അഹമ്മദാബാദ്: ഐപിഎല്ലിൽ ഒരിക്കൽ കൂടി രാജാക്കൻമാരായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു. ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് ആർസിബി കിരീടത്തിൽ മുത്തമിട്ടത്. ഗുജറാത്ത് ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ബെംഗളൂരു മറികടന്നു. അർധസെഞ്ചുറിയുമായി തിളങ്ങിയ സൂപ്പർ താരം വിരാട് കോലിയാണ് ചേസിങ്ങിൽ ആർസിബിയുടെ നെടുംതൂണായത്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ തുടർച്ചയായ രണ്ടാം കിരീടമാണിത്. ഐപിഎല്ലിൽ തുടർകിരീടമെന്ന നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ ക്യാപ്റ്റനായി രജത് പാട്ടിദാർ മാറി. മഹേന്ദ്ര സിങ് ധോനിയും രോഹിത് ശർമയും ആണ് മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരു വെടിക്കെട്ടോടെയാണ് തുടങ്ങിയത്. വെങ്കടേഷ് അയ്യരും വിരാട് കോലിയും പവർപ്ലേയിൽ കത്തിക്കയറി. രണ്ടാം ഓവറിൽ 18 റൺസാണ് അയ്യർ അടിച്ചെടുത്തത്. മൂന്നാം ഓവറിൽ 13 റൺസും പിറന്നു. നാലാം ഓവറിൽ കോലി 19 റൺസും കണ്ടെത്തിയതോടെ ആർസിബി സ്‌കോർ 55 ലെത്തി. എന്നാൽ അഞ്ചാം ഓവറിൽ വെങ്കടേഷ് അയ്യർ പുറത്തായി. 16 പന്തിൽ നിന്ന് 32 റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ഒരു റൺ മാത്രമെടുത്ത് ദേവദത്ത് പടിക്കലും പുറത്തായി.
എന്നാൽ മൂന്നാം വിക്കറ്റിൽ നായകൻ രജത് പാട്ടിദാറുമൊത്ത് വിരാട് കോലി സ്‌കോറുയർത്തി. കോലി അടിച്ചുകളിച്ചതോടെ ബെംഗളൂരു ഏഴോവറിൽ 81 റൺസിലെത്തി. റാഷിദ് ഖാൻ എറിഞ്ഞ ഒൻപതാം ഓവറിൽ രണ്ട് വിക്കറ്റുകൾ വീണതോടെ മത്സരം കടുത്തു. ഓവറിലെ രണ്ടാം പന്തിൽ നായകൻ രജത് പാട്ടിദാറും(15) അഞ്ചാം പന്തിൽ ക്രുണാൽ പാണ്ഡ്യയും(1) പുറത്തായി. പത്തോവർ അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെന്ന നിലയിലായിരുന്നു ആർസിബി.
അഞ്ചാം വിക്കറ്റിൽ ടിം ഡേവിഡുമായി ചേർന്ന് കൂട്ടുകെട്ട് പടുത്തുയർത്തിയ കോലി ആർസിബിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പിന്നാലെ താരം അർധസെഞ്ചുറിയും തികച്ചു. 25 പന്തിൽ നിന്നാണ് കോലി ഫിഫ്റ്റി നേടിയത്. ഐപിഎല്ലിലെ കോലിയുടെ വേഗമേറിയ അർധസെഞ്ചുറി കുടിയാണിത്. സ്‌കോർ 132ൽ നിൽക്കേ ടിം ഡേവിഡ്(24) പുറത്തായി. പിന്നീട് ജിതേഷ് ശർമയുമായി ചേർന്നാണ് കോലി ടീമിനെ മുന്നോട്ടുനയിച്ചത്. ഇരുവരും ടീമിനെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. കോലി 42 പന്തിൽ 75 റൺസുമായി പുറത്താവാതെ നിന്നു. ജിതേഷ് ശർമ 11 റൺസെടുത്തു. ഗുജറാത്തിനായി റാഷിദ് ഖാൻ രണ്ടുവിക്കറ്റെടുത്തു.
