കൗതുകങ്ങൾസിനിമ

അൻസിബ എന്റെ സഹോദരിയെപ്പോലെയുള്ള ആളാണ്; ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം

അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങൾ നിഷേധിച്ച് ടിനി ടോം. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് അൻസിബ ഉന്നയിക്കുന്നത്. ഞാൻ പറഞ്ഞുവെന്ന് മറ്റാരോ പറഞ്ഞെന്നാണ് അൻസിബയുടെ ആരോപണം. അതിന് തെളിവുകളുണ്ടെങ്കിൽ ഹാജരാക്കണം. ഇത്രകാലം ‘അമ്മ’യുടെ എക്സിക്യൂട്ടീവിൽ പ്രവർത്തിച്ചിട്ട് ഇതുവരെ തനിക്കെതിരെ ആരും ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ചിട്ടില്ല. ‍ഞാനൊരു മിമിക്രിക്കാരനാണ്. ഞങ്ങൾക്കിടയിൽ ജാതിയും മതവും ഇല്ല. ഇങ്ങനെയൊരു ആരോപണം എങ്ങനെ ഉണ്ടായി എന്നറിയില്ല. എന്തായാലും ഈ വിഷയം സംഘടനയ്ക്കുള്ളിൽ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് ടിനി ടോം മാധ്യമങ്ങളോട് പ്രതികരിച്ചു. 

‘‘യാതൊരു വിധ മോശം പ്രവർത്തനവും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. അൻസിബ രാജിക്കത്ത് കൊടുത്തത് ഫെബ്രുവരി 21നാണ്. 22ന് അത് തിരിച്ച് അയച്ചു. രാജി വയ്ക്കരുത്, ജനറൽ ബോഡി വരെ കൊണ്ടുപോകണം എന്ന് പറഞ്ഞു. പുള്ളിക്കാരിയുടെ രാജിക്കത്ത് ഡിലീറ്റ് ചെയ്തു. അതിനുശേഷം മാർച്ച് രണ്ടിന് നടന്ന എക്സിക്ക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ, രാജി വിഷയം സംസാരിച്ചിട്ടില്ല. പിന്നെ മേയ് പന്ത്രണ്ടിനാണ് രാജി വച്ചു എന്ന് കേൾക്കുന്നത്. അപ്പോൾ നടന്ന എക്സിക്യൂട്ടീവ് കമ്മിറ്റി മീറ്റിങ്ങിൽ ഫോണിൽ വിളിച്ച് സ്പീക്കറിൽ ഇട്ടു. അപ്പോൾ എന്തുണ്ടെങ്കിലും തുറന്നു പറയാൻ ആവശ്യപ്പെട്ടിരുന്നു. അപ്പോൾ പറഞ്ഞത് ‘സ്വന്തമായ തിരക്കുകൾ കാരണം’ ആണ് രാജി എന്നാണ്. അല്ലാതെ വേറെ ഒന്നും അല്ല എന്നും പറഞ്ഞു. സെക്രട്ടറിയും പ്രസിഡന്റും ചോദിച്ചു. അപ്പോഴും തിരക്കുകൊണ്ടാണ് രാജി വയ്ക്കുന്നതിന് ആ കുട്ടി (അൻസിബ) പറഞ്ഞു. ഇന്ന് ഇവിടെ (അമ്മ ഓഫിസിൽ) മെഡിക്കൽ ക്യാംപ് നടക്കുകയാണ്. ഞാൻ പ്രസംഗിക്കുന്നവനല്ല. പ്രവർത്തിക്കുന്നവനാണ്. ഞാൻ ഇതുവരെ അമ്മയുടെ കാര്യം പറഞ്ഞ് നിങ്ങളുടെ മുൻപിൽ വന്നിട്ടില്ലല്ലോ? ഈ വെള്ളിടി വാർത്ത കേട്ടപ്പോഴാണ് സംസാരിക്കാമെന്നു തീരുമാനിച്ചത്. പ്രവർത്തിക്കുന്നവരെ തകർക്കാനുള്ള ശ്രമം ഉണ്ട്. മുൻപ് ഇവിടെ പ്രവർത്തിച്ചിരുന്ന മാനേജർക്കെതിരെ ആയിരുന്നു പ്രശ്നം. സ്റ്റേജ് പരിപാടികൾ നടക്കുമ്പോൾ പരസ്പരം ചീത്തവിളികൾ ഉണ്ടാവാറുണ്ട്. അത് അല്ലാതെ ഒരു പ്രശ്നവും നമുക്കിടയിൽ ഉണ്ടാവാറില്ല. 

