അമേരിക്കൻ വാർത്ത

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രേഷിത ദൗത്യം അനുകരണീയം : ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്സ്

ന്യൂ യോർക്ക് : അമേരിക്കയിലെ ആദ്യകാല സംഘടനകളിൽ ഒന്നും സീറോ മലബാർ സീറോ മലങ്കര ലെത്തീൻ രൂപതകളുടെ സംയുക്ത കൂട്ടയ്മയുമായ ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ നാല്പത്തി ഏഴാമത് ഈസ്റ്റർ ആഘോഷം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.

ലോങ്ങ് ഐലൻഡ്, എൽമോണ്ട് സെന്റ് വിൻസെന്റ് ഡി പോൾ മലങ്കര കാത്തലിക് കത്തീഡ്രൽ ചർച്ച് ഹാളിൽ വച്ചു നടന്ന ചടങ്ങിൽ
സീറോ മലങ്കര അമേരിക്ക, കാനഡ ഭദ്രാസനാധിപൻ ബിഷപ്പ് റെവ. ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്സ് മുഖ്യ അതിഥിയായി പങ്കെടുത്തു. ചെണ്ടമേളവും താലപ്പൊലിയും മുത്തുക്കുടയുമായി ഘോഷയാത്രയോടെയാണ് അതിഥികളെ സ്വീകരിച്ച് ആനയിച്ചത്. ചടങ്ങിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ പ്രസിഡന്റ്‌ ജോസഫ് മാത്യു ഇഞ്ചക്കൽ അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സെന്റ് ഡി പോൾ കത്തീഡ്രൽ വികാരി റെവ. ഫാ. നോബി അയ്യനേത്ത് , റെവ. ഫാ. ഡയോൺ തോമസ് സി എം ഐ, ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ ആന്റോ വർക്കി എന്നിവർ ആശംസകൾ അർപ്പിച്ചു .


കോർഡിനേറ്റർ തോമസ് പ്രകാശിന്റെ ആമുഖത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്.ആൽബർട്ട് ഡാനിയേൽ പ്രാർത്ഥനാ ഗാനവും സിതാര ചെറിയാൻ അമേരിക്കൻ ദേശീയ ഗാനവും പ്രേം കൃഷ്ണൻ ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു .
സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിൽ ഏവർക്കും സ്വാഗതം ആശംസിച്ചു.കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യാ കാത്തലിക് അസോസിയേഷൻ ചെയ്ത ചാരിറ്റി പ്രവർത്തനങ്ങൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് താങ്ങും തണലും ആവുന്നതിൽ അഭിമാനമുണ്ടെന്നു സെക്രട്ടറി പറഞ്ഞു.

ഈസ്റ്റർ ആഘോഷത്തിൽ മുഖ്യാതിഥി ആയിരുന്ന ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്സ് തിരുമേനി തന്റെ ഈസ്റ്റർ സന്ദേശത്തിൽ
അസമത്വവും അസ്സമാധാനവും നിറഞ്ഞ ലോകത്തിൽ ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രവർത്തനങ്ങൾ ശ്രേഷ്ഠമാണെന്ന് പ്രശംസിച്ചു. ആത്മീയ തലങ്ങളിലും ഉപവി പ്രവർത്തന മേഖലകളിലും ഇന്ത്യാ കാത്തലിക് അസോസിയേഷൻ ചെയ്തു കൊണ്ടിരിക്കുന്ന അനവധിയായ നന്മകളെ കൃതജ്ഞതയോടെ സ്മരിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഉത്ഥാനം ചെയ്ത കർത്താവ് ആദ്യം അരുളിച്ചെയ്തത് നിങ്ങൾക്കേവർക്കും സമാധാനം എന്നായിരുന്നു. ആ സമാധാനം ശിഷ്യന്മാരെ അന്ധകാരത്തിൽ നിന്നും പ്രകാശത്തിലേക്കു നയിച്ചു. എന്നാൽ , ഇന്ന് വ്യക്തികൾ ഉത്കണ്ഠയുടെയും വിഭജനത്തിന്റെയും അനിശ്ചിതത്വത്തിന്റെയും പിടിയിലാണ് . കുടുംബങ്ങൾ സംഘർഷത്തിന്റെയും ഒറ്റപ്പെടലുകളുടെയും സാമ്പത്തിക സമ്മർദ്ദത്തിന്റെയും തടവറയിലാണ്. നമ്മുടെ സമൂഹമാവട്ടെ ,

