അമേരിക്കൻ വാർത്ത

ടാമ്പാ ശ്രീഅയ്യപ്പ ക്ഷേത്രത്തിൽ പ്രതിഷ്ഠാ മഹോത്സവം ഭക്തിസാന്ദ്രമായി

ടാമ്പാ: ടാമ്പയിലെ ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മാർച്ച് 13 മുതൽ 15 വരെ നടന്ന പ്രതിഷ്ഠാ മഹോത്സവം 2026 ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ സമാപിച്ചു. ശ്രീ അയ്യപ്പന്റെ അനുഗ്രഹാശിസ്സുകളോടെ സംഘടിപ്പിച്ച ഈ മൂന്നു ദിവസത്തെ ആത്മീയ മഹോത്സവത്തിൽ ടാമ്പാ ബേ പ്രദേശത്തുനിന്നും സമീപ സംസ്ഥാനങ്ങളിൽ നിന്നുമുള്ള നിരവധി ഭക്തർ പങ്കെടുത്തു.

മഹോത്സവത്തിന്റെ ഭാഗമായി നവഗ്രഹം, നാഗരാജാവ്, നാഗയക്ഷി,  ശ്രീ ശിർഡി സായിബാബ എന്നിവരുടെ വിശുദ്ധ പ്രതിഷ്ഠാ ചടങ്ങുകൾ വേദ–ആഗമ സമ്പ്രദായാനുസൃതമായി നടന്നു.

പ്രതിഷ്ഠാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത് കല്ലമ്പള്ളി വിഷ്ണു നമ്പൂതിരി ആയിരുന്നു. ശ്രീ ശിവ വിഷ്ണു ക്ഷേത്രത്തിലെ തന്ത്രി ആയ അദ്ദേഹം ആചാരാനുഷ്ഠാനങ്ങൾക്കനുസൃതമായി പ്രതിഷ്ഠാ ക്രമങ്ങൾ നിർവ്വഹിച്ചു. ക്ഷേത്രത്തിലെ മേൽശാന്തിയായി ഹരിപ്രസാദ് നമ്പൂതിരി സേവനം നിർവ്വഹിക്കുന്നു.

മാർച്ച് 13-ാം തീയതി വെള്ളിയാഴ്ച രാവിലെ മഹാഗണപതി ഹോമം, അനുജ്ഞ കലശപൂജ, ഉച്ചപൂജ, കലശാഭിഷേകം തുടങ്ങിയ ചടങ്ങുകളോടെയാണ് പരിപാടികൾക്ക് തുടക്കമായത്. വൈകുന്നേരം ആചാര്യ വരണം, താലപ്പൊലി, ജലാധിവാസം തുടങ്ങിയ ചടങ്ങുകൾ നടന്നു.

മാർച്ച് 14-ാം ശനിയാഴ്ച രാവിലെ ഗണപതി ഹോമം, ശയ്യാപൂജ, ബിംബശുദ്ധി കലശപൂജ, കലശാഭിഷേകം എന്നിവയും, വൈകുന്നേരം പ്രസാദശുദ്ധി, വാസ്തുബലി, ധ്യാനാധിവാസം, നിദ്രാകലശപൂജ, അധിവാസ ഹോമം എന്നിവയും നടന്നു.

മാർച്ച് 15-ാം ഞായറാഴ്ച പുലർച്ചെ ഗണപതി ഹോമവും ഉഷപൂജയും നടത്തി മുഖ്യ പ്രതിഷ്ഠാ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് നവഗ്രഹം, നാഗരാജാവ്, നാഗയക്ഷി, ശ്രീ ശിർഡി സായിബാബ എന്നിവരുടെ പ്രതിഷ്ഠാ ക്രമങ്ങൾ നടന്നു. കലശാഭിഷേകം, ദീപാരാധന, മഹാപ്രസാദ വിതരണം, സമുഹ സദ്യ എന്നിവയോടെയാണ് മഹോത്സവം സമാപിച്ചത്.

മഹോത്സവത്തിന് സാംസ്കാരിക ഭംഗി പകർന്നത് ചെണ്ടവാദ്യം ആയിരുന്നു. മിഷിഗൺ സംസ്ഥാനത്തിലെ ഡെട്രോയിറ്റിൽ നിന്ന് എത്തിയ രാജേഷും സംഘവും അവതരിപ്പിച്ച ചെണ്ടവാദ്യം ഭക്തർക്കിടയിൽ പ്രത്യേക ആവേശം സൃഷ്ടിച്ചു.

