അമേരിക്കൻ വാർത്ത

ഫോമാ സതേണ്‍ റീജിയണ്‍ ആര്‍.വി.പി സ്ഥാനത്തേക്ക് സൈമണ്‍ വളാച്ചേരിലിനെ എന്‍ഡോഴ്‌സ് ചെയ്തു

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ഫെഡറേഷനായ ഫോമായുടെ 2026-’28 കാലയളവിലേയ്ക്കുള്ള ഹൂസ്റ്റണ്‍ സതേണ്‍ റീജിയണ്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പ്രമുഖ സംഘാടകനും മാധ്യമ പ്രവര്‍ത്തകനുമായ സൈമണ്‍ വളാച്ചേരിലിനെ സതേണ്‍ റീജിയണ്‍ ഔദ്യോഗികമായി എന്‍ഡോഴ്‌സ് ചെയ്തു. അപ്നാ ബസാര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍, ഫോമാ നാഷണല്‍ പ്രസിഡന്റ് ബേബി മണക്കുന്നേലിന്റെ സാന്നിധ്യത്തില്‍ നടന്ന റീജിയണ്‍ മീറ്റിങ്ങില്‍, നാഷണല്‍ കണ്‍വന്‍ഷന്‍-2026 ജനറല്‍ കണ്‍വീനര്‍ ജോയി എന്‍ സാമുവേല്‍ സൈമണ്‍ വാളച്ചേരിലിന്റെ പേര് നിര്‍ദേശിക്കുകയും തോമസ് ജോര്‍ജ് (സ്ഞ്ജു) പിന്താങ്ങുകയു ചെയ്തു.

സതേണ്‍ റീജിയണ്‍ ചെയര്‍മാന്‍ രാജേഷ് മാത്യു, ഫോമാ സ്ഥാപക പ്രസിഡന്റ് ശശിധരന്‍ നായര്‍, രാജന്‍ യോഹന്നാന്‍, മാത്യൂസ് മുണ്ടയ്ക്കല്‍ ഉള്‍പ്പെടെ സതേണ്‍ റീജിയണ്‍ അംഗങ്ങള്‍ എല്ലാവരും സൈമണ്‍ വളാച്ചേരിലിന് പിന്തുണ അറിയിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. സംഘടനാ രംഗത്ത് ദീര്‍ഘ കാലത്തെ പ്രവര്‍ത്തന പരിചയവും അനുഭവ സമ്പത്തുമുള്ള സൈമണ്‍ വളാച്ചേരിലിന്റെ സേവനം ഫോമായ്ക്ക് മുതല്‍ക്കൂട്ടാവുമെന്ന് ഏവരും അഭിപ്രായപ്പെട്ടു.

ഫോമാ രൂപീകരിക്കപ്പെട്ട നാള്‍ മുതല്‍ സംഘടനയോട് ചേര്‍ന്ന് നില്‍ക്കുന്ന സൈമണ്‍ വളാച്ചേരില്‍ എന്ന സൈമണ്‍ വളാച്ചേരില്‍ ചാക്കോയ്ക്ക് കൈമുതലായുള്ളത് മാധ്യമ മേഖലയിലെയും സംഘടനാ രംഗത്തെയും കറയറ്റ പാരമ്പര്യവും ആത്മവിശ്വാസവുമാണ്.

രണ്ടര പതിറ്റാണ്ടിലധികമായി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സൗമ്യ സാന്നിധ്യത്താല്‍ വ്യക്തിമുദ്ര പതിപ്പിച്ച ഇദ്ദേഹം ഇന്ത്യന്‍ നേവിയില്‍ നിന്ന് ചീഫ് എഞ്ചിനിയറായി വിരമിച്ച വ്യക്തിയാണ്. അതിനാല്‍ തന്നെ ഒരു സൈനികന്റെ തികഞ്ഞ അച്ചടക്കവും ഉത്തരവാദിത്വവും ജാഗ്രതയും തന്റെ പൊതു പ്രവര്‍ത്തനത്തിലും സൈമണ്‍ വളാച്ചേരില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കാത്തുസൂക്ഷിക്കുന്നു. അമേരിക്കന്‍ മലയാളികളുടെ ഹബ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹൂസ്റ്റണില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘നേര്‍കാഴ്ച’ പത്രത്തിന്റെയും ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെയും ഉടമയും ചീഫ് എഡിറ്ററുമായ സൈമണ്‍ വളാച്ചേരില്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലൂടെ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.

ഈടുറ്റ മാധ്യമ കൂട്ടായ്മയായ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (ഐ.പി.സി.എന്‍.എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റായിരിക്കെ ഐ.പി.സി.എന്‍.എയുടെ ഏറ്റവും മികച്ച ചാപ്റ്ററായി ഹൂസ്റ്റണ്‍ ചാപ്റ്ററിനെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണായക പങ്കാണ് ഇദ്ദേഹം വഹിച്ചത്.  ഫോമ നാഷണല്‍ മീഡിയ ചെയര്‍മാന്‍, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഹൂസ്റ്റണ്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. ഷിക്കാഗോ മിഡ് വെസ്റ്റ് മലയാളി അസോസിയേഷന്‍ പ്രസിഡന്റായിരിക്കെയാണ് സൈമണ്‍ വളാച്ചേരില്‍ ഫോമായില്‍ സജീവമായത്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

സത്യസന്ധവും സ്തുത്യര്‍ഹവുമായ സേവനങ്ങള്‍ക്ക് നിരവധി ബഹുമതികളും സൈമണ്‍ വളാച്ചേരിലിനെ തേടി എത്തിയിട്ടുണ്ട്. 2021-ലെ ഐ.പി.സി.എന്‍.എ എക്‌സലന്‍സ് അവാര്‍ഡ്, 2019-ലെ ഇന്തോ അമേരിക്കന്‍ പ്രസ് ക്‌ളബ് അവാര്‍ഡ്, 2022-ലെ വേള്‍ഡ് മലയാളി കൗണ്‍സില്‍ അവാര്‍ഡ്, 2022-ലും ’23-ലും മുബൈ ജ്വാലാ അവാര്‍ഡ്, ഇന്തോ-അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍ അവാര്‍ഡ് തുടങ്ങിയവയ്ക്ക് അര്‍ഹനായി.

ഇന്ത്യന്‍ നേവില്‍ നിന്ന് വിരമിച്ച ശേഷം സൗദി അറേബ്യയില്‍ എന്‍ജിനീയറായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 2003 മുതല്‍ അമേരിക്കയില്‍ ക്വാളിറ്റി കണ്‍ട്രോള്‍ എഞ്ചിനിയര്‍, മാനേജര്‍ എന്നീ നിലകളില്‍ നിരവധി മാനുഫാക്ചറിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനികളിലും പ്രവര്‍ത്തിച്ചു. ഇപ്പോള്‍ മുഴുവന്‍ സമയ പത്രാധിപരാണ് സൈമണ്‍ വളാച്ചേരില്‍.കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് നവീന ആശയങ്ങളിലൂന്നി കൂട്ടായ്മയുടെ കരുത്തില്‍ ഫോമായുടെ ജനക്ഷേമ മുന്നേറ്റങ്ങള്‍ക്ക് കരുത്തു പകരുകയാണ് തന്റെ ലക്ഷ്യമെന്ന് സൈമണ്‍ വളാച്ചേരില്‍ പറഞ്ഞു.

Report എ.എസ് ശ്രീകുമാര്‍

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...