സിനിമ

അടുത്ത ബോക്സോഫീസ് ഹിറ്റ് ഉറപ്പിച്ച് നിവിൻ; ചടുലം, വൈകാരികം, ഗംഭീരം ബേബി ഗേൾ

എഴുത്തുകാരായ ബോബി-സഞ്ജയ് ടീമിന്റെ തിരക്കഥകൾക്ക് ഒരു മിനിമം ഗ്യാരന്റിയുണ്ട്. ഏതൊരാൾക്കും കണക്റ്റ് ആവുന്ന വിഷയമായിരിക്കും അവയെന്നതാണ് പ്രധാന കാരണം. നമ്മൾ ടിവിയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരിക്കലെങ്കിലും കടന്നുപോകുന്നവയായിരിക്കും ആ സംഭവങ്ങൾ. അങ്ങനെയൊന്നാണ് സംവിധായകൻ അരുൺ വർമയും ബോബി-സഞ്ജയ് ടീമും ഒന്നിച്ച ബേബി ഗേൾ. നിവിൻ പോളി നായകനാവുന്ന ചിത്രത്തെക്കുറിച്ച് ആദ്യമായി പറയാനാവുന്ന കാര്യം മസ്റ്റ് വാച്ച് എന്നാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കുഞ്ഞാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തിരുവനന്തപുരത്തെ ഒരു ആശുപത്രിയിൽ നിന്ന് ജനിച്ച് മൂന്നുദിവസമായ പെൺകുഞ്ഞിനെ കാണാതാവുന്നു. ആശുപത്രിയിൽ ജോലിക്ക് നിന്നവരുൾപ്പെടെ പലരും സംശയത്തിന്റെ നിഴലിലാകുന്നു. കുഞ്ഞിനെ കണ്ടെത്താൻ പോലീസും കുഞ്ഞിനെ കാണാതായ ആശുപത്രി അറ്റൻഡർ സനൽ മാത്യുവും നടത്തുന്ന അന്വേഷണമാണ് ചിത്രത്തെ സംഭവബഹുലമാക്കുന്നത്. തെറ്റും ശരിയും തമ്മിലുള്ള പോരാട്ടവും കഥാപാത്രങ്ങൾക്കുള്ളിലെ സംഘർഷവുമാണ് പ്രേക്ഷകരെ പിടിച്ചിരുത്തുന്നത്.

ചിത്രം തുടങ്ങി ആദ്യ അഞ്ച് മിനിറ്റിനുള്ളിൽത്തന്നെ ‘ബേബി ഗേൾ’ ട്രാക്കിൽ കയറുന്നുണ്ട്. പിന്നീടങ്ങോട്ട് ഉദ്വേഗത്തിന്റേതായ നിമിഷങ്ങളാണ്. കുഞ്ഞിനെത്തേടി പോലീസ് നടത്തുന്ന തിരച്ചിലും ആശുപത്രിക്കുള്ളിലെ സംഘർഷാവസ്ഥയുമെല്ലാം ചടുലമായിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു. കുഞ്ഞിനേയും, കുഞ്ഞിനെ കാണാതായ സംഭവത്തേയും കേന്ദ്രമാക്കുകയും സനൽ എന്ന നായകൻ ഉൾപ്പെടെയുള്ളവരെ ഈ വിഷയത്തെ പിന്തുണയ്ക്കുന്ന രീതിയിൽ അവതരിപ്പിക്കുകയുമാണ് അരുൺ വർമയും സംഘവും.

അടുത്ത കാലത്ത് വാർത്തകളിലൂടെ ഏവർക്കും സുപരിചിതമായ പല സംഭവങ്ങളും ചിത്രത്തിൽ കാണാൻ കഴിയും. തിരക്കഥയാണ് സിനിമയിലെ താരം. ട്രാഫിക്, എന്റെ വീട് അപ്പൂന്റേം പോലുള്ള ചിത്രങ്ങളിൽ പ്രേക്ഷകർ കണ്ടതിന്റെ അതേ അളവിലോ അതിന് മുകളിലോ ആണ് ബേബി ഗേളിലെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന ആന്തരിക സംഘർഷം. ഇത് കൃത്യമായി പ്രേക്ഷകരിലേക്ക് എത്തിക്കാൻ അണിയറപ്രവർത്തകർക്ക് സാധിച്ചിട്ടുണ്ട്. കേന്ദ്രകഥാപാത്രമായ കുഞ്ഞിന് ഒടുവിൽ എന്ത് സംഭവിക്കുന്നു എന്നതിലേക്കാണ് ഏവരുടേയും നോട്ടം ചെല്ലുന്നത്. കുഞ്ഞിനെ തിരയാൻ പ്രേക്ഷകരും കൂടുന്നു എന്നുപറഞ്ഞാലും തെറ്റില്ല. തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയ് എന്നിവർക്കും ഇങ്ങനെയൊരു വിഷയം മികവുറ്റ രീതിയിൽ അവതരിപ്പിച്ച സംവിധായകൻ അരുൺ വർമയ്ക്കുമാണ് ഏറ്റവും വലിയ കയ്യടി നൽകേണ്ടത്.

