അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

തേജസ് യുദ്ധവിമാനം; അമേരിക്കൻ എൻജിൻ ഇന്ത്യയിൽ നിർമിക്കും, കരാർ മാർച്ചിൽ

ന്യൂഡൽഹി: തേജസ് യുദ്ധവിമാനത്തിൽ ഉപയോഗിക്കുന്ന അമേരിക്കൻ എൻജിൻ ഇന്ത്യയിൽ നിർമിക്കാനുള്ള പദ്ധതിക്ക് വേഗം വർധിക്കുന്നു. യുദ്ധവിമാന എൻജിൻ ഇന്ത്യയിൽ നിർമിക്കാനുള്ള കരാറിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (എച്ച്.എ.എൽ ) അമേരിക്കൻ കമ്പനിയായ ജിഇ എയറോസ്‌പേസും തമ്മിലുള്ള എഫ്-414 എൻജിൻ കരാർ മാർച്ചിൽ ഒപ്പിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കരാറുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾ പൂർത്തിയായതായാണ് റിപ്പോർട്ടുകൾ. ഇരുസ്ഥാപനങ്ങളും തമ്മിൽ അടുത്തിടെ ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. കരാർ ഉടൻ യാഥാർഥ്യമാകുമെന്നാണ് പ്രതിരോധ മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

ജിഇ എയ്‌റോസ്‌പേസിൽനിന്ന് ഇന്ത്യയിലേക്ക് എൻജിൻ ഘടകങ്ങൾ എത്തിച്ച് ഇവിടെവച്ച് അസംബിൾ ചെയ്യുന്നതല്ല പദ്ധതിയെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. പകരം യുദ്ധവിമാന എഫ്-414 എൻജിൻ നിർമാണത്തിന്റെ 80 ശതമാനം സാങ്കേതിക വിദ്യകളും കരാർ പ്രകാരം ഇന്ത്യയ്ക്ക് ലഭിക്കും. കരാറിന്റെ ഭാഗമായി കുറഞ്ഞത് 80 ശതമാനം സാങ്കേതികവിദ്യയും ഇന്ത്യയ്ക്ക് കൈമാറണമെന്ന നിബന്ധനയിൽ ഇന്ത്യ ഉറച്ചുനിൽക്കുകയാണ്. എൻജിൻ നിർമ്മാണത്തിന്റെ ആഴത്തിലുള്ള സാങ്കേതിക അറിവ് നേടിയെടുക്കുകയാണ് ലക്ഷ്യം.

അതീവ താപനിലയെ പ്രതിരോധിക്കേണ്ടി വരുന്ന ഭാഗങ്ങളുടെ കോട്ടിംഗ്, ലോഹ സംയുക്തങ്ങൾ ഉണ്ടാക്കൽ, ലോഹ സംസ്‌കരണം, പ്രിസിഷൻ മെഷീനിംഗ് തുടങ്ങിയ അത്യാധുനിക മെറ്റലർജിക്കൽ, എഞ്ചിനീയറിംഗ് വിദ്യകൾ ഇന്ത്യയിലേക്ക് എത്താൻ ഈ 80 ശതമാനം കൈമാറ്റം അനിവാര്യമാണ്. രാജ്യത്ത് ഒരു യഥാർത്ഥ ഏറോ-എഞ്ചിൻ ഇക്കോസിസ്റ്റം കെട്ടിപ്പടുക്കാൻ ഇത് അത്യാവശ്യമാണ്.

കരാർ യാഥാർഥ്യമായാൽ ഇന്ത്യയുടെ തേജസ് മാർക്ക് 2 യുദ്ധവിമാനങ്ങൾ പറക്കുക ഇന്ത്യയിൽ നിർമിച്ച എൻജിനുകളുമായാകും. നിലവിൽ ഉപയോഗിക്കുന്ന എൻജിനേക്കാൾ കരുത്ത് ഏറിയതിനാൽ തേജസ് മാർക്ക് 2 യുദ്ധവിമാനങ്ങൾക്ക് കൂടുതൽ ആയുധങ്ങൾ വഹിക്കാനും വിമാനത്തിന്റെ ദൂരപരിധി വർദ്ധിപ്പിക്കാനും സാധിക്കും.

തേജസ് മാർക്ക് 2 വിമാനങ്ങൾക്ക് പുറമെ സ്‌റ്റെൽത്ത് യുദ്ധവിമാനമായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന്റെ മാർക്ക് 1 പതിപ്പിലും ഇതേ എൻജിനാകും ഉപയോഗിക്കുക. സ്വന്തമായി 120 കിലൊ ന്യൂട്ടൺ ശേഷിയുള്ള യുദ്ധവിമാന എൻജിൻ വികസിപ്പിക്കാനുള്ള പദ്ധതിയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായാണ് ജി.ഇ എയ്‌റോസ്‌പേസുമായുള്ള കരാറിനെ ഇന്ത്യ വിലയിരുത്തുന്നത്. 2035-ഓടെ ഫ്രാൻസുമായി സഹകരിച്ച് അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന് വേണ്ടിയുള്ള എൻജിൻ വികസിപ്പിക്കാനാണ് ഇന്ത്യ പദ്ധതിയിടുന്നത്. ഈ എൻജിനെ കൂടുതൽ മികച്ചതാക്കാൻ ജി.ഇ എയ്‌റോസ്‌പേസുമായുള്ള കരാർ ഇന്ത്യയെ സഹായിക്കും.

ഇതിനൊപ്പം യുദ്ധക്കപ്പലുകൾക്ക് വേണ്ടിയുള്ള മറൈൻ ഗ്യാസ് ടർബൈൻ എൻജിനും വികസിപ്പിക്കാനുള്ള പദ്ധതികൾ മുന്നോട്ടുപോകുകയാണ്. ഇത്തരം പദ്ധതികൾക്ക് ശക്തമായ അടിത്തറയാകുന്ന കരാറാകുമിത്. അടുത്ത ഇരുപത് വർഷത്തേക്ക് ഇന്ത്യയുടെ വ്യോമപ്രതിരോധ മേഖലയെ സ്വയം പര്യാപ്തമാക്കുന്നതും ഭാവി യുദ്ധവിമാന വികസനത്തിൽ നിർണായകമായ സ്വയം പര്യാപ്തത നേടാനുമുള്ള ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് രാജ്യം.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...