അമേരിക്കൻ വാർത്തകേരള വാർത്ത

2026 കേരളം ആർക്കൊപ്പം – വാൽക്കണ്ണാടി സംവാദം

അമേരിക്കയിലിരുന്നു 2026 ഏപ്രിൽ 9 നു കേരളത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിനെ സംബന്ധിച്ച് എന്ത് സംസാരിക്കാനാണ് എന്നു ചിന്തിച്ചേക്കാം. പ്രവാസികളെ വെറും ATM ആയി മാത്രം കാണുന്ന ഒരു സാഹചര്യം നിലനിൽക്കുമ്പോൾത്തന്നെ പ്രവാസികളുടെ സഹായംകൊണ്ടു മാത്രം ചലിക്കുന്ന ഒരു സംവിധാനം ഇപ്പോൾ കേരളത്തിനുണ്ട്. അതുകൊണ്ടുതന്നെ പ്രവാസികൾക്ക്, ഇവിടെനിന്നുകൊണ്ടുതന്നെ കേരളത്തിൽ ചില്ലറ ചലനങ്ങൾ ഉണ്ടാക്കാനാവും എന്നതാണ് യാഥാർഥ്യം.

വാൽക്കണ്ണാടി മീഡിയ സംവാദത്തിനു കേരള സെൻറ്റെർ എൽമോണ്ട് വേദിയായപ്പോൾ, മലയാളം ഗ്ലോബൽ വോയിസ് തുറന്ന കൈത്താങ്ങു നൽകി.ഡിബേറ്റിൽ മൂന്ന് വ്യത്യസ്ത രാഷ്ട്രീയ കാഴ്ചപ്പാടുകൾ ഉള്ള മൂന്നു മുന്നണികളിൽനിന്നും പ്രതിനിധികൾ അഭിപ്രായങ്ങൾ പങ്കുവച്ചു. ചർച്ചയിൽ പങ്കെടുക്കുവാനും കാണുവാനുമായി നിരവധിപ്പേർ സംവാദസ്ഥലത്തു എത്തിച്ചേർന്നിരുന്നു. വാൽക്കണ്ണാടി മീഡിയ അധ്യക്ഷൻ കോരസൺ വർഗീസ് മോഡറേറ്റ് ചെയ്ത ചർച്ചകൾക്കു കേരള സെന്റർ പ്രസിഡന്റ് അലക്സ് എസ്തഫാനും മലയാളം ഗ്ലോബൽ വോയിസ് പത്രാധിപർ ഫിലിപ്പ് മഠത്തിലും സ്വാഗതം നേർന്നു. കേരളത്തിലെ പെറ്റി രാഷ്ട്രീയം ചർച്ച ചെയ്യാതെ 2026 മുതൽ കേരളം എങ്ങോട്ടു ചലിക്കണം എന്നതാണ് ചർച്ചയുടെ കേന്ദ്രബിന്ദു എന്ന് മോഡറേറ്റർ ഓർമ്മപ്പെടുത്തി. “പ്രവാസികളുടെ ആശങ്കകളും പ്രതീക്ഷകളും—ഇവയാണ് ചര്‍ച്ചയുടെ കേന്ദ്രം.” അദ്ദേഹം പറഞ്ഞു.