 കോപാന്ധതയുടെയും ആദരാവില്ലായ്മയുടെയും വെറുപ്പിന്റെ ഭാഷയുടെയും നീരാളി പിടിയിലാണ്. ലോക മാവട്ടെ അനീതിയുടെയും ഭയത്തിന്റെയും യുദ്ധത്തിന്റെയും വേദനയുടെയും പിടിയിലാണ്. അനേക ലക്ഷങ്ങൾ പട്ടിണി കൊണ്ടും യുദ്ധം മൂലവും മരിക്കുന്നു. അതിനാൽ നമ്മുടെ വ്യക്തി ജീവിതത്തിൽ ക്ഷമയും കുടുംബങ്ങളിൽ സമാധാനവും ശീലിക്കണം. നമ്മുടെ സമൂഹത്തിൽ കരുണയും ദയയും സഹകരണവും ആദരവും സൃഷ്ടിക്കണം. ലോകത്തിൽ നിന്ന് മാതാന്ധതയും വംശീയതയും വെറുപ്പും വെടിഞ്ഞ് സമാധാനവും ആദരവും പരസ്പര ബഹുമാനവും നാനാത്വ ത്തിലെ ഏകത്വത്തിലേക്കു നമുക്ക് മുന്നേറാം. തീവ്ര വേദനകളുടെ നടുവിൽ നമുക്ക് അനുരഞ്ജനത്തിന്റെയും സ്നേഹത്തിന്റെയും ക്രിസ്തു സാക്ഷ്യമാണ് വേണ്ടത്. അതിനായി ശാന്തിയുടെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും ലോകം നമുക്ക് സൃഷ്ടിക്കാം. ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ചാരിറ്റി പ്രവർത്തനത്തോടൊപ്പം തുടർന്നു വരുന്ന സുവിശേഷ വത്കരണ പ്രവർത്തനങ്ങൾ കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ബിഷപ്പ് പ്രസ്താപിച്ചു.

എൽമോണ്ട് സീറോ മലങ്കര പള്ളി വികാരി ഫാ. നോബി അയ്യനേത് തന്റെ സ്വത സിദ്ധമായ നർമ്മഭാഷണത്തിലൂടെ ഈസ്റ്റർ ആശംസകൾ നേർന്നു. നമുക്ക് ഏതെങ്കിലും നേട്ടങ്ങൾക്ക് വേണ്ടിയുള്ളതാവരുത് പ്രാർത്ഥന. ഏകാഗ്രതയോടെയുള്ള പ്രാർത്ഥന ദൈവത്തിൽ അലിഞ്ഞു ചേരലാണ് നുറുങ്ങു കഥകളിലൂടെ നോബി അച്ചൻ വിശദീകരിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രേഷിത പ്രവർത്തനം ചെയ്തുവരുന്ന ഫാ. ഡയോൺ തോമസ് സി എം ഐ ഈസ്റ്റർ ആശംസകൾ നേർന്നു. ഉത്ഥാനം നമുക്ക് നൽകുന്ന സന്ദേശം അത് ചലനങ്ങൾ സൃഷ്ടിച്ചു എന്നതാണ്. ‘ഭയപ്പെടേണ്ട ’എന്ന ക്രിസ്തുവിന്റെ അരുളപ്പാട് ശിഷ്യന്മാരെ പുതിയ സൃഷ്ടികളക്കി മാറ്റി. അങ്ങനെ അവർ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്കും പ്രേഷിതരായി വിശ്വാസ പ്രഘോഷണം നടത്തി. വിശ്വാസ സംരക്ഷണത്തിനായി ഒരിക്കലും വിട്ടുവീഴ്ച പാടില്ലെന്നും തന്റെ അനുഭവ സാക്ഷ്യത്തിലൂടെ ഫാ. ഡയോൺ വെളിപ്പെടുത്തി.

