തിയേറ്ററിൽ പ്രതീക്ഷിച്ച ശ്രദ്ധകിട്ടാതപോയ ഒരു ചിത്രം, ഒടിടി റിലീസിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. തിയേറ്ററിൽ കാണാൻ കഴിയാത്തതിൽ പ്രേക്ഷകർ നിരാശപ്രകടിപ്പിച്ച ആ ചിത്രത്തിന് രണ്ടാംഭാഗം വരുന്നു. ആദ്യഭാഗത്തേക്കാൾ ഹൈപ്പ് വന്ന രണ്ടാംഭാഗം കണ്ട, സംവിധായകരായ തരുൺ മൂർത്തിയും മിഥുൻ മാനുവൽ തോമസും ഉൾപ്പെടെയുള്ളവർ വലിയ പോസിറ്റീവ് റിവ്യൂ പറയുന്നു. ഇങ്ങനെയൊരു ചിത്രത്തിന് ടിക്കറ്റെടുക്കുന്ന പ്രേക്ഷകനെ ഒട്ടും നിരാശപ്പെടുത്താത ചിത്രമാണ് കൃഷ്ണദാസ് മുരളി സംവിധാനംചെയ്ത ‘ഭരതനാട്യം 2: മോഹിനിയാട്ടം’.
സൈജു കുറുപ്പിന്റെ 150-ാം ചിത്രമായി ഒരുങ്ങിയ ‘ഭരതനാട്യം 2’ തോമസ് തിരുവല്ല ഫിലിംസിന്റേയും സൈജു കുറുപ്പ് എന്റർടെയ്ൻമെന്റ്‌സിന്റേയും ബാനറിൽ ലിനി മറിയം ഡേവിഡും അനുപമ ബി. നമ്പ്യാരും ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ആദ്യാഭാഗത്തിന്റെ ഴോണറിയിൽനിന്ന് മാറി സഞ്ചരിക്കുന്നതാണ് രണ്ടാംഭാഗം. ഫീൽ ഗുഡ്- കോമഡി ഡ്രാമയായിരുന്നു ഒന്നാം ഭാഗമെങ്കിൽ, ഡാർക് ഹ്യൂമറും അല്പം ക്രൈമും ത്രില്ലറും ചേർന്നുള്ള മികച്ചൊരു എന്റർടെയ്‌നറാണ് ‘മോഹിനിയാട്ടം’.
സായ് കുമാർ അവതരിപ്പിക്കുന്ന ഭരതൻ നായർ എന്ന കഥാപാത്രം ജീവിച്ചിരിക്കെ ‘ഒപ്പിച്ചുവെച്ച’ പുലിവാലിൽനിന്ന് അയാളുടെ മരണശേഷവും രക്ഷപ്പെടാൻ പരിശ്രമിക്കുന്ന കുടുംബത്തേയാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അച്ഛന്റെ രണ്ടുകുടുംബങ്ങളെ ഒന്നിപ്പിക്കുക എന്നതായിരുന്നു ആദ്യഭാഗത്തിൽ സൈജു കുറുപ്പിന്റെ ശശിധരൻ നായർ എന്ന കഥാപാത്രത്തിന്റെ കടമയെങ്കിൽ, ആ രണ്ടുകുടുംബങ്ങളെ ആപത്തിൽനിന്ന് രക്ഷിക്കുക എന്നതാണ് ഇപ്പോൾ അയാൾക്കുമുന്നിലെ ദൗത്യം. ആദ്യഭാഗത്തിലെ പോരായ്മകളെല്ലാം മറികടക്കുന്നുവെന്നതാണ് രണ്ടാംഭാഗത്തിൽ സംവിധായകന്റെ വിജയം.
സൈജു കുറുപ്പ്, അഭിറാം രാധാകൃഷ്ണൻ, കലാരഞ്ജിനി, ശ്രീജാ രവി, ദിവ്യ എം. നായർ, ശ്രുതി സുരേഷ്, നന്ദു പൊതുവാൾ, സ്വാതി ദാസ് പ്രഭു, ജിനിൽ റെക്‌സ്, ജിവിൻ റെക്‌സ് തുടങ്ങി ആദ്യഭാഗത്തിലെ പ്രധാനതാരങ്ങളെല്ലാം രണ്ടാംഭാഗത്തിലുമുണ്ട്. ‘ഭരതനാട്യ’ത്തിലെ കഥാപാത്രങ്ങളെ പുതിയ കഥാപശ്ചാത്തലത്തിൽ ഒട്ടുംമാറ്റമില്ലാതെ അവതരിപ്പിക്കാൻ ഇവർക്കെല്ലാം സാധിക്കുന്നുണ്ട്. ഇവർക്ക് പുറമേ, ഗോവിന്ദരാജ എന്ന അമ്പലക്കമ്മിറ്റി സെക്രട്ടറിയായി സുരാജ് വെഞ്ഞാറമൂട്, ഈപ്പൻ എന്ന ഇറച്ചിവെട്ടുകാരനായി ജഗദീഷ്, സി.ഐ. പാർഥനായി വിനയ് ഫോർട്ട്, ആദ്യഭാഗത്തിൽ അഭിറാം അവതരിപ്പിച്ച അതേ കഥാപാത്രത്തിന്റെ പേരിൽ റാപ്പർ ബേബി ജീൻ, അമ്പലക്കമ്മിറ്റി ഭാരവാഹികളായി നിസ്താർ സേട്ട്, സന്തോഷ് കെ. നായർ, ബാലചന്ദ്രൻ ചുള്ളിക്കാട് എന്നിവരും ചിത്രത്തിലുണ്ട്. വിജയ് ബാബു, ജിബിൻ ഗോപിനാഥ്, ആദ്യഭാഗത്തിലുണ്ടായിരുന്നു സലീം ഹസ്സൻ എന്നിവരും ചെറുതെങ്കിലും പ്രാധാന്യമുള്ള വേഷങ്ങളിൽ വന്നുപോകുന്നു.
