ആനുകാലികംപ്രധാന വാർത്ത

ശക്തിപ്പെട്ടുവന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തെ തല്ക്കാലം മാറ്റിനിർത്തി ബംഗ്ലാദേശ്; ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെട്ടേക്കും

ധാക്ക: വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭത്തിൽ ഷെയ്ഖ് ഹസീനയ്ക്ക് അധികാരം നഷ്ടപ്പെട്ടശേഷം ബംഗ്ലാദേശിൽ ശക്തിപ്പെട്ടുവന്ന ഇസ്ലാമിസ്റ്റ് രാഷ്ട്രീയത്തിന് തിരഞ്ഞെടുപ്പിൽ കാര്യമായ സ്വീകാര്യത ലഭിച്ചില്ല. 299 സീറ്റിലേക്കുനടന്ന മത്സരത്തിൽ 68 സീറ്റാണ് ഇസ്ലാമിസ്റ്റ് പാർട്ടിയായ ജമാഅത്തെ ഇസ്ലാമി നയിച്ച 11 പാർട്ടികളുടെ സഖ്യത്തിനു കിട്ടിയത്.

ബംഗ്ലാദേശിൽ വർഷങ്ങളായി ആവാമി ലീഗിന്റെ നേതൃത്വത്തിൽ തുടരുന്ന ഭരണത്തിന് വിരാമമായി. ഒന്നര പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ബിഎൻപി തിരിച്ചുവരികയാണ്. ബിഎൻപി നേതാവ് താരിഖ് റഹ്മാൻ ഇനി ബംഗ്ലാദേശിനെ നയിക്കും. 17 വർഷത്തിന് ശേഷം രാജ്യത്തേക്ക് തിരിച്ചുവന്ന താരിഖിന് ഇത് വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമല്ല, താൻ നാടുവിട്ട് പോകാൻ കാരണക്കാരായ ഷെയ്ഖ് ഹസീനയോടും അവാമി ലീഗിനോടുമുള്ള പകരം ചോദിക്കൽ കൂടെയാണ്. ഷെയ്ഖ് ഹസീനയില്ലാത്ത, താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശിന്റെ ഭാവി എന്താവും? ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത്യയ്ക്ക് ഈ മാറ്റം ഗുണകരമാവുമോ?

ബംഗ്ലാദേശിൽ ഇപ്പോൾ കഴിഞ്ഞത് ഒരു സാധാരണ അധികാരമാറ്റമല്ല, മറിച്ച് ജനാധിപത്യത്തിന്റെ പുതിയ പരീക്ഷണമാണ്. ജനാധിപത്യ പുനഃസ്ഥാപനം, ബംഗ്ലാദേശ് ആദ്യം എന്നീ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയ താരിഖിന് അത് സാധ്യമാക്കാനാവുമോ എന്നാണ് കാണാനുള്ളത്. കുടുംബ പാരമ്പര്യത്തിൽ പൂർണ്ണമായും അധികാരം നിലനിർത്തുന്ന ഒരു നേതാവിൽ നിന്ന് ജനാധിപത്യ നവീകരണം ഉണ്ടാകുമോ എന്ന വിമർശനത്തിന് പ്രവർത്തിയിലൂടെ താരിഖ് മറുപടി നൽകണം. കഴിഞ്ഞില്ല, തകർന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥ, ന്യൂനപക്ഷ വേട്ടയാടലുകൾ, തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജെൻസികൾ… അങ്ങനെ താരിഖിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.

ബി.എൻ.പി. പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‌മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാൻ.

മുഹമ്മദ് യൂനുസിന്റെ ഇടക്കാല സർക്കാരിന്റെ കാലത്ത് സംഘടിതശക്തിയായി ഉയർന്നുവന്ന ഇസ്ലാമിസ്റ്റ് മൗലികസംഘടനകളെ അധികാരത്തിൽനിന്ന് അകറ്റിനിർത്താൻ മതനിരപേക്ഷശക്തികൾ കൈകോർത്തു എന്നതിന്റെ തെളിവുകൂടിയാണ് തിരഞ്ഞെടുപ്പുഫലം. ജമാഅത്തെ ഇസ്ലാമിയെ ജനം തള്ളിക്കളഞ്ഞെന്ന് 2003-2006 കാലത്ത് ബംഗ്ലാദേശിലെ ഇന്ത്യൻ സ്ഥാനപതികാര്യാലയത്തിൽ സേവനംചെയ്ത വീണാ സിക്രി വാർത്താ ഏജൻസിയായ ‘പി.ടി.ഐ.’യോടു പറഞ്ഞു. ബംഗ്ലാദേശ് ജനത ജനാധിപത്യമൂല്യങ്ങളെ പിന്തുണയ്ക്കുന്നു എന്നകാര്യം വീണ്ടും ഉറപ്പിക്കുന്നതാണ് ബി.എൻ.പി.ക്കുകിട്ടിയ മൂന്നിൽരണ്ട് ഭൂരിപക്ഷമെന്നും അവർ പറഞ്ഞു.

