ഇന്ത്യ സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇനി ന്യൂസിലൻഡും. റെക്കോർഡ് വേഗത്തിൽ പൂർത്തിയായ കരാറിൽ വാണിജ്യമന്ത്രി പീയുഷ് ഗോയലും ന്യൂസിലൻഡ് വാണിജ്യ നിക്ഷേപ മന്ത്രി ടോഡ് മക്‌ക്ലേയും ഒപ്പുവച്ചു. തലമുറയിൽ ഒരിക്കൽ മാത്രം നടക്കുന്ന ചരിത്രപരമായ കരാർ ആണിതെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്‌സൺ അഭിപ്രായപ്പെട്ടു.
140 കോടി ഇന്ത്യക്കാർക്ക് ഉൽപന്നങ്ങൾ വിൽക്കാനുള്ള അവസരമാണ് ന്യൂസിലൻഡിലെ കയറ്റുമതിക്കാർക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കരാർ ഇന്ത്യൻ കമ്പനികൾക്കും ചെറുകിട വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ തുറക്കുമെന്ന് പീയുഷ് ഗോയൽ പറഞ്ഞു. നടപ്പാക്കുന്ന തീയതി മുതൽ ഇന്ത്യയിൽ നിന്നുള്ള 8284 ഉൽപന്നങ്ങൾ തീരുവയില്ലാതെ ന്യൂസിലൻഡിലെത്തും.
കേവലം 53 ലക്ഷം മാത്രം ജനസംഖ്യയുള്ള ‘കീവിസുമായുള്ള’ കരാർ ഇന്ത്യയ്ക്ക് എങ്ങനെ നേട്ടാമാകും? 8284 ഇന്ത്യൻ ഉൽപന്നങ്ങൾ ഇനി തീരുവയില്ലാതെ ന്യൂസിലൻഡിലെത്തും തുണിത്തരങ്ങൾ, കരകൗശല വസ്തുക്കൾ, ഫർണിച്ചറുകൾ, തുകൽ, പാദരക്ഷകൾ, പ്ലാസ്റ്റിക്, എൻജിനീയറിങ് തുടങ്ങിയ മേഖലകളിലെ ഉൽപന്നങ്ങൾക്ക് ഇനി തീരുവയില്ല.
ഐടി, ഐടിയുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിദ്യാഭ്യാസം, സാമ്പത്തിക സേവനം, ടൂറിസം, നിർമാണം, പ്രഫഷണൽ സർവീസ് തുടങ്ങിയ മേഖലകളിലും ഇന്ത്യൻ കമ്പനികൾക്ക് പ്രവേശനം. ഫാർമസ്യൂട്ടിക്കൽ, മെഡിക്കൽ ഡിവൈസ് മേഖലയിലെ ഇന്ത്യൻ കമ്പനികൾക്കും കൂടുതൽ അവസരം. ഇന്ത്യൻ മരുന്നുകൾക്ക് രാജ്യാന്തര ഏജൻസികൾ നൽകിയ സർട്ടിഫിക്കറ്റുകൾ ന്യൂസിലൻഡും അംഗീകരിക്കും. ആയുർവേദം, യൂനാനി പോലുള്ള ആയുഷ് ചികിത്സാ രീതികൾക്കും ന്യൂസിലൻഡ് അംഗീകാരം നൽകും.
അടുത്ത 15 വർഷത്തിനുള്ളിൽ ന്യൂസിലൻഡ് ഇന്ത്യയിൽ 2000 കോടി ഡോളറിന്റെ (ഏകദേശം 1.8 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും.
ഇന്ത്യൻ നിർമിത വൈൻ, സ്പിരിറ്റ് എന്നിവയ്ക്കും ഇനി ന്യൂസിലൻഡിൽ തീരുവയില്ല.
വിട്ടുവീഴ്ചയില്ലാതെ ഇന്ത്യ: കർഷകരുടെയും വ്യവസായങ്ങളുടെയും താൽപര്യം സംരക്ഷിക്കുന്നതിനായി ക്ഷീര ഉൽപന്നങ്ങൾ, സവാള, പഞ്ചസാര, സുനന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ, റബർ തുടങ്ങിയവയ്ക്ക് ഇന്ത്യ ഇളവു നൽകിയിട്ടില്ല.
ന്യൂസിലൻഡിലേക്ക് ഇന്ത്യക്കാർക്ക് കൂടുതൽ വീസ അനുവദിക്കുമെന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ഫാക്ട് ഷീറ്റിൽ പറയുന്നു. പ്രതിവർഷം 1667 ഇന്ത്യക്കാർക്ക് 3 വർഷത്തെ താൽകാലിക തൊഴിൽ വീസ അനുവദിക്കും. പരമാവധി 5,000 വീസകളാണ് ഇങ്ങനെ അനുവദിക്കുക. ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ആഴ്ചയിൽ 2025 മണിക്കൂർ വരെ ജോലി ചെയ്യാനും അവസരം ലഭിക്കും. എല്ലാ വർഷവും ഇന്ത്യക്കാർക്ക് 1000 വർക്ക് ആൻഡ് ഹോളിഡേ വീസകളും അനുവദിക്കും.
ഇന്ത്യയിലെത്തുന്ന ന്യൂസിലൻഡിന്റെ 70.03% ഉൽപന്നങ്ങൾക്കും (മൊത്തം ഇറക്കുമതി മൂല്യത്തിന്റെ 95%) തീരുവ ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യും. കരാർ പ്രാബല്യത്തിലാകുന്ന ആദ്യ ദിവസം തന്നെ ന്യൂസിലൻഡിൽ നിന്നുള്ള 30% ഉൽപന്നങ്ങൾ!ക്കും തീരുവ പൂർണമായും ഒഴിവാകും. മരത്തടി, കമ്പിളി, ചെമ്മരിയാടിന്റെ മാംസം, ലെതർ തുടങ്ങിയവ ഇതിൽ ഉൾപ്പെടും. ന്യൂസിലൻഡ് ഉൽപന്നങ്ങൾക്ക് ഇന്ത്യ ചുമത്തുന്ന ശരാശരി തീരുവ 16.2 ശതമാനമായിരുന്നത് ഘട്ടംഘട്ടമായി 9.06 ശതമാനമാകും.
130 കോടി ഡോളറിന് തുല്യമായ ഉൽപന്നങ്ങളും സേവനങ്ങളുമാണ് 202425 സാമ്പത്തിക വർഷത്തിൽ ഇന്ത്യയും ന്യൂസിലൻഡും കൈമാറിയത്. കരാർ നടപ്പായി അടുത്ത അഞ്ചു വർഷത്തിൽ വ്യാപാരം 500 കോടി ഡോളറിലെത്തിക്കാനാണ് ലക്ഷ്യം.






Leave a comment