വികസനവും അടിസ്ഥാന സൗകര്യങ്ങളും – ​ആദ്യ റൗണ്ട് എൽഡിഎഫിന്റെ 10 വർഷത്തെ ട്രാക്ക് റെക്കോർഡും പ്രതിപക്ഷത്തിന്റെ ബദലുകളും തമ്മിലുള്ള വ്യത്യാസത്തിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. വിഴിഞ്ഞം തുറമുഖവും ദേശീയപാത വികസനവും വഴി ‘നവകേരളം’ എന്ന് എൽ.ഡി.എഫ് അവകാശപ്പെടുമ്പോൾ, കേരളം ഒരു വലിയ കടക്കെണിയിലാണെന്ന് പ്രതിപക്ഷം പറയുന്നു. ഇത്രയും വലിയ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ എങ്ങനെയാണ് മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് ഇടതുമുന്നണി യിൽ നിന്നും ഡോ. ജേക്കബ് തോമസും കൂട്ടരും മറുപടി പറഞ്ഞു. കേരളം എത്ര മാറി എന്നു ആർക്കും മനസ്സിലാകും. വിഴിഞ്ഞം തുറമുഖം യാഥാർഥ്യമായി, മെഡിക്കൽ കോളേജുകൾ വികസിപ്പിച്ചു , മെച്ചപ്പെട്ട റോഡ് അടിസ്ഥാന സൗകര്യങ്ങളും എണ്ണിയെണ്ണി പറഞ്ഞു ഇടതുമുന്നണിയുടെ വികസന പരിപാടികൾ വിവരിച്ചു. വികസനത്തിന് കടം വാങ്ങാതെ തരമില്ല, അത് തിരികെക്കൊടുക്കാനാവും. കേന്ദ്രപദ്ധതികൾ ആണ് ആകെ കേരളത്തിന് ഇതുവരെ എണ്ണിപ്പറയാവുന്നതു, വിഴിഞ്ഞം, കൊച്ചി മെട്രോ തുടങ്ങി എല്ലാ പദ്ധതികൾക്കും  മാർഗ്ഗതടസ്സം ഉണ്ടാക്കിയവരാണ് ഇടതുമന്നണികൾ, ഈ കഴിഞ്ഞ 10 വർഷത്തിൽ അവർ കൊണ്ടുവന്ന ഒരു പദ്ധതിയും പറയാനില്ല എന്ന് NDF പ്രതിനിധി ബാബു പാറക്കൽ അഭിപ്രായപ്പെട്ടു.

“സിൽവർ ലൈൻ ഉൾപ്പെടെയുള്ള പദ്ധതികളെ യു.ഡി.എഫ് എതിർക്കുന്നു. നിങ്ങൾ അധികാരത്തിൽ വന്നാൽ കേരളത്തിന്റെ ഗതാഗത-അടിസ്ഥാന സൗകര്യ വികസനത്തിന് മുന്നോട്ടുവെക്കുന്ന ബദൽ മാർഗങ്ങൾ എന്തൊക്കെയാണ്? എന്ന് മോഡറേറ്റർ UDF നോട് ചോദിക്കുന്നു. ഉമ്മൻ ചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതി കൊണ്ടുവന്നപ്പോൾ 6000 കോടി രൂപയുടെ അഴിമതി എന്ന് പറഞ്ഞവരാണ് ഇടതുപക്ഷം. മെട്രോ, കണ്ണൂർ എയർപോർട്ട്, നെടുമ്പാശ്ശേരി എയർപോർട്ട് തുടങ്ങി എന്തൊക്കെ പദ്ധതികളാണ് UDF സർക്കാർ മുന്നോട്ടു കൊണ്ടുവന്നത്. ഗ്യാസ് പൈപ്പ് ലൈൻ, മണ്ണിനടിയിൽ വെക്കുന്ന ബോംബാണെന്ന് പറഞ്ഞയാളാണ് ഇപ്പോഴത്തെ വ്യവസായ മന്ത്രി. UDF വലിയ സേവന പദ്ധതിയുമായാണ് ഇത്തവണ മുന്നോട്ടു വന്നിട്ടുള്ളതു എന്ന് UDF നേതാവ് ജയചന്ദ്രൻ വിലയിരുത്തി. പുതിയ സേവന പദ്ധതികൾക്ക് വക കണ്ടെത്താനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ UDF കണ്ടെത്തിയിട്ടുണ്ട് എന്ന് ഷോളി കുമ്പിളുവേലി പറഞ്ഞു.

“ദേശീയപാത വികസനത്തിനും വിഴിഞ്ഞത്തിനും കേന്ദ്രം വലിയ സഹായം നൽകുന്നുണ്ടെങ്കിലും അത് വോട്ടായി മാറുന്നില്ല. 2026-ൽ ബി.ജെ.പി മുന്നോട്ടുവെക്കുന്ന ‘ഡബിൾ എൻജിൻ’ വികസനത്തിന് കേരളം എന്തിന് വോട്ട് ചെയ്യണം? എന്ന ചോദ്യത്തിനു NDA പ്രതിനിധി ഡോ. ജയശ്രീ മറുപടി പറഞ്ഞു. ഡബിൾ എൻജിൻ സർക്കാരിനുമാത്രമേ വികസനത്തെ വേഗത്തിലും എളുപ്പത്തിലും കൊണ്ടുവരാനാകൂ. ഇപ്പോൾ സ്ഥലം ഏറ്റെടുക്കുന്നതടക്കം എല്ലാ പ്രാഥമീക കാര്യങ്ങളിലും മെല്ലെപ്പോക്കു നടക്കുമ്പോൾ പുതിയ കേന്ദ്ര പദ്ധതികൾ എങ്ങനെ കൊണ്ടുവരാനാവും? കേരളത്തിന്റെ മനസ്സ് മാറി ചിന്തിച്ചുതുടങ്ങി എന്ന് അവർ അഭിപ്രായപ്പെട്ടു.