ഇന്ത്യാ കാത്തലിക് അസോസ്സിയേഷൻ ഓഫ് അമേരിക്കയുടെ പ്രസിഡന്റ് ജോസഫ് മാത്യു ഇഞ്ചക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു . ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രസക്തിയും പ്രവർത്തനങ്ങളും ചടങ്ങിൽ വിശദീകരിച്ചു . ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ മുഖ മുദ്രയായ ചാരിറ്റി പ്രവർത്തങ്ങളുടെ ഈ വർഷത്തെ ലഘു വിവരണം ചടങ്ങിൽ പ്രസിഡന്റ് ജോസഫ് മാത്യു സദസ്സിന് മുന്നിൽ വച്ചു. ചിറമേൽ അച്ചന്റെ ഹംഗർ ഹണ്ട് പ്രസ്ഥാനത്തിന്റെ അമേരിക്കൻ അംബാസ്സിഡറായി പ്രവർത്തിച്ചു വരുന്നതിലുള്ള ചരിതാർഥ്യവും കൂടാതെ, കഴിഞ്ഞ ഏതാനും വർഷങ്ങളായി പുനലൂരിലെ വിളക്കുടിയിലുള്ള ‘സ്നേഹതീരം’ റീഹാബിലിറ്റേഷൻ സെന്റർ, കോട്ടയത്തെ പി യു തോമസ് ചേട്ടന്റെ നവജീവൻ ട്രസ്റ്റ്, കുറവിലങ്ങാട്ടെ അനുഗ്രഹ ചാരിറ്റബിൾ ട്രസ്‌റ്റ് തുടങ്ങിയവർക്ക് നൽകിവരുന്ന സാമ്പത്തിക സഹായം ഈ വർഷവും തടരുമെന്നും അതിനു നേതൃത്വം വഹിച്ചു പോന്ന മുൻ പ്രസിഡന്റ് മാരായ ലിജോ ജോൺ , ആന്റോ വർക്കി , ജോസ് മലയിൽ, റോയ് ആന്റണി എന്നിവരോടുള്ള നന്ദിയും സ്നേഹവും ചടങ്ങിൽ ജോസഫ് മാത്യു പ്രകാശിപ്പിച്ചു. കൂടാതെ, ഈ വർഷം ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിന് നാലു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം നൽകാനും ഷംഷാബാദ് അതിരൂപതയിൽ ഒരു പള്ളി പണിയുന്നതിന് ആവശ്യമായ പന്ത്രണ്ടു ലക്ഷം രൂപ നൽകുമെന്നുമുള്ള പ്രഖ്യാപനം ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. മുൻ പ്രസിഡന്റ് റോയ് ആന്റണി കഴിഞ്ഞ വർഷം കേരളത്തിൽ രണ്ടു വീടുകൾ വച്ചു നൽകിയതുൾപ്പെടെയുള്ള ചാരിറ്റി പ്രവർത്തങ്ങളുടെ പിന്തുടർച്ചക്കാരനാണ് താനെന്നതിൽ അഭിമാനമുണ്ടെന്നും പ്രസിഡന്റ ഇഞ്ചക്കൽ പറഞ്ഞു. ചാരിറ്റി പ്രവർത്തനങ്ങൾക്കൊപ്പം പ്രേഷിത പ്രവർത്തനങ്ങളിലും അസോസിയേഷൻ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് പ്രസിഡന്റ് പ്രസ്താവിച്ചു.

ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാൻ ആന്റോ വർക്കി കണ്ണാടൻ ആശംസകൾ അർപ്പിച്ചു. ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ പ്രവർത്തനം വലിപ്പ ചെറുപ്പമില്ലാത്ത കൂട്ടയ്മയുടേതാണെന്നും അതിനു നേതൃത്വം നൽകുന്ന പ്രസിഡന്റ് ഇഞ്ചക്കലിന് എല്ലാ വിധ പിന്തുണയും ചെയർമാൻ ആശംസിച്ചു.

ഇന്ത്യാ കാത്തലിക് അസോസ്സിയേഷന്റെ ഈ വർഷത്തെ ചാരിറ്റി കിക്ക് ഓഫ്‌ ബിഷപ്പ്
ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്സ് നിർവഹിച്ചു. ചങ്ങനാശ്ശേരിയിലെ മേഴ്‌സി ഹോമിനുള്ള നാല് ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ ജോസഫ് മാത്യു ഇഞ്ചക്കൽ സ്റ്റെഫാനോസ് തിരുമേനിക്ക് കൈമാറി.