ഹിന്ദു ആഗമ–താന്ത്രിക സമ്പ്രദായത്തിൽ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ആഴത്തിലുള്ള തത്ത്വചിന്താപരമായ അർത്ഥവുമുണ്ട്. ക്ഷേത്ര പ്രതിഷ്ഠയിൽ ക്ഷേത്ര ഭരണസമിതി യജമാനൻ എന്ന നിലയിൽ ഈ വിശുദ്ധ യാഗത്തിന്റെ ഉത്തരവാദിത്വം വഹിക്കുന്നു. പ്രതിഷ്ഠ നിർവ്വഹിക്കുന്ന തന്ത്രി ഈ പ്രക്രിയയിൽ പിതൃത്വം പ്രതിനിധീകരിക്കുന്നവനായി കണക്കാക്കപ്പെടുന്നു; മന്ത്രശക്തിയും ക്രമങ്ങളും മുഖേന ദൈവചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിക്കുന്ന ആദ്യഘട്ടം അദ്ദേഹം നിർവ്വഹിക്കുന്നു.

പ്രതിഷ്ഠയ്ക്ക് ശേഷം നിത്യപൂജകളും ആരാധനാക്രമങ്ങളും നിർവ്വഹിക്കുന്ന ശാന്തി അഥവാ പൂജാരി മാതൃത്വം പ്രതിനിധീകരിക്കുന്നവനായി കണക്കാക്കപ്പെടുന്നു. മാതാവ് ഒരു ശിശുവിനെ പരിപാലിക്കുന്നതുപോലെ, ദിനംപ്രതി പൂജകളിലൂടെ ദൈവസാന്നിധ്യം നിലനിർത്തുകയും സംരക്ഷിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം.

ശില്പതത്ത്വത്തിൽ പറയുന്നപോലെ ഓരോ കല്ലിനകത്തും ഒരു പ്രതിമ ഒളിഞ്ഞിരിക്കുന്നു; അനാവശ്യ ഭാഗങ്ങൾ നീക്കുമ്പോഴാണ് അതിന്റെ യഥാർത്ഥ രൂപം വെളിവാകുന്നത്. അതുപോലെ പ്രതിഷ്ഠാ പ്രക്രിയയിൽ വിഗ്രഹം പീഠത്തിൽ സ്ഥാപിക്കുന്നതും സൃഷ്ടിയുടെ പ്രതീകമായി വ്യാഖ്യാനിക്കപ്പെടുന്നു. പീഠം സൃഷ്ടിയുടെ അടിസ്ഥാനം പ്രതിനിധീകരിക്കുന്ന യോനി തത്ത്വത്തെയും വിഗ്രഹത്തിന്റെ ഭാഗം ലിംഗ തത്ത്വത്തെയും സൂചിപ്പിക്കുന്നതായി ആഗമങ്ങൾ വിശദീകരിക്കുന്നു. ഈ ഐക്യം സൃഷ്ടിയുടെ അടിസ്ഥാനമായ പുരുഷ–സ്ത്രീ തത്ത്വങ്ങളുടെ സമതുലിതാവസ്ഥയെ പ്രതിനിധീകരിക്കുന്നു.

പ്രാണപ്രതിഷ്ഠാ ചടങ്ങിലൂടെ തന്ത്രി മന്ത്രശക്തിയും കലശജലവും മുഖേന ദൈവചൈതന്യം വിഗ്രഹത്തിലേക്ക് ആവാഹിക്കുന്നതായി വിശ്വസിക്കുന്നു. തുടർന്ന് നിത്യപൂജകളും ആചാരാനുഷ്ഠാനങ്ങളും വഴി ആ ആത്മീയ ഊർജ്ജം നിലനിർത്തപ്പെടുകയും ശക്തിപ്പെടുകയും ചെയ്യുന്നു.

ക്ഷേത്രത്തിന്റെ പ്രധാന ഭാരവാഹികളായി വിജയ് നാരായണസ്വാമി (പ്രസിഡന്റ്), ബീന നായർ (വൈസ് പ്രസിഡന്റ്), ശ്രീകുമാർ ചെല്ലപ്പൻ (ട്രസ്റ്റി ചെയർമാൻ) എന്നിവർ സേവനം അനുഷ്ഠിക്കുന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന മഹോത്സവം വിജയകരമായി നടത്താൻ സഹകരിച്ച തന്ത്രിമാർക്കും പൂജാരിമാർക്കും സന്നദ്ധപ്രവർത്തകർക്കും സ്പോൺസർമാർക്കും ഭക്തജനങ്ങൾക്കും ക്ഷേത്ര ഭരണസമിതി നന്ദി അറിയിച്ചു.

Report സാജ് കാവിന്റെഅരികത്ത്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...