10 മണ്ഡലങ്ങളിൽ NDA – LDF നടക്കുന്നു എന്ന് കേൾക്കുന്നു വാസ്തവമുണ്ടോ, അങ്ങനെയെങ്കിൽ പിണറായി സർക്കാർ വീണ്ടും അധികാരത്തിലെത്തും എന്ന ചോദ്യത്തിന് LDF വ്യക്തമായ മറുപടി പറഞ്ഞില്ല. ഡീൽ എന്നത് വ്യാജ, നിരുത്തരവാദിത്തമായ വാർത്തയാണെന്നും കേരളത്തിനു വേണ്ടത് കൂടുതൽ തൊഴിൽ അവസരങ്ങളാണ്, സർക്കാർ ശമ്പളം കൊണ്ട് ജീവിക്കുന്ന  ഒരു ജനതയല്ലെന്നും NDA പ്രതിനിധി ശിവദാസൻ നായർ പറഞ്ഞു. കേരളത്തിൽ NDA ക്കു ജനങ്ങളുമായുള്ള ഡീൽ മാത്രമേയുള്ളൂ. ശബരിമല സ്ത്രീ പ്രവേശന വിഷയം കേരളത്തിൽ തീകത്തിച്ചതുപോലെ കിലോക്കണക്കിനു സ്വർണം ശബരിമയിൽനിന്നും കൊള്ളയടിച്ചിട്ടു അത്ര തീവ്ര പ്രതികരണം കാണുന്നില്ല, അതുകൊണ്ടാണ് ഒരു ഡീൽ എന്നത് സംശയിക്കുന്നതെന്നു മോഡറേറ്റർ കൂട്ടിച്ചേർത്തു.

“ഉന്നത വിദ്യാഭ്യാസ രംഗത്തെ തകർച്ചയും തൊഴിലില്ലായ്മയും കാരണം കേരളത്തിലെ യുവത്വം വിദേശങ്ങളിലേക്ക് (പ്രത്യേകിച്ച് ന്യൂയോർക്ക് പോലുള്ള നഗരങ്ങളിലേക്ക്) ചേക്കേറുകയാണ്. ഈ ‘ബ്രെയിൻ ഡ്രെയിൻ’ തടയാൻ നിങ്ങളുടെ മുന്നണി എന്ത് നടപടി സ്വീകരിക്കും?” എന്ന ചോദ്യത്തിന്, UDF പ്രതിനിധി ലീല മാരേട്ട് മറുപടി പറഞ്ഞു. ഇത് ഒരു ദയനീയമായ അവസ്ഥയാണെന്നും ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ യുഡിഫ് പ്രതിഞ്ജാബദ്ധമാണെന്നും അവർ പറഞ്ഞു. കൂടുതൽ വിദേശ യൂണിവേഴ്സിറ്റികളുമായി ഒത്തുചേർന്നു വിദ്യാഭ്യാസ നിലവാരം ഉയർത്തും.