297 സീറ്റിലെ ഫലംവരുമ്പോൾ താരിഖ് റഹ്‌മാൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ഭരണം ഉറപ്പാക്കിയിരിക്കുകയാണ്. 18 മാസത്തിലേറെയായി സംഘർഷഭരിതമായ ഇന്ത്യ-ബംഗ്ലാദേശ് ബന്ധത്തിൽ ഗുണപരമായ മാറ്റം ബി.എൻ.പി.യുടെ വരവോടെ ഉണ്ടായേക്കാം എന്നാണ് നയതന്ത്രവിദഗ്ധർ വിലയിരുത്തുന്നത്.

ബംഗ്ലാദേശിനും അവിടത്തെ ജനങ്ങൾക്കും ബംഗ്ലാദേശിന്റെ സുഹൃത്തുക്കൾക്കും സദ്വാർത്ത എന്നാണ് ഇന്ത്യയുടെ പല മുൻ സ്ഥാനപതിമാരും പറഞ്ഞത്. ബംഗ്ലാദേശിലെ ജനങ്ങളുടെ വികാരം വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പുഫലമെന്ന് ബി.ജെ.പി. സാമാജികനും മുൻ വിദേശകാര്യ സെക്രട്ടറിയുമായ ഹർഷവർധൻ ശൃംഗ്ല അഭിപ്രായപ്പെട്ടു. അത് വളരെവളരെ നല്ലവാർത്തയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് വിമോചനത്തെ അനുകൂലിച്ച പാർട്ടിയാണ് ബി.എൻ.പി. 1971-ലെ വിമോചനത്തിന്റെ അന്തസ്സത്തയിൽ വിശ്വസിക്കുന്ന പാർട്ടിയാണ് അതെന്ന് ശൃംഗ്ല പറഞ്ഞു.

1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ ഇന്ത്യ നിർണായക പങ്കുവഹിച്ചിരുന്നു. 1947 മുതൽ 1971 വരെ കിഴക്കൻ പാകിസ്താൻ എന്നറിയപ്പെട്ടിരുന്ന പ്രദേശത്തെ ബംഗ്ലാദേശ് എന്ന രാജ്യമാക്കിമാറ്റിയത് ആ യുദ്ധമാണ്. 2024 ജൂലായ്-ഓഗസ്റ്റിലെ പ്രക്ഷോഭത്തിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും അവരുടെ അവാമിലീഗ് സർക്കാരും പുറത്തായതിൽപ്പിന്നെ ഒട്ടേറെ വിമോചനയുദ്ധ പ്രതീകങ്ങൾ ആക്രമിക്കപ്പെട്ടു.

‘രാഷ്ട്രപിതാവ്’ ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ കൂറ്റൻപ്രതിമ മറിച്ചിട്ടു. അദ്ദേഹത്തിന്റെ വീടിന് തീയിട്ടു. രാഷ്ട്രപിതാവ് എന്ന വിശേഷണം നീക്കി. ഹിന്ദുക്കളുൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ആക്രമിച്ചു. ബംഗ്ലാദേശിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് ഇന്ത്യ. ഇന്ത്യയുമായി നല്ലബന്ധമുണ്ടാക്കാൻ താത്പര്യമുള്ളതായി താരിഖ് അൻവർ സൂചിപ്പിച്ചിട്ടുണ്ട്. മുൻപ്രസിഡന്റും ബി.എൻ.പി. സ്ഥാപകനുമായ സിയാവുർ റഹ്‌മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഖാലിദാ സിയയുടെയും മകനാണ് അറുപതുകാരനായ താരിഖ്. വിലക്കുണ്ടായിരുന്നതിനാൽ ഹസീനയുടെ അവാമിലീഗ് ഇത്തവണ മത്സരത്തിനില്ലായിരുന്നു. ഇന്ത്യയിൽ രാഷ്ട്രീയ അഭയത്തിൽ കഴിയുകയാണ് ഹസീന. ഇന്ത്യയിൽനിന്ന് വിട്ടുകിട്ടാൻ ആവശ്യപ്പെടുമെന്നാണ് ബി.എൻ.പി.യുടെ ഉന്നതനേതാവ് സലാഹുദ്ദീൻ അഹമ്മദ് ജയമുറപ്പിച്ചതിനുപിന്നാെല പറഞ്ഞത്. വോട്ടെടുപ്പിനൊപ്പം വ്യാഴാഴ്ച ഭരണഘടനാപരിഷ്‌കരണം ലക്ഷ്യമിട്ടുള്ള ഹിതപരിശോധനയും നടന്നിരുന്നു. ഹിതപരിശോധനയിൽ പങ്കെടുത്ത 60.26 ശതമാനംപേരിൽ 4.8 കോടിപേർ അനുകൂലമായി വോട്ടുചെയ്തു. 2.25 കോടിപ്പേർ എതിർത്തു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...