സ്നേഹ തീരത്തിനുള്ള രണ്ട് ലക്ഷം രൂപയുടെ ചെക്ക് ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ആന്റോ വർക്കി ഫാ. ഡയോൺ തോമസിനും കോട്ടയത്തെ നവജീവൻ ട്രസ്റ്റിനുള്ള രണ്ടു ലക്ഷം രൂപയുടെ ചെക്ക്വൈ സ് പ്രസിഡന്റും ചാരിറ്റി ചെയർമാനുമായ തോമസ് പ്രകാശ് ഫാ. നോബി അയ്യനേതിനും കൈമാറി. ഷംഷാബാദ് അതി രൂപതയിൽ പള്ളി പണിക്കുള്ള ആദ്യ ഗഡുവായ നാലു ലക്ഷം രൂപയുടെ ചെക്ക് എക്സ് ഒഫീഷ്യോയും ട്രസ്റ്റീ ബോർഡ്‌ മെമ്പറുമായ റോയ് ആന്റണി സ്റ്റെഫാനോസ് തിരുമേനിക്ക് കൈമാറി.

ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ കഴിഞ്ഞ വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ മുൻ പ്രസിഡന്റ് റോയ് ആന്റിണി വിശദീകരിച്ചു. ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ആരംഭം തന്നെ പ്രേഷിത പ്രവർത്തനം മുൻ നിർത്തിയായിരുന്നെന്നും ഇവിടെ രൂപതകളുടെ ആവിർഭാവത്തോടെയാണ് ചാരിറ്റി പ്രവർത്തനത്തിലേക്ക് കൂടുതൽ ശ്രദ്ധ തിരിഞ്ഞതെന്നും റോയ് ആന്റണി അനുസ്മരിച്ചു . ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ചരിത്രത്തിൽ ആദ്യമായി, ഒരു പ്രവർത്തന വർഷത്തിൽ രണ്ടു വീടുകൾ വച്ചു നൽകുക എന്ന മഹത്തായ കർമ്മം നിർവഹിക്കാൻ സഹായിച്ച ഏവർക്കും നന്ദിയും കൃതജ്ഞതയും അറിയിച്ചു.
തിരുവല്ല അതി രൂപതയിലെ ചുങ്കപ്പാറ സെന്റ് ജോർജ് ഇടവകയിൽ കാത്തലിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പണിയുന്ന വീടിന്റെ പണി പൂർത്തിയാകുന്നതായും കുറവിലങ്ങാട് പഞ്ചായത്തിൽ പണിയുന്ന വീടിന്റ പണികൾ പുരോഗമിക്കുന്നതായും ട്രസ്റ്റീ ബോർഡ്‌ മെമ്പറും മുൻ ബോർഡ്‌ ഓഫ് ട്രസ്റ്റീ ചെയർമാനുമായ ലിജോ ജോൺ ഏവരെയും അറിയിച്ചു. കുർബ്ബാനകൾക്കായി പള്ളികൾ തേടി നടന്ന കാത്തലിക് അസോസിയേഷൻ എന്ന സംഘടനയുടെ ജന്മ സാഫല്യമാണ് ഷംഷാബാദ് രൂപതയിൽ നിർമ്മിക്കുന്ന പള്ളിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മേരി ഫിലിപ്പും തോമസ് പ്രകാശും പ്രോഗ്രാം കോർഡിനേറ്റർമാർ ആയിരുന്നു. ട്രസ്റ്റീ ബോർഡ്‌ മെമ്പറും കോർഡിനേറ്റരുമായിരുന്ന മേരി ഫിലിപ്പ് എം സി ഷോൺ ഷാജിയെ സദസ്സിനു പരിചയപ്പെടുത്തി. ബെഞ്ചമിൻ ജോസഫ് ഘോഷയാത്രയുടെ കോർഡിനേറ്റർ ആയിരുന്നു.