അറിവ് അടിസ്ഥാനമാക്കിയുള്ള വ്യവസായങ്ങൾ ആണ് ഇന്ന് കേരളത്തിന് അഭികാമ്യം, ഐടി കൂടാതെ ബയോടെക്‌നിക്, ഫർമസൂട്ടിക്കൽ, ടെലെകോംമ്യൂണിക്കേഷൻസ് തുടങ്ങിയ മേഖലകളിൽ കേരളത്തിനു എന്ത് ചെയ്യാനാവും എന്ന ചോദ്യത്തിന്, ബിജെപി ഭരിക്കുന്ന മറ്റു സംസ്ഥാങ്ങളിലെ അവസ്ഥ നോക്കൂ എന്നാണ് NDA പ്രതിനിധി ബാബു പാറക്കൽ പറഞ്ഞത്. UP യിൽ 140 പുതിയ യൂണിവേഴ്സിറ്റികളാണ് പുതുതായി വന്നത്, അവയുടെ നിലവാരവും മെച്ചമാണ് , അതോടൊപ്പം വികസനവും ശ്രദ്ധേയമായി. എന്നാൽ കേരളത്തിൽ ഇന്ഗ്ലീഷ്‌പോലും പറയാനറിയാത്ത ഡോക്ടർ ഡിഗ്രിയുള്ളവർ അപമാനകരമായ വിദ്യാഭ്യാസ നിലവാരമാണ് കാട്ടുന്നത്. പിന്നെയെങ്ങനെ കേരളത്തിൽ നിന്നും കുട്ടികൾ ഓടിപ്പോകാതെയിരിക്കുന്നത് അദ്ദേഹം ചോദിച്ചു.  

“മലയോര മേഖലകളിൽ വന്യജീവി അക്രമങ്ങൾ വലിയ തെരഞ്ഞെടുപ്പ് വിഷയമാണ്. കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ കേരളം പരാജയപ്പെട്ടത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിന് തോമസ് സാമുവേൽ UDF ഇൽനിന്നും മറുപടി പറഞ്ഞു. ആർക്കും ഉത്തരമില്ലാത്ത, ഉത്തരവാദിത്തമില്ലാത്ത ഒരു സ്ഥിതിയാണ് ഈ വിഷയം. സാധാരണ ജനത്തിന്റെ സ്വത്തിനും ജീവനും സംരക്ഷണം കൊടുക്കാനാവാത്ത കേന്ദ്ര നിയമങ്ങളാണ് ഇതിനു കാരണം. പട്ടിയെ തല്ലിയാൽപിടിച്ചു ജയിലടക്കും മനുഷ്യനെ കൊന്നാൽ അത്രയും പ്രശ്‌നമില്ല എന്നുതോന്നും. കാട്ടിൽനിന്നും കൂട്ടമായി നാട്ടിലിറങ്ങുന്ന മൃഗങ്ങൾക്ക് കുടിക്കാനുള്ള വെള്ളം കാട്ടിൽ ക്രമീകരിക്കാനാവില്ലേ അദ്ദേഹം ചോദിച്ചു.

കേന്ദ്ര വന്യജീവി സംരക്ഷണ നയങ്ങളും നിയമങ്ങളുമാണ് കേരളത്തിലെ ജനങ്ങൾക്ക് ജീവിതം ദുസ്സഹമാക്കുന്നതെന്നു LDF നു വേണ്ടി മാത്യു ജോസഫ് പറഞ്ഞു. ഓരോ സ്ഥലത്തിനും സാഹചര്യത്തിനും അനുസരിച്ചു നിയമങ്ങളിൽ മാറ്റം വരുത്തണം. മൃഗങ്ങളെ തെരുവിൽ അലയാൻ വിടുന്നത് എന്ത് സുരക്ഷയാണ് ജനങ്ങൾക്ക് നൽകുന്ന സന്ദേശം? മൃഗങ്ങൾ എണ്ണം കൂടുമ്പോൾ വേട്ടയാടാനുള്ള അനുവാദം കൊടുക്കണം അദ്ദേഹം കൂട്ടിച്ചേർത്തു. തെരുവുനായ ശല്യം ഇത്രയധികം കൂടിയിട്ട് 10 വർഷം  LDF സർക്കാർ എന്തുചെയ്തു എന്ന് ബാബു പാറക്കൽ ചോദിച്ചു. കേന്ദ്ര നയം മാറ്റാൻ  കേരളത്തിൽനിന്നുള്ള 20 എംപീമാർ എന്താണ് ചെയ്തതെന്ന് അറിഞ്ഞാൽക്കൊള്ളാം.

