അമേരിക്കൻ വാർത്ത

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസും കേരളാ സര്‍വകലാശാലയുമായി സംയുക്ത സംരംഭത്തിന് ഫോമാ ടീം പ്രോമീസ്

ഫ്‌ളോറിഡ: ‘വിദ്യാജ്യോതി’ സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെയും ‘ആര്‍ദ്രം’ കാന്‍സര്‍ കെയര്‍ പ്രോജക്ടിന്റെയും തുടര്‍ച്ചയായി ‘ഫോമാ ടീം പ്രോമീസ്’ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മലയാള വിഭാഗവും കേരളാ യൂണിവേഴ്‌സിറ്റിയുമായി മലയാള ഭാഷാ പഠനം സംബന്ധിച്ച ഒരു സംയുക്ത സംരംഭവുമായി ഫോമാ ടീം പ്രോമീസ് മുന്നോട്ട് വരുന്നു.”വേരുകള്‍ സംരക്ഷിക്കാം… വരുംതലമുറയെ ശക്തിപ്പെടുത്താം…” എന്ന മുദ്രാവക്യവുമായാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസും കേരള സര്‍വകലാശാലയും തമ്മില്‍ ‘കേരള പഠന സംരംഭ’ത്തിന് ഒരു ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിടാന്‍ ടീം പ്രോമിസ് ലക്ഷ്യമിടുന്നത്.

ടെക്‌സസ് സര്‍വകലാശാലയിലെ ഏഷ്യന്‍ സ്റ്റഡീസ് വിഭാഗത്തിന് കീഴില്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാളം പ്രോഗ്രാം പ്രവര്‍ത്തിക്കുന്നുണ്ട്. അമേരിക്കയില്‍ മലയാള ഭാഷയും കേരള സംസ്‌കാരവും പഠിപ്പിക്കുന്ന അപൂര്‍വ്വം സര്‍വ്വകലാശാലകളില്‍ ഒന്നായ ഈ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്നൊരുക്കുന്ന പ്രസ്തുത സംരംഭം ഭാഷാപ്രേമികള്‍ക്ക് ഏറെ ആവേശം നല്‍കുന്ന ഒന്നാണ്. കേരളത്തിന്റെ പച്ചപ്പിലേക്കും അക്ഷരമുറ്റങ്ങളിലേക്കും നീളുന്ന ഒരു സാംസ്‌കാരിക പാലമായി ഇത് പ്രവര്‍ത്തിക്കുമെന്ന് ഫോമാ ടീം പ്രോമീസിന് നേതൃത്വം നല്‍കുന്ന പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും ഫോമായുടെ സ്ഥാപക നേതാവുമായ മാത്യു വര്‍ഗീസ് (ജോസ് ഫ്‌ളോറിഡ) വ്യക്തമാക്കി.

വിദ്യാഭ്യാസം എന്നത് അക്കാദമിക് നേട്ടങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ലെന്നും, നമ്മുടെ ഭാഷയും സംസ്‌കാരവും പാരമ്പര്യവും വരുംതലമുറകള്‍ക്ക് കൈമാറേണ്ട വലിയ ഉത്തരവാദിത്വമാണെന്നുമുള്ള കാഴ്ചപ്പാടുമായാണ് ടീം പ്രോമീസ്, കേരളത്തിന് ഏക്കാലവും ചൂണ്ടിക്കാണിക്കാനും ഫോമായ്ക്ക് അഭിമാനിക്കാനും പറ്റുന്ന ഭാഷയുടെയും സംസ്‌കാരത്തിന്റെയും ഔപചാരികമായ സംയുക്ത സംരംഭത്തിന് തുടക്കമിടുന്നത്. അമേരിക്കയിലെ മലയാള ഭാഷയും കേരള പഠനവും സംബന്ധിച്ച അക്കാദമിക് അവസരങ്ങള്‍ ഭാവിയില്‍ വികസിപ്പിക്കുകയെന്നതാണ് ഈ സംരംഭത്തിന്റെ ആത്യന്തിക ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി മലയാള ഭാഷ, കേരള ചരിത്രം, സാഹിത്യം, സംസ്‌കാരം, ഗവേഷണം എന്നിവയില്‍ ബിരുദ-ബിരുദാനന്തര പഠന സാധ്യതകള്‍ക്ക് വഴിതുറക്കാനും ഈ മുന്നേറ്റത്തിന് സാധിക്കുമെന്ന് ഫോമാ ടീം പ്രോമീസ് വിശ്വസിക്കുന്നു.

മാത്രമല്ല, നോര്‍ത്ത് അമേരിക്കയും കേരളവും തമ്മിലുള്ള വിദ്യാഭ്യാസ-സാംസ്‌കാരിക ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും, ഭാവി തലമുറകള്‍ക്ക് അവരുടെ മാതൃ ഭാഷയും വേരുകളും സാംസ്‌കാരിക പൈതൃകവും അഭിമാനത്തോടെ പഠിക്കാനും സംരക്ഷിക്കാനും അവസരമൊരുക്കുകയും ചെയ്യും. ഈ പദ്ധതിക്ക് വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ മാര്‍ഗനിര്‍ദേശവും പിന്തുണയും ലഭ്യമാക്കും. പ്രത്യേകിച്ച് അന്താരാഷ്ട്ര പ്രശസ്തനായ ഓങ്കോളജിസ്റ്റും എഴുത്തുകാരനുമായ ഡോ. എം.വി പിള്ളയെ പോലുള്ള വ്യക്തികളുടെ പിന്തുണ ഈ സംരംഭത്തിന് ശക്തി പകരും.