തുടർന്ന് അരങ്ങേറിയ കലാ സന്ധ്യയിൽ ഷൈനിയുടെ നേതൃത്വത്തിൽ സെന്റ് മേരിസ് ബെത്പേജ്‌ ടീം
അവതരിപ്പിച്ച നൃത്തം ഏറെ ഹൃദ്യമായി. തോമസ് പ്രകാശിന്റെ നേതൃത്വത്തിൽ സെന്റ് വിൻസെന്റ് ഡി പോൾ മലങ്കര ചർച്ച് അവതരിപ്പിച്ച സ്കിറ്റും മൊബെന്റെ നേതൃത്വത്തിൽ സെന്റ് മേരിസ് ബെത്പേജ് അവതരിപ്പിച്ച കോൽകളിയും വേറിട്ടൊരു അനുഭവമായിരുന്നു. ഒലിവിയ പ്രകാശും സാറ ചാക്കോയും ചേർന്നവതരിപ്പിച്ച ബോളിവുഡ് ഡാൻസും മലങ്കര ഡി പോൾ ചർച്ച് അവതരിപ്പിച്ച സംഘ നൃത്തവും വേദിയെ പ്രകമ്പനം കൊള്ളിച്ചു. മേരിക്കുട്ടി മൈക്കിൾ , ഷിബു , പ്രേം കൃഷ്ണൻ
എന്നിവരുടെ നാദ വിസ്മയം ഗൃഹാതുര സ്മരണകളും ഒപ്പം ഉത്സവ ലഹരിയും പടർത്തി .
ട്രഷറർ ജോർജ് തോമസ് ഏവർക്കും കൃതജ്ഞത അർപ്പിച്ചു. ഷോൺ ഷാജി പരിപാടികളുടെ അവതാരകനായിരുന്നു. പരിപാടികളുടെ മെഗാ സ്പോൺസർമാരായിരുന്ന ജോയ്ഫുൾ ഹോം കെയർ സി ഈ ഓ ജോയി മേക്കാട്ടിനെയും ഗ്ലോബൽ കൊളിഷൻ സി ഇ ഒ നോഹ ജോർജിനെയും ചടങ്ങിൽ ആദരിച്ചു.

സെക്രട്ടറി ജെയിംസ് ഇളമ്പുരയിടത്തിൽ,വൈസ് പ്രസിഡന്റ് തോമസ് പ്രകാശ്, ട്രഷറർ ജോർജ് തോമസ് , ജോയിന്റ് സെക്രട്ടറി മാത്യു ജോസഫ്, കമ്മിറ്റി അംഗങ്ങളായ ബെഞ്ചമിൻ ജോസഫ് പ്രിൻസ് ജോസഫ്, ടോണി നമ്പിയാപറമ്പിൽ ഓഡിറ്റർസ് സ്വപ്ന മലയിൽ, മേരിക്കുട്ടി മൈക്കിൾ, ബി ഓ ടി മെമ്പർമാരായ മേരി ഫിലിപ്പ് , കെ ജെ ഗ്രിഗറി, ജോസ് മലയിൽ, ലിജോ ജോൺ , ജോൺ കെ ജോർജ്, ബി ഓ ടി ചെയർമാൻ ആന്റോ വർക്കി, സോണൽ ഡയറക്ടർമാരായ ഷാജി സക്കറിയ , ജോർജ് കരോട്ട് , തോമസ് സാമൂവൽ, ജോർജ്കുട്ടി, ജോസ് ഞാറാകുന്നേൽ , ബെൻ മാമ്മൻ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി. ദിൽ ബാർ ഒരുക്കിയ വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികൾ സമാപിച്ചു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

16-ാമത് കെസിസിഎൻഎ കൺവൻഷൻ: ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡെയിലിൽ നടക്കുന്ന 16-ാമത് KCCNA നാഷണൽ കൺവെൻഷന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്നും രജിസ്ട്രേഷൻ 2026...

അമേരിക്കൻ വാർത്ത

എസ്സെൻസ് ഗ്ലോബൽ സമ്മേളനം ശനിയാഴ്ച ഡാലസിൽ; ജോസഫ് മാഷ് മുഖ്യാതിഥി

ഡാളസ്: സ്വതന്ത്ര ചിന്തകരുടെ  സംഘടന  എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ   30 ശനിയാഴ്ച ഡാളസിൽ ഏകദിന...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മകന്റെ സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിനായി നാടുകടത്തിയ യുവതിക്ക് യുഎസ് വീണ്ടും പ്രവേശനാനുമതി നൽകി

ലൂസിയാന: അമേരിക്കയിൽ നിന്ന് നാടുകടത്തപ്പെട്ട യുവതിക്ക് രാജ്യത്ത് വീണ്ടും പ്രവേശിക്കാൻ അനുമതി നൽകി ഇമിഗ്രേഷൻ ആൻഡ്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

മാഗ്നിഫിക്ക ഹ്യൂമാനിറ്റാസും പോപ്പ് ലിയോയുടെ എൻസൈക്ലിക്കലും; ഒരു അവലോകനം

റവ. ഡോ. ജോസഫ് വർഗീസ് പോപ്പ് ലിയോ പതിനാലാമൻ എഴുതിയ  ആദ്യത്തെ ചാക്രികലേഖനമാണ്,    മനോഹരമായ...