എന്റെ സുഹൃത്തുക്കളിൽ അധികവും മുസ്ലിം മതവിശ്വാസികളാണ്. മമ്മൂക്കയാണ് എന്നെ സിനിമയിൽ കൊണ്ടുവന്നത്. ആർക്കെങ്കിലും ആരോപണം ഉണ്ടോ എന്ന് ചോദിച്ചു നോക്കൂ. കമ്മിറ്റി അംഗങ്ങളോട് അല്ലേ ചോദിക്കേണ്ടത്. ഇങ്ങനെ ഒരു ആരോപണം ഉണ്ടായത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. ഞാൻ അമ്മയിൽ നന്നായി പണിയെടുക്കുന്നുണ്ട്. ഞാൻ എങ്ങാനും കയറിപ്പോകുമോ എന്നൊരു തോന്നൽ ഉള്ളതുകൊണ്ടാകാം ചിലപ്പോൾ എന്നെ ഉന്നം വയ്ക്കുന്നത്. ഞാൻ പുറത്ത് ജോലി ചെയ്ത പണം കൊണ്ട് ഡീസൽ അടിച്ചിട്ടാണ് ഇവിടേക്ക് വന്നു സേവനം ചെയ്യുന്നത്. അത് എന്റെ അമ്മമാരോടും അപ്പന്മാരോടുമുള്ള ചാരിറ്റി ആണ്. അൻസിബയുടെ പുറകെ വേറെ ആരെങ്കിലും ഉണ്ടോ എന്ന് എനിക്ക് അറിയില്ല. പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് കിട്ടിയിട്ടുണ്ട്. പുറത്തു പറയുന്നില്ല. നമ്മൾ അമ്മയ്ക്കുവേണ്ടി കഷ്ടപ്പെട്ട് ഓടുകയാണ്. ഇന്ന് ഇവിടെ നടന്ന മെഡിക്കൽ ക്യാംപിന്റെ ശോഭ കെടുത്തി എന്നാണ് എനിക്ക് തോന്നുന്നത്. നിയമപരമായി നേരിടാനൊന്നും പോകുന്നില്ല. എല്ലാം ഇവിടെ തീർക്കും. അൻസിബ എന്റെ സഹോദരിയെപ്പോലെയുള്ള ആളാണ്. 

ഈ വിഷയത്തിൽ തുറന്ന ചർച്ച ഉണ്ടാവണം. ഞാൻ തുറന്ന പുസ്തകമാണ്. ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് അറിയില്ല. എന്റെ കൂട്ടുകാരൊക്കെ മുസ്ലിം മതവിശ്വാസികളാണ്. നാദിർഷക്ക ആണ് എന്നെ മിമിക്രിയിൽ കൊണ്ടുവന്നത്. ഞാൻ മിമിക്രിക്കാരനാണ്. ഞങ്ങൾക്കിടയിൽ ജാതിയും മതവും ഇല്ല. ഇങ്ങനെയൊക്കെ പറയുന്നതിന്റെ ലക്‌ഷ്യം എന്താണെന്നു എനിക്ക് അറിയില്ല. സിദ്ദീഖ് ഇക്കയോടാണ് ഞാൻ ഓരോ  കാര്യങ്ങളിലും നിർദേശങ്ങൾ ചോദിക്കാറുള്ളത്. ആ എന്നെക്കുറിച്ച് എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് അറിയില്ല. സ്റ്റേജ് പരിപാടികൾക്കിടയിൽ പല പ്രശ്നനങ്ങളും ഉണ്ടാകാറുണ്ട്. ആരെങ്കിലും പറഞ്ഞുകേട്ടു എന്നതുകൊണ്ട് ഞാൻ ഒന്നും പറയില്ല. കമ്മിറ്റി ആണ് എല്ലാം തീരുമാനിക്കുന്നത്. ഒരു സ്ത്രീകളോടും ഞാൻ മോശമായി ഒന്നും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു പ്രശ്നവും ഇതുവരെ ആരും പറഞ്ഞിട്ടില്ല,’’ ടിനി ടോം പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അൻസിബ ഹസൻ ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനം രാജിവച്ചത്. ധാർമികതയുടെ പേരിലാണ് രാജിയെന്നായിരുന്നു റിപ്പോർട്ട്. രാജി വയ്ക്കാൻ കാരണം ടിനി ടോമാണെന്ന് വ്യക്തമാക്കി അൻസിബ രംഗത്തുവന്നതോടെ സംഘടനയിലെ അഭിപ്രായ ഭിന്നതകളും പ്രശ്നങ്ങളും പരസ്യമാവുകയായിരുന്നു. താൻ ആരോടു സംസാരിച്ചാലും ടിനി ടോം അവിഹിതക്കഥകൾ ഉണ്ടാക്കും. ‘ജിഹാദി’ എന്നു വിളിച്ച് ആക്ഷേപിച്ചു. അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതൽ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങള്‍ പറയുമ്പോൾ അതിനെ വ്യക്തിപരമായി എടുത്ത്, തനിക്കെതിരെ വ്യാജമായ ആരോപണം ഉന്നയിക്കുകയാണ് ടിനി ടോം ചെയ്യുന്നതെന്നും അൻസിബ തുറന്നടിച്ചു.

