ന്യൂഡൽഹി: ബിജെപിയുടെ പൂർത്തിയാകാത്ത രണ്ട് അജൻഡകളായ ഏകീകൃത സിവിൽ കോഡും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പും നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ഇവ നടപ്പാക്കുന്നതിനെക്കുറിച്ചു ഗൗരവമേറിയ, ക്രിയാത്മക ചർച്ചകൾ നടക്കുന്നുണ്ടെന്നും രണ്ടും പ്രാബല്യത്തിലാക്കാൻ ബിജെപി ആത്മാർഥമായി ശ്രമിക്കുമെന്നും ആസാമിലെ ബാർപേട്ടയിൽ തെരഞ്ഞെടുപ്പു റാലിയിൽ മോദി പറഞ്ഞു.
രാജ്യത്താകെ ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരുമിച്ചു തെരഞ്ഞെടുപ്പു നടത്താൻ ലക്ഷ്യമിടുന്നതാണ് ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ (വണ്‍ നേഷൻ, വണ്‍ ഇലക്ഷൻ).
വിവാഹം, ദത്തെടുക്കൽ, സ്വത്തവകാശം അടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യയിലൊട്ടാകെ എല്ലാ മതസ്ഥർക്കും ഒരേ നിയമങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഏക സിവിൽ കോഡ് (യൂണിഫോം സിവിൽ കോഡ്- യുസിസി).
സ്ത്രീകളുടെ അവകാശങ്ങൾ ശക്തിപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്കു സംവരണം നടപ്പാക്കാൻ സമവായത്തിലെത്തണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളോടും അഭ്യർഥിക്കുന്നതായി പിന്നീട് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലെ റാലിയിൽ പ്രധാനമന്ത്രി പറഞ്ഞു.
വനിതാ സംവരണ ബിൽ രാജ്യത്തിന്റേതാണ്. ഏതെങ്കിലുമൊരു പാർട്ടിയുടെ പ്രവർത്തനമല്ല. വനിതാ ബില്ലിലെ ഭരണഘടനാ ഭേദഗതികളെ പിന്തുണയ്ക്കാൻ എല്ലാ പാർട്ടികളുടെമേലും സ്ത്രീകൾ സമ്മർദം ചെലുത്തണമെന്നും മോദി ആവശ്യപ്പെട്ടു.
ഏകീകൃത സിവിൽ കോഡും ഒരുമിച്ചുള്ള തെരഞ്ഞെടുപ്പുകളും നടപ്പാക്കാനുള്ള ദൗത്യം ഇപ്പോഴും തുടരുകയാണെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. മുന്‍പും നല്ല ഫലങ്ങൾ നേടിയിട്ടുണ്ട്. ഭാവിയിലും അവ കൈവരിക്കുമെന്നു രാജ്യത്തിന് അറിയാമെന്നും മോദി പറഞ്ഞു.
ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിൽ നടപ്പിലാക്കിയ ഏകീകൃത സിവിൽ കോഡ് അനുസരിച്ച് വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ, പരിപാലനം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ നിയന്ത്രിക്കുന്നതിനായി മതപരിഗണനയില്ലാതെ എല്ലാ പൗരന്മാർക്കും ഒരേ നിയമ ചട്ടക്കൂടാണ്. ഹിന്ദു, മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളിലെ വ്യക്തികളുടെ സ്വത്തവകാശങ്ങൾക്കും ലിംഗസമത്വത്തിനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
ബഹുഭാര്യത്വം പോലുള്ള ആചാരങ്ങൾ നിയമപ്രകാരം നിരോധിക്കുകയും ചെയ്തു. നിലവിലെ മതനിയമങ്ങൾ മാറ്റി, പുതിയ ഏകീകൃത കോഡ് നടപ്പാക്കുന്നതിനെതിരേ ചില മതസംഘടനകൾ പരസ്യമായി രംഗത്തെത്തിയിരുന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിലെ നൂറുകണക്കിനു കറുത്ത നിയമങ്ങൾക്ക് അന്ത്യം കുറിച്ചെന്ന് മോദി പറഞ്ഞു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം, പൊതുവിഭാഗത്തിലെ ദരിദ്രർക്ക് 10 ശതമാനം സംവരണം, മുത്തലാക്ക് നിരോധന നിയമം, പൗരത്വ ഭേദഗതി നിയമം, അയോധ്യയിൽ രാമക്ഷേത്ര നിർമാണം തുടങ്ങി ബിജെപിയുടെ സത്യസന്ധമായ ശ്രമങ്ങളുടെ ഫലമായ എണ്ണമറ്റ പ്രവർത്തനങ്ങളുണ്ടെന്ന് ആസാമിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി വിശദീകരിച്ചു.
കേരളത്തോടൊപ്പം ആസാമിലും പുതുച്ചേരിയിലും വ്യാഴാഴ്ചയാണു വോട്ടെടുപ്പ്.






Leave a comment