ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വീണയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ഇഡി; റെയ്ഡിന് പിന്നാലെ നടന്ന സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: ഇഡി റെയ്ഡിന് പിന്നാലെ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ ടിയുടെ ബാങ്ക് അക്കൗണ്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) മരവിപ്പിച്ചു. എച്ച്ഡിഎഫ്‌സി ബാങ്കിലെ അക്കൗണ്ടാണ് മരവിപ്പിച്ചത്. വീണയുടെ ബാങ്ക് സ്ഥിരനിക്ഷേപത്തിന്റെ രേഖകളും റെയ്ഡിൽ ഇഡി പിടിച്ചെടുത്തിരുന്നു.

സിഎംആർഎൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ 18.36 കോടി രൂപ അടങ്ങുന്ന അക്കൗണ്ടുകൾ മരവിപ്പിച്ചെന്ന് എൻഫോഴ്സ്മെന്റ് വൃത്തങ്ങള്‍. നിക്ഷേപങ്ങള്‍, ബാങ്ക് നിക്ഷേപങ്ങൾ‍, ഡിജിറ്റൽ ഉപകരണങ്ങൾ, അക്കൗണ്ട് വിവരങ്ങൾ തുടങ്ങിയ റെയ്ഡിൽ കണ്ടെത്തിയതിൽ ഉള്‍പ്പെടും. അതേ സമയം, ആരുടെ, ഏതൊക്കെ വിധത്തിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത് എന്ന് ഇഡി വ്യക്തമാക്കിയിട്ടില്ല. 242 അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നാണ് വിവരം. ഇതിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയുടെ സ്വകാര്യ ബാങ്കിലെ അക്കൗണ്ട്, സിഎംആർഎല്ലുമായി ബന്ധപ്പെട്ട ചില അക്കൗണ്ടുകൾ എന്നിവ മരവിപ്പിച്ചതിൽ ഉൾപ്പെടും എന്നാണ് വിവരം.

വീണയുടെ എക്സാലോജിക് സൊല്യൂഷൻസും സിഎംആർഎല്ലും തമ്മിലുള്ള മാസപ്പടി ഇടപാടു കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച വിവിധയിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്തെ പിണറായി വിജയന്റെ വാടകവീട്, കണ്ണൂരിലെ വീട്, മുൻമന്ത്രി മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട് തുടങ്ങിയ ഇടങ്ങളിലായിരുന്നു ഇഡി പരിശോധന. 

സിഎംആർഎൽ മാനേജ്മെന്റും വീണയും ചേർന്ന് നിയമവിരുദ്ധമായി പണം സമ്പാദിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടികളെന്ന് റെയ്ഡിന് പിന്നാലെ ഇഡി വ്യക്തമാക്കിയിരുന്നു. തെളിവ് ശേഖരണത്തിന്റെ ഭാഗമായി കേരളത്തിലും കർണാടകയിലുമായി പത്തോളം കേന്ദ്രങ്ങളിലാണ് ഇഡി തിരച്ചിൽ നടത്തിയത്.

കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, ബാംഗ്ലൂർ എന്നിവിടങ്ങളിൽ സിഎംആർഎൽ മാനേജ്മെന്റുമായും വീണ വിജയനുമായും ബന്ധപ്പെട്ട ഇടങ്ങളിലാണ് പരിശോധന നടന്നതെന്നും ഇഡി അറിയിച്ചിരുന്നു.

തിരുവനന്തപുരത്ത് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ നടന്ന ഇഡി റെയ്ഡിന് പിന്നാലെ പാളയം ഏരിയ കമ്മിറ്റി ഓഫീസിന് മുന്നിലുണ്ടായ സംഘർഷത്തിൽ നാലുപേർ അറസ്റ്റിൽ. മനോജ്, ജീവൻ, ശ്രീജിത്ത്, ഷാഹിൻ എന്നിവരാണ് അറസ്റ്റിലായത്. ഇഡി വാഹനം ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. അക്രമം നടത്തിയ മറ്റുള്ളവർക്കായി തിരച്ചിൽ തുടരുമെന്നും പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുെമെന്നും പോലീസ് അറിയിച്ചു.

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം തകർത്ത സംഭവത്തിലെ പ്രതികളെ കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ബേക്കറി ജംഗ്ഷനിലെ വീട്ടിൽനിന്ന് മടങ്ങിയ ഇഡിയുടെ വാഹനങ്ങൾക്ക് നേരെ കല്ലേറും അക്രമവും നടത്തിയ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർ പാളയം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് കയറിയതോടെ പോലീസ് ഓഫീസ് വളയുകയായിരുന്നു. ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചവരെ പിടികൂടാനായി പോലീസ് നീക്കം തുടങ്ങിയതോടെയാണ് പാളയം ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് സംഘർഷം തുടങ്ങിയത്.

ഓഫീസിന് മുന്നിൽ വലിയ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചത്. ഏതു നിമിഷവും പോലീസ് അകത്തു കയറി അറസ്റ്റ് നടത്തിയേക്കുമെന്ന സൂചനയെത്തുടർന്ന് കണ്ണീർവാതകം ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സായുധ പോലീസും സ്ഥലത്തെത്തിയിരുന്നു.

പാളയത്തെ പാർട്ടി ഓഫീസിനുള്ളിൽ പോലീസ് കയറാൻ അനുവദിക്കില്ലെന്ന് സിപിഎം നേതാക്കൾ നിലപാടെടുത്തു. വി. ശിവൻകുട്ടി, കടകംപള്ളി സുരേന്ദ്രൻ, ജോൺ ബ്രിട്ടാസ് എംപി, ആനാവൂർ നാഗപ്പൻ, എ. സമ്പത്ത്, ബിനീഷ് കോടിയേരി തുടങ്ങിയ നേതാക്കൾ പാളയം ഓഫീസിന് മുന്നിലുണ്ടായിരുന്നു. ‘പാർട്ടി ഓഫീസിൽ പോലീസ് കയറില്ല, കയറണമെങ്കിൽ ഞങ്ങളെ അറസ്റ്റ് ചെയ്ത ശേഷം മാത്രമേ സാധിക്കൂ’ എന്ന് വി. ശിവൻകുട്ടി പോലീസിനോട് പറഞ്ഞു.

പുറത്തുവന്ന അക്രമത്തിൻ്റെ ദൃശ്യങ്ങൾ ഉപയോഗിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. ഡിസിപിയും മ്യൂസിയം എസ്എച്ച്ഒയും അടങ്ങുന്ന പോലീസ് സംഘം നേതാക്കൾക്ക് ഈ ദൃശ്യങ്ങൾ ഫോണിൽ കാണിച്ചുകൊടുക്കുകയും ഇതിൽ ഉൾപ്പെട്ടവരെ വിട്ടുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവുമായി പോലീസ് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.

സംഘർഷം വഷളായതോടെ വി. ശിവൻകുട്ടി സംസ്ഥാന പോലീസ് മേധാവിയെ (ഡിജിപി) ഫോണിൽ വിളിച്ചു സംസാരിച്ചു. പ്രതികളെ തരാമെന്നും അവരെ പിടിച്ചുവെക്കില്ലെന്നും എന്നാൽ പോലീസ് പാർട്ടി ഓഫീസിനകത്ത് കയറാൻ അനുവദിക്കില്ലെന്നും അദ്ദേഹം ഡിജിപിയെ അറിയിച്ചു. എന്നാൽ, അക്രമം നടത്തിയ പ്രവർത്തകരെ ഉടൻ കസ്റ്റഡിയിൽ എടുക്കണമെന്ന നിലപാടിൽ പോലീസ് ഉറച്ചുനിന്നതോടെ സംഘർഷം ശക്തമായി. ഒടുവിൽ ഏറെ നേരം നീണ്ടുനിന്ന പ്രതിഷേധങ്ങൾക്കൊടുവിൽ പ്രതികളെ ഹാജരാക്കാമെന്ന സിപിഎം നേതാക്കൾ ഉറപ്പ് നൽകിയതോടെയാണ് പാർട്ടി ഓഫീസിന് മുന്നിൽനിന്ന് പോലീസ് പിൻമാറിയത്. 

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...