സനൽ മാത്യു എന്ന വേഷത്തിലെത്തുന്നത് നിവിൻ പോളിയാണ്. സർവം മായ എന്ന ചിത്രത്തിലെ ക്യൂട്ട് വേഷത്തിൽനിന്നെല്ലാം വേറിട്ട, അത്യന്തം ഗൗരവമുള്ള കഥാപാത്രം നിവിനിൽ ഭദ്രമായിരുന്നു. സനലിന്റെ ആത്മസംഘർഷവും പരാജയവും വിജയവുമെല്ലാം ഹൃദയത്തിൽതൊടുന്നതായി. അഭിമന്യു തിലകൻ അവതരിപ്പിച്ച അന്വേഷണോദ്യോഗസ്ഥനും മികച്ചതായി. പോലീസ് വേഷം ഇണങ്ങുന്ന ഒരു യുവനടൻകൂടി മലയാളത്തിൽ പിറന്നിരിക്കുന്നു. ശബ്ദം പലയിടങ്ങളിലും അച്ഛൻ ഷമ്മി തിലകന്റേതുപോലെ തോന്നിക്കുന്നുണ്ട്. സംഗീത് പ്രതാപാണ് പ്രകടനമികവുപുലർത്തുന്ന മറ്റൊരാൾ. സീരിയസ്-ഇമോഷണൽ വേഷങ്ങളും തനിക്കിണങ്ങുമെന്ന് സംഗീത് തെളിയിക്കുന്നുണ്ട്. ലിജോ മോൾ ജോസിന്റെ വേഷവും ഗംഭീരമായി. ചിലയിടങ്ങളിൽ ചിത്രത്തെ നയിക്കുന്നത് ഈ കഥാപാത്രവും കുഞ്ഞും ചേർന്നാണ്. പുതുമുഖം മൈഥിലിയും കഥാപാത്രത്തോട് ചേർന്നുനിൽക്കുന്ന പ്രകടനം കാഴ്ചവെച്ചു. ജാഫർ ഇടുക്കി, അസീസ് നെടുമങ്ങാട്, നന്ദു, ജെയിംസ് ഏലിയ, നിഷ സാരംഗ് എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളിൽ.

ഫൈസ് സിദ്ദിക്കിന്റെ ഛായാഗ്രഹണവും സാം സി.എസിന്റെ പശ്ചാത്തലസംഗീതവും അഭിനന്ദനം അർഹിക്കുന്നതാണ്. ചടുലതയും വൈകാരികതയും ഒരുമിക്കുന്ന ഒരു സീറ്റ് എഡ്ജ് ചിത്രത്തിനാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ ബേബി ഗേളിന് ടിക്കറ്റെടുക്കാം.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

സിനിമ

കുടുംബപ്രേക്ഷകരേയും കൈയിലെടുത്ത് ‘കറക്കം’; ഹൊറർ- കോമഡി (Review)

മലയാളത്തിലെ ആദ്യമ്യൂസിക്കൽ ഹൊറർ- കോമഡി ചിത്രമായ ‘കറക്കം’ തിയേറ്ററുകളിൽ പ്രേക്ഷകപ്രീതി നേടി മുന്നേറുകയാണ്. യുവാക്കളെ മാത്രമല്ല,...

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

സിനിമ

പെപ്പേയുടെ ആക്ഷൻ താണ്ഡവം, വെള്ളിത്തിരയെ തീ പിടിപ്പിക്കുന്ന ‘കാട്ടാളൻ’ (Review)

പാൻ ഇന്ത്യൻ ലേബലിൽ വരുന്ന ചില അന്യഭാഷാ ചിത്രങ്ങൾ കാണുമ്പോൾ നമ്മളിൽ പലരും ആലോചിക്കും ഇതുപോലൊന്ന്...

പ്രധാന വാർത്തസിനിമ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ന്യൂഡൽഹി: ഡൽഹി സന്ദർശനത്തിനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച...