ ഓഫ് സയൻസ് ബിരുദവും ഫിലോസഫിയിൽ മൈനറും കരസ്ഥമാക്കി.

ശാസ്ത്രവും തത്വചിന്തയും പഠിച്ചുവെങ്കിലും വൈദികജീവിതത്തിലേക്കുള്ള ദൈവവിളി തിരിച്ചറിഞ്ഞ അദ്ദേഹം 2018-ൽ സെമിനാരിയിൽ ചേർന്നു. കോട്ടയത്ത് മൈനർ സെമിനാരി പഠനാം. തുടർന്ന് ആലുവ മംഗലപ്പുഴ സെമിനാരിയിൽ നിന്ന് ഫിലോസഫിയിൽ ബിരുദ പഠനം  പൂർത്തിയാക്കി. അദ്ദേഹത്തിന്റെ കഴിവും സമർപ്പണവും പരിഗണിച്ച് ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉപരിപഠനത്തിനായി ന്യൂയോർക്കിലെ സെന്റ് ജോസഫ്സ്  സെമിനാരിയിലേക്ക് (Dunwoodie) അയച്ചു. അവിടെ ദൈവശാസ്ത്ര പഠനം പൂർത്തിയാക്കിയ അദ്ദേഹം മാസ്റ്റർ ഓഫ് ആർട്സ് ഇൻ തിയോളജിയും മാസ്റ്റർ ഓഫ് ഡിവിനിറ്റിയും നേടി.

അമേരിക്കയിൽ  ക്രൈസ്തവ സമൂഹവും ക്നാനായ വിഭാഗവും പൊതുവിൽ മെച്ചപ്പെട്ട സ്ഥിതിയിലാണെന്ന് ബ്രദർ മോസസ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇറ്റാലിയൻ സമൂഹം പോലെയോ ഒന്നും നാം  വളർച്ച നേടിയിട്ടുമില്ല.  ഇന്നത്തെ യുവതലമുറ വിശ്വാസത്തിൽ നിന്ന് വിട്ടു പോകുന്നു എന്ന് ചിലർ പറയുന്നത് അത്ര ശരിയല്ല . എല്ലാവരും എവിടയെങ്കിലും വച്ച് എപ്പോഴെങ്കിലും ദൈവത്തെ കണ്ടുമുട്ടിയിട്ടുണ്ട്.

വർഷങ്ങൾ കഴിയുമ്പോൾ ഇവിടെ നമ്മുടെ പള്ളികൾ ഒരു ബാധ്യതയാകുമോ എന്ന് ചിലർ ആശങ്കപ്പെടാറുണ്ട്. അങ്ങനെ വരുമെന്ന് കരുതുന്നില്ല. ചരിത്രത്തിൽ സഭ തന്നെ താഴേക്കു പോയ അവസരങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലാണ് വിശുദ്ധരും  മറ്റും കൂടുതലായി ഉണ്ടാകുന്നത്. സഭാ നവീകരണത്തിനായി ദൈവം അവരെ നിയോഗിക്കുന്നു.  അവിടെ നിന്ന് അത് ഉയർന്നു വരുന്നത്  നാം കാണുന്നു.  സഭ ദൈവത്താൽ നയിക്കപ്പെടുന്നതാണ്. അതിനാൽ തകർച്ച ഉണ്ടാവാൻ ദൈവം അനുവദിക്കില്ല.

ബ്രദർ മോസസിന്റെ പൗരോഹിത്യയാത്രയ്ക്ക് ശക്തമായ പിന്തുണ നൽകിയത് കുടുംബമാണ്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യരംഗത്തും എൻജിനീയറിംഗ് മേഖലയിലും സേവനരംഗത്തുമായി പ്രവർത്തിക്കുന്ന സഹോദരങ്ങളും കുടുംബാംഗങ്ങളും ഈ വിശുദ്ധ നിമിഷത്തിന്റെ സാക്ഷികളാകുകയാണ്. ബ്രദർ മോസസിനെ  ബലിപീഠത്തിലേക്ക് നയിച്ച ദൈവവിളിക്ക് അവർ നന്ദി പറയുന്നു.

