ചിക്കാഗോ : ചിക്കാഗോ മലയാളീ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ന്യൂസ് മീഡിയ സെമിനാര്‍ വന്‍ വിജയമായി. 2026 മാര്‍ച്ച് മാസം 10 ചൊവ്വാഴ്ച വൈകിട്ട് 8 ന് മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ട സെമിനാറില്‍ പങ്കെടുക്കാന്‍ നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്.
ചിക്കാഗോ മലയാളി അസോസിയേഷന്‍ സെക്രട്ടറി ബിജു മുണ്ടക്കല്‍ സ്വാഗത പ്രസംഗം നടത്തി. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും മറുനാടന്‍ മലയാളി ചീഫ് എഡിറ്ററും ആയ ഷാജന്‍ സ്‌കറിയ ,’സാമൂഹ്യ മാധ്യമങ്ങളുടെ നേട്ടങ്ങള്‍ ‘എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി.
ചിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മലയാളി സമൂഹം പങ്കെടുത്ത പ്രസ്തുത മാധ്യമ സെമിനാറില്‍ ,തന്റെ ദീര്‍ഘമായ മാധ്യമ പ്രവര്‍ത്തന യാത്രയെക്കുറിച്ച് ഷാജന്‍ സ്‌കറിയ വിശദമായി സംസാരിച്ചു. ഇടതുപക്ഷ ആഭിമുഖ്യം മുന്‍പ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ താന്‍ ഗാന്ധിയന്‍ ആശയങ്ങളെയാണ് പിന്തുടരുന്നതെന്ന് അദ്ദേഹം പറഞ്ഞു.



ഒരു മണിക്കൂറോളം നീണ്ട തന്റെ ദീര്‍ഘമായ പ്രഭാഷണത്തില്‍ ഉടനീളം സോഷ്യല്‍ മീഡിയ ഉപയോഗപ്പെടുത്തിക്കൊണ്ട് താന്‍ മാധ്യമരംഗത്ത് എങ്ങനെയാണ് വളര്‍ന്നത് എന്ന് അദ്ദേഹം വ്യെക്തമാക്കി. പ്രഭാഷണത്തിന് ശേഷം സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കി.
തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിന്റെ പേരില്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ ഫലകം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു.
ചിക്കാഗോ മലയാളി അസോസിയേഷന്‍ പ്രസിഡണ്ട് ജോസ് മണക്കാട്ട്, സെക്രട്ടറി ബിജു മുണ്ടക്കല്‍, ട്രെഷറര്‍ അച്ചന്‍കുഞ്ഞ് മാത്യു, വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയില്‍, ഫ്രാന്‍സിസ് കിഴക്കേക്കുറ്റ്, ജോസഫ് പിണര്‍ക്കയില്‍, തോമസ് ഐക്കരപ്പറമ്പില്‍, ആന്റണി വേളൂര്‍ എന്നിവര്‍ വേദിയില്‍ ഉപവിഷ്ടരായിരുന്നു.
ചിക്കാഗോയിലെ സാമൂഹ്യ സാംസ്‌കാരിക, സാമുദായിക സംഘടനാ നേതാക്കള്‍, ചിക്കാഗോ മലയാളി അസോസിയേഷന്റെ മുന്‍ നേതാക്കള്‍, ഫൊക്കാന നേതാക്കന്മാര്‍, ഫോമയുടെ റീജിയണല്‍ നേതാക്കന്മാര്‍ ഉള്‍പ്പെടെ നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത യോഗം വന്‍ വിജയമായി. ഇത്ര വലിയ ജനക്കൂട്ടം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ഷാജന്‍ സ്‌കറിയ പറഞ്ഞു.
ജോസ് മണക്കാട് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി. അച്ചന്‍കുഞ്ഞ് മാത്യു പങ്കെടുത്തവര്‍ക്കും പരിപാടിയുടെ സ്‌പോണ്‍സര്‍മാര്‍ക്കും കൃതജ്ഞത അര്‍പ്പിച്ചു.