സൂചിപ്പിച്ചതുപോലെ, ആദ്യഭാഗത്തെ വീഴ്ചകൾ രണ്ടാംഭാഗത്തിൽ പരിഹരിച്ചിരിക്കുന്നുവെന്നതാണ് ചിത്രത്തെ കൂടുതൽ സംവേദനക്ഷമമാക്കുന്നത്. രണ്ടുമണിക്കൂർ 25 മിനിറ്റുള്ള ചിത്രം ദൃഢമാണ്. ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്താൻ ചിത്രത്തിന് സാധിക്കുന്നു. ഇതിനെല്ലാം പുറമേ, ആദ്യഭാഗത്തിലെന്നപോലെ സാന്ദർഭികഹാസ്യം വളരേ മനോഹരമായാണ് ചിത്രത്തിൽ കൈകാര്യംചെയ്തിരിക്കുന്നത്. ഇവയെല്ലാം തന്നെ തിയേറ്ററിൽ പൊട്ടിച്ചിരി നിറയ്ക്കുന്നു. ഒന്നിനൊന്നായി പൊട്ടിച്ചിരിയുടെ മാലപ്പടക്കമാണ് ചിത്രം തിയേറ്ററിൽ തീർക്കുന്നത്.
ആദ്യഭാഗത്തിലെന്നപോലെ ക്ഷേത്രവും വിശ്വാസവും ആചാരങ്ങളും ചിത്രത്തിലും പ്രധാനപശ്ചാത്തലമാണ്. വിശ്വാസത്തെ മുൻനിർത്തിയുള്ള മുതലെടുപ്പുകളെ ചിത്രം പരോക്ഷമായി കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ആദ്യഭാഗത്തിലെ കേന്ദ്രകഥാപാത്രമായിരുന്ന സായ് കുമാറിന്റെ ഭരതൻ, രണ്ടാംഭാഗത്തിലുടനീളം അദൃശ്യസാന്നിധ്യമായി നിലനിൽക്കുന്നു. ആദ്യഭാഗത്തിലുണ്ടായിരുന്നവരെല്ലാം നമുക്ക് ചുറ്റുമുള്ള പലരേയും നമ്മെ ഓർമപ്പെടുത്തിയിരുന്നു. കഥാപാത്രങ്ങളുടെ ആ വ്യക്തിത്വം നിലനിർത്താൻ സൈജു കുറിപ്പ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. രണ്ടാംഭാഗത്തിലെ ആദ്യമായി പരിചയപ്പെടുന്ന സുരാജിന്റേയും ജഗദീഷിന്റേയും ബേബി ജീനിന്റേയും കഥാപാത്രങ്ങളുടേയും നിർമിതി എടുത്തുപറയേണ്ടതാണ്. അവയെല്ലാം വിശ്വസനീയമായി അവതരിപ്പിക്കാൻ താരങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ബേബി ജീനിന്റെ കഥാപാത്രം ഉപയോഗിക്കുന്ന ഭാഷ ചിലപ്പോഴെങ്കിലും കല്ലുകടിയോ പ്രേക്ഷനെ ആശയക്കുഴപ്പത്തിലോ ആക്കുന്നുണ്ട്. കണ്ണൂർ ശ്രീകണ്ഠാപുരത്ത് നടക്കുന്ന കഥയിൽ തൃശ്ശൂരിൽ ഉപയോഗിക്കുന്ന ഭാഷാഭേദമാണ് മിക്കവാറും ഇടങ്ങളിൽ കഥാപാത്രം ഉപയോഗിക്കുന്നത്.