“ലോക കേരള സഭ കേവലം ഒരു പി.ആർ എക്സർസൈസ് ആണെന്ന ആക്ഷേപം ശക്തമാണ്. അമേരിക്കൻ മലയാളികളുടെ നിക്ഷേപവും അറിവും കേരളത്തിന്റെ വളർച്ചയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്തും?” എന്ന ചോദ്യത്തിന് ലോക കേരള സഭ അംഗം ഡോ. ജേക്കബ് തോമസ് മറുപടി പറഞ്ഞു. കേരളത്തിനു പ്രയോജനപ്പെടുന്ന പോസിറ്റീവ് ആയ കാര്യങ്ങൾ ഒന്നിച്ചു ചർച്ചചെയ്യാൻ  ലോക കേരള സഭക്കു കഴിയും. കൂടുതലും ഗൾഫ് മേഖലയിൽ ഉള്ളവർക്ക് ഇൻഷുറൻസ്, പെൻഷൻ സംവിധാനം ഒക്കെ ഡെവലപ്പ് ചെയ്യാനായി. എന്നാൽ ഇത് തികച്ചും ധൂർത്തും അമേരിക്കൻ മലയാളികൾക്ക് യാതൊരു പ്രയോജവുമില്ലാത്ത പദ്ധതിയാണെന്നു UDF, NDF പ്രതിനിധികൾ അഭിപ്രായപ്പെട്ടു.

“ക്ഷേമനയങ്ങൾ ആളുകളെ സഹായിക്കുകയാണോ, അല്ലെങ്കിൽ ആശ്രിതരാക്കുകയാണോ? എന്ന ചോദ്യത്തിന് ഇത് സഖാക്കളെ സംരക്ഷിക്കാനുള്ള പദ്ധതിയാണ് എന്ന് അഭിപ്രായം UDF ഉയർത്തി. അർഹിക്കാത്ത ആർക്കും അങ്ങനെ പെൻഷൻ കൊടുക്കുന്നില്ല എന്ന് LDF  അവകാശപ്പെട്ടു. കേന്ദ്രപദ്ധതികൾ പേരുമാറ്റി കേരള പദ്ധതിയാക്കി അവതരിപ്പിക്കുക മാത്രമാണ് LDF ചെയ്തിട്ടുള്ളത്. കടം വാങ്ങി പെൻഷൻ കൊടുത്തു ഒരു സർക്കാരിന് എങ്ങനെ മുന്നോട്ടുപോകാനാവും NDA പ്രതിനിധി ശിവദാസൻ നായർ ചോദിച്ചു.  

“ന്യൂനപക്ഷ വോട്ടുകളിൽ വലിയ മാറ്റങ്ങൾ ദൃശ്യമാണ്. മതസൗഹാർദ്ദവും മതേതരത്വവും സംരക്ഷിക്കുന്നതിൽ നിങ്ങളുടെ നിലപാട് എന്താണ്?”എന്ന ചോദ്യത്തിന് NDA മറുപടി പറഞ്ഞു. എല്ലാവര്ക്കും ബുദ്ധിയും ഇന്ന് മീഡിയ ശക്തവുമാണ്. ഒരു മതത്തോടും പ്രത്യേകത കാട്ടാതെ എല്ലാ മതത്തോടും ഒരേ സമീപനമാണ് ബിജെപി സർക്കാർ പുലർത്തുന്നത്. പഴയ രീതിയിലുള്ള ഭയം ഇന്നില്ല. മറമാറി ആളുകൾ NDA യിലേക്ക് കടന്നുവരുന്നു. എന്നാൽ ഇപ്പോഴും ഇന്ത്യയിൽ പലയിടത്തും വളരെ മോശമായ മതസംഘർഷങ്ങൾ നിലനിൽക്കുന്നു. മതസ്വാതന്ത്ര്യം ഒരു പാർട്ടിയുടെയും ഔദാര്യമല്ല, പൗരനിയമമാണ്, UDF പ്രതികരിച്ചു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളം ഒരു ‘വൃദ്ധസദനം’ ആയി മാറുമെന്ന് നിങ്ങൾ ഭയപ്പെടുന്നുണ്ടോ? എന്ന ചോദ്യത്തിന് അതേ എന്ന ഒരേ മറുപടിയാണ് പറഞ്ഞത്. 2026 മെയ് മാസത്തിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആരായിരിക്കും? എന്ന ചോദ്യത്തിനു ആർക്കും പേരുകൾ നിർദ്ദേശിക്കാനായില്ല.

