അന്താരാഷ്ട്ര വാർത്തകേരള വാർത്തപ്രധാന വാർത്ത

പിടിയിലായ രാജ്യാന്തര സെക്‌സ് റാക്കറ്റിനു പിന്നിൽ മലയാളികളുൾപ്പെട്ട വൻ സംഘമെന്ന് പോലീസ്; അന്വേഷണം ദുബായിലേക്ക്

കൊച്ചി: മോഡലിങ്ങിന്റെയും ബ്യൂട്ടിപാർലർ ജോലികളുടെയും മറവിൽ മലയാളിയുവതികളെ ദുബായിലേക്ക് കടത്തി ലൈംഗികചൂഷണത്തിന് ഇരയാക്കുന്ന രാജ്യാന്തര സെക്‌സ് റാക്കറ്റിനു പിന്നിൽ മലയാളികളുൾപ്പെട്ട വൻ സംഘമെന്ന് പോലീസ്. പിടിയിലായ, ദുബായിൽ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് നടത്തുന്ന പെരുമ്പാവൂർ കോട്ടപ്പടി സ്വദേശിനി സിന്ധു എന്ന സ്റ്റോയ്സി (56) പെൺവാണിഭ സംഘത്തിന്റെ പ്രധാന നടത്തിപ്പുകാരിയെന്ന് സ്ഥിരീകരിച്ചു. സിന്ധുവിനൊപ്പം പിടിയിലായ തിരുവനന്തപുരം സ്വദേശിനിയും മരടിലെ താമസക്കാരിയുമായ അലീന എബ്രഹാം (27), പൊന്നാനി സ്വദേശിനി മഞ്ജിമ (25) എന്നിവർ സംഘത്തിന്റെ ഏജന്റുമാരാണെന്നും വ്യക്തമായിട്ടുണ്ട്. പെൺകുട്ടികളെ കണ്ടെത്തുന്നത് അലീനയും മഞ്ജിമയും ചേർന്നാണ്. സിന്ധുവാണ് ഇവർക്ക് ദുബായിലേക്കുള്ള വിമാനടിക്കറ്റ്, വിസിറ്റിങ് വിസ എന്നിവ തരപ്പെടുത്തുന്നത്.

കേസിൽ ഉൾപ്പെട്ട രണ്ട് പ്രധാന പ്രതികൾ വിദേശത്ത് ഒളിവിൽ കഴിയുകയാണ്. ഇവരെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളിലേക്ക് കടക്കും.

മുംബൈയിൽ പിടിയിലായ സിന്ധുവിനെ ബുധനാഴ്ച വൈകീട്ടോടെ കൊച്ചി വനിതാ സെല്ലിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ ശേഷം ഇവരെയും റിമാൻഡിലുള്ള അലീനയെയും മഞ്ജിമയെയും കസ്റ്റഡിയിൽ വാങ്ങി ഒരുമിച്ച് ചോദ്യം ചെയ്യാനാണ് പോലീസ് ശ്രമിക്കുന്നത്. സിന്ധുവിൽ നിന്നും കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പ്രതീക്ഷ. സംഘത്തിന് സിനിമ-സീരിയൽ മേഖലകളുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അതിനിടെ പിടിയിലായ അലീനയുടെ ഭീഷണിസന്ദേശം പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട രഹസ്യമൊഴി നൽകാൻ എത്തിയ പരാതിക്കാരിക്കാണ് വീഡിയോ സന്ദേശം അയച്ചത്. പോലീസിൽ പരാതിപ്പെട്ടതിനാണ് ഭീഷണി. ‘അയാൾ’ വിടില്ലെന്നും പണിതരുമെന്നും അലീന പറയുന്നു. അലീനയുടെ ആൺസുഹൃത്തായ ഔറംഗസേബ് എന്ന ഗുണ്ടാനേതാവിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.

സിനിമ-സീരിയൽ മോഹങ്ങളുള്ള യുവതികൾക്ക് മോഡലിങ് അവസരങ്ങൾ വാഗ്ദാനം ചെയ്തും വിദേശത്തെ പ്രമുഖ ബ്യൂട്ടിപാർലറുകളിൽ ഉയർന്ന ശമ്പളമുള്ള ജോലി ഉറപ്പുനൽകിയുമാണ് സംഘം വലവിരിക്കുക. ആകർഷിക്കാൻ സാമൂഹികമാധ്യമങ്ങളിൽ റീലുകളും പരസ്യവും ചെയ്യും. താത്പര്യപ്പെടുന്നവർക്ക് വിസ വാഗ്ദാനം ചെയ്യും. രണ്ടുമാസത്തെ വിസിറ്റിങ് വിസയിലാണ് യുവതികളെ ദുബായിൽ എത്തിക്കുക. ദുബായിലെത്തിയാലുടൻ യുവതികളുടെ മൊബൈൽ ഫോണുകളും പാസ്പോർട്ടും ഉൾപ്പെടെയുള്ളവ കൈവശപ്പെടുത്തിയശേഷം ഫ്‌ലാറ്റുകളിലേക്ക് കൊണ്ടുപോകും.