* മലയാള ഭാഷയും കേരള പൈതൃകവും വരുംതലമുറകളിലേക്ക് കൈമാറുക * വടക്കേ അമേരിക്കയിലെയും കേരളത്തിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തമ്മിലുള്ള സഹകരണം പ്രോത്സാഹിപ്പിക്കുക * മലയാള ഭാഷയിലും കേരള പഠനത്തിലും ബിരുദ-ബിരുദാനന്തര പഠന അവസരങ്ങള്‍ വികസിപ്പിക്കുക * സാംസ്‌കാരിക കൈമാറ്റം, ഗവേഷണ സഹകരണം, വിദ്യാഭ്യാസ വളര്‍ച്ച എന്നിവ പ്രോത്സാഹിപ്പിക്കുക * വടക്കേ അമേരിക്കന്‍ മലയാളി സമൂഹത്തിന് ദീര്‍ഘകാല പ്രയോജനം നല്‍കുന്ന ഒരു അക്കാദമിക് പൈതൃകം സൃഷ്ടിക്കുക * നമ്മുടെ മക്കളും കൊച്ചുമക്കളും അവരുടെ ഭാഷയോടും സംസ്‌കാരത്തോടും വേരുകളോടും ചേര്‍ന്ന് വളരുകയും, കേരളവും വടക്കേ അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്ന വിദ്യാഭ്യാസ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുക തുടങ്ങിയവയാണ് ഇടു സംബന്ധിച്ച് ഫോമാ ടീം പ്രോമീസിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍.

ഒരു ജനതയുടെ സംസ്‌കാരവും തനിമയും നിലനില്‍ക്കുന്നത് അവരുടെ മാതൃഭാഷയിലാണ്. അമേരിക്കയിലെ പുതുതലമുറയ്ക്ക് മലയാള ഭാഷയുടെ മനോഹാരിതയും പൈതൃകവും പകര്‍ന്നുനല്‍കുക എന്നത് നമ്മുടെ കടമയാണ്. അത് നിറവേറ്റുന്നതിനായാണ്  ടീം പ്രോമിസ് ഒരു പുതിയ ചരിത്രദൗത്യം ഏറ്റെടുക്കാനോരുങ്ങുന്നത്. പ്രശസ്തമായ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഓസ്റ്റിനിലെ മലയാളം വിഭാഗവും, ഇന്ത്യയിലെ ആദ്യത്തെ  സര്‍വ്വകലാശാലകളിലൊന്നായ കേരള സര്‍വ്വകലാശാലയും തമ്മില്‍ അതിരുകളില്ലാത്ത സാംസ്‌കാരിക കൂട്ടായ്മയാണ് വിഭാവനം ചെയ്യുന്നതെന്ന് മാത്യു വര്‍ഗീസ് നയിക്കുന്ന ടീം പ്രോമീസിന്റെ വിവിധ സ്ഥാനങ്ങളിലേയ്ക്ക് ജനവിധി തേടുന്ന അനു സ്‌കറിയ (ജനറല്‍ സെക്രട്ടറി), ബിനോയ് തോമസ് (ട്രഷറര്‍), ജോണ്‍സണ്‍ ജോസഫ് (വൈസ് പ്രസിഡന്റ്), രേഷ്മ രഞ്ജന്‍ (ജോയിന്റ് സെക്രട്ടറി), ടിറ്റോ ജോണ്‍ (ജോയിന്റ് ട്രഷറര്‍) എന്നിവര്‍ അഭിപ്രായപ്പെടുന്നു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തകായികം

ഫിഫ ലോകകപ്പിൽ സൗദി അറേബ്യയെ പരാജയപ്പെടുത്തി സ്പെയിൻ

അറ്റ്‌ലാന്റ: തുടക്കം മുതൽ ആക്രമണം, കേപ് വെർദെയ്‌ക്കെതിരേ കണ്ട സ്‌പെയിനായിരുന്നില്ല സൗദിക്കെതിരേ… ലാമിൻ യമാലും ഒയർസബാലും...

അമേരിക്കൻ വാർത്തപ്രധാന വാർത്ത

മോഹിനിയാട്ടത്തിന് കേന്ദ്ര പുരസ്കാരം: അമേരിക്കൻ പ്രവാസി ഇന്ത്യക്കാർക്ക് അഭിമാനമായി ഡോ. സുനന്ദ നായർ

ഹൂസ്റ്റൺ : മോഹിനിയാട്ട രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യയിലെ പരമോന്നത കലാബഹുമതികളിലൊന്നായ 2024-ലെ സംഗീത നാടക...

അമേരിക്കൻ വാർത്തഓർമ്മച്ചെപ്പ്ചരമം

മണ്ണിക്കരോട്ടിൻറെ ജീവിതത്തെ അനുസ്മരിച്ച് മലയാളം സൊസൈറ്റി

ഹൂസ്റ്റൺ: മലയാളം സൊസൈറ്റിയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന ജോർജ് മണ്ണിക്കരോട്ടിനെ അനുസ്മരിക്കുന്നതിനായി മലയാളം സൊസൈറ്റി ഓഫ് അമേരിക്ക,...

അമേരിക്കൻ വാർത്ത

ഡിട്രോയിറ്റ് സെന്റ്‌ മേരീസ് ക്നാനായ ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി

ഡിട്രോയിറ്റ്  സെ .മേരീസ് ക്നാനായ കത്തോലിക്ക ഇടവകയിൽ ആഘോഷമായ ദിവ്യ കാരുണ്യ സ്വീകരണവും മാമ്മോദീസായും നടത്തി....