വളരെ ചൂടുപിടിച്ച ചർച്ചയാണ് നടന്നത്. ന്യൂയോർക്കിലെ മലയാളി സമൂഹം ഉറ്റുനോക്കുന്നത് വെറും വാഗ്ദാനങ്ങളെയല്ല, മറിച്ച് മാറ്റങ്ങളെയാണ്. ഈ തിരഞ്ഞെടുപ്പ് വെറുമൊരു അധികാരക്കൈമാറ്റമല്ല, കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള തീരുമാനമാണ്. “കേരളത്തിന്റെ ഭാവി—കേരളത്തിൽ മാത്രം അല്ല, ലോകമെമ്പാടുമുള്ള മലയാളികളുടെ സ്വപ്നങ്ങളിലും തീരുമാനിക്കപ്പെടുന്നു. ചര്‍ച്ചയിൽ പങ്കെടുത്ത എല്ലാവർക്കും കോരസൺ വർഗീസ് നന്ദി പറഞ്ഞു.

കാണികളിൽനിന്നും തീഷ്ണമായ വാഗ്‌വാദങ്ങളും അഭിപ്രായങ്ങളും ചേർന്നു ചർച്ച അർത്ഥ ഗംഭീരമായി. എല്ലാവരും ആവശ്യപ്പെടുന്നത് ഒരു മാറ്റമാണ്. അഴിമതിയും, ധൂർത്തും, സ്വജന പക്ഷപാതവും, കേരള രാഷ്ട്രീയത്തിന്റെ മുഖമായി മാറിയിട്ട് പ്രവാസി മലയാളികൾ അസ്വസ്ഥരാണ്. ജനസേവകർ എന്ന നിലയിൽ രാഷ്രീയക്കാർ ഉയരണം. മതവിദ്വേഷം ഉണ്ടാക്കുന്ന രാഷ്രീയ നിലപാടുകൾ പിന്തുണക്കരുത്. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കിയാൽ യുവാക്കൾ കേരളത്തിൽ നിൽക്കും, കേരളം വൃദ്ധസദനം ആകില്ല. പ്രവാസികളെ ATM മെഷീൻ ആയികാണാതെ അവർക്കു തിരികെയെത്താൻ,  സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഒരുക്കണം എന്നൊക്കെ ഫ്ലോറിൽ നിന്നും നല്ല അഭിപ്രായങ്ങൾ വന്നുകൊണ്ടിരുന്നു. ഈ ചർച്ച കേരളസമൂഹം ഏറ്റെടുക്കണമെന്ന് ആഗ്രഹിക്കുന്നതായി മോഡറേറ്റർ കോരസൺ വർഗീസ് അഭിപ്രായപ്പെട്ടു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ലെബനന്‍-ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ട്രംപിന്റെ ഇടപെടല്‍

വാഷിങ്ടൺ: ലെബനനും ഇസ്രയേലും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇടപെടൽ. വ്യാഴാഴ്ച...

അമേരിക്കൻ വാർത്ത

കലാവേദിയുടെ ആഭിമുഖ്യത്തില്‍ ‘ബോധിവൃക്ഷത്തണലില്‍’ ഏപ്രില്‍ 11 ശനിയാഴ്ച ന്യൂയോര്‍ക്കില്‍ അരങ്ങേറുന്നു

ന്യൂയോര്‍ക്ക്: സിബി ഡേവിഡ് നേതൃത്വം നല്‍കന്ന കലാവേദി യു.എസ്.എയുടെ ആഭിമുഖ്യത്തില്‍ ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ ‘ബോധിവൃക്ഷത്തണലില്‍’...

അമേരിക്കൻ വാർത്ത

പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ ഹ്യൂസ്റ്റണിൽ

ഹ്യൂസ്റ്റൺ:പാമ്പാടി തിരുമേനിയുടെ 61-ാം ഓർമ്മപ്പെരുന്നാൾ 2026 ഏപ്രിൽ 11-ാം തീയതി (ശനിയാഴ്ച) ഹ്യൂസ്റ്റണിലെ ഉർശ്ലേം അരമന...

അമേരിക്കൻ വാർത്ത

ബര്‍ഗന്‍ കൗണ്ടി മലയാളി’ ഈസ്‌ററര്‍ ആഘോഷം ഏപ്രില്‍ 12 ഞായറാഴ്ച; ജോസി പുല്ലാട് നയിക്കുന്ന സംഗീത പരിപാടി

ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ഈസ്റ്റര്‍ ആഘോഷം എപ്രില്‍ 12 ഞായറാഴ്ച...