കലാശപ്പോരിൽ ആദ്യം ബാറ്റുചെയ്ത ഗുജറാത്ത് ടൈറ്റൻസ് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണെടുത്തത്. പേരുകേട്ട ഗുജറാത്ത് ബാറ്റർമാരെ ആർസിബി ബൗളർമാർ നിലയുറപ്പിക്കാനനുവദിക്കാതെ പിടിച്ചുകെട്ടി. അർധസെഞ്ചുറി തികച്ച വാഷിങ്ടൺ സുന്ദറാണ് ടീമിനായി പൊരുതിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് തുടക്കത്തിൽ തന്നെ പതറി. ആർസിബി ബൗളർമാർ കത്തിക്കയറിയതോടെ ഫോമിലുള്ള ഗുജറാത്ത് ഓപ്പണർമാർ വേഗം മടങ്ങി. മൂന്നാം ഓവറിൽ ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റാണ് ടീമിന് ആദ്യം നഷ്ടമായത്. എട്ടുപന്തിൽ നിന്ന് വെറും പത്ത് റൺസ് മാത്രമേ ഗില്ലിന് നേടാനായുള്ളൂ. നാലാം ഓവറിൽ സായ് സുദർശനും പുറത്തായി. 12 പന്തിൽ നിന്ന് 12 റൺസാണ് താരത്തിന്റെ സമ്പാദ്യം. അതോടെ ഗുജറാത്ത് നാലോവറിൽ 30-2 എന്ന നിലയിലായി.
മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജോസ് ബട്ട്‌ലറും നിഷാന്ത് സിന്ധുവുമാണ് ടീമിനെ അമ്പത് കടത്തിയത്. എന്നാൽ ഇരുവർക്കും അധികനേരം ക്രീസിൽ നിലയുറപ്പിക്കാനായില്ല. സ്‌കോർ 55 ൽ നിൽക്കേ നിഷാന്ത് സിന്ധു പുറത്തായി. 18 പന്തിൽ നിന്ന് 20 റൺസ് മാത്രമാണ് താരത്തിന് നേടാനായുള്ളൂ. പിന്നാലെ വാഷിങ്ടൺ സുന്ദറും പുറത്തായതോടെ ഗുജറാത്ത് പ്രതിരോധത്തിലായി. എഴുപന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് വാഷിങ്ടൺ സുന്ദറിന് നേടാനായത്. പത്തോവറിൽ 63-4 എന്ന നിലയിലായിരുന്നു ഗുജറാത്ത്.
അഹമ്മദാബാദിൽ ആർസിബി ബൗളർമാർ പിടിമുറുക്കുന്നതാണ് മൈതാനത്ത് കണ്ടത്. റൺസ് കണ്ടെത്താനാവാതെ ഗുജറാത്ത് ബാറ്റർമാർ കുഴങ്ങി. 13-ാം ഓവറിലെ ആദ്യ പന്തിൽ ക്രുണാൽ പാണ്ഡ്യ ജോസ് ബട്ട്‌ലറെയും കൂടാരം കയറ്റി. 23 പന്തിൽ നിന്ന് 19 റൺസാണ് ബട്ട്‌ലറുടെ സമ്പാദ്യം. പിന്നീട് ക്രീസിലിറങ്ങിയ അർഷാദ് ഖാൻ അടിച്ചുകളിച്ചതാണ് ടീമിന് അൽപ്പമെങ്കിലും ആശ്വാസമായത്. 14-ാം ഓവറിൽ 16 റൺസാണ് ഗുജറാത്ത് നേടിയത്. ആറുപന്തിൽ നിന്ന് 15 റൺസെടുത്ത അർഷാദ് ഖാനെ സലാം ധർ പുറത്താക്കി.
വാഷിങ്ടൺ സുന്ദറാണ് ഗുജറാത്ത് ഇന്നിങ്‌സിനെ മുന്നോട്ടുനയിച്ചത്. താരം പതിയെ ടീം സ്‌കോർ ഉയർത്തി. വിക്കറ്റുകൾ പോകുമ്പോഴും ഒരുവശത്ത് നിലയുറപ്പിച്ച് സുന്ദർ അർധസെഞ്ചുറി തികച്ചു. ടീം സ്‌കോർ 150 കടത്തി. ബെംഗളൂരുവിനായി റാസിഖ് സലാം ധർ മൂന്ന് വിക്കറ്റെടുത്തു. ഭുവനേശ്വർ കുമാർ, ജോഷ് ഹേസൽവുഡ്, എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.






Leave a comment