അൻസിബയുടെ വാക്കുകൾ: ‘‘അമ്മയുടെ ജോയിൻ സെക്രട്ടറിയായി എതിരില്ലാതെയാണ് ഞാൻ തിരഞ്ഞെടുക്കപ്പെട്ടത്. അതിനുശേഷം ആ കമ്മിറ്റിയിൽ ചെന്നതു മുതൽ വലിയ പ്രശ്നങ്ങളാണ് നേരിടേണ്ടി വന്നത്. മുൻ ജോയിൻ സെക്രട്ടറിയുമായി അവിഹിതം ഉണ്ടെന്ന തരത്തിൽ കഥകൾ പ്രചരിക്കുന്നുണ്ടായിരുന്നു. എനിക്കെപ്പോഴും മാനസിക പീഡനങ്ങളായിരുന്നു. ഡിന്നർ പാർട്ടിയൊക്കെ നടത്തിയതിനു ശേഷം ടിനി ടോമേട്ടൻ ഭയങ്കരമായി സെക്രട്ടറിയെ വേദനിപ്പിക്കുന്ന രീതിയിൽ സംസാരിച്ചിട്ടുണ്ട്, ഞങ്ങളുടെ വാട്ട്സാപ്പ് ചാറ്റിൽ. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരാളെ ഇതുപോലെ വേദനിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾക്കു നാണമില്ലേ? എല്ലാവരും കൂടിയല്ലേ തീരുമാനം എടുത്തത്. എന്നിട്ട് ഒരാളെ മാത്രം കുറ്റപ്പെടുത്തുന്നത് എന്തിനാണ് എന്നു ചോദിച്ചു. ഒരു സ്ത്രീയെ എന്തിനാണ് ഇങ്ങനെ പറയുന്നത്? നാണമില്ലേ എന്നു ചോദിച്ചു. അന്നു മുതൽ എന്റെടുത്ത് വലിയ വൈരാഗ്യം ആണ്.

പുള്ളിക്ക് അവിടെ ഒരു ഗ്യാങ് ഉണ്ട്. പിന്നെ, ഞാൻ കേൾക്കുന്നത് എനിക്കെതിരെ ഉളള അവിഹിതകഥകളാണ്. ലോകത്ത് ഇനി എനിക്ക് അവിഹിതം ഇല്ലാത്ത ആരുമുണ്ടാകില്ല. ഞാൻ ഇതൊന്നും നേരിട്ട് കേൾക്കുന്നില്ല. മറ്റുള്ളവർ വഴിയാണ് ഞാനിത് അറിയുന്നത്. ഒരു പെണ്ണിനെ മോശക്കാരിയാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണല്ലോ അവിഹിത കഥകൾ. അതാകുമ്പോൾ ഒരു പെണ്ണിനെ എളുപ്പം തകര്‍ക്കാം.

