കായികം

മൂന്നടിയിൽ റയൽ തീർന്നു; സ്പാനിഷ് സൂപ്പർ കപ്പ് കിരീടം തൂക്കി ബാഴ്‌സലോണ

ജിദ്ദ: സ്പാനിഷ് സൂപ്പർ കപ്പ് കിരീടം എഫ്‌സി ബാഴ്‌സലോണയ്ക്ക്. ഫൈനലിൽ ചിരവൈരികളായ റയൽ മാഡ്രിഡിനെ രണ്ടിനെതിരേ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ബാഴ്‌സ തുടർച്ചയായ രണ്ടാം തവണയും കിരീടത്തിൽ മുത്തമിട്ടത്. കഴിഞ്ഞ വർഷവും റയലിനെ തകർത്താണ് ബാഴ്‌സ കിരീടമുയർത്തിയത്. ക്ലബ്ബിന്റെ 16-ാം സൂപ്പർ കപ്പ് (സൂപ്പർകോപ്പ) കിരീടമാണിത്.

ബാഴ്‌സയ്ക്കായി റഫീഞ്ഞ്യ ഇരട്ട ഗോളുകൾ നേടി. ഒരു ഗോൾ റോബർട്ട് ലെവൻഡോസ്‌കിയുടെ ബൂട്ടിൽ നിന്നായിരുന്നു. വിനീഷ്യസ് ജൂനിയറും ഗോൺസാലോ ഗാർസ്യയും റയലിനായി വലകുലുക്കി.

തുല്യ ശക്തികളുടെ പോരാട്ടം കണ്ട മത്സരത്തിൽ പന്തടക്കത്തിൽ ബാഴ്‌സയ്ക്കായിരുന്നു മുൻതൂക്കം. മത്സരത്തിന്റെ തുടക്കത്തിൽ കളിയുടെ നിയന്ത്രണം ബാഴ്‌സയ്ക്കായിരുന്നു. 36-ാം മിനിറ്റിൽ മികച്ചൊരു മുന്നേറ്റത്തിലൂടെ റഫീഞ്ഞ്യ ബാഴ്‌സയെ മുന്നിലെത്തിച്ചു.

ബാഴ്‌സയുടെ യുവതാരം ലമിൻ യമാലും റയൽ ഡിഫൻഡർ അൽവാരോ കരേരാസും തമ്മിലുള്ള പോരാട്ടമായിരുന്നു മൈതാനത്തെ മികച്ച കാഴ്ച. പലപ്പോഴും യമാലിനെ പൂട്ടാൻ ശ്രമിക്കുന്ന കരേരാസും കരേരാസിനെ മറികടന്ന് മുന്നേറുന്ന യമാലും കാണികൾക്ക് വിരുന്നൊരുക്കി.

ആദ്യ പകുതിയുടെ ഇൻജുറി ടൈം സംഭവബഹുലമായിരുന്നു. അധികമായി അനുവദിച്ച് മൂന്ന് മിനിറ്റിനിടെ മൂന്നു ഗോളുകളാണ് പിറന്നത്. ഇൻജുറി ടൈമിന്റെ രണ്ടാം മിനിറ്റിൽ ഇടതുവിങ്ങിലൂടെ മികച്ചൊരു മുന്നേറ്റം നടത്തിയ വിനീഷ്യസിനെ തടയാൻ യൂൾസ് കുണ്ടെയ്ക്ക് സാധിച്ചില്ല. ബാഴ്‌സ പ്രതിരോധം ഭേദിച്ച് മുന്നേറിയ വിനീഷ്യസ് വലകുലുക്കി. മികച്ച ഫോമിലായിരുന്ന വിനീഷ്യസ് പലപ്പോഴും ബാഴ്‌സ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു.

എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ബാഴ്‌സ രണ്ടാമതും സ്‌കോർ ചെയ്തു. പെഡ്രി നൽകിയ കിടിലനൊരു പാസ് റയൽ ഗോൾ തിബോ കുർട്ടോയെ കബളിപ്പിച്ച് ലെവൻഡോസ്‌ക് ചിപ് ചെയ്ത് വലയിലാക്കി. ബാഴ്‌സ വീണ്ടും മുന്നിൽ. എന്നാൽ ഇടവേള വിസിൽ മുഴങ്ങുന്നതിനു മുമ്പു തന്നെ റയൽ ഒപ്പം പിടിച്ചു. റോഡ്രിഗോ എടുത്ത കോർണറിൽ നിന്നുള്ള ഡീൻ ഹുയ്‌സെന്റെ ഹെഡർ റഫീഞ്ഞ്യ രക്ഷിച്ചെടുത്തു. പക്ഷേ റീബൗണ്ട് വന്ന പന്ത് മികച്ചൊരു നീക്കത്തിലൂടെ ഗോൺസാലോ ഗാർസ്യ വലയിലാക്കുകയായിരുന്നു.

മത്സരം 60 മിനിറ്റ് പിന്നിട്ടതോടെ ബാഴ്‌സ ഫെറാൻ ടോറസ്, ഡാനി ഓൽമോ എന്നിവരെ കളത്തിലിറക്കി വിജയ ഗോളിനായുള്ള ശ്രമം തുടങ്ങി. 73-ാം മിനിറ്റിൽ റഫീഞ്ഞ്യ ബാഴ്‌സയുടെ വിജയഗോൾ കുറിച്ചു. ബാഴ്‌സ മൂന്നാം ഗോൾ നേടിയതിനു പിന്നാലെ റയൽ കിലിയൻ എംബാപ്പെയെ കളത്തിലിറക്കിയെങ്കിലും താരത്തിന് കാര്യമായ ചലനമുണ്ടാക്കാനായില്ല.

പിന്നാലെ ഇൻജുറി ടൈമിൽ എംബാപ്പെയെ ഫൗൾ ചെയ്തതിന് ഫ്രാങ്കി ഡിയോങ്ങിന് നേരിട്ട് ചുവപ്പു കാർഡ് ലഭിച്ചതോടെ കളിയുടെ അവസാന നിമിഷങ്ങളിൽ 10 പേരുമായാണ് ബാഴ്‌സ കളിച്ചത്. എന്നാൽ സമനില ഗോൾ നേടാൻ റയലിനായില്ല.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...