കൃഷ്ണദാസ് മുരളിയും വിഷ്ണു ആർ. പ്രദീപും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ആദ്യഭാഗത്തിൽ റിയൽ ലൈഫ് സാഹചര്യങ്ങളോട് അടുത്തുനിൽക്കുന്നതായിരുന്നു കഥാതന്തുവെങ്കിലും, രണ്ടാംഭാഗത്തിലേക്കെത്തുമ്പോൾ കുറച്ചുകൂടി ഡ്രാമ അതിൽ വരുന്നുണ്ട്. ആദ്യഭാഗത്തിൽ നാം പരിചയപ്പെട്ട ഒരു കുടുംബം ഇങ്ങനെയൊരു സാഹചര്യത്തിൽപ്പെട്ടുപോകുമോ, പെട്ടാൽ തന്നെ ചിത്രത്തിലുള്ളതുപോലെയാകുമോ പ്രതികരിക്കുക തുടങ്ങിയ സംശയങ്ങൾ പ്രേക്ഷകന് സ്വാഭാവികമായുമുണ്ടാകും. എന്നാൽ, പൂർണ്ണമായും ആദ്യഭാഗത്തിൽനിന്ന് മാറിച്ചിന്തിച്ചാൽ സിനിമയെന്ന നിലയിൽ കഥാഗതി വിശ്വസനീയമാണ്.
മോഹൻലാൽ- ജീത്തു ജോസഫ് ചിത്രം ‘ദൃശ്യ’ത്തിന്റെ കഥാപരിസരം അല്പം സ്പൂഫ് സ്വഭാവത്തിലാണ് ചിത്രം അവതരിപ്പിക്കുന്നത്. ഒന്നിലേറെയിടത്തുവരുന്ന മോഹൻലാൽ റഫറൻസ് ഉൾപ്പെടെ പ്രേക്ഷകർക്ക് പെട്ടെന്നുതന്നെ കണക്ടാവുന്നുമുണ്ട്. ‘ഭരതനാട്യ’ത്തിന്റെ രണ്ടാംഭാഗമായ ‘മോഹിനിയാട്ട’ത്തിന് എന്തുകൊണ്ട് ആ പേരുവന്നുവെന്ന് പ്രേക്ഷകനെ വിശ്വസിപ്പിക്കാൻ ചിത്രത്തിന്റെ തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്.
ബബ്ലു അജുവാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിത്രത്തോട് ചേർന്നുനിൽക്കുന്ന, ഒഴുക്ക് തടസ്സപ്പെടുത്താത്ത ഫ്രെയ്മുകളാണ് അജുവിന്റേത്. അവയെല്ലാം മനോഹരമായി തന്നെ എഡിറ്റർ ഷെഫീഖ് വി.ബി. ചേർത്തുവെച്ചിരിക്കുന്നു. ഇലക്ട്രോണിക് കിളിയുടേതാണ് ഗാനങ്ങളും പശ്ചാത്തലസംഗീതവും. ചിത്രത്തിന്റെ വേഗവും അതിനുള്ളിലെ ഡ്രാമയുമെല്ലാം പൂർണ്ണമായും ഉൾക്കൊണ്ട്, ഒട്ടും മുഴച്ചുനിൽക്കാതെയാണ് ഇലക്ട്രോണിക് കിളിയുടെ പശ്ചാത്തലസംഗീതം കൂടെ സഞ്ചരിക്കുന്നത്. കലാസംവിധാനം നിർവഹിച്ച ദിൽജിത് എം. ദാസ്, ശബ്ദസംവിധാനം നിർവഹിച്ച ധനുഷ് നായനാർ, ശബ്ദമിശ്രണം നിർവഹിച്ച വിപിൻ നായർ, വസ്ത്രാലങ്കാരം നിർവഹിച്ച സുജിത് മട്ടന്നൂർ, ചമയം നിർവഹിച്ച മനോജ് കിരൺരാജ് എന്നിവരും പ്രത്യേകപരാമർശം അർഹിക്കുന്നു.
ഒടിടി റിലീസിൽ ഏറെ ചർച്ചചെയ്യപ്പെട്ട, ഒട്ടേറെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ചിത്രമാണ് ‘ഭരതനാട്യം’. തിയേറ്ററിൽ ചിത്രം മിസായതിൽ പിന്നീട് പ്രേക്ഷകർ നിരാശ പ്രകടിപ്പിച്ചിരുന്നു. അങ്ങനെയുള്ളവർ ഒരിക്കലും തിയേറ്ററിൽ മിസ് ചെയ്യാൻ പാടില്ലാത്ത ചിത്രമാണ് ‘ഭരതനാട്യം 2: മോഹിനിയാട്ടം’. ചിത്രം നേരത്തേ കണ്ട സംവിധായകൻ തരുൺ മൂർത്തി പറഞ്ഞതുപോലെ, ഇതൊരു ഫീൽഗുഡ് ഫാമിലി ഡ്രാമയല്ല. പക്ഷേ, കഥകൊണ്ടും അത് കൈകാര്യം ചെയ്ത രീതികൊണ്ടും തിയേറ്ററിൽ മികച്ച അനുഭവം സമ്മാനിക്കുന്ന ചിത്രമാവും ‘ഭരതനാട്യം 2: മോഹിനിയാട്ടം’ എന്നുറപ്പാണ്.






Leave a comment