മയക്കുമരുന്നുകൾ നൽകി അബോധാവസ്ഥയിലാക്കി, യുവതികളുടെ നഗ്‌നദൃശ്യങ്ങൾ മൊബൈലിൽ പകർത്തും. ദൃശ്യങ്ങൾ നാട്ടിലെ കുടുംബാംഗങ്ങൾക്ക് അയച്ചുകൊടുക്കുമെന്നും ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി ലൈംഗികവൃത്തിക്ക് നിർബന്ധിക്കും. യുവതികൾ ദുബായിൽ എത്തിയാലുടൻ ഇവരുടെ ചിത്രങ്ങൾ വാട്‌സാപ്പ് വഴി വിദേശത്തുള്ള വൻകിട ഇടപാടുകാർക്ക് കൈമാറും. ഇടപാടുകാർ എത്തുന്ന ഫ്‌ലാറ്റുകളിൽ ഒളിക്യാമറകൾ സ്ഥാപിച്ച് പീഡനദൃശ്യങ്ങളും റെക്കോഡ് ചെയ്യും. ഒരുദിവസം മാത്രം ലക്ഷക്കണക്കിന് രൂപയുടെ ഇടപാടാണ് സംഘം നടത്തിയിരുന്നതെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

ദുബായിലെത്തിച്ച പെണ്‍കുട്ടികളെ മുറികളില്‍ പൂട്ടിയിട്ട് അവരുടെ ചിത്രങ്ങള്‍ വാട്‌സ്ആപ്പില്‍ പങ്കുവെച്ചാണ് സിന്ധു ആവശ്യക്കാരുമായി പണത്തിനായി വിലപേശിയിരുന്നത്. സിന്ധുവിന്റെ ഫോണ്‍ വിവരങ്ങളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചതില്‍ നിന്നും ഇത്തരത്തില്‍ ഒട്ടനവധി പെണ്‍കുട്ടികള്‍ ഇവരുടെ കെണിയില്‍ പെട്ടിട്ടുണ്ടെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന. മറ്റൊരു യുവതിയെക്കൂടി സമാനമായ രീതിയില്‍ ചതിയില്‍പ്പെടുത്തി ഇവര്‍ നിര്‍ബന്ധിത ലൈംഗികവൃത്തിക്ക് ഇരയാക്കിയതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.

ഇരയാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഒച്ചവെക്കുകയോ രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ചെയ്താല്‍ രണ്ടാം പ്രതി ചൂരല്‍ പോലുള്ള വടികൊണ്ട് ക്രൂരമായി തല്ലി ഉപദ്രവിക്കുമായിരുന്നു. അഞ്ചാം പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തതായി ഇരകളുടെ മൊഴിയിലുണ്ട്. മൂന്നും നാലും പ്രതികളായ മഞ്ജിമയും അലീനയും സിന്ധുവുമായി നിരന്തരം വാട്‌സ്ആപ്പില്‍ ബന്ധപ്പെട്ടിരുന്നതായും ഇവര്‍ക്ക് യുപിഐ (UPI) വഴി സിന്ധു വന്‍തോതില്‍ പണം അയച്ചു നല്‍കിയിരുന്നതിന്റെ തെളിവുകളും പോലീസ് സൈബര്‍ സെല്‍ കണ്ടെടുത്തു കഴിഞ്ഞു.

ഇതിനെല്ലാം പുറമെ, നാലാം പ്രതിയായ അലീനയുടെ സുഹൃത്തും കൊച്ചിയിലെ നിരവധി കവര്‍ച്ച, ഗുണ്ടാ കേസുകളില്‍ പ്രതിയുമായ ഔറംഗസേബ് എന്ന ക്രിമിനലിന് ഒന്നാം പ്രതിയായ സിന്ധു ബാങ്ക് വഴി വന്‍ തുക ട്രാന്‍സ്ഫര്‍ ചെയ്തതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കേരളത്തില്‍ നിന്നും കൂടുതല്‍ പെണ്‍കുട്ടികള്‍ ഈ രാജ്യാന്തര പെണ്‍വാണിഭ സംഘത്തിന്റെ കെണിയില്‍ അകപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...