അതുകഴിഞ്ഞ് ‘അമ്മ’യുടെ കുടുംബസംഗമം വന്നു. അതിന് ടൈറ്റിൽ സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഒരു ക്ഷേത്രം അതു ചെയ്യാമെന്നു പറഞ്ഞു. അപ്പോൾ ഞാൻ പറഞ്ഞു, നമുക്കിതു വരെ ഒരു മതസംഘടനയുടെ പേരും ഇതുപോലെ കേറിയിട്ടില്ല. സംഭാവനയായി വാങ്ങിക്കാം. ടൈറ്റിൽ സ്പോൺസർഷിപ്പ് പറയരുത്. കഴിഞ്ഞ ഇത്രയും കാലമായി ‘അമ്മ’യിൽ അങ്ങനെ ഇല്ല. ക്ഷേത്രമാണെങ്കിലും മുസ്ലിം പള്ളി ആണെങ്കിലും ക്രിസ്ത്യൻ പള്ളി ആണെങ്കിലും നമുക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു. അതാണ് ഞാൻ പറഞ്ഞത്. ‘അമ്മ’യിലെ മതസൗഹാർദ്ദം തകർക്കരുത്. ഞാനൊരാൾ ‘നോ’ പറഞ്ഞെന്നു വിചാരിച്ചാലും കമ്മിറ്റിയിൽ ഭൂരിഭാഗം അതിനോട് യെസ് പറഞ്ഞാൽ, ആ തീരുമാനം അല്ലേ നടക്കുക. പിന്നെ ഞാൻ യെസ് പറയണമെന്ന് നിർബന്ധം എന്തിനാണ്? എന്നെ വിശ്വാസത്തിലെടുക്കാൻ ശ്രമിക്കുന്നു പലരും. ക്ഷേത്രം ഞങ്ങൾക്ക് സംഭാവന നൽകാൻ തയാറായിരുന്നു. അതു പിന്നീടാണ് ഞാൻ അറി‍ഞ്ഞത്. എന്നെ ഇവരെല്ലാവരും കൂടെ മതതീവ്രവാദി ആക്കി. ടിനി ചേട്ടൻ ഞാൻ ജിഹാദി ആണെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഡ്രൈവർ ഉൾപ്പടെ പ്രൊഡക്ഷൻ കൺട്രോളറുടെ മകനെ വരെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്നും കമ്മിറ്റി അംഗങ്ങൾ പലരോടും പറഞ്ഞു. നീന കുറുപ്പാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞു നടക്കുന്നുവെന്ന് എന്നോട് പറഞ്ഞത്. എന്റെ പേര് അൻസിബ ഹസൻ എന്ന് ആയത് കൊണ്ട് മാത്രമല്ലേ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാൻ നോക്കി എന്നൊക്കെ പറയുന്നത്.

കുടുംബസംഗമത്തിന്റെ തലേദിവസം നീന ചേച്ചിയോടെന്തോ വഴക്കായി ചേച്ചിയുടെ അച്ഛനും അമ്മയ്ക്കും ചേർത്ത് ടിനി ചേട്ടൻ തെറി വിളിച്ചു. അതു കയ്യാങ്കളിയിലേക്ക് പോകുന്ന അവസ്ഥ ആയി. ടിനി ടോം വൃത്തികെട്ട രീതിയിൽ നീന കുറിപ്പിനെ തെറി വിളിച്ചിട്ടുണ്ട്. നീന കുറിപ്പിനെ അടിക്കാനായി ടിനി ടോം കൈ ഓങ്ങിയിട്ടുണ്ടെന്നും അറിഞ്ഞു. ഇതൊക്കെ പുറത്ത് പറഞ്ഞാൽ സംഘടനക്ക് ചീത്തപ്പേര് വരുമോ, എന്റെ കരിയറിനെ ബാധിക്കുമോ എന്നൊക്കെ എനിക്ക് പേടിയുണ്ടായിരുന്നു. വ്യക്തിഹത്യയുടെ ലിമിറ്റെല്ലാം കഴിഞ്ഞു. ടിനി ടോമാണ് രാജി വെക്കാനുള്ള കാരണമെന്ന് അമ്മയിലെ മുതിർന്ന അം​ഗങ്ങൾക്കെല്ലാം വോയ്സ് മെസേജ് അയച്ചിരുന്നു. എന്റെ ധാർമികതയുടെ പേരിലാണ് ഞാൻ രാജി വച്ചത്.’’

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...