മെക്കാനിക്കൽ എഞ്ചിനീയറായ  മൂത്ത സഹോദരൻ  മൈക്കിളും  കുടുംബവും അറ്റ്ലാന്റയിൽ താമസിക്കുന്നു.   ഭാര്യ ലിനു, നഴ്‌സ് പ്രാക്ടീഷണർ, രണ്ട് കുട്ടികൾ, ജോനാഥൻ, ജനസ.  രണ്ടാമത്തെ സഹോദരൻ  മാനുവലും  ഭാര്യ    സ്റ്റെഫിയും  ന്യൂയോർക്കിൽ മെഡിക്കൽ ഡോക്ടർമാരായി പ്രാക്ടീസ് ചെയ്യുന്നു. മൂന്ന് മക്കൾ:  എസ്തർ, ഡാനിയേൽ, എലിസ. ഇളയ സഹോദരി മരിയ    ടെക്സസിലെ ഓസ്റ്റിനിൽ  ഒക്യുപേഷണൽ തെറാപ്പിസ്റ്റായി ജോലി ചെയ്യുന്നു. ഭർത്താവ് റെമ്മി സിറിയക്,   പ്രൊഫഷണൽ എഞ്ചിനീയർ.   രണ്ട് ആൺകുട്ടികൾ: ജോണി, ജെയ്ക്ക്.  

വിശ്വാസത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും കുടുംബപാരമ്പര്യത്തിന്റെയും സമന്വയമായ ബ്രദർ മോസസ് സ്റ്റീഫന്റെ  പൗരോഹിത്യ സ്വീകരണം നോർത്ത് അമേരിക്കൻ ക്നാനായ സമൂഹത്തിനും കോട്ടയം അതിരൂപതയ്ക്കും അഭിമാന നിമിഷമായി മാറുകയാണ്. ഈ ധന്യമായ ചടങ്ങിനെ ഭക്തിപൂർവ്വം വരവേൽക്കാൻ സെന്റ് സ്റ്റീഫൻസ് ഫൊറോനാ ഇടവകയും വിശ്വാസിസമൂഹവും പ്രാർത്ഥനാപൂർവ്വം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ക്ലൗഡ്, എ.ഐ വികസനത്തിനായി ഇന്ത്യയിൽ 1.2 ലക്ഷം കോടി നിക്ഷേപിക്കാൻ ആമസോൺ; ഡൽഹിയിൽ മോദി-ആൻഡി ജാസി കൂടിക്കാഴ്ച

ന്യൂഡൽഹി: രണ്ടായിരത്തി മുപ്പതോടെ ഇന്ത്യയിൽ എ.ഐ., ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ രംഗത്തെ വികസനത്തിനായി 13 ബില്യൺ ഡോളർ (1.2...

അമേരിക്കൻ വാർത്ത

ടെക്സസിൽ വീണ്ടും ജനവിധി തേടി ഇന്ത്യൻ-അമേരിക്കൻ ജഡ്ജ് ജൂലി മാത്യു; ഇത് വൻനേട്ടം

ഹൂസ്റ്റൺ: ടെക്സസിലെ ഫോർട്ട് ബെൻഡ് കൗണ്ടി കോടതി ജഡ്ജും  ഇന്ത്യൻ-അമേരിക്കൻ നിയമവിദഗ്ധയുമായ ജൂലി മാത്യു വീണ്ടും ഡെമോക്രാറ്റിക്...

അമേരിക്കൻ വാർത്ത

ക്നാനായ കത്തോലിക്കാ റീജിയൻ ‘അലാസ്ക ക്രൂസ് 2027’ രജിസ്ട്രേഷൻ ആരംഭിച്ചു

ഹ്യൂസ്റ്റൺ: നോർത്ത് അമേരിക്കൻ ക്നാനായ കത്തോലിക്കാ റീജിയണിന്റെ ആഭിമുഖ്യത്തിൽ “ക്രൂസിംഗ് അലാസ്കാ റ്റുഗതർ” (Cruising Alaska...

അമേരിക്കൻ വാർത്ത

സോമർസെറ്റ് സെൻറ് തോമസ് ദേവാലയത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ; ജൂൺ 26-ന് കൊടിയേറും

സോമർസെറ്റ്, ന്യൂജേഴ്‌സി:  ന്യൂജേഴ്‌സിയിലെ സോമർസെറ്റ് സെൻറ്  തോമസ് സീറോ മലബാർ കത്തോലിക്ക ഫൊറോനാ ദേവാലയത്തിൽ,  ഭാരതത്തിന്റെ...